ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച് ജി. ആർ. ആദിത്യ സംവിധാനം ചെയ്ത സവരക്കത്തി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു സംഭവം. ഒരുപാട് അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിൽ ഷംന ചെയ്തിരിക്കുന്നത്. ഈ വേഷം തനിക്ക് നൽകിയ സംവിധായകൻ മിഷ്കിന് നന്ദി പറഞ്ഞുകൊണ്ടാണ് ഷംനാ കാസിം സംസാരിച്ചു തുടങ്ങിയത്. ഇതിനിടെ ചിത്രത്തിൽ തന്റെ മക്കളായി അഭിനയിച്ച രണ്ടു കുട്ടികളെ നടി വേദിയിലേക്ക് വിളിച്ച് കൂടെ നിർത്തി. പിന്നെ ഇടറുന്ന കണ്ഠത്തോടെ ഷംന സംസാരിച്ചതിങ്ങനെ:

‘‘മിഷ്കിൻ സാറിന്റെ സവരക്കത്തി എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ച ദിവസം രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. ഇത്രയും വലിയൊരു സംവിധായകൻ നിർമിക്കുന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരിക്കുന്നു, അതൊരു സ്വപ്നം പോലെയായിരുന്നു. സംവിധായകനെ പോയി കണ്ടപ്പോഴും ഈ സിനിമ എനിക്ക് കിട്ടില്ലെന്നു തന്നെയാണ് കരുതിയത്. വളരെ വ്യത്യസ്തമായ കഥാപാത്രമാണെന്നു നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല, ഒരുപാട് പ്രമുഖ നായികമാരെ പരിഗണിച്ച ശേഷം അവസാനത്തെ ചോയ്സായിരുന്നു ഞാൻ. ഒടുവിൽ ആ ഭാഗ്യം എനിക്ക് വന്നുചേർന്നു. അമ്മയോട് ഒരുപാടു നന്ദിയുണ്ട്, കാരണം ഞാനൊരു നടിയാകണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് എന്റെ അമ്മയാണ്. സവരക്കത്തിയുടെ ടീസർ കാണുമ്പോൾ അമ്മ കരയുകയായിരുന്നു. എനിക്ക് ഇത്രയും പിന്തുണ നൽകി മുന്നോട്ട് കൊണ്ടുവന്നതിന് അമ്മയ്ക്ക് നന്ദി...’’ ഇതു പറയുമ്പോഴേക്കും ഷംന കരയാൻ തുടങ്ങിയിരുന്നു. തമിഴിലും തെലുങ്കിലും ഇപ്പോഴും പൂർണ എന്നറിയപ്പെടുന്ന ഷംന യഥാർഥത്തിൽ എന്തിനാണ് കരഞ്ഞത്? തുടങ്ങി, പുതിയ സിനിമാ–കുടുംബ വിശേഷങ്ങളുമായി ഷംനാ കാസിം...

പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ഷംന

ഞാൻ പൊട്ടിക്കരഞ്ഞു എന്നതു വാർത്തയുടെ തലക്കെട്ടു മത്രമായിരുന്നു. എന്റെ മനസിനെ ഒരുപാടു ടച്ച്ചെയ്ത, ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നു തികച്ചും വ്യത്യസ്തമായ എനിക്കേറെ പ്രിയപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച സവരക്കത്തി എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലായിരുന്നു ഈ പറഞ്ഞ സംഭവം. രണ്ടു മക്കളുടെ അമ്മയും മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്നതുമായ ഒരു യുവതിയുടെ വേഷമാണ് ഞാൻ ചെയ്തത്. ചട്ടക്കാരി പോലെതന്നെ എനിക്കു പ്രിയപ്പെട്ട ഒരു ചിത്രമെന്ന് ഇതിനെയും പറയാം. ഈ സിനിമയിൽ ഡബ്ബ് ചെയ്തതും ഞാൻ തന്നെയാണ്. ദേശീയ അവാർഡ് ജേതാവായ മിഷ്്കിനെ പോലുള്ള ഈ സിനിമയുടെ അണിയറക്കാർ സിനിമയിലെ എന്റെ പ്രകടനത്തെ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ എനിക്കു വളരെ സന്തോഷമായി. സിനിമയിലെ എന്റെ അഭിനയം കണ്ടപ്പോൾ എന്റെ അമ്മയും കരഞ്ഞുപോയി. എന്റെ ജീവിതത്തിലെ ഏറ്റവുമധികം സന്തോഷമുള്ള ദിനമായിരുന്നു അത്. വലിയ സന്തോഷം വരുമ്പോഴും എല്ലാവർക്കും കണ്ണീരു വരില്ലേ... സങ്കടം വരില്ലേ... അതാണ് അന്നു സംഭവിച്ചത്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം വന്നപ്പോൾ എന്റെ കണ്ണിൽ നിന്നു കണ്ണീരു വന്നപ്പോൾ ഞാൻ പൊതുവേദിയിൽ പൊട്ടിക്കരഞ്ഞു എന്നു വാർത്തകൾ വന്നു.

ഭാഗ്യമില്ലാത്ത നടി

ഭാഗ്യമില്ലാത്ത നടിയാണു ഞാനെന്നു ഞാൻ പറഞ്ഞിട്ടേയില്ല. അങ്ങനെ ഞാനൊരിക്കലും പറയില്ല. കാരണം ഞാൻ വിചാരിച്ച സിനിമകൾ വിജയം കണ്ടില്ല. കേരളത്തിൽ എന്റെ ഭാഗ്യകല നൃത്തമാണ്. എല്ലാവർക്കും എന്റെ ഡാൻസ് ഇഷ്‌ടമാണ്. പക്ഷേ തെലുങ്കിൽ ഞാൻ ചെയ്ത സിനിമകളെല്ലാം ബിഗ് ബിഗ് ബിഗ് ഹിറ്റുകളാണ്. ഷംന ഉണ്ടെങ്കിൽ ആ പടം ഹിറ്റാണെന്നാണ് അവിടെ പറയുന്നത്. സിനിമയിൽ കഴിവ് മാത്രം പോരാ, ഭാഗ്യം കൂടി വേണം. 80 ശതമാനം ടാലന്റും 20 ശതമാനം ഭാഗ്യവും ഉണ്ടെങ്കിലേ ഒരു നടിക്കു വിജയിക്കാനാകൂ. ഇനി ടാലന്റില്ലെങ്കിലും ലക്ക് ഉണ്ടെങ്കിൽ അതു മതി (ചിരിക്കുന്നു). ഇതെല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ... ഞാൻ പറയണോ...

മലയാളസിനിമ അവഗണിച്ചിട്ടില്ല

മലയാളസിനിമ ഒരിക്കലും എന്നെ അവഗണിച്ചിട്ടില്ല. എനിക്കിവിടെ ഹിറ്റ് സിനിമകൾ ഇല്ലാത്തതിനാലാകും ഇവിടെ എനിക്കിവിടെ കൂടുതൽ സിനിമകൾ കിട്ടാതിരുന്നത്. അവസരം കിട്ടാതെ പോകുന്നില്ല. വിളിക്കുന്നുണ്ട്. പക്ഷേ ചില സമയത്ത് ഡേറ്റ് പ്രശ്നം കാരണം പലതും ചെയ്യാൻ കഴിയാതെ പോകുന്നുണ്ട്. അതേസമയം ഞാൻ സെലക്ടീവുമാണ്. നല്ല പടങ്ങൾ ചെയ്യാനാണ് മോഹം. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം. അല്ലാതെ സാമ്പാറിലെ വെറും കഷണമാവാൻ എനിക്കു താത്പര്യമില്ല.

പടം ഹിറ്റായാൽ മാത്രമേ നായികമാർക്കു വിലയുള്ളു

പടങ്ങൾ ഹിറ്റായാൽ മാത്രമേ നായികമാർക്കു വിലയുള്ളു എന്നതു സത്യമാണ്. എത്ര നല്ല സിനിമയായാലും ആ സിനിമ നന്നായി ഓടിയില്ലെങ്കിൽ അതിലെ നായികമാരെ പ്രേക്ഷകർ തിരിച്ചറിയില്ല. ചിലപ്പോൾ ചില പൊട്ടപ്പടങ്ങൾ പോലും ഹിറ്റാകും. നമ്മൾ വെറുതെയിരിക്കരുത്. നമുക്ക് ടാലന്റും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കിൽ അതിന്റെ ഗുണം തീർച്ചയായും എന്നെങ്കിലും വന്നുചേരും.

മലയാളസിനിമ സ്വന്തം നായികമാരെ അവഗണിക്കുന്നു

മലയാളികളായ നായികമാർക്ക് ഇവിടെ അവഗണനയാണ് എന്നു ഞാൻ പറയില്ല. കാരണം അതു ഡയറക്ടേഴ് ചോയ്സാണ്. സംവിധായകന്റെ മനസിൽ ഒരു ഹീറോയിൻ ഉണ്ടാകും. അവരെ മനസിൽ വച്ചായിരിക്കും അവർ സിനിമയെടുക്കാൻ തയാറാകുന്നത്. അങ്ങനെയൊരാളെ മലയാളത്തിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റു ഭാഷകളിൽ നിന്നുള്ളവരെ നോക്കും.

തെലുങ്ക് ഹൊറർ ചിത്രങ്ങളിലെ സ്‌ഥിരം നായിക

തെലുങ്കിലെ ഹൊറർ ചിത്രങ്ങളായ രാജു ഗരി ഗധി, അവുനു, അവുനു2 എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു ഞാൻ. ഇതെല്ലാം ഹിറ്റായിരുന്നു. അവന്തികയുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടക്കുകയാണ്. അനുഷ്ക ഷെട്ടി തെലുങ്കിൽ ബിഗ് ഹൊറർ ചിത്രങ്ങളിലെ നായികയാകുമ്പോൾ അത്തരത്തിലുള്ള ലോ ബജറ്റ് ചിത്രങ്ങളെല്ലാം എനിക്കാണു ലഭിക്കുന്നത്. ഹൊറർ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് ആ ഒരു ബ്രാൻഡായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അങ്ങനെയുള്ള സിനിമകൾ ചെയ്യില്ല എന്നു പറയുന്നത് വിഡ്ഢിത്തമാണ്. നല്ല വേഷമാണെങ്കിൽ തീർച്ചയായും ചെയ്യും. അമ്മവേഷം ചെയ്യാനും ഞാൻ തയ്യാറാണ്.

ഗർഭിണിയെന്നും പ്രചാരണം

സവരക്കത്തിയിൽ രണ്ടു മക്കളുടെ അമ്മയും പൂർണ ഗർഭിണിയായുമൊക്കെയാണ് അഭിനയിച്ചത്. ആ സമയത്ത് ഞാൻ ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകളൊക്കെ പുറത്തു വന്നു. ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതാണത്. ചില മീഡിയകളും ഇതേറ്റുപിടിച്ചു. പലരും വാർത്തയുടെ തലക്കെട്ടു മാത്രം വായിച്ചു പോകുന്നവരാണ്. വാർത്തയിലെ ഉള്ളടക്കം വായിക്കാക്കത്തവർ തെറ്റിദ്ധരിക്കുംവിധമായിരുന്നു വാർത്ത നൽകിയത്. ഇതെനിക്കു വളരെ വിഷമമുണ്ടാക്കി. ഒരു അഭിനേത്രി എന്ന നിലയിൽ മാത്രമേ ഞാനതിനെ കണ്ടുള്ളു. പക്ഷേ നമ്മളെല്ലാവരും മനുഷ്യരാണ്, എല്ലാവർക്കും ഫീലിംഗ്സ് ഉണ്ട്. എന്റെ കുടുംബത്തിൽപ്പെട്ടവരാണ് ഈ വ്യാജവാർത്തയിൽ ഏറെ വിഷമിച്ചത്.

പലരും വേണ്ടെന്നു വച്ച അമ്മവേഷം

പലരും വേണ്ടെന്നു വച്ച സവരക്കത്തിയിലെ അമ്മവേഷം എന്റെ ഭാഗ്യമാണ്. രണ്ടു കുട്ടികളുടെ അമ്മയായി അഭിനയിക്കാൻ എല്ലാവർക്കും മടി. മിഷ്കിൻ സാർ അന്നു പറഞ്ഞത് നടിമാരുടെ എല്ലാവരുടെയും വിചാരം അവർക്കാർക്കും പ്രായമാകില്ല എന്നാണ്. അതുകൊണ്ടാണ് പല നടിമാരും ഈ വേഷം സ്വീകരിക്കാതിരുന്നത്. അതെനിക്കു ഭാഗ്യം കൊണ്ടുവന്നിട്ടുള്ളു.

വിജയ് വിശേഷിപ്പിച്ച ചിന്ന അസിൻ

ഇപ്പോഴും എന്നെ ചിന്ന അസിൻ എന്നു തമിഴ് സിനിമാ രംഗത്തുള്ളവർ വിളിക്കുന്നുണ്ട് (ചിരിക്കുന്നു). അതിപ്പോഴും പോസിറ്റീവായാണു ഞാൻ കാണുന്നത്. ഒരാളെപ്പോലെ ഏഴു പേർ ഉണ്ടാകുമെന്നല്ലേ പറയുന്നത്. എനിക്കു കിട്ടുന്ന വേഷങ്ങൾ എങ്ങനെ നന്നായി ചെയ്യാൻ പറ്റും എന്നാണ് ഞാൻ നോക്കുന്നത്. എന്തായാലും സുന്ദരിയായ ഒരാളുടെ കൂടെയല്ലേ എന്നെ കൂട്ടിയിരിക്കുന്നത് ഒത്തിരി സന്തോഷം നൽകുന്ന കാര്യമാണത്.

നൃത്തം അഭിനയം

രണ്ടിനും ഒരേ പ്രാധാന്യമാണ് ഞാൻ കൊടുക്കുന്നത്. കാരണം എന്റെ നൃത്തം ആളുകൾ ഇത്ര ഇഷ്‌ടപ്പെടാൻ കാരണം എന്റെ സിനിമകളാണ്. അപ്പോൾ സിനിമയ്ക്കു പ്രാധാന്യം കൊടുക്കുന്നില്ല എന്നു പറഞ്ഞാൽ അതു തീരെ മോശമായിപ്പോകില്ലേ... സിനിമ ചെയ്യുമ്പോൾ ഷോകൾ ചെയ്യരുത് എന്നു ചിലർ പറയാറുണ്ട്. പക്ഷേ അതിനോടെനിക്കു യോജിക്കാനാകില്ല. അതുകൊണ്ടാണ് മലയാളസിനിമയിൽ വിളിക്കാത്തതെന്നും ചിലർ പറയാറുണ്ട്. കുഴപ്പമില്ല, അങ്ങനെ ആയിക്കോട്ടെ.

ഡാൻസ് സ്കൂൾ

ഇപ്പോൾ ആലോചിക്കുന്നില്ല, കല്യാണമൊക്കെ ആയിട്ടേ അതേക്കുറിച്ചു ചിന്തിക്കുന്നുള്ളു. വിവാഹത്തിനു തൊട്ടുമുമ്പ് തീർച്ചയായും ഡാൻസ് സ്കൂൾ തുടങ്ങും, അതാണെന്റെ ആഗ്രഹം.

വിവാഹം
വിവാഹത്തെക്കുറിച്ച് ഞാൻ ആലോചിച്ചു തുടങ്ങിയിട്ടില്ല, പക്ഷേ വീട്ടുകാർ ആലോചന തുടങ്ങി. അത് ഉടനെ കാണുമോ എന്നറിയില്ല. എന്നാൽ ഒരുപാടു ദൂരെയല്ല ആ ദിനം. എന്നാണ് അതെന്ന് ഇപ്പോൾ പറയാനാകില്ല, ചിന്തിക്കുന്നുണ്ട്...

പ്രദീപ് ഗോപി