ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ അദ്ദേഹത്തെ തേടിയെത്തി; പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച കാംബോജിയിൽ പാട്ടുകളും പശ്ചാത്തലസംഗീതവുമൊരുക്കാനുള്ള സുവർണാവസരം. കാംബോജിയിലെ പാട്ടുപിറവിയുടെ അസുലഭനിമിഷങ്ങളെക്കുറിച്ച് എം.ജയചന്ദ്രൻ മനസുതുറക്കുന്നു...

കാംബോജിയിൽ സംഗീതം നല്കാൻ ലഭിച്ച അവസരത്തെക്കുറിച്ച്..?

കലാകാരൻ എന്ന നിലയിൽ എനിക്ക് എന്നിലേക്കു തന്നെ, ഒന്ന് ഉള്ളിലേക്കു പോകാനുള്ള അവസരമായിട്ടാണു തോന്നുന്നത്. കേവലം കമേഴ്സ്യൽ ഘടകങ്ങൾ മാത്രം നോക്കി സിനിമയിൽ സംഗീതംചെയ്യുന്ന ഒരു രീതിയിൽ നിന്നു മാറി നമ്മളിലേക്കു തന്നെ നമുക്ക് ഉറ്റുനോക്കാവുന്ന, നമ്മുടെ പൈതൃകത്തിലേക്ക് ഉറ്റുനോക്കാവുന്ന ഗഹനമായ, ഒട്ടും ഉപരിപ്ലവമല്ലാത്ത ഒരു സംഗീതത്തിന്റെ തെരച്ചിൽ എന്നതു കാംബോജിൽ വന്നിട്ടുണ്ട് എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം.

കാംബോജിയിലെ പ്രചോദനങ്ങൾ...?

വിനോദ് തന്നൊണ് ഈ സിനിമ ചെയ്യാനുള്ള ഏറ്റവും വലിയ പ്രചോദനം. കാരണം, വിനോദ് അല്പം മാറിനടക്കുന്ന ഒരാളാണ്. സാധാരണ വിശ്വാസങ്ങൾക്കും വിശ്വാസമില്ലായ്മകൾക്കുമപ്പുറം സ്വന്തമായ ചില വിശ്വാസങ്ങൾക്കുവേണ്ടി നിൽക്കുകയും തന്റെ ചില വിശ്വാസങ്ങൾ സിനിമയായി വരണമെന്ന് എക്സ്പിരിമെന്റലായി ചിന്തിക്കുകയും ചെയ്യുന്ന ഒരാൾ. കഥകളിസംഗീതവും നമ്മുടെ ശാസ്ത്രീയ സംഗീതവും അതേസമയം ഇപ്പോഴത്തെ ആസ്വാദകർക്ക് ഇഷ്‌ടപ്പെടുന്ന രീതിയിലുള്ള സംഗീതവും... ഈ മൂന്നു ഭാവങ്ങളും കാംബോജിയിലെ പാട്ടുകൾക്ക് ഉണ്ടാവണം എന്ന ചലഞ്ചാണ് വിനോദ് എനിക്കുമുമ്പിൽ വച്ചത്. എല്ലാവരും പാടിക്കൊണ്ടു നടക്കുന്നതും ഒറ്റപ്രാവശ്യം കേട്ടാൽ ഹിറ്റാകുന്നതുമായ പാട്ടുവേണം എന്നാണ് കമേഴ്സ്യൽ സിനിമയുടെ ഭാഗമായിരിക്കുമ്പോൾ മിക്കവരും ആവശ്യപ്പെടുന്നത്. തന്റെ സിനിമയ്ക്കു മ്യൂസിക്കലി അതിസുന്ദരമായ, ഡെപ്ത്തുള്ള പാട്ടുകൾ വേണം എന്നാണ് വിനോദ് എന്നോടു പറഞ്ഞത്. അതിനു ഞാൻ വിനോദിനോടു കടപ്പെട്ടിരിക്കുന്നു.



അംഗുലീസ്പർശം.... എന്ന പാട്ടിന്റെ പിറവി..?

ഒഎൻവി സാറിന്റെ മൂന്നു ഗാനങ്ങളും ചിട്ടപ്പെടുത്തിക്കഴിഞ്ഞ സമയത്താണു ഞാൻ മുകാംബിക ദർശനത്തിനെത്തിയത്. അവിടെ അമ്മയെ ദർശിച്ചു ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴാണ് വിനോദ് എഴുതിയ അംഗുലീസ്പർശം എന്ന ഗാനം എന്റെ വാട്ട്സാപ്പിൽ കിട്ടിയത്. അമ്മയുടെ അടുത്തു തൊഴുതു മനസിൽ ഭക്‌തിയും സംഗീതവും നിറഞ്ഞുനിൽക്കുന്ന നിമിഷത്തിലാണ് ഈ പാട്ടിന്റെ വരികൾ എന്റെ കൈയിൽ കിട്ടിയത്. വരികൾ എങ്ങനെയാണോ സ്വാഭാവികമായിത്തന്നെ സംഗീതത്തിലൂടെ ഒഴുകേണ്ടത് അതിനു സ്പർശം കൊടുക്കാനാണു ഞാൻ ശ്രമിച്ചത്. അപ്പോൾത്തന്നെ ആ ഈണം എനിക്ക് ഉരുത്തിരിഞ്ഞുവന്നു. ഉടൻതന്നെ ഞാൻ അതു പാടി വിനോദിന് അയച്ചുകൊടുത്തു.

ഇതു സുന്ദരമാണ്, വളരെ നന്നായിരിക്കുന്നു. നമുക്ക് ഇതുതന്നെ മതി എന്ന് വിനോദ് പറഞ്ഞു. മൂകാംബികയിൽ വന്ന് ഈ പാട്ടെഴുതണമെന്നായിരുന്നു വിനോദ് വിചാരിച്ചിരുന്നത്. പക്ഷേ, പല കാരണങ്ങളാൽ അതു സാധിച്ചില്ല. അതിനുപകരമായി അമ്മയുടെ സന്നിധിയിൽ ഞാനെത്തുകയും ഈ സംഗീതവും ഈ പാട്ടും അവിടെനിന്ന് ഉണ്ടാവുകയും ചെയ്തു എന്നതു വലിയ യാദൃച്ഛികത്വം.



പ്രണയത്തിന്റെ വളരെ തീവ്രമായ ചില ഭാവങ്ങളിലൂടെ സഞ്ചരിക്കേണ്ടതുണ്ട് ഈ പാട്ടിന്. അംഗുലീസ്പർശം പോലും വിമോഹനമായി മാറുന്ന പ്രണയം. അതു വളരെ മനോഹരമായ ഒരു സങ്കല്പമായി എനിക്കുതോന്നി. ഭൈരവിരാഗത്തിന്റെ ധ്വനികളും പ്രതിധ്വനികളുമാണ് അതിൽ കൂടുതലായും ഉണ്ടായത്. ആ രാഗത്തിന്റെ ബേസ് റേഞ്ചിലുള്ള എസ്കവേഷൻ ഈ പാട്ടിലൂടെ നടത്തിയിട്ടുണ്ട്. അങ്ങനെയൊരു തീം ആകുമ്പോൾ രാഗാധിഷ്ഠിതമാകണം, അതിൽ നമ്മുടെ സംഗീതം അധിഷ്ഠിതമാകണം, അതിൽ രാഗത്തിന്റെ ഇതുവരെ ഉപയോഗിക്കാത്ത ഛായകൾ വരണം. ഭൈരവി രാഗത്തിൽ വളരെക്കുറച്ചു സിനിമാപാട്ടുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതിൽത്തന്നെ ബേസ് റേഞ്ചിനെ എക്സ്പിരിമെന്റ് ചെയ്യുന്ന പാട്ടുകൾ വളരെ കുറവാണ്... ഇല്ല എന്നുതന്നെ പറയാം. ആ ബേസ് റേഞ്ച് ഞാൻ എസ്കവേറ്റ് ചെയ്തു, അതിൽ എക്സ്പിരിമെന്റ് ചെയ്തു..അങ്ങനെയാണ് അംഗുലീസ്പർശത്തിനു പുതിയ ഒരു ടച്ച് എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ അതു കൊണ്ടുവരാൻ സാധിച്ചത്.



ഇതുവരെ ഉപയോഗിക്കാത്ത രീതിയിലുള്ള ചില കോംബിനേഷൻസ് ഓഫ് നോട്സ് കണ്ടുപിടിക്കാനും അതു സ്വായത്തമാക്കാനും ശ്രമിച്ചു. ആ ഡെപ്ത് ആസ്വാദകരിലേക്ക് എത്തിക്കാൻ വൈഭവമുള്ള ആൾ തന്നെ അതു പാടണം. ബോംബെ ജയശ്രീചേച്ചിയുടെ കച്ചേരികളും അവർ പാടിയ ഗോപാലകൃഷ്ണഭാരതിയുടെ ഇറക്കം വരാമൽ പോനതെന്ന കാരണം സ്വാമീ എന്ന പദവുമൊക്കെ കേട്ടിരുന്ന ശീലത്തിൽ നിന്ന് അവരുടെ ശബ്ദവും ആലാപനവുമൊക്കെ എന്റെ മനസിലേക്കുവന്നു. ജയശ്രീചേച്ചി പാടിയാൽ നന്നായിരിക്കുമെന്നു വിനോദും പറഞ്ഞു.

അവർ ചെന്നൈയിലെ സ്റ്റുഡിയോയിൽ വന്നു. പാട്ടുകേട്ടു. ഇതു പഠിക്കാൻ തനിക്ക് ഏഴു മാസം വേണമെന്നായിരുന്നു ആദ്യത്തെ കമന്റ്. ഓരോ ലൈനായി പഠിച്ചു പതുക്കെ നമുക്കു ട്രയൽ നോക്കാം എന്നായി ഞാൻ. ഏകദേശം രണ്ടര മണിക്കൂറിനകം ചേച്ചി ആ പാട്ടുപാടി. അതിനുശേഷം ചേച്ചി എന്നോടു പറഞ്ഞ വാക്കുകൾ എനിക്കു കാംബോജിക്കുവേണ്ടി കിട്ടുന്ന ആദ്യത്തെ അവാർഡാണ്. ചേച്ചി പറഞ്ഞു: ‘‘ഭൈരവി എത്രയോ കാലങ്ങളായി ഉള്ള രാഗമാണ്. ആ രാഗം ഒരു ഉദ്യാനമായി കാണുകയാണെങ്കിൽ ആ ഉദ്യാനത്തിൽ പുതിയ പൂക്കൾ വിരിഞ്ഞപോലെയാണ് ഈ പാട്ടുപാടിയപ്പോൾ എനിക്കു തോന്നിയത്.’’ ഞാൻ ഉദ്ദേശിച്ചതും അമ്മ എനിക്കു തന്നതും ഞാൻ വിനോദിനുവേണ്ടി കരുതിവച്ചതും ഒക്കെ ഇതായിരുന്നു.

ശ്രുതിചേരുമോ എന്ന പാട്ടിന്റെ വിശേഷങ്ങളിലേക്ക്...?

ശ്രുതിചേർന്ന് ഒഎൻവി സാറിന്റെ കൂടെയിരുന്നു കംപോസ് ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ സാധിച്ചില്ല. അദ്ദേഹത്തിന്റെ ഹംസഗാനങ്ങൾ ഈണംചെയ്യാനുള്ള നിയോഗം എനിക്കു കിട്ടിയിരുന്നു. ശ്രുതിചേരുമോ എന്ന് അദ്ദേഹം ചോദിക്കുന്ന സ്‌ഥലത്ത് ഒരു കംപോസർ എന്ന രീതീയിൽ സംഗീതത്തിന്റെ ശ്രുതിചേർക്കേണ്ടത് അത്ര എളുപ്പമായിരുന്നില്ല. ദാസ് സാറിന്റെ ശബ്ദവും അദ്ദേഹം അതു പാടുമ്പോൾ അതിന്റെ ഗാംഭീര്യം എങ്ങനെ ആയിരിക്കുമെന്നൊക്കെ മനസിൽ വന്നപ്പോൾ അദ്ദേഹമാണു പാടേണ്ടതെന്ന തിരിച്ചറിവ് ആദ്യംതന്നെയുണ്ടായി. അങ്ങനെയാണ് ശ്രുതിചേരുമോ എന്ന പാട്ടു ചെയ്തത്.



കാംബോജി എന്ന സിനിമയിൽ പ്രധാനപ്പെട്ട ഒരു പാട്ട് കാംബോജി രാഗത്തിലായിരിക്കണം എന്നുള്ളതു വിനോദിന്റെ നിർബന്ധമായിരുന്നു. കാംബോജി രാഗത്തിൽ തന്നെ മുമ്പുവന്ന പാട്ടുകളിൽ.... ശക്‌തിമയം ശിവശക്‌തിമയം, കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നും, കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ, അഷ്‌ടമിപ്പൂന്തിങ്കളേ, പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ, സാമജസഞ്ചാരിണീ... കാംബോജി എന്ന രാഗത്തിന്റെ ഉച്ചസ്‌ഥായിയിലുള്ള അതിന്റെ ആലാപനങ്ങളെയാണ് അല്ലെങ്കിൽ അതിന്റെ മെലഡിയെയാണ് പരമാവധി ഉപയോഗപ്പെടുത്തിയത്. പക്ഷേ, കാംബോജിയുടെ ബേസ് റേഞ്ചിൽ സഞ്ചരിക്കുമ്പോൾ അതിന്റ ഫ്ളേവറിലും കാരക്ടറിലുമൊക്കെ എത്ര വ്യത്യസ്തയുണ്ടാക്കാനാവും എന്നുള്ളതിന്റെ പരീക്ഷണം തന്നെയായിരുന്നു ശ്രുതിചേരുമോ എന്ന ഗാനം.



പല്ലവിയിൽ മധ്യസ്‌ഥായിയുടെ മുകളിലേക്കു പോകുന്നതേയില്ല. കാംബോജിയെ ഒരു ശാന്തപ്രകൃതക്കാരിയാക്കി മാറ്റാനുള്ള ഒരു ശ്രമം ഉണ്ടായിട്ടുണ്ട് ആ ട്യൂണിൽ. ഇടയ്ക്കയുടെയും തംബുരുവിന്റെയും നാദങ്ങൾ തമ്മിൽ ലയിച്ച് ഒന്നായി ശ്രുതിചേരാൻ പറ്റുമോ, അതിന്റെ പരസ്പരലയമല്ലേ ജീവിതം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആ ഗാനം. അനുപല്ലവിയുമായുള്ള കണക്്ഷനാണ് അത്. അനുപല്ലവിയിൽ മാത്രമാണ് അതിന് എലിവേഷൻ വേണ്ടത്. ഒരു വീടു നിർമിക്കുമ്പോൾ അതിന് എത്ര എലിവേഷൻ വേണമെന്നു നമുക്കു തീരുമാനിക്കാം; അത് ഒരാളുടെ കോൺസപ്റ്റ് അനുസരിച്ചാണ്. ഈ പാട്ടിന്റെ വീട് ഉണ്ടാക്കുമ്പോൾ അതിന്റെ പൂമുഖത്തിന്റെ എലിവേഷൻ ഇത്രമാത്രം മതി എന്നു തീരുമാനിക്കുന്നിടത്താണ് ഒരു കംപോസറുടെ കയ്യൊപ്പു വേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. ബേസ് റേഞ്ചിൽ മാത്രം കാംബോജിയെ സ്മരിച്ചുകൊണ്ടു ചെയ്ത ഒരു ഗാനമാണ് ശ്രുതിചേരുമോ എന്നുള്ളത്.



ചെന്നൈയിൽ എ. ആർ. റഹ്മാന്റെ സ്റ്റുഡിയോയിൽ രാത്രി 10 നു തുടങ്ങി ഏകദേശം ഒരു മണിവരെ നീണ്ടു നിന്നു റിക്കോർഡിംഗ്. ഒരുപാടുനേരം കാംബോജിയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഗുരുക്കന്മാരെക്കുറിച്ചുമെല്ലാം ദാസ് സാർ സംസാരിച്ചു. അതൊക്കെ കേട്ടിരുന്നു. അദ്ദേഹവുമൊത്തുള്ള എല്ലാ റിക്കോർഡിംഗ് സെഷനുകളിലും എനിക്കു മനസിലാക്കേണ്ട ഒന്നുരണ്ടു കാര്യങ്ങളെങ്കിലും കിട്ടാറുണ്ട്. അദ്ദേഹത്തിന്റെയടുത്തു പഠിച്ചിട്ടില്ലെങ്കിലും ദാസ് സാറിനെ ഞാൻ ഗുരുതുല്യനായി കാണുന്നത് അതുകൊണ്ടാണ്. കാംബോജിയെക്കുറിച്ചുള്ള ചില അറിവുകൾ അന്നത്തെ സംസാരിത്തിൽ നിന്നുണ്ടായി. അതിനുശേഷമാണ് അദ്ദേഹം പാടിയത്. ഏറെനേരമെടുത്ത് ഓരോ പോയന്റും തിരിച്ചറിഞ്ഞ് അതിൽ ലയിച്ചുനിന്നാണ് അദ്ദേഹം പാടിയത്.

ചെന്താർനേർമുഖി...എന്ന പാട്ടിന്റെ വിശേഷങ്ങൾ...?

സാധാരണ രാഗമാലിക എന്നു പറയുമ്പോൾ ഒരു രാഗത്തിൽ നിന്നു വേറൊരു രാഗത്തിലേക്കു പോകുന്നു. അവിടന്നു മറ്റൊരു രാഗത്തിലേക്കു പോകുന്നു....അങ്ങനെ പോയി അടുത്ത ഒരു രാഗത്തിൽ അവസാനിക്കുന്നു. എന്നാൽ ഈ പാട്ടിൽ, ആദ്യത്തെ രാഗത്തിൽ നിന്ന് രണ്ടാമത്തേതിലേക്ക്...അങ്ങനെ നാലു രാഗങ്ങൾ മാറുകയും അവിടെനിന്നു റിവേഴ്സിൽ ആദ്യത്തെ രാഗത്തിൽ തിരിച്ചെത്തുകയുമാണ്. അത്തരം ഒരു പരീക്ഷണം മുമ്പ് ആരും ചെയ്തിട്ടില്ലെന്നു തോന്നുന്നു. ഈ പാട്ടിൽ അതാണു പരീക്ഷിച്ചത്. സുരുട്ടി എന്ന രാഗത്തിൽ തുടങ്ങി ഖമാസിലെത്തി(മതിനേർമുഖി നിന്റെ)സാവേരി വഴി(യാമിനീമുഖം ഏകതാരകം) ഷണ്മുഖപ്രിയ കടന്നു ബേഗഡയിൽ അവസാനിക്കുന്നു. മോഹിനിയാട്ടത്തിന്റെ ആധികാരിക ഘടന വേണമെന്നുള്ളതിനാലാണ് പാട്ട് ഒരു വായ്ത്താരിയിൽ അവസാനിക്കുന്നത്. അതിലും ബേഗഡയിൽ നിന്ന് സുരുട്ടിയിലേക്കു തിരിച്ചുവരവുണ്ട്. അതാണ് ഈ രാഗമാലികയിലെ ഇന്നവേഷൻ എന്നു തോന്നുന്നു. ചിത്രചേച്ചിയല്ലാതെ ഈ ജോണറിലുള്ള പാട്ടുകൾ പാടാൻ വേറൊരാളുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. ചേച്ചിയുടെ ആ പ്രാഗത്ഭ്യം ഈ പാട്ടിന് ഒരുപാടു തെളിച്ചവും ഏറെ മാനങ്ങളും നൽകിയിട്ടുണ്ട്.



ശ്രീവത്സൻ ജെ. മേനോനാണ് ഒപ്പം പാടിയത്. സ്കൂൾമുതൽ എന്റെ സുഹൃത്താണ് ശ്രീവത്സൻ ജെ.മേനോൻ. സംസ്‌ഥാന യുവജനോത്സവങ്ങളിൽ ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. 1985 ൽ തൃശൂരിൽവച്ചു നടന്ന സംസ്‌ഥാന സ്കൂൾ യുവജനോത്സവത്തിൽ ഞാനും ശ്രീവത്സനും രണ്ടാസ്‌ഥാനം പങ്കിട്ടിരുന്നു. പ്രണവം ശങ്കരൻ നമ്പൂതിരിക്കായിരുന്നു അന്ന് ഒന്നാം സ്‌ഥാനം. എന്റെ ഒരു സുഹൃത്ത് എനിക്കുവേണ്ടി പാടിയതിന്റെ ഒരു സുഖം ശ്രീവത്സൻ പാടിയപ്പോൾ അനുഭവിച്ചിട്ടുണ്ട്.

നടവാതിൽ തുറന്നില്ല... എന്ന പാട്ടിനെക്കുറിച്ച്.?

ഒഎൻവി സാറിന്റെ രചനയെക്കുറിച്ചാണ് ആ പാട്ടിലേക്കു വരുമ്പോൾ ആദ്യമായി പറയാനുള്ളത്. കതിരെന്നു കരുതി ഞാൻ കരുതിവച്ചത് വെറും പതിരെന്നോ, കാറ്റിൽ പറന്നുപോമോ...എന്ന് അദ്ദേഹമെഴുതി. ഒഎൻവി സാറിന്റെ ഏതു പാട്ടെടുത്താലും അതിൽ അദ്ദേഹത്തിന്റെ സിഗ്നേച്ചവർ വരുന്ന ഒരു വരിയുണ്ടാവും. നേരത്തേയുള്ള പാട്ടുകളിൽ... വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം..ആ വരിയിൽ അദ്ദേഹത്തിന്റെ സിഗ്നേച്ചറുണ്ട്. അത് അദ്ദേഹത്തിനുമാത്രം എഴുതാൻ കഴിയുന്നതാണ്. അതുപോലെതന്നെ പ്രണയമൊരസുലഭ മധുരമാം നിർവൃതി എന്ന് എന്റെ ഒരു പാട്ടിൽ അദ്ദേഹമെഴുതി. ആ ഒരു വരിയിലൂടെ പ്രണയമെന്തെന്ന് അദ്ദേഹം നിർവചിക്കുന്നു.

അലിഞ്ഞുപോം അരിയജന്മമാം പവിഴദ്വീപിൽ നാമിരിപ്പതെന്തിനോ... എന്ന് ഒരു വരി എഴുതിയപ്പോൾത്തന്നെ ജീവിതത്തിന്റെ താത്വികമായ ഫിലോസഫിയെല്ലാം ഉൾക്കൊള്ളിച്ചിരുന്നു. അതുപോലെ പ്രണയത്തിന്റെ, പ്രണയവിരഹത്തിന്റെ ചിന്തകൾ... കതിരെന്നു കരുതി ഞാൻ കരുതിവച്ചത് വെറും പതിരെന്നോ, കാറ്റിൽ പറന്നുപോമോ.. ഓയെൻവി സാറിന്റെ കയൊപ്പുള്ള ആ വരികൾ എന്നെ വല്ലാതെ സ്വാധീനിച്ചു. വാസ്തവത്തിൽ ആ പാട്ടിൽ ഞാൻ ആദ്യം ഈണം ചെയ്തത് അതാണ്. അതിൽ നിന്നാണു ഞാൻ പല്ലവിയിലേക്ക് എത്തുന്നത്. ഇതിൽ രാഗത്തിന്റെ വഴിയെ അല്ല, വരികളുടെ വഴിയെയാണു ഞാൻ പോയത്. ഒരു പ്രത്യേകരാഗത്തിൽ ചെയ്യണമെന്ന് കരുതി ചെയ്തതല്ല. അനുരാഗം എന്ന രാഗം കൊടുക്കാൻ പറ്റുമെങ്കിൽ അതാവും ഈ പാട്ടിനു ചേരുക! ഇത്രയും നിലാവുണ്ടായിട്ടും പ്രണയരമണീയമായിട്ടും നീയവിടെയൊന്നു വന്നുപോകുന്നില്ലല്ലോ എന്നു നായിക പറയുന്നത് നറുനിലാവുദിച്ചിട്ടും...എന്ന ഭാഗത്താണ്. അവിടെയാണ് ശരിക്കും വിരാമം വരുന്നത്. അതാണ് നറുനിലാവുദിച്ചിട്ടും എന്നതു സൈലന്റിൽ തന്നെ കൊടുക്കാനുള്ള കാരണം.



കാംബോജിയുടെ സംഗീതവഴിയിൽ ഒപ്പംനിന്ന മറ്റുള്ളവർ...?

ഈ നാലു പാട്ടുകൾ കൂടാതെ കോട്ടയ്ക്കൽ മധുവും നന്ദിനിയും ചില കഥകളിപ്പദങ്ങൾ പാടിയിരിക്കുന്നു. നന്ദിനി തിരുവനന്തപുരത്തുള്ള വളരെ ഔട്ട്സ്റ്റാൻഡിംഗായ യുവ സംഗീതപ്രതിഭയാണ്. ജയശ്രീചേച്ചിയിലേക്കു ഞങ്ങളെ എത്തിച്ചത് ഇറക്കം വരാമൽ എന്ന പദം തന്നെയാണ്. എനിക്കും വിനോദിനും വലിയ ആഗ്രഹമായിരുന്നു അത് ചേച്ചിയുടെ സ്വരത്തിൽ റെക്കോർഡ് ചെയ്യണം, സിനിമയിൽ എവിടെയെങ്കിലും ഉപയോഗിക്കണം എന്നുള്ളത്. അങ്ങനെ സിനിമയുടെ ഒരു സന്ദർഭത്തിൽ അതു ഉപയോഗിച്ചിട്ടുമുണ്ട്.

ഓർക്കസ്ട്രയിൽ വായിച്ചിരിക്കുന്നവരൊക്കെ പ്രഗത്ഭരായ കലാകാരന്മാരാണ്. ശ്രുതിചേരുമോ എന്ന പാട്ടിൽ രാജേഷ് വൈദ്യയും അംഗുലീസ്പർശത്തിൽ എംബാർ എസ.് കണ്ണനും വയലിൻ വായിച്ചിട്ടുണ്ട്. ഫ്ളൂട്ടിൽ ബാലസായി. മൃദംഗത്തിൽ ഗണപതി. ഇടയ്ക്കയിൽ തൃപ്പൂണിത്തുറ കൃഷ്ണദാസ് തുടങ്ങിയവരും.



കാംബോജിയുടെ പശ്ചാത്തലസംഗീതം...?

ഇതിന്റെ കാലഘട്ടം 1970 കളാ ണ്. ആ കാലഘട്ടവുമായി ബന്ധമുള്ള സംഗീതമാണു പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ ടെക്നിക്കലായി സിനിമയിൽ ത്രില്ലർ എന്നു പറയുന്ന ഘടകമല്ല ഇതിൽ വരുന്നത്. ത്രസിപ്പിക്കുന്നതു വേറെ ഒരു രീതിയിലാണ്. ഈ സിനിമയിലൂടെ പ്രേക്ഷകൻ നേടുന്ന അനുഭവമുണ്ടല്ലോ, അതാണു ത്രിൽ.

പശ്ചാത്തലസംഗീതവും എക്സ്പിരിമെന്റലാണ്. കഥകളിസംഗീതം, കർണാടക സംഗീതം എന്നിവയുമായി വെസ്റ്റേൺ മ്യൂസിക്കിന്റെ ചില അന്തർധാരകൾ ചേർക്കുമ്പോൾ എങ്ങനെയുണ്ടാവും എന്ന രീതിയിലാണ് പശ്ചാത്തലസംഗീതത്തിലെ പരീക്ഷണം. ബാക്ക് ഗ്രൗണ്ട് സ്കോർ നന്നാവാനും വിനോദിന്റെ പ്രചോദനം ഏറെയാണ്. ഞാൻ തന്നെ ഇതു ചെയ്യണം എന്നു വിനോദ് ഏറെ നിർബന്ധിച്ചതിനുശേഷമാണ് ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യാൻ തീരുമാനിച്ചത്.

എക്സ്പിരിമെന്റലായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത്തരം എക്സ്പിരിമെന്റ് ചെയ്യാനുള്ള എല്ലാ വിഷ്വൽ ഘടകങ്ങളും വിനോദ് സിനിമയിൽ ചെയ്തുവച്ചിരുന്നു. അതനുസരിച്ച് പശ്ചാത്തലസംഗീതവും നന്നായി വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പശ്ചാത്തലസംഗീതവും ഒരു സംഗീതധാരയായിത്തന്നെ ഈ സിനിമയിൽ നിൽക്കുന്നുണ്ട്. വിനീതിന്റെ അഭിനയം പശ്ചാത്തലസംഗീതം ചെയ്യാൻ എനിക്കു വളരെയധികം പ്രചോദനമായിട്ടുണ്ട.് അഭിനയത്തിന്റെ കുറേ നല്ല മുഹൂർത്തങ്ങളുണ്ട് അതിൽ.

കവിതയിലെ സംഗീതം കണ്ടെത്താനുള്ള വലിയ അവസരമായിരുന്നു കാംബോജിയിൽ..?

തീർച്ചയായും. ഈണം നല്കിയിട്ടാണല്ലോ സാധാരണ പാട്ടുചെയ്യുന്നത്. കണ്ണും നട്ടു കാത്തിരുന്നിട്ടും എന്ന പാട്ട് ഗിരീഷേട്ടൻ എഴുതിയശേഷം ഈണമിട്ടതാണ്. അതുപോലെ ഹൃദയത്തിൻ മധുപാത്രം.. എന്ന പാട്ട് ഓയെൻവിസാർ എഴുതിയശേഷം ഈണം ചെയ്തതാണ്. കാംബോജിക്കുമുമ്പ് എഴുതിച്ചെയ്ത പാട്ടുകളിൽ പെട്ടെന്ന് ഓർമവരുന്നത് ഇതു രണ്ടുമാണ്.



കാംബോജിയുടെ സംഗീതം ചെയ്യാനിരുന്നപ്പോൾ സ്വാതിതിരുനാൾ, ശങ്കരാഭരണം തുടങ്ങിയ മ്യൂസിക്കൽ സിനിമകൾ മനസിലുണ്ടായിരുന്നോ..?

അത്തരം ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. വേറെ ഏതെങ്കിലും സിനിമയോ എന്റെ ഗുരുനാഥൻമാരുടെ രചനകളോ ഒന്നും മനസിലുണ്ടായിരുന്നില്ല. ഇതിലെ നാലുപാട്ടുകൾ ഏറ്റവും മഹാന്മാരായ നാലു സംഗീതകാരന്മാർക്കുള്ള സമർപ്പണമാണ്. ശ്രുതിചേരുമോ എന്ന പാട്ടിനു ലാളിത്യമുണ്ട്. ദേവരാജൻ മാസ്റ്ററുടെ മുഖമുദ്ര ലാളിത്യമായിരുന്നു. അതിനാൽ ശ്രുതിചേരുമോ എന്ന പാട്ട് ദേവരാജൻ മാസ്റ്റർക്കു സമർപ്പിച്ചിരിക്കുന്നു.

നടവാതിൽ.. എന്ന പാട്ട് മലയാളം വാക്കുകളിൽ എങ്ങനെ വളരെ മധുരമായ സംഗീതത്തിന്റെ ചാരുത നല്കാനാവും എന്നു കാട്ടിത്തന്ന രാഘവൻ മാസ്റ്ററിനു സമർപ്പിക്കുന്നു. ചെന്താർനേർ മുഖി എന്ന പാട്ട് രാഗമാലികയായതു കാരണം ദക്ഷിണാമൂർത്തി സ്വാമികൾക്കു സമർപ്പിക്കുന്നു.

അംഗുലീസ്പർശത്തിൽ ഒരുപാടു ഡെപ്ത്തുള്ള സംഗീതം ഉരുത്തിരിഞ്ഞു വരുന്നതിനാൽ എംബിഎസ് സാറിനു സമർപ്പിക്കുന്നു. അവരുടെ സംഗീതവുമായിട്ടോ അവർ കണ്ടെത്തിയ രീതികളുമായിട്ടോ ഇതിനു ബന്ധമില്ല. അതിനെ അതുപോലെ പകർത്തിവയ്ക്കുകയോ അതുവഴി നടക്കാനോ ശ്രമിക്കാതെ സ്വന്തം വഴികളിലൂടെ നടന്ന് അവർക്കു സമർപ്പിക്കുകയാണ്.



കാംബോജിയിലെ പാട്ടുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ...?

വാസ്തവത്തിൽ പാട്ടുകൾ ഉണ്ടാക്കപ്പെടുന്നതല്ല, പാട്ടുകൾ ഉണ്ടായിവരുന്നതാണ്. ഉണ്ടായിവന്ന പാട്ടുകളും ഉണ്ടാക്കപ്പെടുന്ന പാട്ടുകളും തമ്മിലുള്ള വ്യത്യാസമാണ് പലപ്പോഴും നല്ല പാട്ടെന്നും ചീത്തപ്പാട്ടെന്നുമുള്ള വേർതിരിവിന് അടിസ്‌ഥാനം. ഉണ്ടായിവരുന്ന പാട്ടുകൾ നമ്മൾ എന്നും കേൾക്കാൻ ആഗ്രഹിക്കും. അതു കാലത്തിനപ്പുറം നിലനിൽക്കും. ഉണ്ടാക്കപ്പെട്ട പാട്ടുകൾ കുറച്ചുകാലം മാത്രം നിന്നിട്ട് മനസിൽപോലുമില്ലാത്ത രീതിയിൽ അസ്തമിച്ചുപോകും. ഉണ്ടായിവന്ന പാട്ടുകളാണ് കാംബോജിൽ എന്നുള്ളത് അഭിമാനപുരസരം പറയാനാവും.

ഇന്നത്തെ ശ്രോതാക്കൾക്ക് ഈ പാട്ടുകൾ എത്രത്തോളം ഇഷ്‌ടപ്പെടുമെന്നോ അവർ മനസിലാക്കുമെന്നോ ഇതു കൊമേഴ്സ്യൽ ഹിറ്റാകുമെന്നോ എനിക്കറിയില്ല. പക്ഷേ, എനിക്കറിയാവുന്നത് ഒരു കാര്യം മാത്രം – എന്താകണമെന്ന് ഒരു സംഗീതസംവിധായകനായിത്തുടങ്ങിയപ്പോൾ ഞാൻ അഗ്രഹിച്ചുവോ എത്തരം പാട്ടുകൾ ഒരിക്കലെങ്കിലും ചെയ്യണമെന്നു ഞാൻ ആഗ്രഹിച്ചോ അത്തരത്തിലുള്ള പാട്ടുകൾ എനിക്കു കാംബോജിയിൽ ചെയ്യാനായി. ഒരു വർക്ക് ഇങ്ങനെ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. കാംബോജിയിലൂടെ അതു സാധിച്ചു എന്നുള്ളതിൽ ആത്മസംതൃപ്തിയുണ്ട്. ഒരു സംഗീതസവിധായകനും ഇനി ഇത്തരത്തിലുള്ള ഒരു പ്രമേയം കിട്ടാൻ ചാൻസില്ല. കാരണം, പുതിയ ജനറേഷൻ പരമ്പരാഗത കലകളിൽ നിന്ന് ഒരുപാടു ദൂരെ നിൽക്കുന്ന ഒരവസരത്തിൽ ക്ലാസിക്കൽ മ്യൂസിക്കിനും ഡാൻസിനുംമൊക്കെ സിനിമയിലേക്കു വരാൻ വലിയ ബുദ്ധിമുട്ടാണ്.

സംഭവകഥ സിനിമയാകുമ്പോൾ...?

മനസിനു നീറ്റലുണ്ടാക്കുന്ന സംഭവമാണത്. ഒരു കലാകാരന്റെ ജീവിതം തെറ്റിദ്ധാരണയുടെ പേരിൽ അങ്ങനെ അവസാനിക്കുന്നു എന്നുള്ളത്. സിനിമ കാണുമ്പോൾ ആ നീറ്റൽ നമുക്ക് അനുഭവപ്പെടും.



ശ്രേയാ ഘോഷാലിന് അങ്ങ് ധാരാളം പാട്ടുകൾ നല്കുന്നുവല്ലോ. പക്ഷേ, സംഗീതപ്രധാനമായ കാംബോജിയിൽ ശ്രേയയ്ക്കു പാട്ടില്ലല്ലോ..?

കാറ്റേ കാറ്റേ എന്ന പാട്ടിനു ശ്രേയയെ വിളിച്ചിട്ടില്ല. ലാലി ലാലി എന്ന പാട്ടിനു ശ്രേയയെ വിളിച്ചിട്ടില്ല. ഏനുണ്ടോടി.. എന്ന പാട്ടിനും ശ്രേയയെ വിളിച്ചിട്ടില്ല. ഇപ്പോൾ, നടവാതിൽ.. എന്ന പാട്ടിനും ശ്രേയയെ വിളിച്ചിട്ടില്ല. കാരണം, ശ്രേയയുടെ പാട്ടല്ല അത്. ശ്രേയ പാടേണ്ട പാട്ടാണെങ്കിൽ ശ്രേയയെ വിളിക്കും. ചിത്രച്ചേച്ചി പാടേണ്ട പാട്ടാണെങ്കിൽ ചിത്രച്ചേച്ചിയെ വിളിക്കും. വിജയലക്ഷ്മി പാടേണ്ട പാട്ടാണെങ്കിൽ വിജയലക്ഷ്മിയെ വിളിക്കും; അത്രേയുള്ളൂ. അതല്ലാതെ ട്യൂൺ ചെയ്യുമ്പോൾത്തന്നെ ഇതു ശ്രേയാഘോഷാലാണു പാടേണ്ടതെന്നു പറഞ്ഞ് ഒരു പാട്ടും ചെയ്യാറില്ല. ആ കോംപോസിഷനാണു പ്രധാനം. ആ കോംപോസിഷന് ഉതകുന്ന വോയ്സ് ഏതാണ് എന്നു തെരഞ്ഞു കണ്ടുപിടിക്കുകയാണു ചെയ്യുന്നത്. അല്ലാതെ, ഒരു പാട്ടുകാരിയുടെ പേരോ പ്രശസ്തിയോ വേറെ ഏതെങ്കിലും രീതിയിലുള്ള സംഭവങ്ങളോ ഒന്നും അവിടെ പ്രസക്‌തമല്ല.

പുതിയ മറ്റു പ്രോജക്ടുകൾ...?

ഒരുപാടു നാളുകൾക്കുശേഷം വി.എം.വിനുവുമായി ചെയ്യുന്ന സിനിമയാണു മറുപടി. അതിൽ മൂന്നു പാട്ടുകളുണ്ട്. ഇപ്പോൾ ഇറങ്ങിയ വേനൽ മെല്ലെ വന്നുപോയ് എന്ന ഗാനം വി.എം. വിനുച്ചേട്ടന്റെ മകൾ വർഷയാണു പാടിയത്. ലാലേട്ടന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ഞാൻ രണ്ടു പാട്ടുകൾ ചെയ്തിട്ടുണ്ട്; രണ്ടെണ്ണം ബിജിപാലാണു ചെയ്തത്. കൊമേഴ്സ്യലി ഞാൻ ഏറെ ഉറ്റുനോക്കുന്ന രണ്ടു പാട്ടുകൾ അതിൽ വന്നിട്ടുണ്ട്. ഒരു പാട്ട് ശ്രേയാഘോഷാലും വിജയ് യേശുദാസും പാടിയിരിക്കുന്നു. അടുത്ത പാട്ട് ജിതിൻ പാടിയിരിക്കുന്നു.

ഞാൻ ഏറ്റവും ഉറ്റുനോക്കുന്ന ഒരു വർക്ക് കമൽസാറിന്റെ ആമിയാണ്. മാധവിക്കുട്ടിയുടെ ബയോപിക്. അതിൽ രണ്ടു പാട്ടുകൾ ശ്രേയാഘോഷാൽ പാടി റിക്കോർഡ് ചെയ്തിട്ടുണ്ട്. എന്റെ കരിയറിൽ അവ മൈൽസ്റ്റോൺ സോംഗ്സ് ആകുമെന്നു ഞാൻ വിശ്വസിക്കുന്നു. വരികൾ റഫീക് അഹമ്മദ്. മാധവിക്കുട്ടിയുടെ മനസിലൂടെയുള്ള ഒരു സംഗീതയാത്രയായിട്ടാണ് അതു ചെയ്തിട്ടുള്ളത്.

ശ്വേതാമേനോൻ ആണായി അഭിനയിക്കുന്ന നവൽ ജുവൽ എന്ന രഞ്ജിത്ത്ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ടു പാട്ടുകൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടി സാറിനെ വച്ചു ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നുപാട്ടുകൾ ചെയ്യുന്നുണ്ട്. ജിത്തു ജോസഫിന്റെ തിരക്കഥയിൽ അൻസാർ എന്ന പുതിയ സംവിധായകൻ ചെയ്യുന്ന, ബിജുമേനോനും ഇന്ദ്രജിത്തും അഭിനയിക്കുന്ന ചിത്രത്തിൽ ഒരു പാട്ടു ചെയ്യുന്നുണ്ട്. സഞ്ജയ് ഷൺമുഖൻ സംവിധാനം ചെയ്യുന്ന അവൾ എന്ന ചിത്രത്തിന്റെ വർക്കാണ് ഇപ്പോൾ തുടങ്ങാൻപോകുന്നത്.

ടി.ജി.ബൈജുനാഥ്