ഈസ്റ്റർ കൗതുകം; ഫ്രാൻസിലെ ഭീമൻ ഓംലെറ്റ് !
Sunday, April 20, 2025 1:53 AM IST
ഈസ്റ്റർ ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രധാന ഘടകമാണല്ലോ മുട്ട. പുതുജീവന്റെ പ്രതീകമായിട്ടാണ് മുട്ടയെ കാണുന്നത്. അതുകൊണ്ടുതന്നെ ഈസ്റ്റർ ആഘോഷങ്ങളിൽ മുട്ട സമ്മാനിക്കുന്ന പതിവ് പല രാജ്യങ്ങളിലുമുണ്ട്. ഈസ്റ്റർ എഗ് എന്ന പേരിൽ മുട്ടയിൽ വിവിധ നിറങ്ങളും ചിത്രങ്ങളും പതിച്ചാണ് പരസ്പരം സമ്മാനിക്കുന്നത്. അതുപോലെ മുട്ട ഉൾപ്പെടുത്തിയുള്ള കളികളും മത്സരങ്ങളുമൊക്കെ ഈസ്റ്റർ സീസണിൽ പതിവാണ്.
ഫ്രാൻസിലെ ഈസ്റ്റർ ആഘോഷത്തിൽ അല്പംകൂടി വ്യത്യസ്തമായ രീതിയിലാണ് മുട്ട കടന്നുവരുന്നത്. തെക്കൻ ഫ്രാൻസിലെ ബെസീറസ് നഗരത്തിൽ പ്രാദേശിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ഭീമൻ ഒാംലെറ്റ് ഫെസ്റ്റിവലാണ് ഫ്രഞ്ച് പാരന്പര്യത്തിലെ ഒരു പ്രധാന ആഘോഷം. കുറഞ്ഞത് 15,000 മുട്ടകൾ എങ്കിലും ചേർത്താണ് ഭീമൻ ഓംലെറ്റ് തയാറാക്കുന്നത്. റാലിയും സംഗീതപരിപാടിയുമെല്ലാം ഇതിനോടനുബന്ധിച്ച് നടക്കും. ഈസ്റ്റർ കഴിഞ്ഞുവരുന്ന തിങ്കളാഴ്ചയാണ് ഒാംലെറ്റ് നിർമാണം.
ഒാംലെറ്റ് ഉണ്ടാക്കിയ ശേഷം ഇത് മുറിച്ച് അവിടെ കൂടുന്ന നൂറുകണക്കിന് ആളുകൾക്കു വിതരണം ചെയ്യും. സൗജന്യമായാണ് ഇങ്ങനെ ഓംലെറ്റ് നൽകുന്നത്. 2023ൽ ഈ ആഘോഷത്തിന്റെ സുവർണജൂബിലിയും ആഘോഷിച്ചു. ഫ്രാൻസിൽനിന്ന് ഈ ആഘോഷം ഇപ്പോൾ അമേരിക്കയിലെയും അർജന്റീനയിലെയും ചില ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.