കരവിരുതിൽ 98ന്റെ നോട്ടൗട്ട്
ഷെൽമോൻ പൈനാടത്ത്
Saturday, July 5, 2025 8:47 PM IST
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായും ലൈറ്റ് ഹൗസായുമൊക്കെ രൂപം മാറിയിരിക്കുന്നു. അതിന്റെ പിന്നിലെ ശില്പി ഒരു തൊണ്ണൂറ്റെട്ടുകാരനാണെന്ന് അറിയുന്പോഴാണ് കൗതുകം അദ്ഭുതത്തിനു വഴിമാറുന്നത്.
തേർത്തല്ലി: പ്രായത്തിൽ സെഞ്ചുറി അടിക്കാൻ രണ്ടു വർഷം മാത്രം. തൊണ്ണൂറ്റിയെട്ടാം വയസിലും ഇവിടൊരാൾ കരകൗശല നിർമാണത്തിന്റെ ക്രീസിൽ ബാറ്റുമേന്തി നിൽക്കുന്നു.കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ ഇപ്പോഴും പതിനെട്ടിന്റെ ആവേശത്തിലാണ് കണ്ണൂർ ആലക്കോട് പഞ്ചായത്തിലെ തേർത്തല്ലി ആനത്താംവളപ്പിലെ പുല്ലാട്ട് തോമസ്.
കൈയിൽ കിട്ടുന്നതെന്താണെങ്കിലും അതിലൊരു കലയുണ്ടെന്നാണ് തോമസിന്റെ പക്ഷം. ചിരട്ടയും ഈർക്കിലിയുമൊക്കെ തോമസു ചേട്ടന്റെ കൈകളിലൂടെ കയറിയിറങ്ങുന്പോൾ നമ്മൾ ചിന്തിക്കുന്നതിന് അപ്പുറമുള്ള ഒരു രൂപം. ആധുനിക പണിസാധനങ്ങൾ ഒന്നുമില്ല, ഒരു ചെറിയ കത്തിയും ആക്സോബ്ലേഡും ഫെവിക്കോൾ പശയും ചെറിയ അരവുമാണ് ആകെയുള്ള ആയുധങ്ങൾ. ആഴ്ചകളും മാസങ്ങളുമെടുത്താണ് ചിലതൊക്കെ രൂപപ്പെടുത്തുന്നത്.
മഴ വെള്ളത്തിലെ ചിരട്ട
2008 ജൂണിൽ മുറ്റത്തെ മഴ കണ്ടിരിക്കുന്പോഴാണ് തോമസ് ചേട്ടന്റെ കണ്ണുകൾ മുറ്റത്തു കെട്ടിനിന്ന വെള്ളത്തിൽ ഒരു ചിരട്ട മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നതു കണ്ടത്. ഒറ്റ നോട്ടത്തിൽ ഒരു മീൻ ആണെന്നു തോന്നും. എങ്കിൽപിന്നെ അതിനെ ഒരു മീൻ ആയി രൂപപ്പെടുത്തിയാലോ എന്നായി ചിന്ത. അങ്ങനെ ചിരട്ടയിൽ മീൻ വിരിഞ്ഞു. പിന്നീട് ചിരട്ട കാണുന്പോൾത്തന്നെ ഇതിന് ഇന്ന രൂപം നൽകണമെന്ന തോന്നലുണ്ടാകും.
അങ്ങനെ മത്സ്യത്തിനു ശേഷം ആമ, മണ്ണെണ്ണ വിളക്ക്, നിലവിളക്ക്, ലൈറ്റ് ഹൗസ്, ലൈറ്റ് ഹൗസിൽ ആളുകൾ കയറുന്നത്, കൂജ, ആമാടപ്പെട്ടി, മെഴുകുതിരി സ്റ്റാൻഡ്, സ്പൂൺ, പക്ഷികൾ, പക്ഷിയും കൂടും അതിൽ പക്ഷിമുട്ടയും, കൈപ്പിടി, കപ്പ്, ഹോട്ടലുകളിലെ തൂക്ക്, ആനക്കൊമ്പ്, വിവിധ തരത്തിലുള്ള പൂക്കൾ, ഫ്ലവർവേസ്, ലോക്കറ്റുകൾ ഇങ്ങനെ നൂറോളം വ്യത്യസ്ത സാധനങ്ങൾ ചിരട്ടയിൽ രൂപപ്പെടുത്തി.
വസ്തുക്കൾക്കു വെള്ള നിറം വേണമെങ്കിൽ കരിക്കിന്റെ ചിരട്ടയാണ് ഉപയോഗിക്കുക. പുല്ലാട്ട് തോമസ് ഉപയോഗിക്കുന്ന മൂന്നു ഊന്നുവടികളും സ്വന്തമായി നിർമിച്ചതാണ്. ചിരട്ടയോടൊപ്പം ഈർക്കിലികളും ഇതിനായി ഉപയോഗിച്ചു. നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന വിധം ഒന്നര വർഷംകൊണ്ടാണ് ഇതു പൂർത്തിയാക്കിയത്.
പിതാവിന്റെ വഴിയേ ഇത്തരം കരകൗശല പരിപാടികളിൽ മകൻ ജോസും തത്പരനാണ്.തോമസു ചേട്ടനു സ്കൂളിൽ പോയി പഠിക്കാനുള്ള സാഹചര്യം ലഭിച്ചില്ലെങ്കിലും വൈദികർ കോഴിക്കോടുള്ള ഒരു ഐടിസിയിൽ കൊണ്ടുപോയി ആക്കി. അവിടെ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഫസ്റ്റ് റാങ്കോടെ പാസായി. എങ്കിലും അന്നത്തെ വീട്ടിലെ സാഹചര്യംകൊണ്ട് ആ മേഖലയിൽ ജോലി തേടിപ്പോകാൻ സാധിച്ചില്ല.
ആലക്കോട് ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും ഇദ്ദേഹം നിർമിച്ച വസ്തുക്കൾ ആലക്കോട്, തേർത്തല്ലി, കണ്ണൂർ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച് പുരസ്കാരങ്ങൾ നൽകിയിരുന്നു. താൻ നിർമിച്ചവയിൽ ഒന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവർക്കു നൽകണമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം. നേരിട്ടല്ലെങ്കിലും അതിനുള്ള അവസരം ആരെങ്കിലും ഒരുക്കിത്തരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അദ്ദേഹം.