വായിച്ചു വളർന്ന വാസവൻ
സി.കെ. കുര്യാച്ചൻ
Sunday, October 5, 2025 12:24 AM IST
അനൗദ്യോഗിക സര്‍വകലാശാലകളാണ് വായനശാലകളെന്നതാണ് എന്റെ അഭിപ്രായം. അവിടെ എന്തെല്ലാം അറിവുകളാണ് ലഭിക്കുന്നത്. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും വായനയ്ക്ക് അതിരുകളില്ല. എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും... - മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു...
എളിയനിലയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി രണ്ടാം പിണറായി സർക്കാരിൽ നിർണായക വകുപ്പുകൾ കൈകൈര്യചെയ്തു കഴിവുതെളിയിച്ച മന്ത്രിയാണ് വി.എൻ. വാസവൻ. പിഴവില്ലാതെയും കാടുകയറ്റമില്ലാതെയും വിഷയത്തിൽ കേന്ദ്രീകരിച്ച പ്രസംഗിക്കുന്നതിൽ അതിവിദഗ്ധനാണ് വാസവനെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്.
വ്യത്യസ്തങ്ങളായ വിഷയങ്ങൾ സാമാന്യം മികച്ചരീതിയിൽ അവതരിപ്പിക്കാനും ചോദ്യങ്ങൾക്കു മറുപടി പറയാനുമുള്ള ജ്ഞാനവും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ പരുവപ്പെട്ടുവന്നതിനെക്കുറിച്ച് വാസവൻ സൺഡേദീപികയോടു മനസു തുറക്കുകയാണ്.
വിദ്യാഭ്യാസ-യുവജന കാലഘട്ടത്തിൽ പുസ്തക വായന ഹരമായിരുന്നു. ലൈബ്രറി കേന്ദ്രീകരിച്ച് നല്ല പുസ്തകങ്ങളെടുത്ത് മത്സരിച്ചു വായിക്കുകയും സുഹൃത്തുക്കളുമൊത്ത് ചർച്ചനടത്തുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ പുസ്തകങ്ങൾ വായിക്കുക എന്നതിൽ കൂടുതൽ ആനന്ദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതലും യാത്രയ്ക്കിടയിലാണ് വായന. ട്രെയിനിലാണ് യാത്രയെങ്കിൽ വായനയ്ക്ക് ഉത്സാഹം കൂടും.
പ്രസംഗത്തിലെ കൂട്ട്
പ്രസംഗത്തിൽ വായനയുടെ സ്വാധീനം വലുതാണ്. ചിലപ്പോള്‍ സന്ദര്ഭങ്ങള്ക്കനുസരിച്ചു ചില കവിതകള്‍ ക്വോട്ടുചെയ്യാന് പറ്റും. ചില കവിതകളുടെ ഭാഗം ഉദ്ധരിച്ചാല്‍ ആസ്വാദകന് അത് ആസ്വദിക്കാന്‍ പറ്റും. കുമാരനാശാന്റെ, വള്ളത്തോളിന്റെ, ചങ്ങമ്പുഴയുടെ, സുഗതകുമാരി ടീച്ചറുടെ പിന്നെ ആധുനിക കാലഘട്ടത്തിലെ മുരുകന് കാട്ടാക്കടയുടെ. ഞാന്‍ അസംബ്ലിയിലും ഇങ്ങനെയൊക്കെ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തോ എഴുതി വായിച്ചോ ഒന്നുമല്ല ഇങ്ങനെ ചെയ്യുന്നത്.
ഇക്കാര്യങ്ങളൊക്കെ ഓര്‍മയില്‍ നില്ക്കുന്നതിനു പിന്നില്‍ രാവിലെയുള്ള യോഗ ഒരു പ്രധാന ഘടകമാണ്. രാവിലെയുള്ള നടത്തത്തിനിടയിലും അന്നത്തെ കാര്യങ്ങള്‍ ഓര്‍മയില്‍ വരും. ചിലപ്പോള്‍ പത്തും പതിനേഴും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അവയൊക്കെ വ്യത്യസ്ത വിഷയങ്ങളായിരിക്കും. വിഷയം മാറി ഒരു പ്ലാറ്റ്ഫോമിലും അവതരിപ്പിക്കാറില്ല. സദസിനെ ബോറടിപ്പിക്കാതിരിക്കാന്‍ ഇത് ഉപകരിക്കും.
ആതുരസേവനരംഗത്തിന്റെ കാര്യമെടുത്താല്‍ നമ്മളാരും ഡോക്ടര്‍മാരല്ല, എങ്കിലും നിരവധി ഡോക്ടര്‍മാരുമായുള്ള പരിചയവും രോഗികളെ രക്ഷപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെക്കുറിച്ചുള്ള അറിവും വായനയില്‍ക്കൂടി ലഭിക്കുന്നതാണ്. അനൗദ്യോഗിക സര്‍വകലാശാലകളാണ് വായനശാലകളെന്നതാണ് എന്റെ അഭിപ്രായം. അവിടെ എന്തെല്ലാം അറിവുകളാണ് ലഭിക്കുന്നത്.
മലയാളിക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് ആദ്യമായി ലഭിക്കുന്നത് എസ്.കെ. പൊറ്റേക്കാടിന്റെ യാത്രാവിവരണത്തിലൂടെയാണ്. പാതിരാസൂര്യന്റെ നാട്ടില്‍, കാപ്പിരികളുടെ നാട്ടില്‍, ബാലിദ്വീപ്, ഇന്‍ഡോനേഷ്യന്‍ ഡയറി തുടങ്ങി എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. സാഹിത്യം മാത്രമല്ല അതിലുള്ളത്. അവയൊക്കെ വായിക്കുമ്പോള്‍ ആ നാട്ടിലൂടെ നടക്കുന്ന ഒരു പ്രതീതിയാണ് നമുക്കു തോന്നുക. ഓരോ നാടിന്റെയും സവിശേഷതയാണ് എസ്.കെ. പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യത്തിലൂടെ വെളിവാകുന്നത്. അദ്ദേഹത്തിനു ജ്ഞാനപീഠം ലഭിച്ച ഒരു ദേശത്തിന്റെ കഥ എന്നെ ആകര്‍ഷിച്ച മറ്റൊരു ഗ്രന്ഥമാണ്.
തകഴിയുടെ ചെമ്മീന്‍, കയര്‍ എന്നിവയും കേശവദേവിന്റെ ഓടയില്‍നിന്ന് ഇവയൊക്കെ മനസില്‍നിന്നു മായാത്തവയാണ്. ഞാൻ ബഷീറിന്റെയും പൊന്‍കുന്നം വര്ക്കിയുടെയുമൊക്കെ ആരാധകനാണ്. വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അവതരിപ്പിക്കുന്ന ഒഎന്വിയെപ്പോലുള്ളവരുടെ കവിതകള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൂമിക്കൊരു ചരമഗീതമെടുത്താല് ഭൂമിക്കു വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് എത്ര ഭാവനാപൂര്‍ണമായാണ് വര്‍ണിച്ചിരിക്കുന്നത്.
1940ല്‍ ആനുകാലികങ്ങളില്‍ വര്‍ക്കിസാര്‍ എഴുതിയിരുന്ന പത്തു കഥകള്‍ കൂട്ടിച്ചേര്‍ത്ത് കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍ സ് പുറത്തിറക്കിയ ഒരുത്തന്‍കൂടി വന്നു എന്ന കഥ നമ്മുടെ കുടുംബാസൂത്രണ പരിപാടിയുടെ പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സര് സിപിക്കെതിരായുള്ള വര്‍ക്കി സാറിന്റെ സിംബോളിക്കായിട്ടുള്ള കഥ എന്നെ ഏറെ ആകര്‍ഷിച്ചതാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഇപ്പോഴും ഏറെ പ്രസക്തമാണ്.
അതിരില്ല, വായനയ്ക്ക്
ആദ്യകാലഘട്ടങ്ങളില്‍ ഉള്ളൂരിന്റെ കവിതകള്‍ക്ക് കഥകളേക്കാള്‍ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു. ആശാന്റെയും വൈലോപ്പള്ളിയുടെയും വള്ളത്തോളിന്റെയുമൊക്കെ കവിതകളും ഏറെ ആസ്വദിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും വായനയ്ക്ക് അതിരുകളില്ല. എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും. വ്യത്യസ്ത തലങ്ങളിലുള്ള വീക്ഷണങ്ങളാണ് ഓരോ എഴുത്തുകാര്‍ക്കുമുള്ളത്. ആ വീക്ഷണങ്ങളെ സ്വാംശീകരിക്കുമ്പോഴാണ് സങ്കുചിത ഭാവങ്ങള്‍ വെടിയാന്‍ കഴിയുന്നത്.
നവോത്ഥാന നായകന് എന്ന രീതിയില്‍ ആദ്യം ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് അയ്യാ വൈകുണ്ഠ സ്വാമിയെക്കുറിച്ചാണ്. അത് തെക്കന്‍ തിരുവിതാംകൂറിന്റെ ഒരു ഭാഗത്തു മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ, ചാവറയച്ചന്റെ പ്രത്യേകത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവന്നു എന്നുള്ളതാണ്. 1805ലാണ് ചാവറയച്ചന്റെ ജനനം. പിന്നാക്കക്കാര്‍ക്ക് മുട്ടിനു താഴെ മുണ്ടുടുക്കാനും വഴിനടക്കാനും കഴുത്തില്‍ മാല ധരിക്കാനും സ്ത്രീകള്‍ക്കു മാറു മറയ്ക്കാനും സ്വാതന്ത്ര്യമില്ലാത്ത, മേലാളന്മാരെ കാണുമ്പോള്‍ കീഴാളന്മാര് ഓടിയൊളിക്കണമെന്ന അലിഖിതനിയമവും രാജാധിപത്യമുള്ള അക്കാലത്ത്, കേരളം ജന്മമെടുത്തിട്ടില്ല.
ചാവറയച്ചന്റെ വരവ്
1839 ആയപ്പോഴേക്കുമാണ് ചാവറയച്ചന് ഏറെ തീക്ഷ്ണമതിയായി മുന്നോട്ടുവന്നത്. 1846ല്‍ മാന്നാനത്ത് ആദ്യത്തെ സംസ്കൃത സ്കൂള്‍ ആരംഭിച്ചു. 1821ല്‍ ബഞ്ചമിന് ബെയ്ലി പ്രസുമായി കോട്ടയത്തു സിഎംഎസില്‍ വന്നെങ്കിലും അതു മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കൊടുത്തില്ല. ആ സമയത്ത് അച്ചന് തിരുവനന്തപുരത്തു പോയി സ്വാതി തിരുനാളിനെ കണ്ട് ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത പ്രസ് കാണാന്‍ അനുമതി ചോദിച്ചു. അനുമതി കിട്ടി.
കൂടെക്കൂട്ടിയിരുന്ന മുട്ടുചിറക്കാരന്‍ ആശാരിയെക്കൊണ്ട് വാഴപ്പിണ്ടിയില്‍ ആലേഖനം ചെയ്തു കൊണ്ടുവന്ന രൂപരേഖയിലാണ് മാന്നാനത്ത് പ്രസ് സ്ഥാപിച്ചത്. ആ പ്രസ് അന്ന് അവിടെ ആരംഭിച്ചതുകൊണ്ടാണ് പിന്നീട് നിധീരിക്കല്‍ മാണിക്കത്തനാര്ക്കു ദീപിക തുടങ്ങാന്‍ സാധിച്ചത്. കേരളത്തിലെ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ചാവറയച്ചനെയും നിധീരിക്കല്‍ മാണിക്കത്തനാരെയും വിസ്മരിക്കാനാവില്ല.
പിന്നീടുള്ള ഒരു വിപ്ലവം കാണുന്നത് ചാവറയച്ചന് ആര്‍പ്പൂക്കര കേന്ദ്രീകരിച്ച് ആരംഭിച്ച സ്കൂളില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം നല്കി എന്നുള്ളതാണ്. ദളിതരുള്‍പ്പെടെ. അത് ആ കാലഘട്ടത്തില്‍ എത്രയോ മഹത്തരമാണ്. എന്നിട്ടും പട്ടിണിമൂലം ആ സ്കൂളില്‍ ദളിതരായ വിദ്യാര്‍ഥികള്‍ എത്തിയില്ല. അവരുടെ ദാരിദ്ര്യമകറ്റാന്‍ പാട്ടത്തിനു പാടമെടുത്ത് നെല്ലു കൃഷിചെയ്തു ലഭിച്ച അരി ദളിതരുടെ കുടിലുകളില്‍ വിതരണംചെയ്താണ് കുട്ടികളെ സ്കൂളില്‍ എത്തിച്ചത്. പുരോഗമനപരമായ ഒരു സാമൂഹ്യമാറ്റത്തിന്റെ ഉദാത്തമായ മാറ്റമായിരുന്നു ഇത്. അതുകൊണ്ടാണ് ചാവറയച്ചന് ഉച്ചക്കഞ്ഞിയുടെ ഉപജ്ഞാതാവാണെന്നു ഞാന്‍ പറയുന്നത്.
കുടുംബബന്ധങ്ങളുടെ പവിത്രത ഊട്ടിയുറപ്പിച്ചതും ചാവറയച്ചനാണ്. അച്ഛനും അമ്മയും മക്കളുമൊത്തുള്ള കുടുംബജീവിതത്തിനു പ്രോത്സാഹനം നല്കി. അവര്‍ക്കു ലഭിക്കുന്ന കൂലിയില്‍നിന്ന് ഒരു ചെറിയ ശതമാനം പൊതുക്കാര്യങ്ങള്‍ക്കു മാറ്റിക്കൊടുക്കണമെന്നുള്ള ഒരു സന്ദേശം നല്കിയതും അദ്ദേഹമാണ്.
വർഗീയത ആപത്ത്
ഇക്കാലത്ത് വര്‍ഗീയത ഇതുപോലെ വ്യാപിക്കാനുള്ള കാരണം വായന കുറഞ്ഞതാണ്. ആധുനിക മുതലാളിത്തത്തിന്റെ കൗശലപൂര്‍ണമായ ഒരു സമീപനവും ഇതിനു പിന്നിലുണ്ട്. ചൂഷണവും ജന്മിനാടു വാഴ്ചയുടെ അവശിഷ്ടങ്ങളും മാറി. ചാവറയച്ചനും ശ്രീനാരായണഗുരുവും പൊയ്കയില്‍ അപ്പച്ചനും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും വക്കം മൗലവിയുമുള്പ്പെടെയുള്ള നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണില്‍ വര്‍ഗ പ്രസ്ഥാനങ്ങള്‍ നശിച്ചുതുടങ്ങി.
അപ്പോള്‍ മുതലാളിത്തം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ മതേതരത്വ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമൊക്കെ തലപൊക്കിത്തുടങ്ങി. ഏതു വര്‍ഗീയതയാണെങ്കിലും നമുക്ക് ആപത്താണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന് ആവശ്യം. ഇത് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു എന്നുള്ളതാണ് ഏറെ വിഷമം.
ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമൊക്കെ കന്യാസ്ത്രീകളെ ആക്രമിച്ചതൊക്കെ നാം കണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ഏറെയുണ്ട്. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്. പള്ളിയില്‍ കുര്‍ബാന നടക്കുമ്പോള്‍പോലും അവിടെക്കയറി വിശ്വാസികളെ ആട്ടിപ്പായിക്കുന്നു. കേസുകൊടുത്താല്‍ പോലീസുകാര്‍പോലും അക്രമികളുടെ കൂടെ കൂടുന്നു. ഫാദര്‍ സ്റ്റാന്‍സ്വാമി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഗ്രഹാം സ്റ്റെയിന്‍സിന്റെ അനുഭവവും നാം കണ്ടതാണ്.
അച്ചടിച്ച പുസ്തകങ്ങള്‍ തപാലില്‍ അയയ്ക്കുന്നതിനുള്ള ചെലവു കൂടി. വായനയെ എങ്ങനെയും തടസപ്പെടുത്തുന്ന ശക്തികള്‍ കരുത്താര്‍ജിക്കുകയാണ്. ചരിത്രത്തിന്റെ ഗതി മാറ്റുകയാണ്. ജയിലില്‍ക്കിടന്നു മാപ്പെഴുതി കൊടുത്ത സവര്‍ക്കറെ മഹത്വവത്കരിക്കുന്നു. ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ആരാധിക്കുന്നു.
നിഷ്പക്ഷതയോടെ ദീപിക
മാതാപിതാക്കളെയും ഗുരുക്കന്മാരെയും അതിഥികളെയും ബഹുമാനിക്കേണ്ടത് നമ്മുടെ സംസ്കാരത്തില്നിന്നുതന്നെ ഉടലെടുക്കേണ്ടതാണ്. പത്രവായന ഒഴിവാക്കുന്നത് വലിയ ഒരു അപചയത്തിലേക്കുള്ള പോക്കാണ്. ദീപിക ഉള്‍പ്പെടെ നാലു പത്രങ്ങള്‍ ഞാന്‍ വായിക്കും.
ദീപികയുടെ നിലപാടുകള്‍ ചില ഘട്ടങ്ങളില്‍ യാഥാര്‍ഥ്യബോധത്തോടെ വരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പഠിക്കാതെയും വന്നിട്ടുണ്ട്. അത് എഴുതുന്ന ആളുകളുടെ മനോധര്മമനുസരിച്ചായിരിക്കാം. നിഷ്പക്ഷതയാണ് ദീപികയുടെ മുഖമുദ്ര. എങ്കിലും പ്രതിപക്ഷം ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ ചില വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നു.
എനിക്ക് അറിയാന്‍ വയ്യാത്ത ഒരു കാര്യമാണെങ്കിലും തീര്‍ച്ചയായും ഞാന്‍ അറിവുള്ളവരോടു ചോദിക്കും. ആണവകരാറിനെക്കുറിച്ചു നിയമസഭയില്‍ സംസാരിക്കേണ്ട ഒരവസരം വന്ന ഘട്ടത്തില്‍ മൂന്നു ദിവസം ഞാനതിനെക്കുറിച്ചു പഠിച്ചതിനുശേഷമാണ് പ്രമേയം അവതരിപ്പിച്ചത്.
ഇത്തരത്തിൽ വായിച്ചു വളർന്നതിന്റെ ഗുണങ്ങൾ താൻ അനുഭവിക്കുന്നുണ്ടെന്നും വാസവൻ പറയുന്നു.