ചാവുകടലും ഗലീലിയാ തടാകവും
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, October 11, 2025 11:17 PM IST
വർഷംതോറും ഇരുപതു ലക്ഷത്തിലേറെ ആളുകൾ സന്ദർശിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ചാവുകടൽ. ഇസ്രയേലിനും വെസ്റ്റ് ബാങ്കിനും കിഴക്കായും ജോർദാനു പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ചാവുകടലിന് അന്പതു കിലോമീറ്റർ നീളവും പതിനഞ്ചു കിലോമീറ്റർ വീതിയുമാണുള്ളത്. സമുദ്രോപരിതലത്തിൽനിന്ന് 430 മീറ്റർ താഴെ സ്ഥിതിചെയ്യുന്ന ചാവുകടൽ ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്.
ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ചാവുകടലിനെക്കുറിച്ച് പരാമർശമുണ്ട്.
സോദോം-ഗൊമോറ എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്തിരുന്നത് ബൈബിളിൽ ഉപ്പുകടൽ എന്നു വിളിക്കപ്പെടുന്ന ചാവുകടലിന് അടുത്തായിരുന്നു (ഉത്പത്തി 14:3). ഉപ്പും ഇരുന്പും കാൽസ്യവും മഗ്നീഷ്യവുമൊക്കെ ധാരാളമായി ലഭിക്കുന്ന പ്രദേശമാണ് ചാവുകടൽ തീരങ്ങൾ. ഹേറോദോസ് മഹാരാജാവ് ചാവുകടൽ തീരത്തായി കൊട്ടാരങ്ങളും കോട്ടകളും പണിതുയർത്തിയിരുന്നു.
കാണാൻ മനോഹരമാണെങ്കിലും ജീവനില്ലാത്ത കടലാണിത്. ഈ കടലിൽ മത്സ്യങ്ങളില്ല. തീരത്തു സസ്യജാലങ്ങളുമില്ല. ചാവുകടൽ നിർജീവമാണെന്നു സാരം. എന്തുകൊണ്ടാവുമിത്? സാധാരണ സമുദ്രജലത്തിൽ മൂന്നര ശതമാനം ഉപ്പുള്ളപ്പോൾ ചാവുകടലിലെ വെള്ളത്തിൽ മുപ്പതു ശതമാനം ഉപ്പുണ്ട്. ഈ ജലത്തിൽ ജീവനു നിലനിൽക്കാൻ സാധിക്കില്ലത്രേ.
ചാവുകടലിലെ ജലത്തിലുള്ള ഉപ്പിന്റെ സാന്ദ്രത വളരെ കൂടിയിരിക്കുന്നതുകൊണ്ടാണ് അവിടെ സാധാരണഗതിയിൽ ആരും മുങ്ങിമരിക്കാറില്ലാത്തത്. നാം ചാവുകടലിൽ ഇറങ്ങിയാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയേയുള്ളൂ, താഴ്ന്നു പോകില്ല.
എന്താണ് ചാവുകടലിൽ ഉപ്പിന്റെ സാന്ദ്രത ഇത്ര കൂടാൻ കാരണം? ഒന്നാമതായി വളരെ ചൂടുള്ള പ്രദേശമാണ് ഇവിടം. തന്മൂലം ജലം നീരാവിയായി മാറുന്പോൾ ഉപ്പ് ചാവുകടലിൽ അടിഞ്ഞുകൂടുന്നു. രണ്ടാമതായി, നൂറ്റാണ്ടുകളായി ചാവുകടലിൽ ഒഴുകിയെത്തുന്ന ജലത്തിൽ ഉപ്പിന്റെയും കാൽസ്യത്തിന്റെയും മറ്റും അംശങ്ങൾ ധാരാളമുണ്ട്. അവ അവിടെ അടിഞ്ഞുകൂടുന്നതല്ലാതെ പുറത്തേക്ക് ഒഴുകുന്നില്ല. ചാവുകടലിലെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നെങ്കിൽ തീർച്ചയായും ഉപ്പിന്റെ സാന്ദ്രത കുറയുമായിരുന്നു. അങ്ങനെയെങ്കിൽ മത്സ്യങ്ങൾക്കും സസ്യജാലങ്ങൾക്കും അവിടെ വളരാൻ സാധിക്കുമായിരുന്നു.
ചാവുകടലിന്റെ ഈ കഥ പറഞ്ഞത് വലിയൊരു ജീവിതയാഥാർഥ്യം ചൂണ്ടിക്കാട്ടാനാണ്. അതായത് നമ്മിലേക്ക് ഒഴുകിയെത്തുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവരിലേക്ക് ഒഴുകാൻ നാം അനുവദിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതവും നിർജീവമായി മാറും എന്ന യാഥാർഥ്യം. നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ ദൈവം ധാരാളം നന്മകളും അനുഗ്രഹങ്ങളും നൽകാറുണ്ട്. നമ്മുടെ സമയവും വിവിധങ്ങളായ കഴിവുകളും സന്പത്തുമെല്ലാം ദൈവം നൽകുന്ന അനുഗ്രഹങ്ങളാണ്. അവ നമ്മൾ നമുക്കായിമാത്രം വിനിയോഗിച്ചാൽ പോരാ. അവ മറ്റുള്ളവരുടെ നന്മയ്ക്കായും വിനിയോഗിക്കണം.
ദൈവവചനം പറയുന്നു: ""നിങ്ങൾക്കു സൗജന്യമായി കിട്ടി. സൗജന്യമായിത്തന്നെ നിങ്ങൾ കൊടുക്കുവിൻ'' (മത്താ 10:8). നന്മകളെല്ലാംതന്നെ നമുക്ക് സൗജന്യമായി ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നാം മടിക്കരുത്. ദൈവവചനം വീണ്ടും പറയുന്നു: ""ദൈവം നിങ്ങളെ എല്ലാ കാര്യങ്ങളിലും സന്പന്നരാക്കുവാൻ കഴിയുന്നവനാണ്'' (2 കോറി 9:8). അവിടന്ന് നമ്മെ സന്പന്നരാക്കുന്നത് എന്തിനാണെന്നോ? ദൈവവചനം തുടർന്നു പറയുന്നതനുസരിച്ച് നാം എല്ലാ സൽപ്രവൃത്തികളിലും സന്പന്നരാകാൻ വേണ്ടിയാണ്.
എന്നാൽ ദൈവം നമുക്കു നൽകിയിരിക്കുന്ന നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്ക് പലപ്പോഴും മടിയാണ്. അതിന്റെ ഒരു കാരണം നമ്മുടെ ആവശ്യത്തിനുള്ളവ ഉണ്ടോ എന്ന ഭയമാകാം. അഹങ്കാരമാകാം മറ്റൊരു കാരണം. ഞാൻ അധ്വാനിച്ചു സന്പാദിച്ചത് എനിക്കുമാത്രം വേണ്ടിയുള്ളതാണെന്ന നിലപാട്. വേറെ പലർക്കും സഹായിക്കാൻ കഴിവുണ്ടല്ലോ. അവർ സഹായിക്കട്ടെ എന്ന മനോഭാവമാകാം മറ്റൊരു കാരണം.
കാരണങ്ങൾ എന്തുമാകട്ടെ, നമ്മിലേക്ക് ഒഴുകിയെത്തുന്ന നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതം ചാവുകടലിനു സമാനമായി മാറുമെന്നതിൽ സംശയംവേണ്ട. ജീവനില്ലാത്ത ഒരു ജീവിതമായിരിക്കും അതെന്നു തീർച്ച.
ഇസ്രയേലിൽ മറ്റൊരു കടലുണ്ട്- ഗലീലിയാ കടൽ. ചാവുകടലിന്റെ വടക്കുഭാഗത്തുള്ള ഈ കടലിലേക്ക് ഒഴുകിയെത്തുന്ന ജലം അവിടെ അടിഞ്ഞുകിടക്കാറില്ല. അത് താഴേക്കൊഴുകി ചാവുകടലിലാണ് എത്തുന്നത്. ഗലീലിയാ തടാകം എന്നും വിളിക്കപ്പെടുന്ന ഗലീലിയാ കടലിന് ജീവനുണ്ട്. അവിടെ മത്സ്യങ്ങളും സസ്യജാലങ്ങളുമൊക്കെ വളരുന്നു. അതിന്റെ കാരണമാകട്ടെ അവിടത്തെ ജലം പുറത്തേക്കൊഴുകുന്നു എന്നതാണ്.
നമ്മുടെ ജീവിതം ചാവുകടലിനു തുല്യമോ അതോ ഗലീലിയാ കടൽ പോലെയോ? നമുക്കു ചിന്തിച്ചുനോക്കാം.