ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, March 22, 2025 8:37 PM IST
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായി ജനിച്ച് ഫ്രഞ്ച് റോയൽ ആർമിയിൽ ചേർന്ന് ഒരു ഫ്രഞ്ച് ജനറലും രാജ്യതന്ത്രജ്ഞനുമായി വളർന്നാണ് നെപ്പോളിയൻ ചക്രവർത്തിയായിത്തീർന്നത്. 1792 മുതൽ 1802 വരെ നടന്നിട്ടുള്ള വിവിധ ഫ്രഞ്ച് റവല്യൂഷണറി യുദ്ധങ്ങളിലൂടെയും 1803 മുതൽ 1815 വരെ നടന്നിട്ടുള്ള നെപ്പോളിയോണിക് യുദ്ധങ്ങളിലൂടെയുമാണ് നെപ്പോളിയൻ ഏറെ പ്രസിദ്ധനായത്.
നെപ്പോളിയൻ ആരംഭിച്ച പല യുദ്ധങ്ങളിലും അദ്ദേഹം നിർണായക വിജയം നേടിയെങ്കിലും 1812ൽ നടന്ന റഷ്യയുമായുള്ള യുദ്ധത്തിൽ അദ്ദേഹത്തിനു കനത്ത പരാജയം നേരിടേണ്ടിവന്നു. അന്നു നെപ്പോളിയനും അദ്ദേഹത്തിന്റെ സൈന്യവും മോസ്കോ വരെ എത്തിയെങ്കിലും കൊടുംതണുപ്പും ഭക്ഷ്യദൗർലഭ്യവും മൂലം അദ്ദേഹത്തിനും കൂട്ടർക്കും പിൻവാങ്ങേണ്ടിവന്നു. ആ യുദ്ധപര്യടനത്തിൽ അഞ്ചു ലക്ഷം സൈനികരെ നെപ്പോളിയനു നഷ്ടപ്പെട്ടു. ഈ പരാജയം നെപ്പോളിയന്റെ പതനത്തിന് അതിവേഗം വഴിതെളിച്ചു.
കന്പിളിക്കൂന്പാരത്തിൽ
റഷ്യയുമായി നടന്ന ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നെപ്പോളിയനെക്കുറിച്ച് പറയുന്ന ഒരു കഥയുണ്ട്. അദ്ദേഹം ഒരിക്കൽ യുദ്ധത്തിൽ ഒറ്റപ്പെട്ട് ജീവരക്ഷാർഥം ഓടി. അദ്ദേഹത്തിന്റെ പിന്നാലെ വിദഗ്ധ പടയാളികളായ കോസാക്കുകളും ഓടി.
ഒട്ടേറെ ഊടുവഴികളും കടകളുമുണ്ടായിരുന്ന ആ സ്ഥലത്ത് നെപ്പോളിയൻ അതിവേഗം ഒരു കടയിൽ കയറി. അവിടെ ധാരാളം കന്പിളി കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. നെപ്പോളിയൻ പെട്ടെന്ന് ആ കന്പിളിക്കൂന്പാരത്തിനടിയിൽ ഒളിച്ചു. കോസാക്കുകൾ ആ കടയിൽ കയറി എല്ലാ മുക്കിലും മൂലയിലും പരിശോധിച്ചെങ്കിലും നെപ്പോളിയനെ കണ്ടില്ല. കടയുടമയാകട്ടെ ഒന്നുറിയാത്തവനെപ്പോലെ അവിടെനിന്നു.
അവർ പോയിക്കഴിഞ്ഞപ്പോൾ നെപ്പോളിയൻ സാവധാനം കന്പിളിക്കൂന്പാരത്തിനടിയിൽനിന്നു പുറത്തുവന്നു. അപ്പോൾ കടയുടമ നെപ്പോളിയനോട് ചോദിച്ചു: ""ഞാൻ ചോദിക്കുന്നതു ക്ഷമിക്കുക. ഏതു നിമിഷവും കൊല്ലപ്പെടാം എന്ന അവസ്ഥയിൽ ഈ കന്പിളിക്കൂന്പാരത്തിനടിയിൽ കിടക്കുന്പോൾ എന്തായിരുന്നു. അങ്ങയുടെ മനോവികാരം?''
ഈ ചോദ്യം കേട്ടമാത്രയിൽ നെപ്പോളിയന്റെ മുഖം കറുത്തു. അദ്ദേഹം നെഞ്ചുവിരിച്ചുപിടിച്ചുനിന്ന് അയാളോടു ചോദിച്ചു: ""ഫ്രാൻസിന്റെ ചക്രവർത്തിയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ നീ തുനിയുന്നുവോ?'' കടയുടമ പെട്ടെന്നു പതറി. എന്തുപറയണമെന്നറിയാതെ അയാൾ അവിടെ പകച്ചുനിന്നു. അവിടെനിന്നു നടന്നുനീങ്ങിയ നെപ്പോളിയൻ പിന്നിലേക്കു തിരിഞ്ഞുകൊണ്ടു പറഞ്ഞു: ""ഇതെക്കുറിച്ച് ഒരിക്കലും സംസാരിക്കരുത്''.
കന്പിളിക്കൂന്പാരത്തിൽ ഒളിച്ചിരുന്ന നെപ്പോളിയൻ അന്നു ഭയപ്പെട്ടു കാണുമോ? തീർച്ചയായും. എന്നാൽ, നെപ്പോളിയൻ അത് അംഗീകരിക്കാൻ തയാറായോ? ഇല്ലേയില്ല. നേരേമറിച്ച്, തന്റെ ഭയം മറച്ചുപിടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
അദ്ദേഹത്തിന്റെ അഹങ്കാരംതന്നെ അതിനു കാരണം എന്നുവേണം കരുതാൻ.നെപ്പോളിയൻ തീർച്ചയായും ധൈര്യശാലിയായിരുന്നു. എന്നാൽ, ജീവനിൽ പേടിയുണ്ടായതു കൊണ്ടല്ലേ അവിടെ ഒളിച്ചിരിക്കാൻ അദ്ദേഹം തയാറായത്? അതിന്റെ അർഥം ഭയമുണ്ടായിരുന്നു എന്നതല്ലേ? പക്ഷേ, അത് അംഗീകരിക്കാൻ അദ്ദേഹം തയാറായില്ലെന്നു മാത്രം.
നെപ്പോളിയന്റെ ഈ സ്വഭാവവൈകല്യം നമ്മിലും പലപ്പോഴും നാം കാണാറില്ലേ? തന്മൂലമല്ലേ, നമ്മുടെ കുറ്റങ്ങളും കുറവുകളും ആരുടെയും മുന്പിൽ അംഗീകരിക്കാൻ നാം തയാറാകാത്തത്? പല കുറ്റങ്ങളും കുറവുകളും ഉള്ളപ്പോഴും അവയൊന്നും ഇല്ലാത്തതുപോലെയാണ് മറ്റുള്ളവരോടു നാം പെരുമാറുക. നമ്മുടെ ഭയവും നമ്മിലെ കുറ്റങ്ങളും കുറവുകളും സ്വയം അംഗീകരിക്കാൻ നാം തയാറാകണം. എങ്കിൽ മാത്രമേ, അവയെക്കുറിച്ച് ദൈവത്തോടു മാപ്പപേക്ഷിച്ച് നമ്മുടെ ജീവിതത്തെ നവീകരിക്കാൻ നമുക്കു സാധിക്കൂ.
ദാവീദിന്റെ ബോധ്യം
സങ്കീർത്തകനായ ദാവീദ് രാജാവ് വീരശൂര പരാക്രമിയായിരുന്നു. കരടിയെയും സിംഹത്തെയുമൊക്കെ ഒറ്റയ്ക്കു നേരിട്ടു പരാജയപ്പെടുത്തിയിട്ടുള്ള ചരിത്രമായിരുന്നു അദ്ദേഹത്തിന്റേത്. എങ്കിലും, അദ്ദേഹത്തിൽ ഭയമുണ്ടായ നിമിഷങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ്, അദ്ദേഹം എഴുതിയത്, "ഭയമുണ്ടാകുന്പോൾ ഞാൻ ദൈവത്തിൽ അഭയംപ്രാപിക്കും' (സങ്കീർത്തനം 56:3).
ദാവീദിനെ സംബന്ധിച്ചിടത്തോളം ധൈര്യം എന്നു പറയുന്നതു ഭയത്തിന്റെ അഭാവമായിരുന്നില്ല. പ്രത്യുത, ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ ഫലമായിരുന്നു. ദാവീദ് തന്റെ ഭയം മാത്രമായിരുന്നില്ല ദൈവത്തിന്റെ മുന്പിൽ ഏറ്റുപറഞ്ഞത്. അദ്ദേഹം തന്റെ സകല കുറ്റങ്ങളും പാപങ്ങളും ദൈവത്തിന്റെ മുന്പിൽ ഏറ്റുപറയുകയും അവയ്ക്കു മാപ്പിരക്കുകയും ചെയ്തു. അന്പത്തിയൊന്നാം സങ്കീർത്തനത്തിൽ അദ്ദേഹം എഴുതുന്നു: ""ദൈവമേ, എന്നോടു കരുണ തോന്നണമേ.
ദയാപൂർവം എന്റെ പാപങ്ങൾ മായിച്ചുകളയണമേ. എന്റെ അകൃത്യം നിശേഷം കഴുകിക്കളയണമേ! (51:1-2). തന്റെ വിവിധ കഴിവുകളെക്കുറിച്ചു ദാവീദിനു നല്ല അവബോധമുണ്ടായിരുന്നു. എന്നാൽ, അവയോയൊപ്പം തന്റെ കഴിവുകേടുകളെക്കുറിച്ചും ബലഹീനതകൾ മൂലമുണ്ടാകുന്ന പാപങ്ങളെക്കുറിച്ചും നല്ല ബോധ്യമുണ്ടായിരുന്നു. തന്മൂലമാണ്, ദൈവത്തിന്റെ മുന്പിൽ വിനീതനാകാൻ അദ്ദേഹത്തിനു സാധിച്ചത്.
ദാവീദിന്റെ ഈ മനോഭാവമാണ് നമുക്കും വേണ്ടത്, പ്രത്യേകിച്ചും ഈ നോന്പുകാലത്ത്. കാരണം, ഒന്നുമല്ലാത്തപ്പോഴും എല്ലാം ആണെന്നു വിചാരിച്ചു മുന്നോട്ടുപോയാൽ അതു നാശത്തിനു മാത്രമേ വഴിതെളിക്കൂ. എന്നാൽ, കുറ്റങ്ങളും കുറവുകളും വിനീതമായി ദൈവത്തിന്റെ മുന്പിൽ ഏറ്റുപറഞ്ഞ് അവ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ട് മുന്നോട്ടുപോയാൽ അതു നമ്മുടെ ജീവിതത്തെ ധന്യമാക്കും. തന്റെ കുറവുകൾ അംഗീകരിക്കുക എന്നതു നെപ്പോളിയനു ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല.
എന്നാൽ, ദൈവത്തിന്റെ മുന്പിൽ ഏറെ വിനീതനായിരുന്ന ദാവീദിന് അതു സാധിച്ചു. അതാണ്, ദൈവത്തിന്റെ മുന്പിൽ ദാവീദിനെ പ്രിയങ്കരനാക്കി മാറ്റിയതും. ദാവീദിനെപ്പോലെ, നമുക്കും ദൈവത്തിന്റെ മുന്പിൽ വിനീതരാകാം. കുറ്റങ്ങളും തെറ്റുകളും ഏറ്റുപറയാം. അപ്പോൾ, അവിടുന്നു നമ്മുടെ പാപങ്ങൾ കഴുകി നമ്മെ വിശുദ്ധീകരിക്കും.