വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അനുപമ പരമേശ്വരൻ, ഐശ്വര്യ രാജേഷ്, മനോബാല, ഇന്നസെന്റ്, ശിവജി ഗുരുവായൂർ തുടങ്ങിയവർ മുഖ്യവേഷങ്ങളിലെത്തിയ ജോമോന്റെ സുവിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. സ്നേഹമുള്ള ഒരച്ഛന്റെയും മകന്റെയും കഥ പറയുന്ന ഈ ചിത്രം പുതു തലമുറയ്ക്കൊപ്പം സഞ്ചരിക്കുന്നുവെന്നാണ്് വിലയിരുത്തൽ. ഡോ. ഇക്ബാൽ കുറ്റിപ്പുറം രചന നിർവഹിച്ച "ജോമോന്റെ സുവിശേഷങ്ങളുടെ' വിജയരഹസ്യങ്ങൾ പങ്കുവയ്ക്കുകയാണ് സത്യൻ അന്തിക്കാട്...
സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ എങ്ങനെ കാണുന്നു...?
സീനിയേഴ്സായ ആളുകളുടെ പടങ്ങൾ വരുന്പോൾ അതിനെ മാക്സിമം മോശപ്പെടുത്താനുള്ള ശ്രമം കുറച്ചുനാളായിട്ടുണ്ട്. ഞാനിപ്പോൾ അതു ശ്രദ്ധിക്കാറില്ല. വല്ലാത്ത മാനസികാവസ്ഥയിലുള്ള ആളുകൾ ചെയ്യുന്ന ഒരു ക്രൂരതയാണത്. ആരുടെ പടം ആയാലും ഇതൊക്ക ആളുകൾ മനപ്പൂർവം ചെയ്യുന്നതാണെന്ന തോന്നൽ ഇപ്പോൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷകർ സോഷ്യൽമീഡിയയിൽ ഇൻസ്റ്റന്റായി റിവ്യൂ എഴുതുന്നവരെക്കാളും വിവരമുള്ളവരാണ്. നല്ല സിനിമകൾ എന്നു വന്നാലും
എത്ര തിരക്കിനിടെ വന്നാലും കൈനീട്ടി സ്വീകരിക്കുന്നവരാണു
മലയാളികൾ.
കുടുംബബന്ധങ്ങളുടെ കഥയാണല്ലോ ഇത്തവണയും...?
അച്ഛൻ - മകൻ റിലേഷൻഷിപ്പ് അല്ലെങ്കിൽ അമ്മ-മകൾ റിലേഷൻഷിപ്പ്... എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു ഏരിയയാണ്. അത് ഒരിക്കലും ആവർത്തനമാകുന്നില്ല. ഈ സിനിമ ഇറങ്ങിയ സമയം സോഷ്യൽമീഡിയയിൽ പെട്ടെന്നു പ്രചരിച്ച ഒരു സംഭവം ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ വിഷയവുമായി ഇതിനു സാമ്യം ഉണ്ടെന്നായിരുന്നു. അങ്ങനെയൊരു സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഇത്രയും സീനിയറായ ഞാനും ഇതിന്റെ സ്ക്രിപ്റ്റ് റൈറ്ററായ ഇക്ബാൽ കുറ്റിപ്പുറവും ആ സിനിമ കണ്ടുകഴിഞ്ഞശേഷം അതിന്റെ ഛായ വരാവുന്ന സിനിമ ചെയ്യാൻ ശ്രമിക്കില്ല എന്നുള്ളതെങ്കിലും ആളുകൾ മനസിലാക്കേണ്ടതാണ്. ഓടിയ ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഛായയിൽ പകർത്തി ഒരു സിനിമ ചെയ്യുക എന്ന വിഡ്ഢിത്തം ചെയ്യില്ല. ഇതു റിലേഷൻഷിപ്പിന്റെ കഥയാണ്. ഇതു ഞാൻ മുന്പു പല സിനിമകളിലും പറഞ്ഞിട്ടുണ്ട്. ഒരു സിനിമയിൽ ഒരച്ഛനും മകനും ഉണ്ടായിപ്പോയി എന്നുള്ളതുകൊണ്ട് ഇനി ലോകത്ത് അച്ഛൻ - മകൻ ബന്ധമുള്ള സിനിമ പാടില്ല എന്നു ചിന്തിക്കാനാവില്ലല്ലോ.
ഈ സിനിമയുടെ പ്രമേയത്തിലേക്ക് എത്തിയത്..?
കഴിഞ്ഞ സിനിമ ചെയ്ത ശേഷമുള്ള ഒരു ഗ്യാപ്പിലാണ് ഞാനും ഡോ.ഇക്ബാൽ കുറ്റിപ്പുറവും കൂടി ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്. വളരെ വ്യത്യസ്തതയുള്ള ഒരു അച്ഛന്റെയും മകന്റെയും റിലേഷൻഷിപ്പിന്റെ ആശയം തന്റെ പക്കലുണ്ടെന്ന് ഇക്ബാൽ പറഞ്ഞു. അച്ഛൻ എന്നാൽ എന്റെയും ഇക്ബാലിന്റെയും തലമുറയിലുള്ള ഒരച്ഛൻ. അങ്ങനെയാണ് മുകേഷിനെ ആലോചിച്ചത്. തരക്കേടില്ലാതെ സന്പന്നമായ ഒരു കുടുംബത്തിലെ തലതെറിച്ച ഒരു മകൻ. അവനാണ് അച്ഛന്റെ കോടാലി! ഏറ്റവും മോശം മകൻ എന്നു വിചാരിച്ചിരുന്ന അവനിലാണ് ഏറ്റവും കൂടുതൽ സ്കിൽ ഉള്ളതും ഏറ്റവും കൂടുതൽ സ്നേഹം ഉള്ളതെന്നും അച്ഛൻ തിരിച്ചറിയുന്നു. അതായിരുന്നു ഇക്ബാൽ പറഞ്ഞ ആശയം. ഈ സിനിമയ്ക്ക് ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയെപ്പറ്റി പറയുന്നതിനെക്കാളും കൂടുതൽ ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ആരോപണം ഇന്നസെന്റും ഇന്നസെന്റിന്റെ അപ്പനും തമ്മിലുള്ള റിലേഷൻഷിപ്പാണ്. ഇവനാണ് തന്റെ ഏറ്റവും വലിയ കുരിശ് എന്ന് തന്നെക്കുറിച്ച് അപ്പൻ പറഞ്ഞിരുന്നതായി ഇന്നസെന്റ് പലപ്പോഴും പറയാറുണ്ട്. കാരണം, ഇന്നസെന്റ് പഠിക്കില്ല. ചേട്ടന്മാരൊക്കെ വക്കീലും ഡോക്ടറുമൊക്കെയാണ്. പക്ഷേ, ഇന്ന് ഇന്നസെന്റാണ് ആ കുടുംബത്തിലെ മിടുക്കനെന്നു നമുക്കറിയാം. ഈ ഡോക്ടറായാലും വക്കീലായാലും അറിയപ്പെടുന്നത് ഇന്നസെന്റിന്റെ ചേട്ടൻ എന്ന രീതിയിലാണ്. ഇതൊക്കെ നമ്മുടെ കണ്ണിനു മുന്നിലുള്ള സത്യങ്ങളാണ്.
ദുൽഖറുമായുള്ള അനുഭവങ്ങൾ...
മമ്മൂട്ടിയുടെ വീട്ടിൽ വച്ചു ഞാൻ കാണുന്പോഴൊക്ക ദുൽഖർ ശരിക്കും നാണംകുണുങ്ങിയായ ഒരു പയ്യനായിരുന്നു. അധികം സംസാരിക്കാൻ പോലും നിൽക്കാത്ത ഒരു കുട്ടി. ദുൽഖറിന്റെയുള്ളിൽ ഇത്രയും നല്ല ഒരഭിനേതാവ് ഉണ്ടെന്നു ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല.
മമ്മൂട്ടിയുടെ ആക്ടിംഗിന്റെ ഛായ അല്ലാത്തവിധത്തിൽ സ്വന്തമായി ഒരു ശൈലി കുറേ കൊച്ചു സിനിമകളിലൂടെ ഉണ്ടാക്കിയെടുത്തു എന്നുള്ളത് എന്നെ അതിശയിപ്പിച്ചു. ചാർലിയും കലിയും കമ്മട്ടിപ്പാടവും ബാംഗളൂർ ഡെയ്സും കാണുന്പോൾ സ്പാർക്കുള്ള ആ നടനെ അഭിനയിപ്പിക്കാൻ കൊതിതോന്നും ഒരു ഡയറക്ടർക്ക്. അതിന്റെ വാണിജ്യവിജയത്തിനേക്കാൾ കൂടുതൽ കൊതിപ്പിച്ചത് അയാളുടെ പെർഫോമൻസ്, പ്രസന്റേഷൻ എന്നിവയൊക്കെയാണ്. പുതിയ തലമുറയിലെ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എന്നെ മോഹിപ്പിച്ച നടനാണ് ദുൽഖർ. ഇങ്ങനെ ഒരു വിഷയം ചെയ്യാമെന്നു പറഞ്ഞപ്പോൾ തനിക്കു കഥയൊന്നും കേൾക്കേണ്ട, താൻ റെഡിയാണെന്നു ദുൽഖർ പറഞ്ഞു. ഷൂട്ടിംഗിനു തലേദിവസമാണു സ്ക്രിപ്റ്റ് പറഞ്ഞുകൊടുത്തത്.
ദുൽഖറിന്റെ കാരക്ടർ, പെരുമാറ്റം, സഹകരണ മനോഭാവം..എല്ലാം പോസിറ്റീവാണ്്. ആറു മണിക്കു വേണമെങ്കിൽ ആറു മണിക്കു റെഡി. എത്ര നേരം ഷൂട്ട് ചെയ്താലും വിരോധമില്ല. സിനിമ എന്നത് ഒരു പാഷനായി ദുൽഖറിന്റെ ഉള്ളിൽ കിടക്കുന്നു. ദുൽഖർ സൽമാൻ എന്ന വ്യക്തി സിനിമാനടനാകാൻ ജനിച്ച ഒരാളാണ് എന്ന് നാലു ദിവസത്തെ ഷൂട്ടിംഗിനു ശേഷം ഞാൻ മമ്മൂട്ടിയെ വിളിച്ചുപറഞ്ഞു. തലേദിവസം തന്നെ സീൻ പഠിച്ചുവച്ചിരിക്കും. സെറ്റിൽ വന്നുകഴിഞ്ഞാൽ പ്രോംപ്റ്റിംഗ് ഇല്ലാതെ അതു വളരെ ഭംഗിയായി, അനായാസമായി പ്രസന്റ് ചെയ്യും. കാമറയുടെ മുന്നിൽ നന്നായി പെരുമാറാൻ സാധിക്കുക എന്നുള്ളതാണ് ഒരു നടന്റെ ഏറ്റവും വലിയ കഴിവെന്നു ഞാൻ വിശ്വസിക്കുന്നു.
മുകേഷ്- ദുൽഖർ കോംബിനേഷൻ അംഗീകരിക്കപ്പെട്ടുവല്ലോ...?
സിനിമയുടെ വിജയഘടകങ്ങളിലൊന്നാണ് കോംബി നേഷനുകൾ. മുകേഷ് അപാര ടൈമിംഗ് ഉള്ള നടനാണ്. വളരെ നർമബോധമുള്ള, ശരീരം കൊണ്ടും ശബ്ദം കൊണ്ടും വളരെപ്പെട്ടെന്നു വികാരങ്ങൾ പ്രകടിപ്പിക്കുന്ന നടൻ. ദുൽഖർ സ്വാഭാവികമായ അഭിനയത്തിന്റെ വക്താവും. ഈ രണ്ടുപേരുടെയും കോംബിനേഷൻ സക്സസ് ആകുമെന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു. ആ കോംബിനേഷൻ സിനിമയുടെ വിജയത്തിനു വലിയ ഗുണം ചെയ്തു; അതുപോലെ തന്നെ ദുൽഖർ- ജേക്കബ് ഗ്രിഗറി കോംബിനേഷനും.
അനുപമയിലേക്കും ഐശ്വര്യയിലേക്കും എത്തിയത്...
അനുപമയിലേക്കു വളരെ പെട്ടെന്നാണ് എത്തിയത്. കാരണം പ്രേമം എന്ന സിനിമയിലെ കുറച്ചു ചെറുപ്പക്കാരെ കൊതിപ്പിച്ച പെണ്കുട്ടിയാണ് അനുപമ. പ്രേമത്തിലെ ആ ഇമേജ് തന്നെയാണ് അനുപമയെ കാസ്റ്റ് ചെയ്യാനുണ്ടായ ആദ്യത്തെ കാരണം. വിടർന്നുവരുന്ന പൂവിന്റെ മൃദുലതയുള്ള രൂപലാവണ്യമാണ് അനുപമയ്ക്കുള്ളത്. പിന്നെ നിഷ്കളങ്കമായ ചിരി. ആ കാരക്ടറിന്റെ ഉള്ളിലും ഒരു നിഷ്കളങ്കതയുണ്ട്. പ്രേമത്തിനുശേഷം മറ്റു മലയാളസിനിമകളിൽ അനുപമ വരാത്തതുകൊണ്ടുള്ള ഫ്രഷ്നസും ഗുണം ചെയ്തു. ഐശ്വര്യാരാജേഷിലേക്ക് എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. കുറച്ചേ ഉള്ളൂ എങ്കിലും അതു വളരെ സത്യസന്ധമായി ചെയ്യേണ്ട ഒരു റോൾ ആണ്. കുറേ പുതുമുഖങ്ങളെ നോക്കി. പക്ഷേ, തമിഴിന്റെ കൾച്ചർ ഉള്ള, അന്യനാടുമായി ബന്ധമുണ്ടെന്നു തോന്നിപ്പിക്കുന്ന അപ്പിയറൻസുള്ള പെണ്കുട്ടിയെ ആണു വേണ്ടിയിരുന്നത്. നമ്മൾ നോക്കിയ കുട്ടികളിലൊന്നും അതു പൂർണമായി എത്തിയില്ല. പോളിഷ്ഡ് സൗന്ദര്യമല്ലാതെ ഡൗണ് റ്റു എർത്തായിട്ടുള്ള ഒരു രൂപത്തിനു വേണ്ടിയുള്ള തെരച്ചിലിലാണ് "കാക്കമുട്ടൈ'യിലെ നായിക ഐശ്വര്യ യിലെത്തിയത്. ഐശ്വര്യ ആ വേഷം വളരെ ഈസിയായി, സ്വാഭാവികമായി ചെയ്തു.
പെരുമാൾ എന്ന കഥാപാത്രമായി വന്ന മനോബാലയെക്കുറിച്ച്...
തമിഴിലെ വളരെ പ്രശസ്തനായ ഡയറക്ടറായിരുന്നു മനോബാല. 45 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. രജനീകാന്ത്, വിജയകാന്ത് തുടങ്ങി തമിഴിലെ സൂപ്പർ സ്റ്റാറുകളെ വച്ചു പടങ്ങൾ സംവിധാനം ചെയ്തയാൾ. ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ആയിരുന്നു. ഒരിക്കലും ഓവറാകാതെ തന്റേതായ സ്റ്റൈലിൽ, വളരെ പതിഞ്ഞ താളത്തിൽ സംസാരിക്കുന്ന, അതിലൂടെ ഹ്യൂമറസായി പ്രസന്റ് ചെയ്യുന്ന നടൻകൂടിയാണ് മനോബാല. പല തമിഴ് സിനിമകളിലും അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയം കണ്ട് എൻജോയ് ചെയ്തിട്ടുണ്ട് ഞാൻ. അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്.
ഡോ. ഇക്ബാൽ കുറ്റിപ്പുറവുമായി വീണ്ടും...
ഈ തലമുറയിലെ ബ്രില്യന്റായ സ്ക്രിപ്റ്റ് റൈറ്റേഴ്സിൽ ഒരാളാണ് ഡോ. ഇക്ബാൽ കുറ്റിപ്പുറം. ഇക്ബാൽ എഴുതാത്ത ഒരുവരി പോലും ഈ സിനിമയിലില്ല. ഞങ്ങൾ രണ്ടുപേരും ഡിസ്കസ് ചെയ്തശേഷമാണ്് തിരക്കഥയുണ്ടാക്കിയത്. അദ്ദേഹം അതു ഭംഗിയായി എഴുതിയിട്ടുണ്ട്. ശ്രീനിവാസനും ലോഹിതദാസും രഘുനാഥ് പലേരിയുമൊക്കെയാണല്ലോ എന്റെ മനസിനോടു കൂടുതൽ ചേർന്നുനിൽക്കുന്ന റൈറ്റേഴ്സ്. ആ കൂട്ടത്തിൽപ്പെട്ട ഒരാളാണ് ഇക്ബാലും.
വിനോദയാത്രയ്ക്കു ശേഷം എസ്. കുമാറിനൊപ്പം...
വിഷ്വലി ഈ സിനിമ ഇത്രയും ഭംഗിയായതിനു പിന്നിൽ എസ്. കുമാർ എന്ന ഛായാഗ്രാഹകന്റെ സംഭാവന ഏറെയാണ്. നമ്മൾ കാണാത്ത ഒരു സൗന്ദര്യം കുമാർ വയ്ക്കുന്ന െഫ്രയിമിലൂടെ കാണാനാവും. പഠിക്കുന്ന കാലത്ത് കിലുക്കം എന്ന സിനിമയിലെ ഉൗട്ടിയുടെ സൗന്ദര്യം കണ്ടിട്ട് ഉൗട്ടി കാണാൻ പോയ തനിക്ക് ആ സൗന്ദര്യം നേരിട്ടു കണ്ടപ്പോൾ കിട്ടിയില്ല എന്നും എസ്. കുമാറിന്റെ കാമറക്കണ്ണുകളിലൂടെ നോക്കിയാലേ ഉൗട്ടിക്ക് ആ ഭംഗി ഉണ്ടാവൂ എന്നും ഛായാഗ്രാഹകൻ ജോമോൻ ടി.ജോണ് പറഞ്ഞിട്ടുണ്ട്. എസ്. കുമാറിന്റെ കാമറക്കണ്ണിലൂടെ നോക്കിയപ്പോഴാണ് ഈ സിനിമ ഇത്രയും ഭംഗിയുള്ളതായത്. പ്രത്യേകിച്ചും
തിരുപ്പൂർ എന്ന ലൊക്കേഷൻ.
ഇതിന്റെ നിർമാതാവ് സേതു മണ്ണാർക്കാടിനെക്കുറിച്ച്...
സേതു വർഷങ്ങളായി എന്റെ പ്രൊഡക്്ഷൻ കണ്ട്രോളറായി വർക്ക് ചെയ്തയാളാണ്. സത്യസന്ധമായി വർക്ക് ചെയ്യുന്നയാളാണ്. നമുക്കു നല്ലൊരു പ്രൊഡ്യൂസറിനെക്കൂടി കിട്ടി. ഇനി നല്ല സിനിമയെ സ്നേഹിക്കുന്നവർ കടന്നുവരുമെന്നും സേതുവിന്റെ ബാനറിൽ നല്ല സിനിമകൾ ഉണ്ടാക്കുമെന്നും വിചാരിക്കുന്നു.
ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, മോഹൻലാൽ ടീം വീണ്ടും വരുന്നു
എന്നു കേൾക്കുന്നു....
ഞാനും ശ്രീനിവാസനും മോഹൻലാലും ആഗ്രഹിക്കുന്ന ഒരു സംഗതിയാണത്. എപ്പോഴാണ് വരികയെന്നു പറയാനാവില്ല. എന്തായാലും ഞങ്ങൾ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. അതു സക്സസ് ആയാൽ അധികം വൈകാതെ അതു നടക്കും. സീരീസ് പടങ്ങളുടെ തുടർച്ച ആണോ അല്ലയോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ചിലപ്പോൾ അതൊരു ഫ്രഷ് സിനിമയായി മാറാം. എല്ലാം നടന്നുകിട്ടേണ്ടേ. കുറേ ഭാഗ്യം കൂടിയുണ്ടാവണം അതിൽ. മോഹൻലാൽ റെഡിയാണ്. ശ്രീനിവാസനും റെഡിയാണ്. ശ്രീനിവാസന്റെ സൗകര്യം കൂടി നോക്കിയിട്ട് അത് എഴുതാനുള്ള സമയംകൂടി ഉണ്ടായാൽ മതി. ഒന്നുകിൽ പ്രിയദർശന്റെ പടത്തിലൂടെ അല്ലെങ്കിൽ എന്റെ പടത്തിലൂടെ മോഹൻലാലും ശ്രീനിവാസനുമൊക്കെ ഒന്നിച്ചുവരും. ഞാനും ശ്രമിക്കുന്നുണ്ട്. പ്രിയദർശനും ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ഇതിൽ ഒന്ന് ഉണ്ടാവും.
ടി.ജി.ബൈജുനാഥ്