വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ എന്തൊക്കെ സംഭവിച്ചാലും തനിക്ക് ഡോക്ടറായാൽ മതിയെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ചലച്ചിത്രതാരം കലന്തൻ ബഷീറിന്റെ മകൻ റോഷൻ. എന്നാൽ വിധി അയാൾക്കുവേണ്ടി ഒരുക്കിവച്ചിരുന്നത് മറ്റൊന്നായിരുന്നു. അച്ഛൻ സിനിമാ നടനായിരുന്നെങ്കിലും താൻ ഒരിക്കൽപോലും ഷൂട്ടിംഗ് ലൊക്കേഷനിൽ പോയിട്ടില്ലെന്നാണ് റോഷൻ പറയുന്നത്. അച്ഛനിൽ നിന്ന് ലൊക്കേഷൻ വിശേങ്ങൾകേട്ട ഓർമകളുമില്ല. എങ്കിലും റോഷൻ ഇന്നൊരു താരമാണ്. തന്റെ ആദ്യ ചിത്രമായ പ്ലസ് ടു മുതൽ മലയാളികൾ തന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തതിന്റെ ഫലമാണ് ഭൈരവ വരെയുള്ള ചിത്രങ്ങളിൽ തനിക്കു കിട്ടിയ സ്ഥാനമെന്ന് റോഷൻ പറയുന്നു. ദൃശ്യമെന്ന ചിത്രത്തിലൂടെ റോഷൻ തെന്നിന്ത്യൻ താരമായി മാറി. സിനിമാ വഴികളിലെ ഓർമകളും സന്തോഷങ്ങളും പങ്കുവയ്ക്കുകയാണ് ചലച്ചിത്രതാരം റോഷൻ ബഷീർ.
റോഷൻ അമലയുടെ ലക്കി സ്റ്റാർ
പ്ലസ് ടു പരീക്ഷയൊക്കെ എഴുതി ഡോക്ടർ പഠനത്തിനായി ഒരുങ്ങുന്ന സമയത്താണ് ഒരു കുടുംബ സുഹൃത്തു വഴി എൽസിസി കംപ്യൂട്ടറിന്റെ പരസ്യത്തിലഭിനയിക്കാൻ അവസരമെത്തിയത്. ആദ്യ അവസരത്തെക്കുറിച്ച് റോഷൻ പറയുന്നതിങ്ങനെ:
""ഫ്രീ ടൈമായതുകൊണ്ടാണ് ചെയ്യാമെന്നു കരുതിയത്. അത് എന്റെയും അമല(അമല പോൾ)യുടെയും ആദ്യ പരസ്യമായിരുന്നു. ആദ്യമായതുകൊണ്ടുതന്നെ എനിക്കു നല്ല ടെൻഷനുണ്ടായിരുന്നു. ഞാൻ പരസ്യത്തിന്‍റെ ഡയറക്ടർ ദിലീപ് രാമനോടു പറഞ്ഞു, ഇതെനിക്കു പറ്റുന്ന പണിയല്ലെന്ന്. പക്ഷേ ദിലീപേട്ടനു എന്‍റെ കാര്യത്തിൽ വലിയ ഉറപ്പായിരുന്നു. ഇതൊക്കെയാണ് തുടക്കമെന്നു പറഞ്ഞ് അദ്ദേഹം എന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു.'' റോഷൻ പറയുന്നു.
ഇൻഡസ്ട്രിയിൽ തിരക്കായതോടെ അമല എപ്പോഴും റോഷനോടു പറയും "" റോഷൻ യൂ ആർ മൈ ലക്കി സ്റ്റാർ.'' ആ ക്രഡിറ്റ് കിട്ടിയതിന്‍റെ സന്തോഷം റോഷന്‍റെ വാക്കുകളിൽ.
"പ്ലസ് ടു' - പൂച്ചക്കണ്ണു സമ്മാനിച്ച ഭാഗ്യം
വളരെ രസകരമായ അനുഭവങ്ങളാണ് പ്ലസ് ടുവിനെക്കുറിച്ച് പറയാനുള്ളതെന്നു പറഞ്ഞാണ് റോഷൻ സംസാരിച്ചു തുടങ്ങിയത്. ""പ്ലസ് ടുവിന്‍റെ കാസ്റ്റിംഗിൽ സംവിധായകൻ ഷെബിക്കുണ്ടായിരുന്ന ഒരേയൊരു വാശി നായകനുപൂച്ചക്കണ്ണുവേണമെന്നായിരുന്നു. പൂച്ചക്കണ്ണുള്ളവർക്കു മാത്രമായി അദ്ദേഹം ഒാഡിഷൻവരെ വച്ചു. ആ സമയത്താണ് അദ്ദേഹം ഞാൻ അഭിനയിച്ച പരസ്യം കണ്ടത്.
അദ്ദേഹം ഉടൻ തന്നെ പരസ്യത്തിന്‍റെ എഡിറ്റർ മഹേഷ് നാരായണെ വിളിച്ച് എന്നെക്കുറിച്ചന്വേഷിച്ച് നമ്പർ വാങ്ങി. പപ്പയെ ആണ് അവർ ആദ്യം വിളിച്ചത്. മടിച്ചു മടിച്ചാണ് പപ്പ എന്നോടു പറഞ്ഞത്. വേണോ വേണ്ടയോ എന്ന് നിനക്കു തീരുമാനിക്കാമെന്ന് ബാപ്പ പറഞ്ഞു. അന്നു ഞാൻ ഒറ്റവാക്കിൽ നോ പറഞ്ഞു. അത് അങ്ങനെ പോയി എന്നാണ് കരുതിയത്.
പക്ഷേ കുറച്ചു ദിവസം കഴിഞ്ഞ് അവർ വീണ്ടും വിളിച്ചു. അങ്ങനെ തിരുവനന്തപുരത്തു ഞാനും പപ്പയും പോയി ഡയറക്ടറെ കണ്ടു. അദ്ദേഹം എന്നെ പ്രൊഡ്യൂസർക്കു പരിചയപ്പെടുത്തിയതു തന്നെ "ഇതാണു നമ്മുടെ നായകനെന്നാണ്'. കുറച്ചു നേരം എന്താണു സംഭവിക്കുന്നതെന്നു മനസിലാകാതെ ഞാൻ നിന്നു. പിന്നെ വരുന്നിടത്തുവച്ചു കാണാമെന്നു കരുതി ഞാനങ്ങ് അഭിനയിച്ചു. അന്നു മുതൽ ഞാൻ അറിഞ്ഞും അറിയാതെയും സിനിമ എന്‍റെ പാഷനായി മാറുകയായിരുന്നു.
ദൃശ്യം നൽകിയത് ഒരു മേൽവിലാസം
നടനെന്ന നിലയിൽ റോഷനൊരിടം സമ്മാനിച്ചത് ജിത്തു ജോസഫിന്‍റെ ദൃശ്യമാണ്. ""ജിത്തു ചേട്ടനെ ഞാൻ പോയി കണ്ടപ്പോൾ എന്നോടാദ്യം ചോദിച്ചത് ഇപ്പോൾ വർക്കൗട്ടൊന്നുമില്ലെ എന്നാണ്. തടി കുറയ്ക്കാമെന്നു പറഞ്ഞപ്പോഴാണ് എന്നോടു പറയുന്നത് മറ്റന്നാൾ ഷൂട്ട് തുടങ്ങുമെന്ന്. മറ്റ് തയാറെടുപ്പുകളൊന്നുമില്ലാതെയാണ് ഷൂട്ടിനായി തൊടുപുഴയിലെത്തിയത്. '' റോഷൻ തുടർന്നു. "" മീന ചേച്ചിയുമായുള്ള സീനായിരുന്നു എന്നോട് ആദ്യം ചെയ്യാൻ പറഞ്ഞത്. എന്തു ചെയ്യണമെന്നറിയാതെ നിന്ന എന്നോട് ചേച്ചി പറഞ്ഞു ഇതൊരു അവസരമല്ലെ, നിനക്കു ചെയ്യാൻ പറ്റും. ഇതിൽ നിന്നാണ് അടുത്ത അവസരങ്ങൾ നിന്നെ തേടിയെത്തേണ്ടതെന്ന്. അതു വല്ലാത്തൊരു ധൈര്യം തന്നു'' റോഷൻ പറഞ്ഞു.
ലാലേട്ടനും കമൽ സാറും എന്‍റെ പാഠപുസ്തകങ്ങൾ
ദൃശ്യം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തപ്പോഴും റോഷനും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. ലാലേട്ടൻ, കമൽ സാർ, വെങ്കടേശ് സാർ എന്നിവരിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിച്ചതിന്‍റെ സന്തോഷവും തിളക്കവുമുണ്ട് റോഷന്‍റെ കണ്ണുകളിൽ. ""മൂന്നുപേരും നമ്മളെപ്പോലുള്ള തുടക്കക്കാരോട് സംസാരിക്കുന്പോൾ തന്നെ മനസിലാകും എന്തുകൊണ്ടാണ് ജനങ്ങൾ ഇവരെ ഇത്രയേറെ സ്നേഹിക്കുന്നതെന്ന്. അത്രയ്ക്ക് ഡൗൺടു എർത്താണ്. എനിക്ക് അവരോടൊപ്പമുള്ള സീനുകൾ ഇല്ലായിരുന്നെങ്കിലും ഇടവേളകളിൽ അവരോടൊക്കെ സംസാരിക്കാൻ സാധിച്ചു. ഒരുപാടു കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മനസിലാക്കാൻ പറ്റി. അതു തന്നെ വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്.''
നന്നായി വരട്ടെ എന്നനുഗ്രഹിച്ചാണ് ദൃശ്യത്തിലേക്ക് ലാലേട്ടൻ എന്നെ സ്വീകരിച്ചത് എന്നു പറഞ്ഞ് റോഷൻ തുടർന്നു. "" കമൽ സാറും ഇങ്ങനെ തന്നെയായിരുന്നു. കമൽ സാറിനെ പരിചയപ്പെടണമെന്നു പറഞ്ഞപ്പോൾ ജിത്തു ചേട്ടനാണ് പറഞ്ഞത് നീ പോയി കണ്ടോളൂന്ന്. പേടിച്ചാണ് ഞാൻ കാരവനിനടുത്തേക്കു പോയത്. പക്ഷേ പേടിച്ചതൊക്കെ വെറുതെ ആയിരുന്നു എന്ന് അദ്ദേഹത്തെ കണ്ടപ്പോൾ മനസിലായി. അപ്പോൾ എനിക്കു തോന്നി ഇവർക്കൊക്കെ ഇത്രയും സിംപിൾ ആകാമെങ്കിൽ എന്തുകൊണ്ട് നമുക്കായിക്കൂടാ എന്ന്. ''
ഡ്രീം കം ട്രൂ
വിജയ് നായകനായ ഭൈരവയുടെ ഭാഗമാകാൻ സാധിച്ചതിന്‍റെ ത്രിൽ ഇപ്പോഴും റോഷനു മാറിയിട്ടില്ല. സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ റോഷൻ ആദ്യം പറഞ്ഞത് "ഇറ്റ്സ് എ ഡ്രീം കം ട്രൂ' എന്നാണ്. 2011 മുതലുള്ള എല്ലാ വിജയ് ചിത്രങ്ങൾക്കും ആദ്യ ദിവസം തിയറ്ററിൽ എത്തുക റോഷന്‍റെ പതിവായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം റോഷനൊരു ഫോൺ വന്നു. ചെന്നൈ വിജയാ പ്രൊഡക്ഷൻസിൽ നിന്നാണ് വിളിച്ചത്.
""ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നതല്ല നടക്കുന്നത്. എന്നാൽ നമുക്ക് സാധിക്കുന്ന ഒന്നുണ്ട് കഠിനാധ്വാനം. അത് ഏതു മേഖലയിലായാലും'' റോഷൻ പറയുന്നു.
മൂൺട്ര് രസികർകൾ
വിജയ് ആരാധകരായ മൂന്നു ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് ഈ മാസം തിയറ്ററുകളിലെത്തുന്ന മൂൺട്രു രസികർകൾ. ചിത്രത്തിന്‍റെ ഗാനങ്ങളും ട്രെയ് ലറുമെല്ലാം ഇപ്പോൾ തന്നെ വൻ ഹിറ്റായി മാറിക്കഴിഞ്ഞു.
ഹാപ്പി ഫാമിലി
മകൻ ഡോക്ടറാകണം എന്നായിരുന്നു റോഷന്‍റെ ഉമ്മ റംലയുടെ ആഗ്രഹമെങ്കിലും ഇപ്പോൾ ഉമ്മ വളരെ ഹാപ്പിയാണ്. ബാപ്പ ബഷീറിനും അങ്ങനെ തന്നെ. പിന്നെ തനിക്കു പകരം അനിയത്തി റെനിഷയെ ഡോക്ടർ പഠനത്തിനു വിട്ട സന്തോഷത്തിലാണ് റോഷൻ. അങ്ങനെ ആകെമൊത്തം വീടു ഹാപ്പിയാണെന്നാണ് റോഷൻ പറയുന്നത്.
ഇനിയെന്നാണ് മലയാളത്തിലേക്ക് തിരിച്ചെന്ന ചോദ്യത്തിനു റോഷൻ പറഞ്ഞത് മലയാളം എന്‍റെ സ്വന്തം വീടാണ്. അവിടെ നിന്നു താൻ എവിടേക്കും പോയിട്ടില്ലെന്നാണ്. മികച്ചൊരു തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് റോഷനിപ്പോൾ.
ഒരു നല്ല നടനെന്നപോലെ തന്നെ നല്ലൊരു ക്രിക്കറ്റ് കളിക്കാരൻകൂടിയാണ് റോഷൻ. സിനിമയിലും ക്രിക്കറ്റിലുമെല്ലാം നമ്മളെ ഞെട്ടിക്കാനുള്ള തയാറെടുപ്പിലാണ് റോഷൻ ബഷീറെന്ന യുവതാരം. റോഷന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് ആരാധകരും സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ട്.
എ.എ.