കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയിലും സീരിയലിലും സ്റ്റേജ് അവതാരകയായുമൊക്കെ തിളങ്ങുന്നതിനിടെ താൻ എഴുത്തുകാരി കൂടിയാണെന്നു കവിത തെളിയിച്ചിരിക്കുന്നു. സാക്ഷാൽ മോഹൻലാൽ എഴുതിയ അവതാരിക യോടൊപ്പം തന്റെ ‘സുന്ദരപതനം’ എന്ന കഥാസമാഹാരത്തിന്റെ കൈപിടിച്ചു കവിത സാഹിത്യലോകത്തേക്കും ചുവടുവച്ചിരിക്കുന്നു. പ്രണയവും സ്വപ്നവും യാഥാർഥ്യവുമൊക്കെയാണ് കവിത തന്റെ കഥകളിൽ കോറിയിട്ടിരിക്കുന്നത്. തീർന്നില്ല, സുന്ദരപതനത്തിലെ ഒരു കഥ തിരക്കഥയാക്കുന്ന തിരക്കിലും കൂടിയാണ് കവിത. വിവാഹം കഴിഞ്ഞ് ഒരു വർഷത്തോളം സിനിമയിൽ നിന്നു മാറിനിന്ന കവിത ലീലയെന്ന ചിത്രത്തിൽ ശക്‌തമായ കഥപാത്രത്തെ അവതരിപ്പിച്ചുകൊ ണ്ടാണു മടങ്ങിയെത്തിയത്. പിന്നീട് ഈ നടിയെത്തേടിയെത്തിയതെല്ലാം വളരെ ശക്‌തമായ കഥാപാത്രങ്ങളാണ്. കവിതയുടെ വിശേഷങ്ങളിലേക്ക്...

സുന്ദരപതനം

ഡയറികളിലൊക്കെ നേരത്തെ തന്നെ എന്തെങ്കിലും കുത്തിക്കുറിക്കുമായിരുന്നു. അതു സൂക്ഷിക്കുന്ന പതിവൊന്നു മുണ്ടായിരുന്നില്ല. 2006 മുതൽ ബ്ലോഗെഴുതിത്തുങ്ങി. ബ്ലോഗിൽ എഴുതിത്തുടങ്ങിയ തോടെ എഴുതിയതു സൂക്ഷിക്കാൻ ഒരു സ്‌ഥലമുണ്ടായി. അതു ജനങ്ങൾ വായിക്കാൻ തുടങ്ങി. അതുവരെ എന്നെ ഒരു നടിയും അവതാരകയുമായാണ് പ്രേക്ഷകർ കണ്ടിരുന്നത്. ബ്ലോഗാണ് എന്നിലെ എഴുത്തുകാരിക്കു പ്രചോദനമായത്. നല്ല പ്രതികരണമാണ് അപരിചിതരായ ഒരുപാട് ആളുകൾ പോലും നൽകിയത്. എഴുതിത്തുടങ്ങിയതോടെ മറ്റൊരു കൂട്ടം ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സുഖമുണ്ടായിരുന്നു. അവരുടെ പിന്തുണയാണ് സുന്ദരപതനം എന്ന പുസ്തകം.

തിരക്കഥാരചന

ഞാനിപ്പോൾ ഹണിബീ 2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എഴുത്ത് നന്നായി മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല. ടെലിവിഷനിൽ ഒരു ഷോ ചെയ്യുന്നുണ്ട്. തിരക്കഥ എഴുത്തിനു സമയം കിട്ടാത്തതു കൊണ്ട് കിട്ടുന്ന ചെറിയ ഇടവേളകളിൽ ഞാൻ പറയുകയാണ് ചെയ്യുന്നത്. അതു റിക്കാർഡ് ചെയ്തു സൂക്ഷിക്കും. പിന്നീടത് പേപ്പറിലേക്കു പകർത്തണം. ഞാൻ എഴുതുന്നത് ഒരു പക്കാ കൊമേഴ്സ്യൽ സിനിമയ്ക്കു വേണ്ടിയുള്ള തിരക്കഥയല്ല. അതുസംഭവിച്ചാൽ ആദ്യസിനിമയിൽ എന്റേതായ ഒരു കൈയൊപ്പ് വേണമെന്നുള്ളതുകൊണ്ട് കുറച്ചു സമയമെടുത്താലും കുഴപ്പമില്ല എന്ന തീരുമാനത്തിലാണ്.

കവിതയുടെ സിനിമയിൽ നന്ദിതാ ദാസ്

തിരക്കഥ തയാ റാക്കുന്ന സിനിമയിൽ നന്ദിതാ ദാ സിനെ നായികയാക്കണമെന്നു തന്നെയാണു മോഹം. അതേസമയം ഇതേക്കുറിച്ച് അവരോട് ഇതുവരെ സംസാരിച്ചിട്ടുപോലുമില്ല. തികച്ചും സാധാരണക്കാരിയായ ഒരു സ്ത്രീകഥാപാത്രമാണത്; എല്ലാ നന്മകളും ആഴവും തീക്ഷ്ണതയും എല്ലാമുള്ള മുഖവുമുള്ള ഒരു കഥാപാത്രം. എഴുതിത്തുടങ്ങിയപ്പോൾ മുതൽ ആ കഥാപാത്രമായി നന്ദിതയെ മാത്രമാണ് കണ്ടത്. ഞാൻ ഉദ്ദേശിക്കുന്ന കഥാപാത്രത്തിനു ആവശ്യമുള്ളതെല്ലാം അവരിൽ മാത്രമാണുള്ളത്. പക്ഷേ ഉദ്ദേശിക്കുന്നയാളെ പലപ്പോഴും സിനിമയിൽ കിട്ടിയെന്നു വരില്ല. നന്ദിതാ ദാസിനോടു തീർച്ചയായും ഈ സിനിമയുടെ കഥപറയും.
താരപരിവേഷം, പ്രശസ്തി

ഞാൻ കോട്ടയത്തിനടുത്ത് ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന സാധാരണ പെൺകുട്ടിയാണ്. വിവാഹശേഷം ഇപ്പോൾ ബംഗളൂരുവിലാണ് താമസിക്കുന്നത്. അച്ഛനും അമ്മയും നാട്ടിൽ തന്നെയാണ് താമസിക്കുന്നത്. എനിക്ക് എപ്പോൾ വേണമെങ്കിലും അവിടേക്കു തിരിച്ചുപോയി അച്ഛനോടും അമ്മയോടുമൊപ്പം ജീവിക്കാനാകും. പക്ഷേ വലിയൊരു സ്റ്റാറായി മാറിയാൽ ആ ജീവിതം എനിക്കു നഷ്‌ടപ്പെടും. ഒരു താരപരിവേഷം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. പ്രശസ്തി കുഴപ്പമില്ല. പോപ്പുലാരിറ്റി മാനേജ് ചെയ്യാൻ പറ്റും, സ്റ്റാർഡം സാധാരണക്കാർക്ക് മുന്നോട്ടു കൊണ്ടു പോകാൻ പറ്റില്ല.

ലീലയിലെ ഉഷ, പലരും ചെയ്യാൻ മടിക്കുന്ന വേഷം

കല്യാണം കഴിഞ്ഞതോടെ എന്റെ പ്രഫഷനിൽ കുറച്ചുകൂടി ലിബറലായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. നേരത്തെ തന്നെ ലീല വായിച്ചിരുന്നു. കഥകൾ വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളെ ഓരോരോ നടീനടന്മാരായി കണ്ടാണു വായിക്കാറുള്ളത്. ലീലയിലെ ഉഷ എന്ന കഥാപാത്രത്തെ ലതച്ചേച്ചിയായി കണ്ടാണ് വായിച്ചത്. അന്ന് ഈ കഹ സിനിമയാക്കുമെന്നു പോലും ചിന്തിച്ചിരുന്നില്ല. വിവാഹശേഷം ഒരു വർഷം സിനിമയിൽ നിന്ന് അവധിയെടുത്തു. അപ്പോഴും അവസരങ്ങൾ വന്നിരുന്നു. ലീലയിലേക്കു വിളിവന്നപ്പോൾ എതു കഥാപാത്രമാണെന്നു മാത്രമാണു ചോദിച്ചത്. കല്യാണത്തിനു ശേഷമുള്ള ശക്‌തമായ മടങ്ങിവരവിനു പറ്റിയ കഥാപാത്രമാണ് ഉഷയുടേതെന്നു ബോധ്യമുള്ളതു കൊണ്ടാണ് ആ വേഷം ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഇപ്പോഴും ആ കഥാപാത്രത്തെപ്പറ്റി എന്നോട് അഭിപ്രാ യം പറയുന്നവരുണ്ട്. ഒരു വേശ്യയുടെ വേഷം നീ എന്തിനു ചെയ്തുവെന്നു ചോദിക്കുന്നവരുണ്ട്. വളരെ നന്നായി ആ വേഷം നീ ചെയ്തു എന്നു പറയുന്നവരുമുണ്ട്.

ഡഫേദാറിലെ കഥാപാത്രം

ടിനി ടോമിനൊപ്പമാണ് ഡഫേദാറിൽ അഭിനയിച്ചത്. അതിൽ 25 വയസുള്ള യുവതിയുടെയും 65 വയസുള്ള സ്ത്രീയു ടെയും വേഷം ചെയ്യാനായി. എനിക്കേറെ അടുപ്പം തോന്നിയ കഥാപാത്രമായിരുന്നു അതിലെ സുഭദ്ര.

പത്തു കല്പനകൾ

പത്തു കല്പനകളിലെ നാൻസി പത്രങ്ങളിലൂടെയൊക്കെ നമ്മൾ മിക്കവാറും കണ്ടിട്ടുള്ള കഥാപാത്രമാണ്. പീഡനത്തിനിരയായ പെൺകുട്ടികളുടെയും അവരുടെ മാതാവിന്റെയുമൊക്കെ പ്രതിനിധിയാണ് നാൻസി. തിരക്കഥ പോലും വായിക്കാതെ സ്വീകരിച്ച കഥാപാത്രമായിരുന്നു അത്. മനസു വല്ലാതെ വിഷമിച്ച് അഭിനയിച്ച രംഗങ്ങളും അതിലുണ്ട്.

ഹണിബീ 2

ലീലയും ഡഫേദാറും പത്തു കല്പനകളും കഴിഞ്ഞ് ഹണിബി 2വിലെത്തിയപ്പോൾ മനസ് വളരെ റിലാക്സായി. ഏറെ വിഷമതകൾ അനുഭവിക്കുന്ന മൂന്നു കഥാപാത്ര ങ്ങളും ചെയ്ത ശേഷം കിട്ടിയ നിറയെ തമാശകളും പൊട്ടിച്ചിരികളും ഉള്ള ചിത്രമാണ് ഹണിബീ 2. ഒരു പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറാണ് ഈ ചിത്രം. നോർമലാകാൻ എന്നെ സഹായിച്ച ചിത്രമാണിത്.

വീട്, കുടുംബം

അച്ഛൻ ശശിധരൻ നായർ, അമ്മ പ്രസന്ന, അനിയൻ കണ്ണൻ. അവർ കോട്ടയം അയർക്കുന്നത്താണ് താമസിക്കുന്നത്. അനിയൻ ഇപ്പോൾ കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് വിപിൻ നന്ദൻ. പാലക്കാട് സ്വദേശിയാണെങ്കിലും അദ്ദേഹം ജനിച്ചതും വളർന്നതുമൊന്നും കേരളത്തിലല്ല. അദ്ദേഹത്തിന്റെ അച്ഛൻ പട്ടാളത്തിലായിരുന്നു. ബംഗളൂരു വിലാണ് ഭർത്താവിന്റെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. അവിടെ യൊരു കമ്പനിയിലാണ് ഭർത്താവ് ജോലി ചെയ്യുന്നത്. ബംഗളൂരു വിൽ താമസിക്കുന്ന ഞാൻ സിനിമയുള്ളപ്പോൾ എത്തി അഭിനയിച്ചു തിരിച്ചു പോകുന്നു.

പ്രദീപ് ഗോപി