ഭക്‌തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്‌തിവാദത്തിന്റെ പച്ചമണ്ണിൽ ആണ്ട് നിൽക്കുമ്പോഴും ഉൾത്തടത്തിൽ ആത്മീയതയുടെ അനന്തത അറിഞ്ഞിരുന്ന വയലാർ! ഭക്‌തിസാഗരത്തിൽ മനുഷ്യമനസിനെ ആറാടിക്കുന്ന നിരവധി ഹൈന്ദവ–ഇസ്ലാം–ക്രിസ്തീയ ഭക്‌തിഗാനങ്ങൾ രചിച്ചിട്ടുണ്ട് വയലാർ. വയലാറിന്റെ സമകാലികരായ പി.ഭാസ്കരനും ഒ.എൻ.വിയും പിന്നാലെ വന്ന ശ്രീകുമാരൻ തമ്പിയും പൂവച്ചൽഖാദറും ഈവഴി തുടർന്നിട്ടുമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ക്രിസ്തീയ ചലച്ചിത്രഗാനങ്ങൾ രചിച്ച ഗാനരചയിതാവ് വയലാറാണ്. ക്രിസ്തുമത വിശ്വാസികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളി ആസ്വാദകരുടെ ഉള്ളിൽ പ്രതിഷ്ഠ നേടിയ ക്രിസ്ത്യൻ ഭക്‌തിഗാനങ്ങൾ എഴുതിയതും വയലാർതന്നെ.

ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ...

നിത്യവിശുദ്ധയാം കന്യാമറിയമേ...
ഇടയകന്യകേ പോവുക നീ...
ദൈവപുത്രനു വീഥിയൊരുക്കുവാൻ...

തുടങ്ങിയ അനശ്വര ചലച്ചിത്രഗാനങ്ങൾ വയലാറിലെ രാഘവപ്പറമ്പിൽ വെള്ളാരപ്പള്ളി കേരളവർമയുടെയും അംബാലികതമ്പുരാട്ടിയുടെയും മകനായി ജനിച്ച രാമവർമ എഴുതിയതാണെന്നു വിശ്വസിക്കുക പ്രയാസം.
മലയാളസിനിമയ്ക്കു വേണ്ടി നിരവധി ഭക്‌തിമുദ്രിതമായ ഹൈന്ദവഗാനങ്ങൾ വയലാർ രചിച്ചിട്ടുണ്ട് എന്നതു സത്യം. കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തോടു ചേർന്നുനിന്ന് ദൈവത്തെ നിഷേധിച്ച് പുതിയ സഞ്ചാരവഴികളെ പുൽകിയെങ്കിലും ഹൈന്ദവ വിശ്വാസങ്ങളും ദർശനവും വയലാർ രാമവർമയുടെ രക്‌തത്തിൽ അലിഞ്ഞുചേർന്നിരുന്നു എന്നു പറയാം. കുട്ടിക്കാലത്തെ സംസ്കൃത പഠനവും ഹൈന്ദവ പുരാണ ജ്‌ഞാനവും ആ ഗാനരചനകളെ ശക്‌തമാക്കിയതിൽ അദ്ഭുതപ്പെടാനില്ല. എന്നാൽ ക്ഷത്രിയകുലത്തിൽ ജനിച്ചുവളർന്ന രാമവർമയ്ക്കു തികച്ചും അപരിചിതമാണ് ക്രിസ്തീയ ആത്മീയത. ക്രിസ്തീയ വിശ്വാസങ്ങളും ദർശനങ്ങളും വയലാർ എങ്ങനെ ഇത്ര മനോഹരമായി പകർത്തുന്നു എന്നത് ചലച്ചിത്രഗാന നിരൂപകന്മാരെ ഇന്നും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്!

ഒരു ഭക്‌തികാവ്യം രചിക്കുന്നതുപോലെയല്ല ചലച്ചിത്രത്തിനുവേണ്ടി രചന നടത്തേണ്ടത്. പലപ്പോഴും കഥാപാത്രങ്ങളുടെ മനസും ജീവിതവുമെല്ലാം ഈ വരികളിലൂടെ പ്രതിഫലിക്കണം. ഗാനങ്ങളിൽനിന്നു കാവ്യാംശം മാത്രമല്ല വൈകാരികതയും ചോർന്നുപോകാൻ പാടില്ല. അങ്ങനെ ധാരാളം പരിമിതികളുണ്ട് ചലച്ചിത്രഗാനങ്ങൾക്ക്. എട്ടോ പത്തോ വരികൾക്കുള്ളിൽനിന്നു വേണം ഭാവപ്രകാശനം നടത്താൻ. അങ്ങനെയെങ്കിൽ ഒരു മതസത്തയെ, ആത്മീയ ചൈതന്യത്തെ, ദർശനത്തെ, ബൈബിൾ വാചകങ്ങളെ, ആശയങ്ങളെ ചലച്ചിത്രഗാനങ്ങളിലൊതുക്കാൻ വയലാറിനു സാധിച്ചുവെങ്കിൽ അതൊരു മഹാനിയോഗത്തിന്റെ ഭാഗമാകും എന്നു വിശ്വസിക്കാം. വയലാറിന്റെ പ്രശസ്തങ്ങളായ ഭക്‌തിഗാനങ്ങളെക്കുറിച്ച് ഓർമിക്കുമ്പോൾ ആദ്യം കടന്നുവരുന്ന ഗാനങ്ങളിൽ ഒന്നാണ് ’നിത്യവിശുദ്ധയാം കന്യാമറിയമേ നിൻ നാമം വാഴ്ത്തപ്പെടട്ടേ...’ എന്ന ഗാനം. ’നദി’ എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതി ജി.ദേവരാജൻ ഈണം പകർന്ന ഈ ഗാനം യേശുദാസും സംഘവുമാണ് ആലപിച്ചിരിക്കുന്നത്. ഗാനം കേൾക്കുമ്പോൾ ശരിക്കുമൊരു അൾത്താരയ്ക്കു മുന്നിൽ എത്തിയ പ്രതീതിയാണ്. ക്രിസ്ത്യൻ പള്ളികളിൽ ഈ ഗാനം മുഴങ്ങുന്നതിന്റെ പൊരുളും മറ്റൊന്നല്ല. പള്ളിമേടകളിലെ സംഗീതധ്വനിതന്നെയാണ് ജി.ദേവരാജൻ ഗാനത്തിൽ ലയിപ്പിച്ചിരിക്കുന്നതും.

കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന മേച്ചിൽ പുറങ്ങളിലൂടെ..., അന്തിക്ക് ഇടയനെ കാണാതെ അലഞ്ഞീടുന്ന ആട്ടിൻപറ്റങ്ങളാണ് ഞങ്ങൾ... എന്ന പ്രയോഗത്തിലൂടെ മനുഷ്യസമൂഹത്തിന്റെ നിസഹായതയും പരിമിതികളും വയലാർ ഭംഗിയായി ധ്വനിപ്പിച്ചിരിക്കുന്നു. ക്രിസ്തീയ ബിംബങ്ങളെയും വേദവചനങ്ങളെയും സാധാരണമനുഷ്യന്റെ ജീവിതമുഹൂർത്തങ്ങളുമായി ചേർത്തുവച്ചും വയലാർ തന്റെ പ്രതിഭയുടെ ഇന്ദ്രജാലംതന്നെ കാട്ടുന്നു. ’നിത്യവിശുദ്ധയാം കന്യാമറിയമേ...’ എന്ന ഗാനത്തിന്റെ അവസാനവരികളിൽ നിറയുന്നത് ജീവിതഭാരം ചുമക്കുന്ന മനുഷ്യന്റെ വേദനയാണ്, അവസാന പ്രത്യാശയാണ്.
‘ദുഃഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയ
സ്വർഗകവാടത്തിൻ മുന്നിൽ
മുൾമുടി ചൂടി കുരിശുംചുമന്നിതാ
മുട്ടിവിളിക്കുന്നു ഞങ്ങൾ...‘

’നാടൻപെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി വയലാർ രചിച്ച്, ജി.ദേവരാജൻ സംഗീതം നൽകിയ ഭക്‌തിഗാനമാണ്
ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ’ എന്നത്.

ക്രിസ്തീയ മതവിശ്വാസത്തിന്റെ ഭക്‌തിയുടെതന്നെ ആധാരമാണ് ആദ്യത്തെ ഈ നാലുവരികളിലൂടെ വയലാർ രാമവർമ പ്രകാശിപ്പിക്കുന്നതെന്നു കാണുക. ഏതൊരു ക്രിസ്തുമതവിശ്വാസിയുടെയും പ്രാർഥന പി.സുശീലയും കൂട്ടരും പാടിയ ഈ ഗാനത്തിലുണ്ട്. ’ചുക്ക്’ എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന്റെ സംഗീതത്തിൽ പി.ജയചന്ദ്രനും സുശീലയും ചേർന്നു പാടിയ ‘യരുശലേമിലെ സ്വർഗദൂതാ യേശുനാഥാ...‘ എന്ന ഗാനം തങ്ങളുടെ രക്ഷകനെ കാക്കുന്ന മനുഷ്യരുടെ നിറഞ്ഞ പ്രതീക്ഷയാണ്,

‘... അടിമകളും മർദിതരും ദുഃഖിതരും ഇതാ
അല്ലിയൊലീവിലകളുമായിറങ്ങിക്കഴിഞ്ഞു
സീസറില്ലാ പീലാത്തോസില്ലാ
കാൽവരിയുടെ താഴ്വരയിൽ മുൾമുടിയില്ലാ
നിന്റെ രാജ്യം–ഇതു നിന്റെ രാജ്യം...‘
എന്നാണു വയലാർ സമാശ്വസിക്കുന്നതും.
’മണവാട്ടി’ എന്ന ചിത്രത്തിലെ
‘ഇടയകന്യകേ പോവുക നീ
ഈയനന്തമാം ജീവിതവീഥിയിൽ
ഇടറാതെ കാലിടറാതെ...‘ എന്ന പ്രശസ്ത ഗാനം ഗാനഗന്ധർവൻ യേശുദാസിന്റെതന്നെ ജീവിത ജൈത്രയാത്രയ്ക്കുള്ള ഭാഗ്യരാശിയായി മാറി. എത്രയോ കാലങ്ങൾ യേശുദാസ് തന്റെ ഗാനമേളകൾ തുടങ്ങിയിരുന്നത് വയലാർ–ദേവരാജൻ ടീമിന്റെ ഈ ഗാനം പാടിക്കൊണ്ടാണ്. ഈ ഗാനം തന്നെ സംഗീതലോകത്ത് മുന്നോട്ടു നയിച്ചു എന്ന വിശ്വാസം യേശുദാസ് തന്നെ പലവേദികളിലും പങ്കുവച്ചിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിൽ കാലിടറരുത്, എന്നുള്ള ഒരു നിർദേശം ഒരു ദൈവവാക്യംപോലെ 1964–ൽ പുറത്തിറങ്ങിയ സിനിമയിലെ ഈ ഗാനത്തിൽ കാണാം.

‘വിശുദ്ധനായ
സെബസ്ത്യാനോസേ
ഞങ്ങൾക്കുവേണ്ടി
പ്രാർഥിക്കണമേ...‘
എന്ന ’പേൾവ്യൂ’വിലെ പ്രശസ്ത ഗാനം വയലാർ രാമവർമയുടെ മറ്റൊരു ഭക്‌തിനൈവേദ്യമാണ്. ജി. ദേവരാജൻ സംഗീതം നൽകി യേശുദാസും ബി.വസന്തയും ചേർന്നു പാടിയ ഗാനം ക്രിസ്തീയ വിശുദ്ധരെക്കുറിച്ചുള്ള വയലാറിന്റെ അഗാധമായ ജ്‌ഞാനം കാട്ടുന്നു.
‘ആധിയും വ്യാധിയും
ഇവിടന്നകറ്റുവാൻ
അർത്തുങ്കൽപള്ളിയിലിരിപ്പവനേ
അംഗങ്ങളൊക്കെയും ഞങ്ങളെ
രക്ഷിക്കാൻ
അമ്പുകൾക്കൊണ്ട് മുറിഞ്ഞവനേ...’
എന്ന ഒടുവിലത്തെ വരികൾ ഏതൊരു ആസ്വാദകന്റെയും ഹൃദയത്തിൽ അമ്പുകൾപോലെതന്നെ ആഴ്ന്നിറങ്ങും. ’അരനാഴികനേരം’ എന്ന ചിത്രത്തിലെ ‘ദൈവപുത്രനു വീഥിയൊരുക്കുവാൻ സ്നാപക യോഹന്നാൻ വന്നു...‘ എന്ന പ്രശസ്ത ഗാനവും വയലാറിന്റെ മഹാജ്‌ഞാനത്തിന്റെ മാത്രമല്ല പ്രതിഭയുടെകൂടി സാക്ഷ്യമാണ്.

‘ആ സ്നാപകന്റെ സ്വരം കേട്ടുണർന്ന
യോർദാൻ നദിയുടെ തീരം
ചക്രവാളംതൊട്ട് ചക്രവാളംവരെ
ശബ്ദക്കൊടുങ്കാറ്റുയർന്നു അന്ന്
ശബ്ദക്കൊടുങ്കാറ്റുയർന്നു...‘
എന്ന വരികളിൽ ശരിക്കുമൊരു കൊടുങ്കാറ്റിന്റെ ഹുങ്കാരംതന്നെയുണ്ട്. സംഗീതംകൊണ്ട് മാന്ത്രികത കാട്ടാനറിയുന്ന ദേവരാജൻ മാസ്റ്ററുടെ സിദ്ധികൂടി ചേരുന്നുണ്ട്. മഹാഭൂരിഭാഗം മലയാളികളും കണ്ടിട്ടില്ലാത്ത യോർദാൻ നദിയുടെ മണൽത്തീരവും പരിശുദ്ധിയുടെ നിറവെളിച്ചമായ സ്നാപകയോഹന്നാനെയും മലയാളികളുടെ മനസിന്റെ മുന്നിൽ പ്രതിഷ്ഠിക്കാൻ ചേർത്തല രാഘവപ്പറമ്പിൽ ജനിച്ചുവളർന്ന രാമവർമയ്ക്ക് സാധിച്ചിരിക്കുന്നു!

യോഹന്നാൻ ഏറ്റെടുത്ത മഹാദൗത്യത്തിന്റെ പ്രാധാന്യം ‘അക്കൊടുങ്കാറ്റിൽ ഇളകിത്തെറിക്കാത്ത രക്‌തസിംഹാസനമില്ല...‘ എന്ന അനുപല്ലവിയിൽ വ്യക്‌തമാണ്. ഹേറോദേസിന്റെ അന്തപ്പുരത്തിലെ സലോമി യോഹന്നാന്റെ ശിരസ് ആവശ്യപ്പെടുന്നതും അവളുടെ രക്‌തദാഹത്തിന്റെ നൃത്തവും ചരണത്തിലെ രണ്ടു വരികളിലൂടെ വയലാർ പകർത്തിവച്ചിരിക്കുന്നു. മോഹിനിയാട്ടം നടത്തി അവസാനത്തെ വരികളിൽ എങ്ങനെയാണ് ഒരു സ്ത്രീയുടെ പൈശാചികത കാലങ്ങളിലൂടെ സഞ്ചരിച്ച് സ്ത്രീസമൂഹത്തിനു മുകളിൽ ശാപമായി നിൽക്കുന്നതെന്നു കാണുന്നത്.

‘അന്നു സലോമിയെ ദൈവം ശപിച്ചു
കണ്ണിൽ കനലുകളോടെ
നിത്യദുഃഖത്തിന്റെ മുൾക്കിരീടങ്ങളെ
നിങ്ങൾക്കണിയുവാൻ കിട്ടൂ എന്നും
നിങ്ങൾക്കണിയുവാൻ കിട്ടൂ...‘
സിനിമാക്കഥയിലെ സ്ത്രീയുടെ, നായികയുടെ കണ്ണീരിലൂടെ ലോകത്തിലെ മുഴുവൻ പെണ്ണിന്റെയും തീരാക്കണ്ണീരാണ് വയലാർ പകർത്തിയിരിക്കുന്നത്.

‘മുൾക്കിരീടമിതെന്തിനു
നൽകി സ്വർഗസ്‌ഥനായ
പിതാവേ...‘ (ഭാര്യ)

‘മാതാവേ മാതാവേ മനുഷ്യ
പുത്രനെ ഞങ്ങൾക്കു
നൽകിയ മാതാവേ...‘ (നഖങ്ങൾ)

‘പിതാവേ...പിതാവേ...
ഈ പാനപാത്രം
തിരിച്ചെടുക്കേണമേ...‘ (തൊട്ടാവാടി)

‘ആകാശത്തിലെ കുരുവികൾ
വിതയ്ക്കുന്നില്ലാ...‘ (റബേക്ക)

‘ദയാപരനായ കർത്താവേ...‘ (ഭാര്യ)

‘കാൽവരിമലയ്ക്കു പോകും
കന്നിമേഘമേ...‘ (കല്യാണഫോട്ടോ)

തുടങ്ങിയ അനേകമനേകം ഭക്‌തിസാന്ദ്രമായ ഗാനങ്ങൾ വയലാറിന്റെ തൂലിക സമർപ്പിച്ചിട്ടുണ്ട്. വയലാർ രചിച്ച ക്രിസ്തീയ ചലച്ചിത്രഗാനങ്ങൾ പരിശോധിക്കുമ്പോൾ ഒരു വലിയ ചരിത്രകൗതുകം കൂടി വെളിവാകുകയാണ്. വയലാറിന്റെ പ്രശസ്ത ഗാനങ്ങളിൽ തൊണ്ണൂറുശതമാനത്തിൽ അധികവും ഈണം നൽകിയിരിക്കുന്നത് ജി.ദേവരാജനാണ്. പാടിയിരിക്കുന്നത് പി.സുശീലയും! പല പള്ളികളിലും വീടുകളിലെ പ്രാർഥനാമുറികളിലും വിലാപയാത്രകളിലും ഇന്നും നിറയുന്നത് ‘നിത്യവിശുദ്ധയാം കന്യാമറിയമേ...‘ ‘സമയമാം രഥത്തിൽ ഞാൻ...‘ തുടങ്ങിയ ഭക്‌തിഗാനങ്ങൾ. ഈ അനശ്വരഗാനങ്ങൾ വയലാർ രാമവർമയുടെ കരസ്പർശമേറ്റവയെന്നറിയാതെ ഇന്നും ആലപിക്കുന്നവരുമുണ്ട്.

എങ്ങനെയാണ് വയലാർ രാമവർമ ഇത്ര അഗാധമായി ക്രിസ്തീയ ആത്മീയത സ്വാംശീകരിച്ചത് എന്നതിന് ഉത്തരമില്ല. മാലാഖമാരും നക്ഷത്രങ്ങളും നിറയുന്ന ആകാശപഥത്തിലൂടെ ദൈവപുത്രന്റെ ദർശനമഹാ വെളിച്ചത്തിലൂടെ വയലാർ എന്നോ സഞ്ചരിച്ചു എന്നു മാത്രം നമുക്ക് പറയാം.

എസ്.മഞ്ജുളാദേവി