ഉയിരിൻ സ്ട്രിംഗ്സ്
സീമ മോഹൻലാൽ
Sunday, April 20, 2025 1:45 AM IST
വയലിനുകൾ പ്രണയകഥ പറയുന്ന കൊച്ചിൻ സ്ട്രിംഗ്സ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മ, സംഗീതലോകത്തെ അതികായന്മാരുടെ പ്രിയപ്പെട്ടവർ... സ്ട്രിംഗുകൾക്കു ജീവൻ പകരുന്ന ഒരു സംഘം കലാകാരന്മാരുടെ വിശേഷങ്ങൾ ഈ ഈസ്റ്റർ ദിനത്തിൽ വായിക്കാം...
ഈ സ്ട്രിംഗ്സുകൾക്കു ജീവനുണ്ട്... ആ സംഗീതമഴയിൽ കുളിർകൊണ്ടിരിക്കുന്പോൾ ആർക്കും തോന്നിപ്പോകും. സ്ട്രിംഗുകളിലൂടെ മിന്നൽ വേഗത്തിൽ വിരലുകൾ ഒരുമിച്ചു നൃത്തംവയ്ക്കുന്നതു കാണുന്നതുതന്നെ ഒരു അഴകാണ്. വിരലുകൾ മാത്രമല്ല, അവരുടെ മനസുകളും ഒരുമിച്ചു നൃത്തം ചെയ്യുന്നതുകൊണ്ടാണ് കൊച്ചിൻ സ്ട്രിംഗ്സ് എന്ന അപൂർവ സംഗീതകൂട്ടായ്മ കൊച്ചിയുടെ അഭിമാനമായി മാറിയിരിക്കുന്നത്.
സംഗീത വിശേഷങ്ങളും ഈസ്റ്റർ സന്തോഷങ്ങളും നേരിട്ടറിയാനായി കൊച്ചിൻ സ്ട്രിംഗ്സിൽ എത്തുന്പോൾ കരോൾ ജോർജ്, ജോസ് കുട്ടി, ഫ്രാൻസിസ് സേവ്യർ, ഹെറാൾഡ് ആന്റണി തുടങ്ങി എല്ലാവരും നല്ല തിരക്കിലായിരുന്നു.
ജേക്സ് ബിജോയ് ഈണമൊരുക്കിയ, വൈകാതെ തിയറ്ററിലെത്തുന്ന തുടരും എന്ന മോഹൻലാൽ ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് സ്കോർ റിക്കാർഡിംഗിലായിരുന്നു എല്ലാവരും. ആരാണ് കൊച്ചിൻ സ്ട്രിംഗ്സ് എന്നു ചോദിച്ചാൽ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മയാണ് എന്നതാണ് ലളിതമായ ഉത്തരം.
റെക്സ് ഐസക്കിന്റെ ശിഷ്യർ
റെക്സ് ഐസക്കിന്റെ ശിഷ്യർ എന്നു പറഞ്ഞാൽ സംഗീതം അറിയുന്നവർക്ക് ഇവരുടെ മികവ് അറിയാൻ അതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ല. വെസ്റ്റേൺ നൊട്ടേഷനിലൂടെ സംഗീത ഉപകരണങ്ങൾ വായിക്കുന്ന രീതി ഇന്ത്യയിൽ വളർത്തിക്കൊണ്ടുവന്ന റെക്സ് ഐസക് ആണ് ഈ വയലിൻ ട്രൂപ്പിന് അടിസ്ഥാനമിട്ടത്. അദ്ദേഹത്തിൽനിന്നു വയലിൻ പഠിച്ചിരുന്ന ഒരു കൂട്ടം യുവാക്കളാണ് വർഷങ്ങൾക്കു മുമ്പ് കൊച്ചിൻ സ്ട്രിംഗ്സിന്റെ പിറവിക്കു ചുക്കാൻ പിടിച്ചത്. ഇവരിൽ പലരും കൊച്ചിൻ കലാഭവൻ, സിഎസി എന്നിവിടങ്ങളിൽ റെക്സിന്റെ ശിഷ്യരായിരുന്നു.
ഇവരും ഇവരുടെ വിദ്യാർഥികളും ചേരുന്നതാണ് ഇന്നുള്ള കൊച്ചിൻ സ്ട്രിംഗ്സ്. 25ൽ അധികം കലാകാരന്മാരുടെ കൂട്ടായ്മ. വയലിൻ, വിയോള, സെല്ലോ, ഡബിൾ ബേസ് തുടങ്ങിയ സ്ട്രിംഗ് ഉപകരണങ്ങൾ വായിക്കുന്ന സൂപ്പർ താരങ്ങളാണ് ഈ കൂട്ടായ്മയുടെ കരുത്ത്.
റഹ്മാൻ മുതൽ കീരവാണി വരെ
സംഗീതലോകത്തെ അതികായന്മാരായ എ.ആർ. റഹ്മാൻ, കീരവാണി, വിദ്യാസാഗർ തുടങ്ങിയവരുടെ സിനിമാ ഗാനങ്ങൾക്കും പല സ്റ്റേജ് ഷോകൾക്കും സ്ട്രിംഗ്സ് ഒരുക്കുന്നത് കൊച്ചിൻ സ്ട്രിംഗ്സിലെ കലാകാരന്മാരാണ്. ഏറെ വർഷങ്ങളായി എ.ആർ. റഹ്മാന്റെ ലൈവ് സ്റ്റേജ് ഷോകളിലെ നിത്യസാന്നിധ്യമാണ് ഈ ടീം. സംഗീത സംവിധായകൻ കീരവാണി കഴിഞ്ഞ മാസം ഹൈദരാബാദിൽ നടത്തിയ സംഗീത പരിപാടിക്കു സ്ട്രിംഗ്സ് വായിച്ചതും ഇവർത്തന്നെ.
കൊച്ചിൻ സ്ട്രീംഗ്സിന്റെ വയലിൻ ഈണം മുഴങ്ങാത്ത നഗരങ്ങളുണ്ടോയെന്നു സംശയം. കാരണം പ്രഗല്ഭരായ പല സംഗീതജ്ഞരുടെ പരിപാടികൾക്കും ഇവർക്കു വിളിയെത്തും. എറണാകുളത്താണ് റിക്കാർഡിംഗ് എങ്കിൽ കീരവാണി, വിദ്യാസാഗർ തുടങ്ങി എല്ലാവർക്കും കൊച്ചിൻ സ്ട്രിംഗ്സിലെ ടീം മതിയെന്നു നിർബന്ധം. അത്രയ്ക്കുണ്ട് അവർക്കൊക്കെ ഈ കലാകാരന്മാരുടെ മികവിലും പ്രതിഭയിലുമുള്ള വിശ്വാസവും മതിപ്പും.
ട്രൂപ്പിലെ പല കലാകാരന്മാരും വർഷങ്ങളോളം പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പരിചയമുള്ളവരാണ്. ട്രൂപ്പിലെ പല കലാകാരന്മാരും പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളിലും പ്രമുഖ ബാൻഡുകളിലും സ്ട്രിംഗ്സ് വായിക്കുന്നു.
ഭാഷകളും കടന്ന്
മലയാളത്തിലെ മാത്രമല്ല വിവിധ ഭാഷകളിലെ സിനിമകൾക്കായി ഇവർ വയലിൻ വായിക്കുന്നുണ്ട്. സർക്കീട്ട്, സംശയം തുടങ്ങിയ മലയാള ചിത്രങ്ങളുടെ ജോലികളാണ് അടുത്തിടെ പൂർത്തിയായത്. അണിയറയിൽ പല ഗാനങ്ങളും ഒരുങ്ങുന്നുമുണ്ട്.
മുൻകാല സംഗീത സംവിധായകരായ ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, രാഘവൻ മാസ്റ്റർ, എം.കെ. അർജുനൻ തുടങ്ങിയവർക്കൊപ്പം തുടങ്ങിയ കൊച്ചിൻ സ്ട്രിംഗ്സിന്റെ സംഗീത യാത്ര പിന്നീട് ജോൺസൺ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ബേണി - ഇഗ്നേഷ്യസ് എന്നിവരിലൂടെ കടന്ന് ഇന്നത്തെ യുവ സംഗീത സംവിധായകരായ എം. ജയചന്ദ്രൻ, ബിജിബാൽ, ഗോപി സുന്ദർ, ഷാൻ റഹ്മാൻ, ജേക്ക്സ് ബിജോയ്, കൈലാസ് മേനോൻ, ഹിഷാം അബ്ദുൾ വഹാബ്, രാഹുൽ രാജ് തുടങ്ങിയവരിൽ എത്തിനിൽക്കുന്നു.
ക്രിസ്തീയ ഭക്തിഗാനങ്ങൾക്കൊപ്പം
നൂറുകണക്കിനു ക്രിസ്തീയ ഭക്തിഗാനങ്ങൾക്കായി സംഗീതം പൊഴിച്ച വയലിനുകളാണ് കൊച്ചിൻ സ്ട്രിംഗ്സിന്റെ ഈസ്റ്റർ സന്തോഷം. ക്രിസ്തീയ ഭക്തിഗാന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച വയലിൻ ജേക്കബ്, ഇപ്പോഴും സജീവമായുള്ള പീറ്റർ ചേരാനല്ലൂർ, ജെർസൺ ആന്റണിയവരുടെ സംഗീതങ്ങൾക്ക് അകന്പടി കൊച്ചിൻ സ്ട്രിംഗ്സിന്റെ വയലിനുകളായിരുന്നു.
ജാതിമതഭേദമെന്യേ ജനങ്ങൾ നെഞ്ചിലേറ്റിയ ഇസ്രയേലിൻ നാഥനായ, ദൈവസ്നേഹം വർണിച്ചിടാൻ... തുടങ്ങിയ ഗാനങ്ങൾ കേൾക്കുന്പോൾ ഒാർക്കുക പശ്ചാത്തലത്തിലെ ദിവ്യാനുഭൂതി പകരുന്ന ഒാർക്കസ്ട്രയിൽ ഇവരുടെ വിരൽ സ്പർശമുണ്ട്.
ഒരു സംഗീതട്രൂപ്പ് കാലത്തെ അതിജീവിച്ചു മുന്നോട്ടുപോകണമെങ്കിൽ അതിൽ സംഗീതപ്രതിഭകൾ ഉണ്ടായാൽ മാത്രം പോരാ, അവർക്ക് ഇഴയടുപ്പമുള്ള മനസുകളും വേണം. അക്കാര്യത്തിൽ അനുഗ്രഹിക്കപ്പെട്ടതാണ് കൊച്ചിൻ സ്ട്രിംഗ്സ് എന്ന് വയലിനിസ്റ്റുകളായ ജോസുകുട്ടിയും കരോൾ ജോർജും പറയുന്നു.
അഭിമാന നിമിഷം
പ്രമുഖ വിഎസ്ടി (വിർച്വൽ സ്റ്റുഡിയോ ടെക്നോളജി- വിലകൂടിയ ഹാർഡ് വെയറിനെ ആശ്രയിക്കാതെ സംഗീതജ്ഞർക്ക് വൈവിധ്യമാർന്ന സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്ന പ്ലഗ്ഇൻ) നിർമാതാക്കളായ ഓർക്കസ്ട്രൽ ടൂൾസ് എന്ന ജർമൻ കമ്പനി സ്വര എന്ന പേരിൽ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ വിഎസ്ടി ഈയിടെ പുറത്തിറക്കിയപ്പോൾ ഇന്ത്യയിൽനിന്നു കൊച്ചിൻ സ്ട്രിംഗ്സിനെയാണ് തെരഞ്ഞെടുത്തത്.
കൊച്ചിൻ സ്ട്രിംഗ്സിലെ താരങ്ങളാണ് ഇതിൽ വായിച്ചിരിക്കുന്നത്. ട്രൂപ്പിലെ പല അംഗങ്ങളും സിംഫണി, ഓർക്കസ്ട്ര ഓഫ് ഇന്ത്യ അടക്കം പല വെസ്റ്റേൺ ക്ലാസിക്കൽ ഓർക്കസ്ട്രകളിലും സജീവമാണ്.