ഇതൊരു കൊച്ചു കാര്യമല്ല!
ഹരിപ്രസാദ്
Sunday, April 20, 2025 1:51 AM IST
ലോക സംഗീതോത്സവമായ കൊച്ചെല്ലയുടെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യൻ വേരുകളുള്ള ഒരു ഗായിക അരങ്ങേറി- ഷാനണ്‍ കെ. ഒരർഥത്തിൽ ചരിത്രനേട്ടം. ശേഷം ആ ഗായിക സ്വന്തം പിതാവിനെക്കുറിച്ചു പറഞ്ഞു- എന്റെ പിതാവിനു വലിയ സന്തോഷമായി. അദ്ദേഹമാണ് പാട്ടുപാടിത്തുടങ്ങാൻ എനിക്കു പ്രചോദനമായത്. സംഗീതം കരിയറായി എടുക്കണമെന്ന് എന്നോടു പറഞ്ഞതും അദ്ദേഹമാണ്. എന്നിലൊരു ചെറിയ സ്പാർക് അദ്ദേഹം കണ്ടിരിക്കാം... ആ പിതാവിനെ നിങ്ങളറിയും- മറ്റാരുമല്ല, കുമാർ സാനു!
അച്ഛൻ പ്രശസ്തനായ ഗായകനാണെന്നു കരുതി മകൾ വലിയ ഗായികയാകണമെന്നില്ല. സംഗീതം ജീവിതമാർഗമായി തെരഞ്ഞെടുക്കണമെങ്കിൽ കഴിവും അവസരങ്ങൾകിട്ടാനുള്ള ഭാഗ്യവും മാത്രംപോരാ, ധൈര്യവും വേണം. ഷാനണ്‍ എന്ന, ഇന്ത്യൻ വേരുകളുള്ള, ലണ്ടനിൽ വളർന്ന പെണ്‍കുട്ടിക്ക് ആ ധൈര്യം പകർന്നത് പിതാവുതന്നെയാണ്. അമ്മയ്ക്ക് ഒട്ടും ധൈര്യം ഉണ്ടായിരുന്നുമില്ല. മകളെ പാടാൻ പ്രോത്സാഹിപ്പിച്ച ആ പിതാവ് കുമാർ സാനുവാണ്- 90കളിൽ ബോളിവുഡ് സംഗീതലോകം ഏറ്റവുമധികം ആഘോഷിച്ച പ്രിയഗായകൻ.
ഷാനണ്‍ കെ. എന്ന പേര് ഇന്ത്യയിലെ സംഗീതപ്രേമികൾക്ക് ഇപ്പോഴും അത്ര പരിചിതമല്ല. ചെറുപ്രായത്തിൽതന്നെ അമ്മ സലോനിക്കൊപ്പം മുംബൈയിൽനിന്ന് വിദേശത്തേക്കു കൂടുമാറിയ പെണ്‍കുട്ടി. ലണ്ടനിലെ പഠനകാലത്ത് സംഗീതവും അഭ്യസിച്ചു. ഹിന്ദി സിനിമാഗാനരംഗത്ത് സമാനതകളില്ലാത്ത തിരക്കുമായി മുന്നേറിയ കുമാർ സാനു മകളെ കാണാൻ എത്തിയിരുന്നത് ഒന്നോ രണ്ടോ വർഷം കൂടുന്പോഴാണ്. പിതാവിന്റെ അസാന്നിധ്യം തന്നിൽ എന്നും ഒരു കുറവായി അനുഭവപ്പെട്ടിരുന്നുവെന്ന് ഷാനണ്‍ പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്.
നീ എന്തിനാണ് ഇത്ര വേഗത്തിൽ വളരുന്നതെന്ന് അത്ഭുതപ്പെടാറുണ്ട് അച്ഛൻ. അദ്ദേഹം വരുന്പോഴാണ് ഞങ്ങൾ കുടുംബമായുള്ള യാത്രകൾക്കു പോകാറുള്ളത്. അദ്ദേഹത്തിന്റെ ജോലിയും തിരക്കുകളും പൂർണമായി മനസിലാക്കിയാണ് ഞാനും അമ്മയും ജീവിച്ചത്- ഷാനണിന്റെ ഓർമ.
പാട്ടും അഭിനയവും
ലണ്ടനിലെ റോയൽ അക്കാദമി ഓഫ് മ്യൂസിക്കിലാണ് ഷാനണ്‍ സംഗീതം പഠിച്ചത്. പിന്നീട് അമേരിക്കയിലെ പ്രശസ്തമായ ലീ സ്ട്രാസ്ബർഗ് തിയറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു. അങ്ങനെ അഭിനയവും തുടങ്ങി. ജസ്റ്റിൻ ബീബറിനു ഹിറ്റുകൾ സമ്മാനിച്ച പൂ ബെയറിന്റെ എ ലോംഗ് ടൈം എന്ന പാട്ടിലൂടെ 2018ൽ അരങ്ങേറി. ഈ പാട്ടിന്റെ മ്യൂസിക് വീഡിയോ നാലു കോടിയിലേറെ തവണയാണ് യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടത്.
പിന്നീട് മ്യൂസിക് പ്രൊഡ്യൂസർ കൈലീ ടൗണ്‍സെൻഡ്, ബോളിവുഡ് ഗായകൻ സോനു നിഗം തുടങ്ങിയവർക്കൊപ്പം പാട്ടുകളിലും, ദ ബിഗ് ഫീഡ് എന്ന സിനിമയിലും റയാൻ കെല്ലിയുടെ ഷോർട്ട് ഫിലിമിലും സഹകരിച്ചു. ഇതിനിടെ ചൽ സിന്ദഗി എന്ന ഹിന്ദി ചിത്രത്തിലും ഷാനണ്‍ സ്ക്രീനിലെത്തി. ഒട്ടേറെ പുരസ്കാരങ്ങളും നേടി.
ഷാനണിന്റെ ഒറിജിനൽ ഇൻഡി-പോപ് ട്രാക്കുകളെല്ലാം ശ്രദ്ധനേടിയവയാണ്. ഗിവ് മീ യുവർ ഹാൻഡ്, ഓൾവേയ്സ്, റണ്‍, റീട്രേസ് തുടങ്ങിയവയെല്ലാം സംഗീതപ്രേമികൾ സ്വീകരിച്ചു- ഇന്ത്യയിൽ അത്ര അറിയപ്പെട്ടില്ലെങ്കിലും.
കൊച്ചെല്ല 25
അമേരിക്കയിലെ കലിഫോർണിയയിൽ നടക്കുന്ന ബൃഹത്തായ സംഗീത-കലോത്സവമാണ് കൊച്ചെല്ല. ജനങ്ങളുടെ പങ്കാളിത്തം അത്ഭുതകരമായി കൂടിയതോടെ രണ്ടു വ്യത്യസ്ത ഇവന്റുകളായി രണ്ടു വാരാന്ത്യങ്ങളിലാണ് ഇപ്പോൾ സംഗീതോത്സവം നടത്തുന്നത്. ഇക്കൊല്ലത്തെ പരിപാടിക്ക് ഇന്നു സമാപനമാകും.
ലേഡി ഗാഗ, ജെന്നീ കിം, ബ്ലാക്പിങ്ക് തുടങ്ങിയവർക്കൊപ്പം മലയാളികളുടെ അഭിമാനമായ റാപ് താരം ഹനുമാൻകൈൻഡും ഇത്തവണ കൊച്ചെല്ലയുടെ വേദികളിലെത്തി. ചെണ്ടമേളംകൊണ്ട് ത്രസിപ്പിക്കുന്നതായിരുന്നു ഹനുമാൻകൈൻഡിന്റെ പാട്ട്.
1.20 ലക്ഷം കാണികൾക്കു മുന്നിലാണ് ഷാനണ്‍ തന്റെ പാട്ടുമായെത്തിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കൊച്ചെല്ലയിൽ എത്തുന്ന ആദ്യത്തെ ഇൻഡീ ഇന്ത്യൻ-ഒറിജിൻ ഗായികയെന്ന സ്ഥാനവും ഷാനണിനു സ്വന്തം.
ഷാനണിന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി. പവർ-പാക്ക്ഡ് പെർഫോർമൻസ് എന്നാണ് വിശേഷണം. ആരാധകരെ ആവേശംകൊള്ളിക്കുന്ന എനർജി. അസാധ്യ ആത്മവിശ്വാസം- കാഴ്ചക്കാരും കമന്റുകളും അനുനിമിഷം കൂടുന്നു.
ഏതൊരു ഇന്ത്യൻ- ഒറിജിൻ ഇൻഡീ ആർട്ടിസ്റ്റിന്റെയും സ്വപ്നങ്ങളുടെ പട്ടികയിൽ കൊച്ചെല്ല വേദിയുണ്ടാകും. അതിർത്തികൾ ഭേദിച്ച് തന്റെ സ്വരം കേൾപ്പിക്കുകയെന്ന സ്വപ്നം. ശാസ്ത്രീയ സംഗീതം തുടങ്ങി റിഥം ആൻഡ് ബ്ലൂസ് ആയാലും പോപ് ആയാലും ഇന്ത്യൻ സംഗീതം വളരെ സന്പന്നമാണ്, ഒപ്പം മൂല്യം കൃത്യമായി തിരിച്ചറിയപ്പെടാത്തതും. ഇത് മഹത്തായൊരു കാര്യത്തിന്റെ തുടക്കമാണെന്ന് ഞാൻ കരുതുന്നു- ഷാനണ്‍ പറഞ്ഞു.
ഉറപ്പായും നീയൊരു ഗായകയാവുമെന്നു ധൈര്യംപകർന്ന അച്ഛന്റെ വിജയംകൂടിയാണ് ഈ വാക്കുകൾ. സാനുവിന്റെ ഇളയമകൾ അനബെൽ ഗാനരചയിതാവാണ്.