സോണറ്റ് വിജയഗീതം
റെജി ജോസഫ്
Sunday, May 4, 2025 12:17 AM IST
ഐഎഎസ് നേടണമെങ്കിൽ മഹാനഗരത്തിലെ വൻകിട വിദ്യാലയങ്ങളിൽ പഠിക്കണമെന്ന ധാരണ തിരുത്തിയവൾ. മലയാളം മീഡിയത്തിൽ പഠനം. നാട്ടിൻപുറത്തെ തികച്ചും സാധാരണ സാഹചര്യങ്ങളിൽനിന്ന് സിവിൽ സർവീസ് കൈയെത്തി പിടിച്ച സോണറ്റ് ജോസ്.
ചവിട്ടിനടന്ന കനലുകൾ ഉള്ളിലൊരു തീയായി ജ്വലിച്ചപ്പോൾ തോറ്റാലും കുഴപ്പമില്ല, ഞാൻ അടുത്ത തവണ വീണ്ടും ശ്രമിക്കും... ഇതായിരുന്നു ഇത്തവണ സിവിൽ സർവീസ് ഫൈനൽ പരീക്ഷയും അഭിമുഖവും കഴിഞ്ഞുവന്നപ്പോൾ സോണറ്റ് പ്രിയപ്പെട്ടരോടു പറഞ്ഞത്.
പക്ഷേ, ആ കനൽ വഴികളും കഠിനാധ്വാനവും പൊൻതിളക്കമുള്ളതായപ്പോൾ യുപിഎസ്സി സോണറ്റിനോടു പറഞ്ഞു, വേണ്ട ഇനി നീ കഷ്ടപ്പെടേണ്ടേ, നിന്നെ സിവിൽ സർവീസിൽ എടുത്തിരിക്കുന്നു! സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് സോണറ്റ് ജോസിന് എന്ന വാർത്ത നാട്ടുകാരെ ആഹ്ലാദലഹരിയിലാക്കിയപ്പോഴും സോണറ്റിന് അന്പരപ്പ് മാറിയിരുന്നില്ല.
പ്രതീക്ഷിച്ചതിലും മികച്ച വിജയം തേടിയെത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം സിവിൽ സർവീസ് പ്രിലിമിനറിയും മെയിനും പാസായി ഇന്റർവ്യൂവിൽ ശോഭിക്കാനാവാതെ പരാജയപ്പെട്ടപ്പോൾ അല്പം വിഷമം തോന്നിയിരുന്നു. എന്നാൽ, വിട്ടുകൊടുക്കാൻ മനസില്ലായിരുന്നു. മുണ്ടക്കയം മലയോരഗ്രാമമായ പുലിക്കുന്നിൽ സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന സോണറ്റ് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് രാജ്യത്തെ ഏറ്റവും തിളക്കമുള്ള പ്രഫഷനിലേക്കു ചുവടുവച്ചത്.
അന്നേ സാമൂഹ്യപ്രവർത്തനം
ഐഎഎസ് നേടണമെങ്കിൽ മഹാനഗരത്തിലെ വൻകിട വിദ്യാലയങ്ങളിൽ പഠിക്കണമെന്ന ധാരണയും സോണറ്റ് തിരുത്തി. മലയാളം മീഡിയത്തിൽ മുണ്ടക്കയം സെന്റ് ജോസഫ്സ് ഹൈസ്കൂളിലും എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലും പഠനം. ഒന്നാം ക്ലാസിൽ പഠിക്കുന്പോൾ എങ്ങനെയോ മനസിൽ കയറിയതാണ് സിവിൽ സർവീസ്. ആ ബോധ്യത്തിലായിരുന്നു പിന്നീടുള്ള ഓരോ ചുവടുവയ്പും.
പഠനത്തിൽ മാത്രമല്ല, എൻഎസ്എസ്, എസ്പിസി, നേച്ചർ ക്ലബ് തുടങ്ങി എല്ലാറ്റിനും മുൻനിരക്കാരിയായിരുന്നു. പ്രകൃതിയെയും പരിസ്ഥിതിയെയും സമൂഹത്തെയും കണ്ടും അറിഞ്ഞും പഠിച്ചും ക്യാന്പുകൾക്കും യാത്രകൾക്കും ഓടി നടന്ന പഠനകാലം. പത്രമാസികകളും പുസ്തകങ്ങളും ആവോളം വായിച്ചു. പ്രസംഗം, ഉപന്യാസം, ക്വിസ് തുടങ്ങിയവയിൽ കൈനിറയെ സമ്മാനങ്ങൾ വാരിക്കൂട്ടി. ഷോട്ട്പുട്ടിലും ജാവലിനിലും സംസ്ഥാന ജേതാവായി.
ഡൽഹിയിൽ പഠനം
പ്ലസ് ടുവിനു ശേഷം ഡൽഹിയിൽ പോയി ഫിസിക്സിൽ ബിരുദം നേടുക എന്നത് സോണറ്റിന്റെ ഉറച്ച തീരുമാനമായിരുന്നു. സാന്പത്തികമായി അത്ര ഭദ്രമല്ലായിരുന്നു സ്ഥിതിയെങ്കിലും കുടുംബം ഒപ്പം നിന്നതോടെ ഡൽഹി സർവകലാശാലയിലേക്കു പോയി. മിറാൻഡ ഹൗസ് കോളജിൽ ബിരുദത്തിനു പഠിക്കുന്പോൾ അധ്യാപകരും കൂട്ടുകാരും ഐഎഎസ് സ്വപ്നത്തിനു വീണ്ടും നിറമേകി.
ഡൽഹി സർവകലാശാലയിൽ എത്തുന്ന ഭൂരിഭാഗം പേരും സിവിൽ സർവീസ് സ്വപ്നം ഗൗരവമായി കാണുന്നവരായിരുന്നു. ബിരുദ പഠനകാലത്തു ലാബും മറ്റ് തിരക്കുകളും ഉണ്ടായിരുന്നതിനാൽ സിവിൽ സർവീസ് പഠനം ഗൗരവമായെടുത്തില്ല. എങ്കിലും പ്രധാന പുസ്തക ശാലകളിലും പരിശീലന കേന്ദ്രങ്ങളിലും പോയി സാധ്യതകൾ ആരാഞ്ഞു. ഒപ്പം വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പ്രമുഖരുമായി സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു.
ബിരുദപഠനം രണ്ടാം വർഷത്തിൽ കോവിഡ് മഹാമാരി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും സോണറ്റ് തളർന്നില്ല. നാട്ടിലേക്കു മടങ്ങിയെത്തി വീട്ടിലിരുന്ന് ഓണ്ലൈനിൽ പഠനം തുടർന്നു.
സംഗീതം പോലെ
മൂന്നാം വർഷം മടങ്ങി ഫിക്സിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരം ഫോർച്യൂണ് അക്കാഡമിയിൽ സിവിൽ സർവീസസ് പഠനം തുടങ്ങി. ഫിസിക്സല്ല, ഭൂമിശാസ്ത്രമാണു ഐച്ഛിക വിഷയമായി എടുത്തത്. ജ്യോഗ്രഫിയിൽ മികച്ച പ്രസിദ്ധീകരണങ്ങളും പ്രഗല്ഭരായ പരിശീലകരുമുണ്ടായതും നേട്ടമായി. നരവംശശാസ്ത്രം ഐച്ഛികമായി എടുക്കാൻ ആഗ്രഹിച്ചെങ്കിലും ഫിസിക്സുമായി ഏറെ അടുപ്പമുള്ള ജ്യോഗ്രഫിതന്നെ പഠനവിഷയമാക്കി. ജ്യോഗ്രഫി വളരെ ഇഷ്ടമുള്ള വിഷയവുമാണ് - സോണറ്റ് പറഞ്ഞു.
കോട്ടയം മുണ്ടക്കയം പുലിക്കുന്ന് കരിനിലത്ത് ഈറ്റയ്ക്കകുന്നേൽ വീട്ടിൽ കർഷകനായ ഇ.ഡി. ജോസിന്റെയും അമ്മ മേരിക്കുട്ടിയുടെയും ഇളയമകൾ ഇപ്പോൾ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ്.
ഇംഗ്ലീഷിൽ സോണറ്റ് എന്ന പദത്തിനർഥം ഗീതകം. 24-ാം വയസിൽ സിവിൽ സർവീസിൽ മുൻനിര റാങ്ക് നേടിയ സോണറ്റിന്റെ നേട്ടം സംഗീതം പോലെ മധുരതരം.
വിജയികളുടെ ലിസ്റ്റിൽ വരുമെന്നു കരുതിയിരുന്നെങ്കിലും ഇത്ര ഉയർന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല.- സോണറ്റിന്റെ പ്രതികരണത്തിൽ രണ്ടു വർഷത്തെ അധ്വാനം സഫലമായതിന്റെ സംതൃപ്തി.
പ്ലാൻ പ്രധാനം
ജീവിതത്തിലെ ഓരോ ദിവസത്തിനും മണിക്കൂറിനും പ്ലാനും പദ്ധതിയും വേണമെന്നാണ് സോണറ്റിന്റെ പ്രമാണം. എഴുന്നേൽക്കുന്നതു മുതൽ ഉറങ്ങുന്നതുവരെ കൃത്യമായ ടൈം ടേബിൾ വേണം. കൃത്യനിഷ്ഠയും ഉറച്ച തീരുമാനവുമായിരിക്കണം കൈമുതൽ. സിവിൽ സർവീസ് പരീശീലനകാലത്തു ദിവസവും നിശ്ചിതഭാഗം പഠിക്കുന്ന തരത്തിൽ മൈക്രോ പ്ലാനുകളുണ്ടായിരുന്നു.
പ്രാർഥനയും ദൈവാശ്രയത്വവുമാണ് ജീവിതത്തിനു ബലവും പ്രത്യാശയും ആത്മവിശ്വാസവുമെന്നു സോണറ്റ് പറയുന്നു. അതിനാൽ ദിവസവും പ്രാർഥനയ്ക്കു സമയം കണ്ടെത്തി. കാഞ്ഞിരപ്പള്ളി രൂപതയിൽ പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗ്, എസ്എംവൈഎം ഉൾപ്പെടെ സംഘടനകളുടെ ഭാരവാഹിയായും സജീവമായിരുന്നു. സോണി, സോണിയ എന്നിവർ സഹോദരങ്ങളാണ്.
സ്വന്തം കഴിവ് മാത്രമല്ല ഒപ്പം നിന്ന രക്ഷിതാക്കൾക്കും പരിശീലിപ്പിച്ച അധ്യാപകർക്കുംകൂടി അവകാശപ്പെട്ടതാണ് ഈ നേട്ടമെന്നു സോണറ്റ് ജോസ്.