1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "ബിസിനസ് പരാജയത്തിനുള്ള പത്തു കല്പനകൾ' അവതരിപ്പിച്ച് പ്രസിദ്ധി നേടിയിട്ടുള്ള അദ്ദേഹം കൊളംബിയ പിക്ചേഴ്സിന്റെ ചെയർമാനായും മറ്റു നിരവധി കോർപറേഷനുകളുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
1993ൽ അമേരിക്കയിലെ അറ്റ്ലാന്റയിലുള്ള എമ്റി യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയതു കിയോ ആയിരുന്നു. ആ പ്രഭാഷണത്തിനിടയിൽ അദ്ദേഹം സന്നിഹിതരായിരുന്നവരോടായി പറഞ്ഞു: "എനിക്കൊരു സുഹൃത്തുണ്ട്. അദ്ദേഹം പ്രസിദ്ധനായ ഒരു ആർക്കിടെക്ട് ആണ്. അദ്ദേഹം ഒരിക്കൽ എന്നോടു പറഞ്ഞു: ഒരു ന്യൂനതയുമില്ലാത്ത ഒരു കെട്ടിടം ആരെങ്കിലും പണിയട്ടെ.
അപ്പോൾ, വിവിധതരം ലെൻസുകളുപയോഗിച്ച് ഫോക്കസ് ചെയ്യാവുന്ന മേന്മയേറിയ ഒരു കാമറ എനിക്കു തരൂ. ആ കാമറ ഉപയോഗിച്ച്, കെട്ടിടത്തിന്റെ നിസാര ന്യൂനതകൾചിത്രീകരിച്ച്, കെട്ടിടം ഉടനടി നിലംപതിക്കാൻ പോകുകയാണെന്ന് എനിക്ക് ആളുകളെ ബോധ്യപ്പെടുത്താനാകും.’
നമ്മുടെ ലെൻസ്
കിയോ ഈ സംഭവം വിവരിച്ചത് എന്തിനാണെന്നോ? ആര് എത്ര നല്ലവനായാലും ആ വ്യക്തിയിൽ പല ന്യൂനതകളും കണ്ടുപിടിക്കാൻ നമുക്കു കഴിയും. ആ ന്യൂനതകളിലേക്കാണ് നാം ഫോക്കസ് ചെയ്യുന്നതെങ്കിൽ പിന്നെ ആ വ്യക്തി പെട്ടെന്ന് നമുക്ക് അസ്വീകാര്യനായി മാറും.
എന്നാൽ, ആ വ്യക്തിയുടെ നല്ല ഗുണങ്ങളിലേക്കാണ് നാം ഫോക്കസ് ചെയ്യുന്നതെങ്കിൽ അ യാൾ സ്വീകാര്യനായിത്തീരും. അതായത്, നാം മറ്റുള്ളവരെ ഫോക്കസ് ചെയ്യാൻ ഉപയോഗിക്കുന്ന ലെൻസിന് നമ്മുടെ ജീവിതത്തിൽ വലിയ പ്രാധാന്യം ഉണ്ടെന്നു വ്യക്തം.
നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞതാണ് അനുദിന ജീവിതം. തന്മൂലം, ജീവിതത്തെ നിഷേധാത്മകമായി കാണാനായിരിക്കും നാം അറിയാതെ ശ്രമിക്കുക. അതുവഴി ജീവിതത്തിലെ പല നന്മകളും നാം കാണാതെ പോകുന്നു.
എന്നു മാത്രമല്ല, അവയെക്കുറിച്ചു നന്ദി പറയാൻ പോലും വിസ്മരിച്ചുപോകുന്നു. ഇതോടെ ജീവിതം ഏറെ ക്ലേശപൂർണമാകുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് നമ്മുടെ ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയുമൊക്കെ ശരിയായ ലെൻസ് ഉപയോഗിച്ചു ഫോക്കസ് ചെയ്യാൻ കിയോ നിർദേശിച്ചത്.
ദൈവവചനം പറയുന്നു: "സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാർഹവും സ്തുത്യർഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിൻ.' (ഫിലി 4:8). അപ്പോൾ എന്താണ് സംഭവിക്കുക? ദൈവവചനം തുടർന്നു പറയുന്നു: "അപ്പോൾ സമാധാനത്തിന്റെ ദൈവം നിങ്ങളുടെകൂടെ ഉണ്ടായിരിക്കും (ഫിലി 4:9).
അതായത്, ജീവിതത്തിൽ യഥാർഥ സമാധാനം ഉണ്ടാകണമെങ്കിൽ ചിന്തകൾ അതിവിശിഷ്ടമായിരിക്കണമെന്നു വ്യക്തം. അവ സത്യത്തിലധിഷ്ഠിതവും ബഹുമാന്യവും പരിശുദ്ധവും നീതിയുക്തവും സ്നേഹാർഹവും സ്തുത്യർഹവും ഉത്തമവും പ്രശംസായോഗ്യവുമായിരിക്കണം.
അപ്പോഴാണ്, ശരിയായ വീക്ഷണഗതികളോടെ നല്ല കാര്യങ്ങളിലേക്കും മറ്റുള്ളവരുടെ നന്മകളിലേക്കും ഫോക്കസ് ചെയ്യാൻ കഴിയുക. ആത്മാർഥമായി പരിശ്രമിച്ചാൽ അതിവേഗം സാധ്യമാകുന്ന കാര്യമാണിത്. എന്നാൽ, അങ്ങനെ ചെയ്യുന്നതുകൊണ്ടു മാത്രം തൃപ്തിപ്പെടരുത്. മറ്റുള്ളവരിലെ നന്മ കാണുന്നതിനൊപ്പം ആ നന്മയുടെ ഭണ്ഡാരത്തിലേക്കു വിലപ്പെട്ട സംഭാവനകൾ നൽകുകയും വേണം.
അതായത്, ജീവിതം നന്മപൂരിതമാക്കി മാറ്റണം. മഹാത്മാ ഗാന്ധി ഒരിക്കൽ എഴുതി: "ലോകത്തിൽ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നീ നിന്റെ ജീവിതത്തിൽ വരുത്തുക.' മറ്റുള്ളവർ സത്യസന്ധരും നീതിനിഷ്ഠരുമായിരിക്കണമെന്നാണോ നാം ആഗ്രഹിക്കുന്നത്? എങ്കിൽ, നാം ആദ്യം അതുപോലെ ആകണം.
മറ്റുള്ളവർ സ്നേഹവും കാരുണ്യവും ക്ഷമയുമൊക്കെയുള്ളവരാകണമെന്നാണോ നാം പ്രതീക്ഷിക്കുന്നത്? എങ്കിൽ ആദ്യം നമ്മൾ അതുപോലെയാകണം. മറ്റുള്ളവർ സേവനസന്നദ്ധരും സ്വാർഥരഹിതരുമാകണമെന്നാണോ നമ്മുടെ ആഗ്രഹം? എങ്കിൽ നമ്മളും അങ്ങനെയാണെന്ന് ഉറപ്പുവരുത്താം.
അപ്പോൾ, ദൈവപുത്രനായ യേശു ആവശ്യപ്പെട്ടതുപോലെ, നമ്മൾ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി മാറും. അതുവഴിയായി അവിടത്തെപ്പോലെ മറ്റുള്ളവർക്കു ജീവൻ നൽകാനും അതു സമൃദ്ധമായി നൽകാനും സാധിക്കും.
ലോകത്തിനു വേണ്ടത്
ലോകത്തിന് ഇന്നു വേണ്ടതു ദോഷൈകദൃക്കുകളെയും നിഷേധാത്മക വിമർശകരെയുമല്ല. നേരേ മറിച്ചു ശുഭാപ്തി വിശ്വാസികളെയും ക്രിയാത്മക ചിന്തകൾ ഉള്ളവരെയുമാണ്.
അവർക്കു മാത്രമേ ഈ ലോകത്തിലെ അന്ധകാരം മാറ്റി നമ്മുടെ സമൂഹത്തെ നന്മയിലേക്കും വെളിച്ചത്തിലേക്കും നയിക്കാനാകൂ. അമേരിക്കൻ ചിന്തകനായ റാൾഫ് എമേഴ്സണ് ഇപ്രകാരം എഴുതിയിരിക്കുന്നു. "ജീവിതത്തിന്റെ ലക്ഷ്യം സന്തോഷം കണ്ടെത്തുക എന്നതല്ല.
പ്രത്യുത, പ്രയോജനകരവും ബഹുമാന്യവും കരുണാമയവുമായി നമ്മൾ ജീവിച്ച് നമ്മുടെ സമൂഹത്തിൽ ക്രിയാത്മകമായ വ്യത്യാസം വരുത്തുക എന്നുള്ളതാണ്.' അതായത്, നമ്മുടെ സമൂഹത്തിലെ നന്മയുടെ ഭണ്ഡാരത്തിലേക്കു നാം സംഭാവന ചെയ്യുക എന്നതായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം എന്നു സാരം.
കിയോ പറഞ്ഞ വിവിധ കാമറ ലെൻസുകളുടെ കാര്യത്തിലേക്കു മടങ്ങിവരട്ടെ. നമ്മുടെ കാമറക്കണ്ണുകൾ ഫോക്കസ് ചെയ്യുന്നതു സമൂഹത്തിലെയും വ്യക്തികളുടെയും നന്മയിലേക്കാണെന്നു നമുക്ക് ഉറപ്പുവരുത്താം. അപ്പോൾ, നാം സ്വാഭാവികമായും സമൂഹത്തിലെ നന്മയുടെ ഭണ്ഡാരത്തിലേക്കു വലിയ സംഭാവനകൾ നൽകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ