ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്തിലെ ന്യൂജെൻ ആണ് ഹരീഷ് പെരുമണ്ണ... അല്ല ഹരീഷ് കണാരൻ. യഥാർഥ പേരു പറഞ്ഞാൽ തന്നെയിപ്പോൾ കൂട്ടുകാർ പോലും അറിയില്ലെന്നു കണാരൻ ഹരീഷ് പറയുന്നു. ചുരുങ്ങിയ കാലംകൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ കലാകാരനാണ് ഹരീഷ്.

കോഴിക്കോടൻ ശൈലി തന്മയത്വത്തോടെ അവതരിപ്പിച്ചു ശ്രദ്ധേയരായ താരങ്ങൾ മലയാളത്തിൽ നിരവധിയാണ്. ആ കോഴിക്കോടൻ ഭാഷാ ശൈലിയിൽ ഇന്നു മലയാളസിനിമയെ ചിരിപ്പിക്കുന്ന പുതുതലമുറ യിലെ കലാകാരനായി ഹരീഷ് മാറിയിരിക്കുന്നു. പെരുമണ്ണ രാമചന്ദ്ര മേനോന്റെയും സരോജിനിയമ്മയുടെയും മകൻ ഹരീഷ് ഇന്നു വെറും ഹരീഷ് അല്ല... ഹരീഷ് കണാരൻ... തന്റെ കലാസിനിമാ ജീവിതത്തിലെ യാത്രയെക്കുറിച്ച് ഹരീഷ് പെരുമണ്ണ...

മിമിക്രിയും ഹരീഷും

സ്കൂൾ തലം മുതൽ മിമിക്രിയോട് അഭിനിവേശമുണ്ടായിരുന്നു. ജയറാമിനെയും ദിലീപിനേയും നാദിർഷായെയുമൊക്കെ അനുകരിച്ച് നേടിയെടുത്ത കൈയടികളായിരുന്നു ആദ്യ പ്രോത്സാഹനം. സുഹൃത്തായ ദേവരാജനും പരിപാടികൾ അവതരിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നു. ആയിടയ്ക്കാണ് ജയപ്രകാശ് കുളൂർ സംവിധാനം ചെയ്ത നാറ്റം എന്ന നാടകത്തിൽ അഭിനയിച്ചത്. നാടകം സംവിധാനം ചെയ്തത് മലയാള ത്തിലെ പ്രശസ്ത നടൻ ഹരീഷ് പേരടിയും. സ്കൂൾ കാലഘട്ടം കഴിഞ്ഞ് പല ജോലികളായി തിരക്കായി. പെയിന്റിംഗ് തൊഴിലാളിയായും ഓട്ടോറിക്ഷാ െരഡെവറായും കൽപ്പണിക്കാരനായുമൊക്കെ കുറേ നാളുകൾ. എങ്കിലും കലയോടുള്ള സ്നേഹം ഉള്ളിൽ സൂക്ഷിച്ചു. അതിന്റെ ഫലമായിരുന്നു കാലിക്കറ്റ് ഫ്രണ്ട്സ് എന്ന മിമിക്രി ട്രൂപ്. സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ വടകര, എന്ന മിമിക്രി ട്രൂപ്പിൽ ചേരുന്നതും ഈ സമയത്താണ്. ഭഅന്നൊക്കെ ഒരു സീസണിൽ 200 പരിപാടികൾ ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് മലയാളത്തിലെ ഒരു ചാനലിലെ റിയാലിറ്റി ഷോയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു എന്ന വാർത്ത കണ്ടത്. കോഴിക്കോട് ശൈലി മറ്റു ജില്ലക്കാർക്കു മനസിലാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. എങ്കിലും രണ്ടോ മൂന്നോ എപ്പിസോഡുകൾ ചെയ്യാമല്ലോ എന്ന പ്രതീക്ഷയിൽ അപേക്ഷിച്ചു. പക്ഷേ ആ തീരുമാനം ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവായി.

ഭസ്കിറ്റുകൾക്കു വേണ്ടി ഞങ്ങളുണ്ടാക്കിയ കഥാപാത്രമാണ് ജാലിയൻ കണാരൻ എന്ന സ്വാതന്ത്യസമരസേനാനി. ഒരു പക്കാ നുണയൻ കഥാപാത്രം. കഥാപാത്രത്തിനും കോഴിക്കോടൻ ഭാഷയ്ക്കും ഞങ്ങൾ പ്രതീക്ഷിച്ചതിലുമേറെ സ്വീകാര്യത കിട്ടി. പങ്കെടുത്ത ടീമുകളിൽ നിന്നു എന്നെ മികച്ച നടനായി തെരഞ്ഞെടുത്തു. ഒപ്പം സംസ്‌ഥാന സർക്കാരിന്റെ മികച്ച ഹാസ്യ താരത്തിനുള്ള ടെലിവിഷൻ അവാർഡും എന്നെ തേടിയെത്തി.

സിനിമാ ലോകത്തേക്ക്

‘ജാലിയൻ കണാരൻ എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ ഭാഗ്യമായി മാറുകയായിരുന്നു. ആ കഥാപാത്രമാണ് എനിക്കു സിനിമയിലേക്കുള്ള വഴി തുറന്നു തന്നത്.’ അക്കു അക്ബർ സംവിധാനം ചെയ്ത ഉത്സാഹ കമ്മിറ്റി എന്ന സിനിമയി ലും ഞാൻ ജാലിയൻ കണാരനായി എത്തി.ഭ ‘ആദ്യമായിട്ടായിരുന്നു പ്രായമുള്ള ഒരു വേഷം ഞാൻ ചെയ്യുന്നത്. അതിനുവേണ്ടി ഞാൻ മുതിർന്ന ആളുകളെ ഒരുപാട് ശ്രദ്ധിക്കുമായിരുന്നു. അവർ നടക്കുന്നതും സംസാരിക്കുന്നതും ഓരോ ഭാവങ്ങളുമൊക്കെ. അതൊക്കെ കഥാപാത്രത്തിന്റെ വിജയത്തിനു കാരണമായിട്ടുണ്ട്.’ അതോടുകൂടി ഹരീഷ് പെരുമണ്ണ കണാരൻ ഹരീഷ് ആയി മാറി.

സിനിമയിൽ സജീവമാകുന്നു

അതിനുശേഷം പല സിനിമകളുടേയും ഭാഗമായെങ്കിലും വീണ്ടും പ്രേക്ഷകർ ശ്രദ്ധിച്ചത് സപ്തമശ്രീ തസ്കരാ, സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, സാൾട്ട് മാംഗോ ട്രീ, ടൂ കൺട്രീസ്, നീന, കിംഗ്ലെയർ, സെൻട്രൽ ജയിൽ, അച്ഛാദിൻ, ഒപ്പം തുടങ്ങിയ ഇരുപതോളം ചിത്രങ്ങളിലൂടെയാണ്.


ലാലേട്ടൻ

‘കുട്ടിക്കാലത്ത് സിനിമ കാണുന്നതുപോലെ അടുത്ത സ്‌ഥലങ്ങളിൽ ഷൂട്ടിംഗ് നടന്നാലും കാണാൻ പോകുമായിരുന്നു. അച്ഛനാണ് എന്നെ കൊണ്ടുപോയിരുന്നത്. ലാലേട്ടന്റെ അദ്വൈതം എന്ന സിനിമയുടെ ലൊക്കേഷനിലായി രുന്നു ആദ്യം പോയത്. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായി രുന്നു അത്. പിന്നീട് കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയുടെ ഷൂട്ടിംഗ് കാണിക്കാനും അച്ഛൻ എന്നെ കൊണ്ടുപോയി. ഭയങ്കര ജനക്കൂട്ടം കാരണം അന്നൊന്നും ലാലേട്ടനെ നേരിട്ടു കാണാൻ കഴിഞ്ഞില്ല. പിന്നീട് ലാലേട്ടനൊപ്പം ഒപ്പം എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് നേരിട്ടു കാണുന്നത്. പണ്ടു കാണാൻ വന്ന കാര്യമൊക്കെ ലാലേട്ടനോ ടു പറഞ്ഞപ്പോൾ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായിരുന്നു അത്. ടെലിവിഷൻ പ്രോഗ്രാമുകൾ കാണാറുണ്ട്, മുമ്പ് അഭിനയിച്ച സിനിമകൾ ഒക്കെ കണ്ടിട്ടുണ്ട് എന്നൊക്കെ ലാലേട്ടൻ പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

ഡേറ്റിന്റെ പ്രശ്നങ്ങൾ മൂലം ചില സിനിമകൾ അദ്ദേഹത്തിനൊപ്പം എനിക്കു ചെയ്യാനായില്ല. പിന്നെ ഒപ്പത്തിന്റെ സെറ്റിൽ വച്ച് കണ്ടപ്പോൾ ലാലേട്ടൻ തമാശയായി ചോദിച്ചു, ‘തിരക്കാണല്ലേ എന്ന്.’

മമ്മൂക്ക

‘ഞാൻ ഒരുപാട് ആരാധിക്കുന്ന രണ്ടു താരങ്ങളാണ് മമ്മുക്കയും ലാലേട്ടനും. ഇപ്പോൾ മമ്മൂക്കയ്ക്കൊപ്പം രഞ്ജിത്ത് സാറിന്റെ പുത്തൻ പണം എന്ന സിനിമയി ൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കാസർഗോഡ് ഭാഷ പറയുന്ന ചന്ദു എന്ന കഥാപാത്രമാണ് ചെയ്യുന്നത്. അദ്ദേഹത്തോടൊപ്പം അച്ഛാദിൻ എന്ന സിനിമയിൽ നേരത്തെ രണ്ടു സീനിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യമായി മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്ന കാര്യം ഓർത്തിട്ട് എനിക്കാകെ വിറയലായിരുന്നു. ഒപ്പം മമ്മുക്കയുമായുള്ള കോമ്പിനേഷൻ സീനുകളൊക്കെയുണ്ടെന്നു പറഞ്ഞു ചിലർ പേടിപ്പിക്കുകയും ചെയ്തു. പക്ഷേ, ഈ പറഞ്ഞു കേട്ടതൊന്നുമല്ലായിരുന്നു മമ്മുക്ക. അദ്ദേഹം അടുത്തുവന്നു കൈ തന്നിട്ട് എന്താണ് ബാബേട്ടാ സുഖമല്ലേ എന്നെന്നോടു ചോദിച്ചു. ഞാൻ അതുകേട്ടു ഞെട്ടിപ്പോയി. ചാനലിലെ ഒരു ബാർബർഷോപ്പ് സ്കിറ്റിൽ ഞാൻ ബാബുവേട്ടൻ എന്നൊരു കഥാപാത്രത്തെ ചെയ്തിരുന്നു. എന്റെ ടെലിവിഷൻ ഷോകളെല്ലാം കാണാറുണ്ട് എന്നും എന്നോട് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ ശരിക്കും ഫ്രീയായി, പേടിയൊക്കെ പോയി.’
പുതിയ പ്രൊജക്ടുകൾ

രഞ്ജൻ പ്രമോദിന്റെ രക്ഷാധികാരി ബൈജു, ബേസിൽ ജോസഫിന്റെ ഗോദ, അൻവർ ബഷീറിന്റെ ബഷീറിന്റെ പ്രേമലേഖനം, മമ്മൂക്കയ്ക്കൊപ്പമുള്ള പുത്തൻപടം, ദിലീപേട്ടനൊപ്പമുള്ള ജോർജേട്ടൻസ് പൂരം എന്നിവയാണ് പുതിയ ചിത്രങ്ങൾ.

പ്രണയം
പത്തു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ട്യൂഷൻ ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം പെയിന്റിംഗ് ജോലിക്കു പോകുമ്പോഴും ഓട്ടോറിക്ഷ ഡ്രൈവറായിരുന്നപ്പോഴും തുടർന്നു. ഭാര്യ സന്ധ്യ സംഗീതജ്‌ഞയാണ്, 13 വർഷമായി ചെമ്പൈ സംഗീതോത്സവത്തിൽ പാടുന്നയാളാണ്. മകൻ ധ്യാൻഹരി. കുഞ്ഞ് ജനിച്ചതിനു ശേഷമാണ് ഞാൻ സിനിമയിലെത്തിയത്.

കുടുംബം, കൂട്ടുകാർ

കോഴിക്കോട് പെരുമണ്ണയിലാണ് വീട്. നാട്ടിൽ ഞാൻ ഇപ്പോഴും പഴയ ഹരീഷ് തന്നെയാണ്. അങ്ങനെ ജീവിക്കാനാണ് എനിക്കിഷ്‌ടം. കൈലിമുണ്ടുടുത്ത് കൂട്ടുകാരോടു സംസാരിച്ചിരിക്കാൻ ഇപ്പോഴും ഞാൻ സമയം കണ്ടെത്താറുണ്ട്. ഹരീഷ് എന്നാണു പേരെങ്കിലും അയൽവാസികൾ പോലും സ്നേഹത്തോടെ കണാരൻ എന്നാണു വിളിക്കുന്നത്.

പ്രദീപ് ഗോപി