ജെലീനയുടെ സ്വർഗരാജ്യം
റെനീഷ് മാത്യു
Saturday, July 12, 2025 9:59 PM IST
അപകടത്തിൽ സഹോദരന്റെ അപ്രതീക്ഷിത മരണം. പിന്നാലെ സഹോദരൻ നടത്തിയിരുന്ന ബിസിനസ് വൻ ബാധ്യതയിലാണെന്ന ഞെട്ടിക്കുന്ന വിവരം. കുടുംബം പകച്ചുനിൽക്കെ ഐടി കന്പനിയിലെ ജോലി ഉപേക്ഷിച്ച് നഷ്ടത്തിലായ സഹോദരന്റെ ബിസിനസ് ഏറ്റെടുത്തു. ഇന്നു വളർച്ചയുടെ പടവുകൾ കയറുകയാണ് യുവസംരംഭക ജെലീന. മാലിന്യസംഭരണം ബിസിനസ് ആക്കിയ കേരളത്തിലെ ഏക വനിത.
2021 ഏപ്രിൽ 23. ജലീനയ്ക്ക് ആ ദിനവും എല്ലാ ദിവസവും പോലെയാണ് തുടങ്ങിയത്. കണ്ണൂരിൽനിന്നു കൊച്ചിയിലെത്തി ഇൻഫോപാർക്കിലെ ഐടി ലോകത്തെ ജീവിതം കുഴപ്പമില്ലാതെ പോകുന്നു. ഭേദപ്പെട്ട ശന്പളം. പഠിക്കുന്ന കാലത്തുതന്നെ കരിയറിനെക്കുറിച്ച് അത്ര വലിയ ആകുലതയോ കാര്യമായ ലക്ഷ്യമോ ഒന്നും ജലീനയ്ക്ക് ഉണ്ടായിരുന്നില്ല. സാഹചര്യങ്ങൾ ഒത്തുവന്നതിനാൽ ബംഗളൂരുവിൽ പോയി ബിടെക് പഠിച്ചു. പിന്നെ കുറെ നാൾ വീട്ടിൽ വെറുതെയിരുന്നു.
അങ്ങനെ കഴിയവേയാണ് വിദേശത്തേക്കു ജോലിക്കു പോയാലോ എന്ന ചിന്ത തോന്നിത്തുടങ്ങിയത്. അതോടെ വിദേശത്തേക്കു പോകാൻ ശ്രമം തുടങ്ങി. അതിനുള്ള തയാറെടുപ്പുകൾ നടത്തിവരുന്നതിനിടെയാണ് ഒരു സുഹൃത്ത് എറണാകുളം കാക്കനാട്ട് ഇൻഫോപാർക്കിലെ ഒരു ഐടി കന്പനിയിലെ വേക്കൻസിയെക്കുറിച്ചു പറയുന്നത്.
ഇതോടെ അവിടെ അപേക്ഷ നൽകി. ആ ജോലി ലഭിച്ചു. അങ്ങനെ ഇൻഫോ പാർക്കിന്റെ ഭാഗമായി. പിന്നീട് കൊച്ചിയിൽ ഒാഫീസുള്ള ഒരു ഒാസ്ട്രേലിയൻ കന്പനിയിലും മറ്റൊരു കന്പനിയിലുമായി ജോലി ചെയ്ത് ഭേദപ്പെട്ട ശന്പളവുമൊക്കെയായി ഐടി കരിയർ പതുക്കെ മുകളിലേക്കു കയറിത്തുടങ്ങിയ സമയം.
ആ ഫോൺ കോൾ
ആ ദിവസം ജലീനയെത്തേടി നാട്ടിൽനിന്ന് ഒരു ഫോൺ കോൾ എത്തി. ജീവിതംതന്നെ മാറിമറിഞ്ഞ ഫോൺ സന്ദേശം. വാഹനാപകടത്തിൽ സഹോദരന് ഗുരുതരമായി പരിക്കേറ്റെന്നും അടിയന്തരമായി കണ്ണൂർ പിലാത്തറ വികാസ് നഗറിലെ വീട്ടിലേക്ക് എത്താനുമായിരുന്നു സന്ദേശം.
ജീവനെപ്പോലെ സ്നേഹിക്കുന്ന ജ്യേഷ്ഠൻ മെയ്ജോയ്ക്ക് എന്തുപറ്റിയെന്ന ആധിയോടെയാണ് വീട്ടിലേക്കു തിരിച്ചത്. എന്നാൽ, സഹോദരന്റെ ചേതനയറ്റ ശരീരമാണ് അവിടെ ജലീനയെ കാത്തിരുന്നത്. ചേട്ടൻ മെയ്ജോ ഇനിയില്ല എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ കുറെ സമയമെടുത്തു.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ബിസിനസ് ആയിരുന്നു മെയ്ജോ ചെയ്തിരുന്നത്. അതൊക്കെ നല്ല നിലയിൽ പ്രവർത്തിക്കുകയാണെന്നായിരുന്നു വീട്ടുകാരുടെ ധാരണ. മെയ്ജോ ബിസിനസ് സംബന്ധമായ കൂടുതൽ കാര്യങ്ങളൊന്നും ജലീനയോടും പറഞ്ഞിരുന്നില്ല.
ചേട്ടനു വലിയ ബിസിനസ് സ്വപ്നങ്ങൾ ഉണ്ടായിരുന്നതായി അവൾക്ക് അറിയാമായിരുന്നു. മെയ്ജോയുടെ സംസ്കാരവും മറ്റും കഴിഞ്ഞ ദിവസങ്ങളിലാണ് മറ്റൊരു ഞെട്ടിക്കുന്ന യാഥാർഥ്യം അവൾ തിരിച്ചറിയുന്നത്. ചേട്ടന്റെ കൂട്ടുകാരിൽ ചിലരാണ് അക്കാര്യങ്ങൾ അവളോടു പറയുന്നത്. നല്ല നിലയിൽ പൊയ്ക്കൊണ്ടിരുന്നു എന്നു കരുതിയ ചേട്ടന്റെ ബിസിനസ് കടത്തിൽ മുങ്ങി നിൽക്കുകയാണത്രേ. ഏതാണ്ട് അരക്കോടിയോളം രൂപയുടെ ബാധ്യതയുണ്ട്.
മുന്നിൽ വൻ ബാധ്യത
ഇതു കേട്ടതും എന്തു ചെയ്യണമെന്നറിയാതെ കുറെ നേരം അവൾ തരിച്ചിരുന്നു. മെയ്ജോയുടെ സംസ്കാരം കഴിഞ്ഞതിന്റെ പിറ്റേന്നു മുതൽ പണം കിട്ടാനുണ്ടായിരുന്ന പലരും വീട്ടിലേക്കു വന്നുതുടങ്ങി. ഇതു കടുത്ത മാനസിക വിഷമമാണ് ജെലീനയ്ക്കും കുടുംബത്തിനുമുണ്ടാക്കിയത്. തന്റെ ജോലി കൊണ്ടു മാത്രം ഇത്രയും വലിയ കടം വീട്ടാൻ തനിക്കു കഴിയില്ലെന്ന് അവൾക്കു മനസിലായി.
മെയ്ജോയ്ക്കു ബിസിനസിൽ എവിടെയാണ് പിഴവു പറ്റിയതെന്ന് ആർക്കുമറിയില്ല. പണം പുറത്ത് എവിടെയൊക്കെയോ കിടപ്പുണ്ടായിരിക്കാമെന്ന് വീട്ടുകാർക്കു തോന്നിയെങ്കിലും ഒന്നിന്റെയും രേഖയോ വിവരങ്ങളോ ലഭ്യമായിരുന്നില്ല. ചേട്ടനു ബിസിനസിൽ സംഭവിച്ച ബാധ്യതകൾ കൊടുത്തു തീർക്കുന്നതായിരിക്കും ഇക്കാലമത്രയും ചേട്ടൻ നൽകിയ സ്നേഹത്തിനുള്ള മറുപടിയെന്ന് അവൾക്കു തോന്നി.
ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞു കൈകഴുകാനല്ല, അത് ഏറ്റെടുക്കാനാണ് ജെലീനയും കുടുംബവും തീരുമാനിച്ചത്. എന്നാൽ, പണം കൊടുത്തുതീർക്കാൻ എന്താണ് വഴിയെന്ന ചോദ്യം ഉത്തരംകിട്ടാതെ മുന്നിലുണ്ടായിരുന്നു.
ജീവിതം മാറ്റിയ ഫോൺ
ഇതിനിടെ, സഹോദരന്റെ ഫോൺ ജെലീനയുടെ കൈവശം ആയിരുന്നു. അതിലേക്കു മെയ്ജോ മരിച്ചതിനു ശേഷവും നിരവധി കോളുകൾ വരുന്നുണ്ടായിരുന്നു. മരിച്ചത് അറിയാതെ വിളിച്ചവരും മെയ്ജോയുമായി ബിസിനസ് ഇടപാടുകൾ നടത്തിയിരുന്നവരുമൊക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
2017ൽ മെയ്ജോ തുടങ്ങിയതാണ് തിരുവോണം ഇക്കോ ഇൻഡസ്ട്രിസ് എന്ന സ്റ്റാർട്ട് അപ് സംരംഭം. കുപ്പി, കൂട് തുടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കൾ തദ്ദേശസ്ഥാപനങ്ങളിൽനിന്നു ശേഖരിക്കുന്നതായിരുന്നു ബിസിനസ്.
പയ്യന്നൂർ, മാഹി, ബത്തേരി നഗരസഭകളിലെ പ്ലാസ്റ്റിക് വസ്തുക്കൾ എടുത്തിരുന്നത് മെയ്ജോ ആയിരുന്നു. ഇതു സംഭരിച്ചു തരംതിരിച്ച് സംസ്കരണം നടത്തുന്ന കന്പനികൾക്ക് എത്തിച്ചു നൽകുന്നതായിരുന്നു ബിസിനസ്. എന്നാൽ, ബിസിനസിൽ നാലു വർഷം പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിത വിയോഗം. ഒരു തുടക്കക്കാരനെന്ന നിലയിൽ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എങ്കിലും, സാന്പത്തിക ബുദ്ധിമുട്ടുകൾ ആരെയും അറിയിച്ചിരുന്നില്ല.
മരിച്ച ശേഷം ഫോണിലേക്കു വിളിച്ചവരിൽ ലോഡ് കൊണ്ടുപോകുന്ന വണ്ടിക്കാരും ഇടപാടുകാരുമൊക്കെയുണ്ടായിരുന്നു. ചേട്ടന്റെ ബിസിനസ് ഏറ്റെടുത്തുകൂടെയെന്ന് അവരിൽ പലരും ചോദിച്ചു. കൂടെ നിന്നാൽ മതി, ഞങ്ങൾ എല്ലാം ചെയ്തോളാമെന്നും ചിലർ പറഞ്ഞു. മെയ്ജോയുടെ സുഹൃത്തുക്കളും ഇതേ അഭിപ്രായം പറഞ്ഞ് ആത്മവിശ്വാസം പകർന്നു.
രണ്ടു മുന്നു ദിവസങ്ങളും ഈ വാക്കുകൾ മനസിൽ മുഴങ്ങിക്കൊണ്ടിരുന്നു. ചേട്ടന്റെ ബാധ്യതകൾ ചേട്ടൻ തുടങ്ങിവച്ച ബിസിനസിലൂടെ തീർക്കുക... അതൊരു തീരുമാനമായി മാറുകയായിരുന്നു. ഈ ബിസിനസ് തുടർന്നാൽ കൊടുക്കാനുള്ളവരോടു സാവകാശം ചോദിക്കാനും എളുപ്പമാകുമെന്ന് ജെലീനയ്ക്കു തോന്നി. അവിടെ ജെലീന എന്ന യുവസംരംഭക ജനിച്ചു.
കേരളത്തിൽ ഇന്നേവരെ വനിതകൾ കൈവച്ചിട്ടില്ലാത്ത ഒരു സംരംഭത്തിനു ചുക്കാൻ പിടിക്കാൻ അവൾ തീരുമാനിച്ചു. ഐടി ജോലി ഉപേക്ഷിച്ച് 2021 ജൂൺ ആറിനു തുടക്കമിട്ട ആ യാത്ര ഇന്നു ജെലീനയെ കേരളത്തിലെ മികച്ച വനിതാസംരംഭകരിൽ ഒരാളാക്കി മാറ്റിയിരിക്കുന്നു.
സഹോദരന്റെ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കന്പനി ഏറ്റെടുത്തു. ബാധ്യതകൾ പൂർണമായും കൊടുത്തുതീർത്തു. ഒപ്പം ഇതേ മേഖലയിൽ മറ്റൊരു കന്പനികൂടി തുടങ്ങി വളർച്ചയുടെ പടവുകൾ കയറുന്നു. കണ്ണൂർ പരിയാരം, കണ്ണാടിപൊയിൽ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഇന്നു ഗോഡൗണുകളുണ്ട്.
ചേട്ടൻ ഇട്ടുതന്ന അടിത്തറ
തദ്ദേശ സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുക എന്ന തന്റെ ബിസിനസ് ആശയം മെയ്ജോ ആദ്യമായി പറഞ്ഞപ്പോൾ ജെലീന കൊടുത്ത മറുപടി "ഗ്ലാമറില്ലാത്ത ബിസിനസ്' എന്നതായിരുന്നു. സഹോദരിയുടെ കമന്റ് വകവയ്ക്കാതെ മെയ്ജോ ബിസിനസുമായി മുന്നോട്ടുപോയി.
ഇന്ന് അതേ ബിസിനസ് അഭിമാനത്തോടെ ചെയ്യുകയാണ് ഈ യുവതി. മാലിന്യസംസ്കരണം പരിസ്ഥിതി സംരക്ഷണം മാത്രമല്ല ലാഭകരമായ ബിസിനസ് ആണെന്നു തെളിയിച്ചുകൊണ്ട്.
"ഏട്ടന് ഒരു പ്ലാറ്റ് ഫോം ഇട്ടു തന്നിട്ടാണ് പോയത്. ഞാന്‍ അതു റണ്‍ ചെയ്തു. മാലിന്യ സംസ്കരണത്തെ മാന്യമായ ഒരു തൊഴിലാക്കാൻ തിരുവോണം ഇക്കോ ഇന്‍ഡ്ട്രീസ് വഴി മെയ്ജോ പരിശ്രമിച്ചു.
ബത്തേരി, പയ്യന്നൂര്‍, മാഹി മുനിസിപ്പാലിറ്റികളുമായിട്ടായിരുന്നു ആദ്യ ഘട്ടത്തില്‍ കരാര്‍. പ്ലാസ്റ്റിക് ശേഖരിച്ച് വേർതിരിച്ച് സിമന്റ് കന്പനികൾ ഉൾപ്പെടെയുള്ള കന്പനികൾക്കു നൽകുകയായിരുന്നു. മാഹിയില്‍നിന്നു ലോഡ് എടുത്ത് പയ്യന്നൂരിലേക്കു വരുന്ന വഴിയായിരുന്നു അപകടം, മുപ്പത്തിമൂന്നാം വയസിൽ.
സഹോദരന്റെ മരണശേഷം ഐടി കന്പനി വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. ഓഫീസിൽ തിരികെ പോയി ജോലി ചെയ്യാനുള്ള ഒരു മാനസികാവസ്ഥ ഇല്ലായിരുന്നു. അതിനാൽ, ചേട്ടന്റെ ഒാർമകൾ നിലനിൽക്കുന്ന ബിസിനസ് ഏറ്റെടുത്തു.
സഹോദരൻ തുടങ്ങിവച്ച തിരുവോണം ഇക്കോ ഇൻഡസ്ട്രിസ് എന്ന പേരിന്റെ കൂടെ പ്രൈവറ്റ് ലിമിറ്റഡ് എന്നുംകൂടി ചേർത്ത് തിരുവോണം ഇക്കോ ഇൻഡസ്ട്രിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്കു തുടക്കമിട്ടു. ഭർത്താവ് അരുൺ തോമസും അച്ഛൻ ഇഗ്നേഷ്യസും ഈ കന്പനിയുടെ പാർടണർമാരാണ്.
ഇതുകൂടാതെ, തന്റെ സ്വന്തം നിയന്ത്രണത്തിൽ തിരുവോണം അസോസിയേറ്റ്സ് എന്ന സ്ഥാപനവും തുടങ്ങി. കന്പനികൾക്കു പ്രത്യേക ഒാഫീസ് സംവിധാനം ഇല്ല. വീടാണ് ഒാഫീസ് ആയി ഉപയോഗിക്കുന്നത്. സഹായിക്കാൻ ചുരുക്കം ജീവനക്കാർ ഒപ്പമുണ്ട്.
അഭിമാനത്തോടെ മുന്നോട്ട്
ഇപ്പോൾ അഭിമാനമുണ്ട്. ജ്യേഷ്ഠന്റെ എല്ലാ കടങ്ങളും വീട്ടി. ബാങ്ക് ലോണും വ്യക്തികളിൽനിന്നു കടം വാങ്ങിയതുമെല്ലാം. വീട് ജപ്തിയിലേക്കു പോകും മുന്‍പ് വില്‍ക്കേണ്ടി വന്നു. എന്നാൽ, ഇതെല്ലാം തിരികെ പിടിക്കാൻ അതേ ബിസിനസിലൂടെ സാധിച്ചു.
ഇന്നു കാസർഗോഡ് മുതല്‍ കോട്ടയം വരെ 26 തദ്ദേശ സ്ഥാപനങ്ങളുമായി തിരുവോണം ഇൻഡസ്ട്രീസിനു മാലിന്യസംഭരണ കരാറുണ്ട്. ഭർത്താവ് അരുൺ തോമസ് കൃഷിക്കാരനാണ്. മകൾ സെയിറ എലിസബത്ത്. മാതാപിതാക്കളായ ഇഗ്നേഷ്യസ് ആന്റണിയും അമ്മ ജെസിയും മകൻ നഷ്ടമായതിന്റെ വേദന മകളുടെ നേട്ടങ്ങളിലൂടെ മറക്കാൻ ശ്രമിക്കുന്നു.
മെയ്ജോയുടെ സ്വപ്നം
സഹോദരന്റെ സ്വപ്നമായിരുന്ന മറ്റൊരു പ്രോജക്ട് കൂടി സഫലമാക്കാനുള്ള ശ്രമത്തിലാണ് ജെലീന. പ്ലാസ്റ്റിക്കിൽനിന്ന് ഇൻഡസ്ട്രിയല്‍ ഓയില്‍ നിര്‍മിക്കുക എന്ന ആശയം മെയ്ജോയ്ക്കുണ്ടായിരുന്നു. കേരളത്തില്‍ കടമ്പകള്‍ ഉള്ളതിനാല്‍ സൂറത്തില്‍ എവിടെയോ ഇതിനായി ഒരു ഇന്‍വെസ്റ്റ്മെന്റ് നടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
എന്നാൽ, അതിന്റെ രേഖകളൊന്നും കണ്ടുകിട്ടിയിട്ടില്ല. അതു കിട്ടിയാലും ഇല്ലെങ്കിലും ആ സ്വപ്നത്തിലേക്കു ചുവടുവച്ചു തുടങ്ങി. ഇൻഡസ്ട്രിയൽ ഓയിലിനൊപ്പം ബയോ ഫ്യൂവലും പ്ലാസ്റ്റിക്കിൽനിന്ന് നിർമിക്കാനുള്ള പ്രോജക്ട് തയാറാക്കിക്കഴിഞ്ഞു. പ്ലാസ്റ്റിക്കിനെ നിരോധിക്കുകയല്ല, ഉപയോഗശേഷം ഇതുപോലെ ഫലപ്രദമായ രീതിയിൽ വിനയോഗിക്കുകയാണ് വേണ്ടതെന്നു ജെലീന പറയുന്നു. പല വിദേശ രാജ്യങ്ങളും ഇക്കാര്യത്തിൽ മാതൃകയാണ്.
നഗരസഭകളിൽനിന്നു പ്രതിമാസം ഏകേദശം 25-60 ടണ്‍ മാലിന്യവും പഞ്ചായത്തുകളില്‍നിന്ന് 4-5 ടണ്‍ മാലിന്യവുമാണ് ശേഖരിക്കുന്നത്. കന്പനി സംബന്ധമായ എല്ലാ കാര്യങ്ങളും ജെലീന തനിയെയാണ് നോക്കുന്നത്. ഏതു സമയത്തും ജോലി ചെയ്യാൻ തയാർ.
ആഴ്ചകളിൽ നിരവധി യാത്രകളും ചെയ്യാറുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ ചില വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ഗുണമേന്മയുള്ള സേവനവും സമയബന്ധിതമായ മാലിന്യ നീക്കവും ഉറപ്പാക്കിയതോടെ ഇടപാടുകാരുടെ വിശ്വാസം നേടി. മാലിന്യസംഭരണം പോലെയുള്ള ഒരു ബിസിനസ് രംഗത്ത് കേരളത്തിൽ നിലവിലുള്ള ഏക വനിതാസംരംഭക ഞാനാണ്- ജെലീന അഭിമാനത്തോടെ പറയുന്നു.