അക്ഷര കൊട്ടാരം
റെജി ജോസഫ്
Saturday, March 22, 2025 8:33 PM IST
അക്ഷരങ്ങൾക്കൊരു വീട് എന്ന ചിന്തയുമായാണ് കോട്ടയം ജില്ലയിലെ നാട്ടകത്തേക്കു പോയത്. പടിവാതിൽ കടന്നപ്പോൾ മനസിലായി ഇതു അക്ഷര വീടല്ല, അക്ഷരക്കൊട്ടാരം തന്നെയാണ്. അറിവിന്റെ കൊട്ടാരം.
അകത്തേക്കു കയറുന്നവരായിരിക്കില്ല പുറത്തേയ്ക്കു വരുന്നത്. അതിനുള്ളിൽ ചെലവിടുന്ന കുറച്ചു സമയംകൊണ്ടുതന്നെ അറിവിന്റെ സമുദ്രത്തിലൂടെ നമ്മൾ അറിയാതെ യാത്ര തുടങ്ങും. പുറത്തേക്ക് ഇറങ്ങുന്പോൾ എങ്ങനെ പഴയ വ്യക്തിയായി മടങ്ങാനാകും? അറിവിന്റെയും അതിശയത്തിന്റെയും പുതിയ സന്പാദ്യവുമായിട്ടായിരിക്കും ഒാരോരുത്തരുടെയും മടക്കം.അക്ഷരങ്ങളെയും ചരിത്രത്തെയും സ്നേഹിക്കുന്നവർക്കു വിസ്മയവും വിജ്ഞാനവും സമ്മാനിക്കുകയാണ് കോട്ടയം മറിയപ്പള്ളിയിൽ എംസി റോഡരികിൽ അക്ഷര ഭാഷാ സാഹിത്യ സാംസ്കാരിക മ്യൂസിയം.
മനുഷ്യസംസ്കാരത്തെ അടയാളപ്പെടുന്ന ഈ ചരിത്രാസ്വാദന കേന്ദ്രം ചുരുങ്ങിയ കാലത്തിനുള്ളിൽ വിദ്യാർഥികളുടെയും ഗവേഷകരുടെയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു. അക്ഷരമ്യൂസിയത്തിലെ ഓരോ ഗാലറിയും തുറക്കുന്നത് അപാരമായ അറിവനുഭവങ്ങളിലേക്ക്. പുസ്തകം തുറക്കും പോലെയാണ് മ്യൂസിയത്തിന്റെ ഘടന. ഉൾഭാഗത്ത് ഭാഷയുടെ ഉത്പത്തി മുതൽ ഇന്നോളമുള്ള വികാസ പരിണാമങ്ങളുടെ സൂക്ഷ്മമായ ഏടുകൾ. തോലിലും മരവുരിയിലും കല്ലിലും കടലാസിലും വരെ എഴുതിയ അക്ഷര പരിണാമം അറിയാം, ആസ്വദിക്കാം, അതിശയിക്കാം.
സംസാര ശേഷി
സംസാരശേഷി മനുഷ്യർക്ക് എന്നു മുതലാണ് കൈവന്നത്? എപ്പോഴാണ് ഭാഷ ഉത്ഭവിച്ചത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തന്ന ശേഷമാണ് ഗാലറികൾ ആസ്വാദകർക്കായി വാതായനങ്ങൾ തുറക്കുക. പ്രവേശനകവാടത്തിലെ 360 ഡിഗ്രി ത്രീഡീ വിഡിയോ വാൾ ഏകദേശം എഴുപതു ലക്ഷം വർഷങ്ങൾ മുതൽ നാൽപതിനായിരം വർഷങ്ങൾ വരെയുള്ള ഭാഷാ ഉത്പത്തി ചരിത്രം പ്രൊജക്ഷനായി അവതരിപ്പിക്കുന്നു. ഇഴഞ്ഞു നീങ്ങലിൽനിന്ന് നിവർന്നു നിൽക്കാൻ ശരീരം പരുവപ്പെട്ട കാലം മുതൽ ആൾക്കുരങ്ങുകൾ ശബ്ദിക്കാൻ ശ്രമം തുടങ്ങി. മനുഷ്യ പൂർവികരായ ആൾക്കുരങ്ങ് വർഗത്തിലെ ആസ്ട്രലോപിത്തേക്കസ്, ഹോമോഹാബിലിസ്, ഹോമോ ഇറക്റ്റസ്, ഹോമോ നിയാണ്ടർത്താൽസ്, ഹോമോ സാപ്പിയൻസ് വരെയുള്ള മനുഷ്യപരിണാമങ്ങളിലൂടെയാണ് ഭാഷ ഉരുത്തിരിഞ്ഞത്.
പ്രകൃതിക്കുമേലുള്ള നിരന്തര ഇടപടലുകളാണ് പ്രകൃതിയെയും മനുഷ്യശരീരത്തെയും രൂപപ്പെടുത്തുന്നതെന്നാണ് ചരിത്രപാഠം. അനിയന്ത്രിതമായ ശബ്ദങ്ങളിൽനിന്നു സംസാരത്തിനു പാകമായ രീതിയിൽ ശരീര മാറ്റങ്ങളും തലച്ചോറിന്റെ വളർച്ചയും സാധ്യമാകുന്നത് കായിക അധ്വാനംമൂലമാണ്. കൂട്ടായ പ്രവൃത്തികൾക്ക് ആശയവിനിമയം കൂടിയേ തീരൂ എന്ന മനുഷ്യരുടെ അനിവാര്യതയാണ് ആംഗ്യഭാഷയിൽനിന്നു ശബ്ദഭാഷയിലേക്കുള്ള പരിണാമത്തിന് അടിസ്ഥാനം.
ശ്വാസനാളത്തിലെ വായുവിനെ നിയന്ത്രിച്ച് അർഥവും ആശയവുമുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ 27 ലക്ഷം വർഷങ്ങൾക്കു മുൻപ് ഗുഹാമനുഷ്യരായ ഹോമോ ഇറക്റ്റസുകൾക്കു സാധിച്ചിരുന്നതായാണ് പഠനം. ഭക്ഷണം തേടി വനങ്ങളിലൂടെ അലഞ്ഞും മരച്ചങ്ങാടങ്ങളിൽ പുഴകൾ താണ്ടിയുമുള്ള ദേശാടനം ഭാഷയെ ത്വരിതപ്പെടുത്തിയ പ്രധാന ഘടകമാണ്. എഴുപതിനായിരം വർഷങ്ങൾക്കു മുൻപാണ് വാക്യഘടന ഭാഷണത്തിന്റെ ഭാഗമായത്. ഏകദേശം നാൽപതിനായിരം വർഷങ്ങൾക്കു മുൻപാണ് പൂർണമായും ഭാഷണത്തിനുതകുന്ന രീതിയിൽ ഭാഷ രൂപപ്പെട്ടത്.
അക്ഷര മ്യൂസിയത്തിലെ ഒന്നാം ഗാലറിയുടെ പേര് "മൊഴിയിൽനിന്നു വരയിലേക്ക്' എന്നാണ്. വാമൊഴി ചരിത്രം, ശിലാചിത്രം, ഗുഹാവര, ചിത്രലിപി എന്നിവയുടെ വിവരണവും ചിത്രങ്ങളും ദൃശ്യങ്ങളും മാതൃകകളും ഇവിടെ കാണാം. സ്പെയ്നിലെ അൾട്ടാമിറ, മധ്യപ്രദേശിലെ ഭീംഭേട്ക, മറയൂർ, എടയ്ക്കൽ തുടങ്ങിയ ഗുഹകളിലെ ചിത്രങ്ങളും ചിത്രലിപികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം സുമേറിയൻ, ഈജിപ്ഷ്യൻ, ഹാരപ്പൻ, ചൈനീസ് ചിത്രാക്ഷരങ്ങളും ഒന്നാം ഗാലറിയിലുണ്ട്. ചിത്രാക്ഷരങ്ങളിൽനിന്നാവാം ആദ്യകാല ലിപികൾ രൂപപ്പെട്ടത്.
വര, ലിപി, അക്ഷരം
ഇന്ത്യൻ ലിപികളുടെ പരിണാമ ചരിത്രം അടയാളപ്പെടുത്തുകയാണ് "വരയിൽനിന്നു ലിപിയിലേക്ക്' എന്ന രണ്ടാം ഗാലറി. ബ്രാഹ്മി ലിപിയെയാണ് ഇന്ത്യൻ ലിപികളുടെ മൂലലിപിയായി കണക്കാക്കുന്നത്. ബ്രാഹ്മി ലിപിയുടെ ഉത്ഭവ സിദ്ധാന്തങ്ങൾ, ഖരോഷ്ഠി, നാഗരി, ദേവനാഗരി, ശാരദ, ഗ്രന്ഥ, തിഗളാരി, ആര്യ എഴുത്ത്, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ മുതലായ ലിപികളും ഇവയിൽ എഴുതപ്പെട്ട മാതൃകകളും പരിചയപ്പെടാം.
ഇന്നത്തെ മലയാളം അക്ഷരങ്ങൾ എങ്ങനെ പരിണമിച്ചുണ്ടായെന്നു വിശദീകരിക്കുന്ന വീഡിയോയും കാണാം. "അ'യുടെ ആദ്യരൂപം മുതൽ ഇക്കാലത്തെ രൂപം വരെ പത്തു ഘട്ടങ്ങളെ പരിചയപ്പെടാം. ഇതുപോലെ ഓരോ അക്ഷരത്തിന്റെയും ഉത്ഭവം മുതലുള്ള വളർച്ചാഘട്ടങ്ങൾ മനസിലാക്കാം. ആദ്യകാല എഴുത്തു പ്രതലങ്ങൾ, എഴുത്തുപകരണങ്ങൾ എന്നിവയുടെ വീഡിയോകളും മാതൃകകളുമുണ്ട്. വട്ടെഴുത്ത് ലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ശാസനം, തരിസാപ്പള്ളി ശാസനം. ജൂതശാസനം എന്നിവയും കോലെഴുത്ത് ലിപിയിലുള്ള അർത്താറ്റ് പടിയോല, വെള്ളിമറ്റം ചെന്പോല എന്നിവയുടെ മാതൃകകളും കാണാം.
അച്ചടി വിസ്മയങ്ങൾ
"എഴുത്തിൽനിന്ന് അച്ചടിയിലേക്ക്' എന്ന മൂന്നാം ഗാലറിയിൽ അച്ചടി സാങ്കേതികവിദ്യകൾ, മലയാളം അച്ചടി, രാജ്യത്തും കേരളത്തിനു പുറത്തുമുള്ള ആദ്യകാല അച്ചടി, പുസ്തക പ്രസാധനം, നസ്രാണി ദീപിക ഉൾപ്പെടെ പത്രപ്രസിദ്ധീകരണങ്ങൾ എന്നിവ പരിചയപ്പെടാം.
കൈയെഴുത്തിൽനിന്നു കല്ലച്ചിലേക്കും ഈയം അക്ഷരങ്ങളിലേക്കുമുള്ള പരിണാമത്തിനു കാലമേറെ വേണ്ടിവന്നു. എന്നാൽ, അച്ചു നിരത്തലിൽനിന്ന് ഡിടിപിയിലേക്കും കംപ്യൂട്ടർ പേജ് വിന്യാസത്തിലേക്കുമുള്ള മാറ്റത്തിന് അത്രയും കാലം വേണ്ടിവന്നില്ല. പഴയകാല ടൈപ്പ് റൈറ്ററും പത്രസ്ഥാപനങ്ങളിലെ ടെലിപ്രിന്ററും മരപ്രസുമൊക്കെ ഇക്കാലത്തിനു വിസ്മയമായി തോന്നാം.അച്ചടി സാങ്കേതിക വിദ്യ, മലയാളം അച്ചടി ചരിത്രം, ആദ്യകാല പുസ്തകങ്ങൾ എന്നിവ ഇവിടെ കാണാം. നൂറ്റാണ്ടുകൾ പഴക്കമുളള ബൈബിൾ, മതഗ്രന്ഥങ്ങൾ, പ്രാർഥനാ പുസ്തകങ്ങൾ എന്നിവ പരിചയപ്പെടാം.
ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി ആംസ്റ്റർഡാമിൽ മലയാളത്തിൽ അടിച്ച ഹോർത്തൂസ് മലബാറിക്കസും റോമിൽ അടിച്ച സംക്ഷേപവേദാർത്ഥവും ചരിത്രശേഷിപ്പുകളായി മ്യൂസിയത്തിലുണ്ട്. ഇന്ത്യയിൽ ആദ്യമായി മലയാള ലിപി അച്ചടിച്ചത് മുംബൈയിലെ കുറിയർ പ്രസിലാണ്. അവിടെ അച്ചടിച്ച ഗ്രാമർ ഓഫ് മലയാളം ലാംഗ്വേജ്, റന്പാൻ ബൈബിൾ, ഗുട്ടൻബർഗ് ബൈബിൾ എന്നിവയുടെ മാതൃകയും കാണാം.കേരളത്തെ സന്പൂർണസാക്ഷരതയിലെത്തിച്ച പ്രവർത്തനങ്ങൾ, സാക്ഷരതാ പാഠപുസ്തകങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
സാക്ഷരതായജ്ഞ ചരിത്രത്തിന്റെ ആനിമേഷൻ വീഡിയോ ഡിജിറ്റൽ വാളിൽ കാണാം. ദ്രാവിഡഭാഷകളെക്കുറിച്ചും സംസ്ഥാനത്തെ 14 ജില്ലകളിൽ വസിക്കുന്ന 36 ഗോത്രവാസികളുടെ ഭാഷകളെക്കുറിച്ചുമുള്ള വീഡിയോ, ഓഡിയോ അവതരണവും ഹൃദ്യമാണ്. ഗോത്രവാസികളുടെ ഉൗരുകളിലെത്തി അവരുടെ പരന്പരാഗത സംസാര ഭാഷ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ ഏറെ ഗോത്രഭാഷകൾക്കും ലിപിയില്ല. ആയിരത്തിൽ താഴെ പേർ സംസാരിക്കുന്ന ഭാഷകളും ഇതിൽപ്പെടും.
തകഴിയും കാരൂരും
നാലാം ഗാലറിയിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തെ (എസ്പിസിഎസ്)യും ഈ പ്രസ്ഥാനം മലയാളികൾക്കു സമ്മാനിച്ച വായനാവസന്തത്തെയും കുറിച്ചുള്ള വിവരണങ്ങളും ഫോട്ടോകളുമുണ്ട്. മലയാള അക്ഷരങ്ങളെയും ഭാഷയെയും പരിപോഷിപ്പിച്ച സഹകരണ സ്ഥാപനമെന്ന നിലയിലും മലയാള സാഹിത്യത്തെ ലോകത്തിനും ലോക സാഹിത്യത്തെ മലയാളത്തിനും പരിചയപ്പെടുത്തിയ എഴുത്തുകാരുടെ കൂട്ടായ്മ എന്ന നിലയിലും എസ്പിസിഎസിനെ ഈ ഗാലറി അടയാളപ്പെടുത്തുന്നു.
മ്യൂസിയത്തിൽ അറിവും അതിശയവും പകരുന്ന ഭാഗങ്ങളിലൊന്നാണ് ലോകഭാഷാ പ്രദർശനം. ആറായിരത്തോളം ഭാഷകൾ ഇവിടെ പ്രദർശിപ്പിക്കുക മാത്രമല്ല ഓരോ അക്ഷരവും രൂപാന്തരം പ്രാപിച്ച കാലഘട്ടം ചാർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.ലോകഭാഷാ ഗാലറിയിലേക്കുള്ള ഇടനാഴിയിലാണ് അക്ഷരപരിണാമച്ചാർട്ടുകളുടെ പ്രദർശനം. ഇതിൽ ഭാഷകൾ, അവ സംസാരിക്കുന്ന രാജ്യങ്ങൾ, ഭാഷകളുടെ ഇന്നത്തെ സ്ഥിതി, എത്ര പേർ സംസാരിക്കുന്നു തുടങ്ങിയ വിവരണങ്ങളുണ്ട്.
തിയറ്ററും ഹോളോഗ്രാമും
മലയാളത്തെ ധന്യമാക്കിയ 124 സാഹിത്യകാരൻമാരുടെ കൈയൊപ്പുകളും ഇരുനൂറിലേറെ സാഹിത്യപ്രതിഭകളുടെ കൈയെഴുത്തു പ്രതികളും നൂറോളം എഴുത്തുകാരുടെ ശബ്ദങ്ങളും ഡിജിറ്റൽ രൂപത്തിൽ ആസ്വദിക്കാം. മ്യൂസിയത്തിൽ ആധുനിക സാങ്കേതിക വിദ്യാ സഹായത്തിൽ നിർമിച്ച തിയറ്ററും ഹോളോഗ്രാം സംവിധാനവുമുണ്ട്.
എടക്കൽ ഗുഹാ ചിത്രങ്ങൾ, മറയൂർ ശിലാചിത്രങ്ങൾ, സംസ്ഥാന സാക്ഷരതാ പ്രവർത്തനം, കേരളത്തിലെ ഗോത്ര ഭാഷകൾ, ഭാഷാ ഉത്ഭവം എന്നിവ പ്രദർശിപ്പിക്കും. ഹോളോഗ്രാമിൽ കാരൂർ നീലകണ്ഠപ്പിള്ള, പൊൻകുന്നം വർക്കി, തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ് തുടങ്ങിയ സാഹിത്യകാരന്മാർ അവരുടെ കഥകൾ നമ്മളോടു പറയും.
പത്രവും താളിയോലയും
കേരളത്തിലെ ആദ്യകാല പത്രസ്ഥാപനമായ, ഭാഷയെ പോഷിപ്പിച്ച നസ്രാണി ദീപിക, ആദ്യ കോളജുകളിലൊന്നായ കോട്ടയം സിഎംഎസ്, സിഎംഎസ് പ്രസ്, വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച മാന്നാനം സെന്റ് ജോസഫ് പ്രസ്, ഭാഷാ ലിഖിതം കൊത്തിയ പൗരാണിക കുരിശുള്ള കോട്ടയം വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനല്ലൂർ ദേവീക്ഷേത്രം, ചരിത്ര-സാംസ്കാരിക രേഖകൾ സൂക്ഷിച്ചിരിക്കുന്ന ദേവലോകം അരമന, മ്യൂറൽ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കര മഹാദേവക്ഷേത്രം, ആദ്യാക്ഷരം കുറിക്കുന്ന പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ് തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന പ്രദർശനവുമുണ്ട്.
ഇനിയും മൂന്നു ഘട്ടം കൂടി
നാലു വർഷം രാജ്യത്തും വിദേശത്തും നടത്തിയ പഠനങ്ങൾക്കൊടുവിലാണ് സംസ്ഥാന സഹകരണ വകുപ്പ് 15 കോടി രൂപ ചെലവിൽ അക്ഷരമ്യൂസിയം ഒരുക്കിയത്. 15,000 ചതുരശ്രയടി വിസ്തൃതിയിലാണ് അക്ഷര മ്യൂസിയത്തിന്റെ ഒന്നാം ഘട്ടം നിർമിച്ചിരിക്കുന്നത്. വിജ്ഞാന വിസ്മയ വസന്തമൊരുക്കി മൂന്നു ഘട്ടങ്ങൾകൂടി ഇനിയും വരാനുണ്ട്.
ലോകത്താദ്യം ആരായിരിക്കും ഒരു പ്രണയ ലേഖനമെഴുതിയിട്ടുണ്ടാവുക? ഈ ചോദ്യത്തിന് അക്ഷരം മ്യൂസിയം മറുപടി നൽകും. ഛത്തീസ്ഗഡിൽ കണ്ടെത്തിയ ജോഗിമാരാ ഗുഹകളിലെ ശിലാലിഖിതത്തിലാണ് ആദ്യമായി പ്രണയക്കുറിപ്പ് കാണപ്പെട്ടതത്രെ. ജോഗിമാരാ ഗുഹകളുടെ മാതൃക അക്ഷരമ്യൂസിയം വളപ്പിൽ നിർമിച്ചിട്ടുണ്ട്.
അക്ഷരമ്യൂസിയം കാണാൻ
രാവിലെ 10 മുതൽ വൈകുന്നേരം ഏഴു വരെയാണ് അക്ഷരമ്യൂസിയത്തിൽ പ്രവേശനം. തിങ്കൾ അവധി. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 60 രൂപ. 18 വയസിൽ താഴെയുള്ളവർക്ക് 30 രൂപ. 20 കുട്ടികളിൽ കൂടുതൽ ഒരുമിച്ചെത്തിയാൽ ടിക്കറ്റിന് 24 രൂപ വീതം. വിദേശികൾക്ക് ഫീസ് 200 രൂപ. വിദേശി കുട്ടികൾക്ക് 100 രൂപ. ഫോണ്: 9747572805, 9846659232.