ഇതു ചിതൽ തിന്നതല്ല!
ജോയെൽ നെല്ലിക്കുന്നേൽ
Saturday, July 19, 2025 8:32 PM IST
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്തിക്കുന്പോൾ അതിനു പിന്നിൽ ഒരു ലൈറ്റ് തെളിയും. പിന്നെ കാണുന്നത് നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ചിത്രം... ലെയേർഡ് പേപ്പർ കട്ടിംഗ് ആർട്ടിൽ മികവ് തെളിയിച്ച പി.ആർ. രാഹുലിനെ പരിചയപ്പെടാം...
ഒറ്റനോട്ടത്തിൽ കാഴ്ചക്കാരൻ മുഖം ചുളിക്കും... ഇതു ചിതൽ തിന്നതിന്റെ ബാക്കിയായ കുറെ പേപ്പർ കഷണമല്ലേ.. ഇതിലെന്ത് ഇത്ര കലയിരിക്കുന്നു.
ഇങ്ങനെ ചിന്തിക്കുന്നതിനിടയിൽ ആ ചിതൽ തിന്നതിന്റെ ബാക്കിയെന്നു തോന്നുന്ന പേപ്പർ കഷണങ്ങൾക്കു പിന്നിലെ ലൈറ്റ് തെളിയും. ഇതോടെ നിങ്ങൾ അദ്ഭുതംകൊണ്ട് കണ്ണുമിഴിച്ചു നിന്നു പോകും. ചിത്രമെന്നോ ശില്പമെന്നോ ഒക്കെ വിളിക്കാവുന്ന മനോഹരമായൊരു രൂപം കൺമുന്നിൽ.
ഇത് നമുക്ക് അത്ര പരിചയമില്ലാത്ത ഒരു കല. ലെയേർഡ് പേപ്പർ കട്ടിംഗ് ആർട്ട് എന്നാണ് ഈ കലയുടെ പേര്. അതീവശ്രദ്ധയും നൈപുണ്യവും ആവശ്യമുള്ള ഒരു കലയിൽ മികവു കാട്ടി കാഴ്ചക്കാരെ അന്പരപ്പിക്കുകയാണ് മൂവാറ്റുപുഴ വാഴക്കുളം മടക്കത്താനം സ്വദേശി പി.ആർ. രാഹുൽ എന്ന യുവപ്രതിഭ.
രാഹുലിന്റെ കരവിരുതിന് ഇന്ത്യ ബുക്ക് ഒാഫ് റിക്കാർഡ്സും ഏഷ്യൻ ബുക്ക് ഒാഫ് റിക്കാർഡ്സും അംഗീകാരം നൽകിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയതാരം മോഹൻ ലാലിന്റെ ഛായാചിത്രം ഈ കലയിലൂടെ ഒരുക്കിയാണ് രാഹുൽ അംഗീകാരത്തിനു സമർപ്പിച്ചത്. പേപ്പറിൽ പേനാക്കത്തി ഉപയോഗിച്ചായിരുന്നു രൂപകല്പന.
വേറിട്ട കല
ചിത്രങ്ങളെയും ഫോട്ടോകളെയും ലൈൻ ആർട്ട് ആക്കിത്തരുന്ന സ്റ്റെൻസിൽ ആപ്ലിക്കേഷൻ വഴിയെടുക്കുന്ന ചിത്രങ്ങളെ നിഴൽ ചിത്രങ്ങളാക്കുന്നതാണ് ലെയേർഡ് പേപ്പർ കട്ടിംഗ്.
ഡ്രോയിംഗിന് ഉപയോഗിക്കുന്ന എട്ടു കടലാസ് ഷീറ്റുകൾ ഇതിന് വേണം. ചിത്രത്തിന് ആവശ്യമായ ആകൃതി അഥവാ ഫ്രെയിം ഒരുക്കാനും കൊത്തിയെടുത്ത ചിത്രങ്ങൾ ഒട്ടിക്കാനും ഓരോന്നു മാറ്റിവയ്ക്കും. ബാക്കി ആറു ഷീറ്റുകളിലാണ് ശില്പിയുടെ പ്രതിഭ വിരിയുന്നത്.
നിർമിതിയിൽ നെല്ലിട പിഴച്ചാൽ പിന്നെ അത് ഉപേക്ഷിക്കാനേ പറ്റൂ. അതിനാൽ തപസ് പോലെ ചെയ്യേണ്ടതാണ് ഈ ആർട്ട്. സ്റ്റെൻസിൽ സഹായത്തോടെ ഒരു ചിത്രത്തെ ആറു നിഴൽ ചിത്രങ്ങളുടെ ഭാഗങ്ങളാക്കും. ആ നിഴൽ രൂപങ്ങളെ ആറു കടലാസുകളിലായി കട്ടിംഗ് പേന ഉപയോഗിച്ചു മുറിച്ചെടുക്കും.
മുറിച്ചെടുത്ത കടലാസുകൾ അണുവിട മാറാതെ ഒട്ടിക്കണം. ഇതു നേരിട്ടുകണ്ടാൽ പിഞ്ചിക്കീറിയ കുറെ പേപ്പർ കഷണങ്ങൾ എന്നേ തോന്നൂ. എന്നാൽ, ഒരു പ്രകാശത്തിനു മുന്നിൽ പിടിക്കുന്പോൾ ഉദ്ദേശിച്ച ചിത്രം കാഴ്ചക്കാരനു മുന്നിൽ തെളിയും.
സൂക്ഷ്മത പ്രധാനം
കൊത്തിയെടുക്കുമ്പോഴും ചേർത്ത് ഒട്ടിക്കുമ്പോഴും അതീവശ്രദ്ധ വേണം. തെല്ലൊന്നു പിഴച്ചാൽ ലാലേട്ടൻ മമ്മൂക്ക ആകുമെന്നു രാഹുൽ പറയുന്നു. ആകൃതി ഒത്താലും സൂക്ഷ്മ മുഖഭാവം നഷ്ടപ്പെട്ട് അവ്യക്ത ചിത്രമാകും.
ചിത്രമൊരുക്കാൻ എട്ടു മുതൽ പത്തു മണിക്കൂർ വരെ വേണം. വ്യക്തികളുടെ മുഖം ചിത്രീകരിക്കുന്പോഴാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. പ്രകൃതിദൃശ്യങ്ങൾ കുറെക്കൂടി എളുപ്പമാണെന്ന് ഇതിനകം നൂറിലേറെ ചിത്രങ്ങൾ ഒരുക്കിയ രാഹുൽ പറയും. ഈശ്വര രൂപങ്ങളുടെ ചിത്രങ്ങൾക്കു കൂടുതൽ അലങ്കാരങ്ങൾ ഉള്ളതിനാൽ അതിനും സമയമെടുക്കും.
സ്വയം പഠനം
ചിത്രരചനയോടുള്ള താത്പര്യം മാത്രമാണ് പ്ലസ് ടുവിനു ശേഷം ഐടിഐ കഴിഞ്ഞ ഈ കലാപ്രതിഭയുടെ കൈ മുതൽ. സാധാരണ ചിത്രങ്ങൾ സ്കെച്ചിട്ട് വരച്ചുനൽകാറുണ്ടായിരുന്നു. പേപ്പർ കട്ടിംഗ് ആർട്ട് സ്വയം പരിശീലിച്ച് എടുത്തു.
മമ്മൂട്ടി, രജനീകാന്ത്, ഐശ്വര്യ റായ്, ചിത്ര, പൃഥ്വിരാജ്, ദിലീപ്, ടൊവിനോ, ബിനീഷ്, വിജയ്, കലാഭവൻ മണി, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മമിത, നെസ്ലിൻ, ബേസിൽ ജോസഫ്, സഞ്ജു സാംസൺ, മെസി, ജയം രവി, തൃഷ, വിക്രം, കാർത്തി, കല്യാണി പ്രിയദർശൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് ഈ കല വഴി രാഹുൽ ജീവൻ നൽകിയിട്ടുണ്ട്. ഒപ്പം സ്വന്തം ചിത്രവും രാഹുൽ ഒരുക്കി.
കെട്ടിടങ്ങളുടെ വയറിംഗ് ജോലികൾക്കു പോകുന്നതിനിടയിലെ ഒഴിവു സമയമാണ് കലാസൃഷ്ടിക്കായി രാഹുൽ മാറ്റി വച്ചിട്ടുള്ളത്. മടക്കത്താനം പുളിക്കൽ പരേതനായ രാധാകൃഷ്ണന്റെയും സുനിതയുടെയും മകനാണ് ഇരുപത്തഞ്ചുകാരനായ രാഹുൽ. ഏക സഹോദരി രാധിക മുംബൈയിൽ നഴ്സാണ്.
പ്രദർശനം വരുന്നു
ലെയേർഡ് പേപ്പർ കട്ടിംഗ് ആർട്ട് ചിത്രങ്ങളുടെ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് രാഹുൽ.
അതുപോലെ വീടുകളിലും ഒാഫീസുകളിലുമൊക്കെ ഇന്റീരിയർ ഡിസൈനിംഗിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങൾ തയാറാക്കി നൽകാനും പലരും വിളിക്കുന്നുണ്ട്. ലൈറ്റ് തെളിയുന്പോൾ കാണുന്ന വിസ്മയം സന്ദർശകരെയും അദ്ഭുതപ്പെടുത്തും.