നാം ദിശയറിയാതെ വലയുന്നവരോ?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, October 4, 2025 11:59 PM IST
"എ ഗൈഡ് ടു ദ പാരബിൾസ് ഓഫ് ജീസസ്' എന്ന പേരിൽ എച്ച്.എച്ച്. സ്ട്രാറ്റണ് 1958ൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിനുണ്ടായ ഒരനുഭവം ആ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സ്ട്രാറ്റണ് ഒരിക്കൽ മിഡിൽ ഈസ്റ്റിലേക്ക് കപ്പൽയാത്ര നടത്തുകയായിരുന്നു. യാത്രതുടങ്ങി 900 മൈൽ കഴിഞ്ഞപ്പോഴേക്കും ഒരു സെയിൽ ബോട്ട് കാണാനിടയായി. ടർക്കിഷ് ദേശീയപതാക പറത്തിയിരുന്ന ആ ബോട്ട് ദിശയറിയാതെ വഴിതെറ്റി അലയുകയായിരുന്നു.
ആ ബോട്ടിലെ ക്രോണോമീറ്ററിന്റെ തകരാറുമൂലം ലക്ഷ്യത്തിലെത്താനുള്ള ദിശ മാറിയാണ് അതു സഞ്ചരിച്ചുകൊണ്ടിരുന്നത്. അക്കാര്യം അറിയിക്കുന്നതിനുള്ള പതാകകളും ആ ബോട്ടിൽ പറത്തിയിരുന്നു. ഇപ്പോൾ ലഭ്യമായിട്ടുള്ള ജിപിഎസ് പോലുള്ള ആധുനിക സംവിധാനങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ലല്ലോ.
രേഖാംശവും അക്ഷാംശവും അറിയാതെ അലഞ്ഞിരുന്ന ആ ബോട്ടിലെ ക്യാപ്റ്റന് അക്കാര്യം വ്യക്തമാക്കിക്കൊടുക്കാൻ കപ്പലിലെ ജീവനക്കാർക്ക് ഏറെ സമയംവേണ്ടിവന്നു. ഭൂമിയിലെ ഒരു സ്ഥാനം ഭൂമധ്യരേഖയ്ക്ക് കിഴക്കോ പടിഞ്ഞാറോ ആയി സൂചിപ്പിക്കാനുള്ള അളവുകോലാണ് രേഖാംശം. അക്ഷാംശമാകട്ടെ ഭൂപടത്തിൽ ഭൂമിയിലുള്ള ഒരു കരയിലെ സ്ഥാനം ഭൂമധ്യരേഖയ്ക്ക് വടക്കോ തെക്കോ ആയി സൂചിപ്പിക്കാനുള്ള അളവുകോലും. ഇവ രണ്ടും അറിഞ്ഞാൽ മാത്രമേ വഴിതെറ്റിയ ആ ബോട്ടിന് ലക്ഷ്യത്തിലേക്കു യാത്രചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.
സെയിൽ ബോട്ടിനെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുന്നതിനുള്ള ശ്രമം നടക്കുന്നതിനിടയിൽ കപ്പൽയാത്രക്കാരുടെയിടയിൽ അത് സംഭാഷണവിഷയമായി. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു പന്ത്രണ്ടുവയസുകാരൻ പറഞ്ഞു: ""വഴിതെറ്റാൻ വളരെ എളുപ്പമുള്ള വലിയൊരു സമുദ്രമാണിത്.''
ജീവിതമെന്നത് വലിയൊരു സമുദ്രസഞ്ചാരം പോലെയാണ്. ഈ സഞ്ചാരത്തിനിടയിൽ ദിശയറിയാതെ വഴിതെറ്റിപ്പോവുക വളരെ എളുപ്പമാണ്. അത് മിക്കപ്പോഴും സംഭവിക്കുന്നതാകട്ടെ നമ്മുടെ ആധ്യാത്മികവും ധാർമികവും വൈകാരികവുമായ രംഗങ്ങളിലും. ഓരോ ദിവസവും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ആ മാറ്റങ്ങളെല്ലാം പലപ്പോഴും നമ്മുടെ ആധ്യാത്മികജീവിതത്തെ തളർത്തുകയും ധാർമികതയെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു.
തന്മൂലം നാം എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പാളിപ്പോകുന്നു. അതുവഴി നാം തിന്മയ്ക്ക് അടിമകളായി മാറുന്നു. ഇതേക്കുറിച്ച് ദൈവവചനം പറയുന്നു: ""എല്ലാവരും പാപം ചെയ്തു. ദൈവത്തിന്റെ മഹത്വത്തിനു അയോഗ്യരായി'' (റോമ 3:23). ജീവിതമാകുന്ന മഹാസമുദ്രത്തിൽ നാം വഴിതെറ്റി അലയാനിടയാകുന്നു എന്നു സാരം. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നാം എങ്ങനെയാണ് രക്ഷപ്പെടുക? നമുക്ക് വഴികാട്ടാൻ ഒരു ജിപിഎസ് സംവിധാനം ഉണ്ടോ?
ടർക്കിഷ് സെയിൽ ബോട്ട് ദിശയറിയാതെ നടുക്കടലിൽ വട്ടംകറങ്ങിയപ്പോൾ അവരെ രക്ഷിക്കാനായി ഒരു കപ്പൽ എത്തുകയുണ്ടായി. ആ കപ്പൽ അവർക്ക് അയച്ചുകൊടുക്കുന്നതാകട്ടെ പരമകാരുണികനായ ദൈവവും. ഇതുപോലെത്തന്നെ, നാം വഴിതെറ്റി അലയുന്പോൾ നമ്മെ സഹായിക്കാൻ അവിടുന്ന് ഓടിയെത്തുന്നുണ്ട്. ദൈവവചനം പറയുന്നു: ""നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും: ഇതാണ് വഴി; ഇതിലേ പോവുക'' (ഏശ 30:21).
ദൈവത്തിന്റെ ഈ സ്വരം ശ്രവിച്ചാൽ നമുക്കൊരിക്കലും ഈ ജീവിതസാഗരത്തിൽ വഴിതെറ്റുകയില്ലെന്നു തീർച്ചയാണ്. എന്നാൽ ദൈവത്തിന്റെ സ്വരം ശരിയായി ശ്രവിക്കണമെങ്കിൽ നാം നമ്മുടെ തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞു പശ്ചാത്തപിക്കണം. ദൈവവചനം പറയുന്നു: ""നീ ഏതവസ്ഥയിൽനിന്ന് അധഃപതിച്ചു എന്നു ചിന്തിക്കുക; അതനുസരിച്ച് ആദ്യത്തെ പ്രവൃത്തികൾ ചെയ്യുക'' (വെളിപാട് 2:5). നാം പശ്ചാത്തപിച്ച് ദൈവം കാണിച്ചുതരുന്ന ശരിയായ വഴിയിലേക്ക് തിരിയണമെന്നു സാരം.
ദൈവത്തോടൊപ്പമായിരിക്കാൻ അവിടുന്നു കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയായിരുന്നു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.
എന്നാൽ മനുഷ്യൻ സ്വന്തം ഇഷ്ടംതേടി തങ്ങൾ തെരഞ്ഞെടുത്ത വഴിയിലൂടെ നടന്നപ്പോൾ ദിശയറിയാതെ നടുക്കടലിൽ വട്ടംകറങ്ങി. അങ്ങനെയാണ് അവരെ രക്ഷിക്കാനായി ദൈവം തന്റെ പുത്രനെ അയച്ചത്. ലോകത്തിലേക്കു വന്ന ദൈവപുത്രൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് നമുക്കു നവജീവൻ നൽകാനായി ഉയിർത്തെഴുന്നേറ്റു. ഉത്ഥിതനായ യേശു നമുക്കു ജീവൻ നൽകാനും അതു സമൃദ്ധമായി നൽകാനുമായി (യോഹ 10:10) ലോകാവസാനംവരെ നമ്മോടൊപ്പമുണ്ടായിരിക്കും (മത്താ 28:20) എന്ന് വാഗ്ദാനവും നൽകിയിട്ടുണ്ട്.
അതുമാത്രമല്ല, വഴിതെറ്റി നാം അലഞ്ഞുതിരിയാനിടയായാൽ നമ്മെത്തേടി പിന്നാലെ വരുമെന്ന് കാണാതെപോയ ആടിന്റെ ഉപമയിലൂടെയും കാണാതെപോയ നാണയത്തിന്റെ ഉപമയിലൂടെയും യേശു വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കാ 15:1-10). അതുപോലെതന്നെ നാം ശരിയായ വഴിയിലേക്കു തിരിച്ചുവരുന്നതു നോക്കി കാത്തിരിക്കുന്നവനാണു ദൈവമെന്നു ധൂർത്തപുത്രന്റെ ഉപമയിലൂടെയും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട് (ലൂക്കാ 15:11-32).
നമ്മെ തകർക്കാൻ പോരുന്നവിധം തിരമാലകൾ ആഞ്ഞടിക്കുന്ന ജീവിതസമുദ്രത്തിൽ മാർഗഭ്രംശം സംഭവിക്കാതിരിക്കാൻ നമുക്കൊരു ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റവും തന്നിട്ടുണ്ട്. അതാണ് ദൈവവചനം. തന്മൂലമാണ് സങ്കീർത്തകനായ ദാവീദ് എഴുതിയത്- ""അങ്ങയുടെ വചനം എന്റെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ്'' (സങ്കീ 119:105) എന്ന്.
വഴിനയിക്കുന്ന ദൈവത്തിന്റെ വചനം പാലിച്ചാൽ നാം യഥാർഥത്തിൽ ഭാഗ്യവാന്മാരാകുമെന്ന് യേശു പറഞ്ഞിട്ടുണ്ട് (ലൂക്ക 11:28). അതായത് അവിടുത്തെ വചനം പാലിച്ച് മുന്നോട്ടുപോയാൽ നാം ദിശയറിയാതെ ക്ലേശിക്കുകയില്ല. മാത്രമല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ നാം എത്തേണ്ട സ്ഥലത്ത് എത്തുകയും ചെയ്യും.