പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
Saturday, March 1, 2025 8:44 PM IST
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാരിസൺ, റിൻഗോ സ്റ്റാർ എന്നിവരായിരുന്നു ഈ ബാൻഡിലെ സൂപ്പർ താരങ്ങൾ. പുതുമയുള്ള ഗാനരചനയിലൂടെയും ഗാനസംവിധാനത്തിലൂടെയും പോപ്പുലർ സംഗീതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവർക്കു സാധിച്ചു. സംഗീത ലോകത്തു മാത്രമായിരുന്നില്ല അവരുടെ സ്വാധീനം. ആർട്ടിലും ഫാഷനിലും ആധുനിക സംസ്കാരത്തിന്റെ സ്വാധീനം ഇവർവഴിയെത്തി.
അതുപോലെ തലങ്ങളിലും ഇവർ ചെലുത്തിയ സ്വാധീനം ശക്തമായിരുന്നു. അവരുടെ മ്യൂസിക് ആൽബങ്ങൾ വിറ്റഴിക്കപ്പെട്ടിട്ടുള്ളതു പോലെ മറ്റാരുടെയും ആൽബങ്ങൾ ചരിത്രത്തിൽ വിറ്റഴിക്കപ്പെട്ടിട്ടില്ല. അവരുടെ ആൽബങ്ങളുടെ ആറു കോടി റിക്കാർഡുകളാണ് ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്!
തുടക്കം ഗംഭീരമായിരുന്നെങ്കിലും 1969 ആയപ്പോഴേക്കും താരങ്ങളുടെ ഇടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. ക്രിയാത്മകമായി പ്രവർത്തിച്ചിരുന്ന അവർക്കു മുന്നോട്ടു പോകാൻ വയ്യാത്ത അവസ്ഥയായി. അവരിലൊരാൾ ഈ ബാൻഡിൽനിന്നു വിട്ടുപോകുന്ന അവസ്ഥ വരെയായി.
എന്നാൽ, പെട്ടെന്ന് അവരുടെയിടയിൽ ഒരു നവജീവൻ വന്നു. അതിനു കാരണം, അവരുടെ മുൻകാല സുഹൃത്തും കീബോർഡ് ആർട്ടിസ്റ്റുമായ ബില്ലി പ്രെസ്റ്റണെ അവർ തിരികെ കൊണ്ടുവന്നു എന്നതാണ്. പ്രെസ്റ്റൺ തങ്ങളുടെ ബാൻഡിലുണ്ട് എന്നുള്ള ചിന്ത അവർക്കു പുതിയ ഉണർവേകി. അദ്ദേഹത്തിന്റെ സാന്നിധ്യം അവരുടെ സംഗീതത്തിനു മാത്രമല്ല, പരസ്പരബന്ധത്തിനും പുതുചൈതന്യം നല്കി.
സിനിമാ നിർമാതാവായ പീറ്റർ ജാക്സൺ നിർമിച്ച "ഗെറ്റ് ബാക്ക്' എന്ന ഡോക്യുമെന്ററി സിനിമയിൽ ഈ സംഭവം ചിത്രീകരിച്ചിട്ടുണ്ട്. സംഗീതവിദഗ്ധനായ പ്രെസ്റ്റന്റെ സാന്നിധ്യവും സഹായവുമാണ് ബീറ്റിലുകൾക്ക് അവരുടെ സംഗീതത്തിലും ജീവിതത്തിലും അന്നു നവോന്മേഷം പകർന്നത്.
പ്രെസ്റ്റൺ തങ്ങളെ ശ്രദ്ധിക്കുന്നു എന്ന ചിന്ത മാത്രം മതിയായിരുന്നു അവരുടെ പ്രവർത്തനശൈലിയിൽ മാറ്റം വരാൻ. ഒരു സാധാരണ മനുഷ്യനു മറ്റുള്ളവരിൽ ഇത്ര മാത്രം മാറ്റം വരുത്താൻ സാധിക്കുമെങ്കിൽ, സർവശക്തനായ ദൈവത്തിനു നമ്മിൽ എത്ര മാത്രം മാറ്റം വരുത്താൻ സാധിക്കുമെന്നു ചിന്തിക്കാനാകുമോ?...
നോമ്പുകാലം
ക്രൈസ്തവലോകം നോന്പുകാലത്തേക്കു പ്രവേശിക്കുന്ന അവസരമാണിത്. ജീവിതക്ലേശങ്ങളും പാപഭാരവും മൂലം നമ്മുടെ ജീവിതത്തിന്റെ താളം തെറ്റുന്പോൾ ദൈവം നവചൈതന്യവും പുത്തനുണർവും സമ്മാനിക്കുന്ന അവസരമാണ് നോന്പുകാലം.
കാരണം, കൂടെ എപ്പോഴുമുള്ള ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഏറെ ബോധവാന്മാരാകുന്ന അവസരംകൂടിയാണിത്. ജീവിത നവീകരണത്തിനായി ദൈവം സ്നേഹപൂർവം വിളിക്കുന്ന സമയവും.
എത്ര വലിയ പാപത്തിന്റെയും ചെളിയിൽ വീണവരാകട്ടെ. നമ്മോടു ക്ഷമിക്കാനും അതിൽനിന്നു മോചിപ്പിക്കാനും സന്നദ്ധനായാണ് ദൈവം നമുക്കിടയിൽ വസിക്കുന്നത്. അവിടന്ന് പറയുന്നു: ""നിങ്ങളുടെ പാപങ്ങൾ കടും ചുവപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും അവ കന്പിളിപോലെ വെളുക്കും''(ഏശ 1:18).
ഈ വാഗ്ദാനം പ്രാപിക്കാൻ നാം എന്തു ചെയ്യണമെന്നും ദൈവവചനം പറയുന്നുണ്ട്: ""കർത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ.
നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്. നിങ്ങളുടെ ദൈവമായ കർത്താവിങ്കലേക്കു മടങ്ങുവിൻ. എന്തെന്നാൽ അവിടുന്ന് ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്നേഹസന്പന്നനുമാണ്. ശിക്ഷ പിൻവലിക്കാൻ സദാ സന്നദ്ധനുമാണ്''(ജോയേൽ 2:12-14).
പ്രാർഥന മാത്രമോ?
പാപങ്ങളിൽനിന്നു മോചനം നേടി ജീവിതത്തെ നവീകരിക്കാൻ നോന്പുകാലത്തു ശ്രദ്ധിക്കുന്ന മൂന്നു കാര്യങ്ങളാണ് പ്രാർഥനയും ഉപവാസവും ദാനധർമവും. പ്രാർഥിക്കുന്ന കാര്യത്തിൽ നാം ഏറെക്കുറെ ശ്രദ്ധിക്കുന്നുണ്ടാവും. കാരണം, നമ്മുടെ നിരവധി ആവശ്യങ്ങൾ ദൈവത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നതു പ്രാർഥനയോടെയാണല്ലോ.
എന്നാൽ, പ്രാർഥന മാത്രം മതിയാവില്ല. ജീവിത നവീകരണത്തിന് ഉപവാസവും ദാനധർമവും കൂടിയേ തീരൂ. ദൈവവചനം പറയുന്നു: ""ഉപവാസം, ദാനധർമം, നീതി എന്നിവയോടു കൂടിയാകുന്പോൾ പ്രാർഥന നല്ലതാണ്''(തോബിത് 12:18).
അതായത് ഉപവാസവും ദാനധർമവും കൂടിയില്ലാത്ത പ്രാർഥന അത്ര ഫലപ്രദമല്ലെന്നു സാരം. തന്മൂലമാണ്, സെന്റ് അഗസ്റ്റിൻ ഇപ്രകാരം എഴുതിയത്: ""നിങ്ങളുടെ പ്രാർഥന പറന്നു ചെന്നു ദൈവത്തിൽ എത്തണമോ? എങ്കിൽ, നിങ്ങളുടെ പ്രാർഥനയ്ക്ക് ഉപവാസം, ദാനധർമം എന്ന രണ്ടു ചിറകുകൾ നല്കുവിൻ.''
ഉപവസിക്കുന്പോൾ നാം എന്താണ് ചെയ്യുന്നത്? ജീവിതത്തിലെ ചില സുഖങ്ങൾ നാം ഉപേക്ഷിക്കുന്നു. പ്രത്യേകിച്ച്, ഭക്ഷണവും പാനീയവും. ഇതുവഴിയായി ഓർമപ്പെടുത്തുന്നത് എന്താണെന്നോ? ""മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്?''മത്തായി(4:4).
അതായത്, ദൈവവചനം വായിച്ച് അതനുസരിച്ചു ജീവിക്കണമെന്നു സാരം. അപ്പോഴാണ് ജീവിതത്തിൽ യഥാർഥ നവീകരണം സംഭവിക്കുക. എന്നാൽ, നമ്മുടെ ഉപവാസം ഭക്ഷണ പാനീയങ്ങളും മറ്റ് ജീവിതസുഖങ്ങളും ഉപേക്ഷിക്കുന്നതു മാത്രമല്ല.
ദൈവം പറയുന്നു: ""ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതരെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?''(ഏശ 58: 6-7).
ഇങ്ങനെ ഉപവസിച്ചാൽ എന്താണ് സംഭവിക്കുന്നതെന്നോ? ""അപ്പോൾ, നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും. നീ വേഗം സുഖം പ്രാപിക്കും. നിന്റെ നീതി നിന്റെ മുൻപിലും കർത്താവിന്റെ മഹത്വം നിന്റെ പിന്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാർഥിച്ചാൽ കർത്താവ് ഉത്തരമരുളും'' (ഏശ 58: 8-9).
ഈ നോന്പുകാലത്തു ദൈവം നമുക്ക് ഏറെ സമീപസ്ഥനാണ്. പ്രാർഥനയിലൂടെയും അവിടുന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള ഉപവാസത്തിലൂടെയും ദാനധർമത്തിലൂടെയും ദൈവസന്നിധിയിലേക്ക് അണയാം. അപ്പോൾ, അവിടത്തെ സ്നേഹവും കരുണയും സജീവസാന്നിധ്യവും നമുക്ക് എല്ലാ രീതിയിലും നവജീവൻ നല്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ