ഭൂമിക്കാര് കുട പിടിക്കും
Saturday, March 22, 2025 8:48 PM IST
ഭൂമിക്കാര് കുട പിടിക്കും
ഡെന്നി തോമസ്
വട്ടക്കുന്നേൽ
പേജ്: 128 വില: ₹ 180
ഡിസി ബുക്സ്,
കോട്ടയം
ഫോൺ: 7290092216
കാലിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുകയാണ് ഈ റഫറൻസ് ഗ്രന്ഥം. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ നമ്മുടെ ആവാസ വ്യവസ്ഥ നേരിടുന്ന വിവിധ വെല്ലുവിളികളും അതിന്റെ കാരണങ്ങളും അന്വേഷിക്കുകയാണിവിടെ.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനങ്ങളും മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്കു ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഗ്രന്ഥകാരൻ സമൂഹത്തെ ഉണർത്താൻ ഈ വിഷയത്തിന്റെ വിവിധ വശങ്ങൾ വിശകലനം ചെയ്യുന്നത്. ആഗോളതാപനത്തിന്റെ ഇരയായി കേരളവും മാറുന്നത് ഈ വിഷയത്തിലേക്കു ശ്രദ്ധയൂന്നാൻ കാരണമായതായി ആമുഖത്തിൽ പറയുന്നു.
ആഗോളതാപനത്തിന്റെ തിക്തഫലങ്ങളെ അതിന്റെ തീവ്രതയിൽ ചൂണ്ടിക്കാണിക്കാൻ ഈ ഗ്രന്ഥത്തിനു കഴിയുന്നുണ്ട്. സമീപകാലത്തു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥാമാറ്റങ്ങളെയും ഒരു കഥാകൃത്തിന്റെ കൈയടക്കത്തോടെ വിവരിക്കുന്നതു വായനക്കാരെ സ്പർശിക്കും.
വളരെ ഒതുക്കത്തോടെയും എന്നാൽ ലളിതമായുമുള്ള വിവരണങ്ങളും വായന എളുപ്പമുള്ളതാക്കുന്നു. ഇതു വായിച്ചു തീർത്താൽ ഏതൊരാൾക്കും ചുറ്റുപാടുകളിലേക്കും പ്രകൃതിയിലെ മാറ്റങ്ങളിലേക്കും കണ്ണുപായിക്കാൻ പ്രേരണയുണ്ടാകും.
കാലാവസ്ഥാ വ്യതിയാനം മൂലം മാറിമറിയുന്ന ജീവിതവ്യവസ്ഥകൾ, തൊഴിൽ സാഹചര്യങ്ങൾ, കുറ്റിയറ്റു പോകുന്ന ജീവജാലങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിവരങ്ങൾ ഈ ഗ്രന്ഥത്തിന്റെ ഈടുകൂട്ടുന്നു. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ആർക്കും സമീപിക്കാവുന്ന ഒരു ആധികാരിക ഉറവിടമാണ് "ഭൂമിക്കാര് കുട പിടിക്കും' എന്ന ഗ്രന്ഥം.
ഫ്രണ്ട്സ് ലോഡ്ജ് ഓഫ് പൈലത്തൂർ
പാന്പുറം അരവിന്ദ്
പേജ്: 230 വില: ₹ 310
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
കൊല്ലം സ്വദേശി അധ്യാപകനായി മലബാറിലെ ഒരു സ്കൂളിലെത്തുന്നതും തുടർന്ന് അവിടെ ചെലവഴിക്കുന്ന രണ്ടര വർഷക്കാലം നടന്ന കാര്യങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. പല കാര്യങ്ങളോടും വൈകാരികമായി പ്രതികരിച്ചിരുന്ന ചെറുപ്പക്കാരന്റെ ജീവിതം മാറിമറിയുന്നതും ഇവിടെ കാണാം.
വിസ്മയപർവം
സി. ഏനദി
പേജ്: 286 വില: ₹ 300
വോയിസ് ബുക്സ്,
മഞ്ചേരി
ഫോൺ: 9447535488
സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിലെ കൊടിയപീഡനങ്ങളിൽനിന്നു രക്ഷപ്പെടാൻ ജീവിതം അവസാനിപ്പിച്ചു കളയാമെന്ന തീരുമാനത്തിൽ പർവതമുകളിലെ തീർഥാടനകേന്ദ്രത്തിലേക്കു യാത്രയാകുന്ന യുവതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ മാറ്റങ്ങൾ ഈ നോവലിൽ.
ഓർമയിലൊരു വസന്തം
കെ.കെ. പ്രേംരാജ്
പേജ്: 114 വില: ₹ 200
അഡോർ പബ്ലിഷിംഗ്
ഹൗസ്, ബംഗളൂരു
ഫോൺ: 9886910278
പാരലൽ കോളജുകൾ പ്രതാപത്തോടെ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഈ നോവൽ. സൗഹൃദങ്ങളുടെ നിമിഷങ്ങളിലൂടെ നോവൽ നമ്മെ കൊണ്ടുപോകുന്പോൾ ചിലരെങ്കിലും അവരുടെ വിദ്യാഭ്യാസകാലഘട്ടത്തെ വീണ്ടും ഒാർമിക്കും.
Samagra Navothana Mahayajnam
ആചാര്യ
സച്ചിതാനന്ദ ഭാരതി
പേജ്: 200 വില: ₹ 200
വിഭന്ദ് ക്രാഫ്റ്റ്സ്
ബുക്സ്, തൃശൂർ
ഫോൺ: 0480 2733999
എല്ലാ ഹൃദയങ്ങളും സമാധാനത്തിന്റെ ഉറവിടങ്ങളും സമൂഹത്തെ നവീകരിക്കാൻ ശേഷിയുള്ളതുമാണ്. ശരിയായ കാഴ്ചപ്പാടുകളാണ് സുസ്ഥിരവികസനത്തിലേക്കും വളർച്ചയിലേക്കും നയിക്കുന്നത്. ബിസിനസിനും വ്യാപാരത്തിനും നിത്യജീവിതത്തിനുമെല്ലാം ഈ തത്വം ബാധകമാണ്. സമൂഹത്തെ നവീകരിക്കാൻ ശേഷിയുള്ള വ്യക്തികളെ ആത്മീയ പിൻബലത്തോടെ എങ്ങനെ വളർത്തിയെടുക്കാമെന്നു വിശദീകരിക്കുകയാണ് ഗ്രന്ഥകാരൻ.