സുമില കമലം
Saturday, March 8, 2025 10:38 PM IST
ജന്തുശാസ്ത്രത്തിൽ ബിരുദവും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഉള്ള ഒരു വീട്ടമ്മ വെർജിൻ കോക്കനട്ട് ഓയിൽ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലിക്കു കയറുന്നു. അടുത്ത വർഷം എക്സിക്യൂട്ടീവ് ഡയറക്ടർ. രണ്ടു വർഷത്തിനു ശേഷം വീടിനോടുചേർന്ന് സ്വന്തമായി ഒരു ചെറിയ യൂണിറ്റ്. 2021 ഡിസംബറിൽ 1.75 കോടി ചെലവിൽ ആധുനിക പ്ലാന്റ്. ആദ്യ നാലു മാസംകൊണ്ട് 10 ലക്ഷം രൂപ വിറ്റുവരവ്. അടുത്ത സാമ്പത്തിക വർഷം 80 ലക്ഷം. 2023- 24 വർഷത്തിൽ 1.17 കോടി. ഗ്രീൻ ഓറ ഇന്റർനാഷണലിന്റെ സാരഥി സുമില ജയരാജ്, വിജയകമലം ചൂടിയ കഥ വായിക്കാം വനിതാദിന പശ്ചാത്തലത്തിൽ...
വെർജിൻ കോക്കനട്ട് ഓയിൽ തുടർച്ചയായി ഓർഡർ ചെയ്യുന്നവരുടെ ലിസ്റ്റിൽ ഒരു ദന്ത ഡോക്ടറുടെ വിലാസം കണ്ടത് സുമിലയിൽ ജിജ്ഞാസയുണർത്തി. ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു കാര്യം അന്വേഷിച്ചു അതൊരു രഹസ്യമാണ് ക്ലിനിക്കിലേക്കു വന്നാൽ നേരിൽ കാണിച്ചുതരാം എന്നായിരുന്നു പുഞ്ചിരിയോടെയുള്ള മറുപടി.
അങ്ങനെ അവിടെ എത്തിയപ്പോഴാണ് ആ വലിയ രഹസ്യം ചുരുളഴിഞ്ഞത്. കാൻസർ ചികിത്സയ്ക്കിടെ മോണപഴുപ്പ് മൂലം തുടർച്ചയായി കീമോ ചെയ്യാനാകാതെ 72 കുട്ടികൾ ഡോക്ടറുടെ അരികിൽ ചികിത്സയ്ക്ക് എത്തിയിരുന്നു.
ഇവരുടെ കൂടെ ഇതേ കീമോ ചെയ്യുന്ന ഒരു കുട്ടിക്കു മാത്രം ഈ മോണപഴുപ്പ് ബാധിക്കാത്തത് ഡോക്ടർ ശ്രദ്ധാപൂർവം നിരീക്ഷിച്ചു. അടുത്ത തവണ ആ കുട്ടിയുടെ അമ്മയോട് ഈ കുട്ടിക്ക് എന്തെങ്കിലും സപ്ലിമെന്ററി ഫുഡോ മെഡിസിനോ കൊടുക്കുന്നുണ്ടോയെന്ന് ആരാഞ്ഞു.
വെർജിൻ കോക്കനട്ട് ഓയിൽ ദിവസവും ഒരു സ്പൂൺ വീതം വായിൽ പുരട്ടുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി. 10 കുട്ടികൾക്കുകൂടി അതുനൽകാമോയെന്നു ചോദിച്ചു. അവർ സമ്മതിച്ചു. കുറച്ചുദിവസം കൊടുത്തതോടെ അവരിലും അദ്ഭുതാവഹമായ വ്യത്യാസം.
പിന്നെ എല്ലാ കുട്ടികളിലും പരീക്ഷിച്ചു. സർവം വിജയം. - ഇതു പറയുമ്പോൾ കൊച്ചിയിലെ ചെറിയാൻ ദന്തൽ ക്ലിനിക്കിലെ ഡോ. ജോയി ചെറിയാന്റെ മുഖത്ത് സംതൃപ്തിയുടെ നിറചിരി. ആ അദ്ഭുതം അവളിൽ ആശ്ചര്യവും അദ്ഭുതവും ജനിപ്പിക്കുക മാത്രമല്ല പ്രിസർവേറ്റീവ് ഒന്നും ചേർക്കാത്ത പരിശുദ്ധമായ വെർജിൻ കോക്കനട്ട് ഓയിൽ ഏവർക്കും സംലഭ്യമാക്കണമെന്ന ദൃഢ നിശ്ചയം എടുപ്പിക്കുകയുമായിരുന്നു.
അതായിരുന്നു ഗ്രീൻ നട്ട്സ് എന്ന ബ്രാൻഡിന്റെ ഉത്ഭവം. ആ ജൈത്രയാത്രയാണ് ഇന്നത്തെ ഗ്രീൻ ഓറ ഇന്റർനാഷണലിൽ എത്തിനിൽക്കുന്നത്.
ഡോക്ടറാകാൻ മോഹം
തൃശൂർ ജില്ലയുടെ തീരദേശമായ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ കൗൺസിലറായിരുന്ന മച്ചിങ്ങൽ സോമന്റെയും ഊർമിളയുടെയും മൂത്തമകൾ സുമിലയ്ക്കു ഡോക്ടറാകണമെന്നായിരുന്നു ചെറുപ്പം മുതൽ മോഹം.
80കളുടെ അവസാനത്തിൽ എൻട്രൻസ് പരീക്ഷ എഴുതിയെങ്കിലും മെഡിസിനു കിട്ടിയില്ല. തുടർന്ന് സുവോളജിയിൽ ബിരുദം. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയായതോടെ മുംബൈയിലെ മലയാളി കുടുംബത്തിലേക്കു വിവാഹം. കുറച്ചു വർഷങ്ങൾക്കുശേഷം ഭർത്താവ് ജയരാജ് ജോലിക്കായി അബുദാബിയിലേക്ക്. ഇതിനിടെ, തൃശൂരിലെ എങ്ങണ്ടിയൂരിൽ പണിത വീട്ടിലേക്കു രണ്ടു കുഞ്ഞുങ്ങളോടൊപ്പം സുമിലയും.
മക്കൾ സ്കൂളിൽ പോയാൽ ഒറ്റയ്ക്കിരുന്ന് ബോറടിക്കേണ്ട എന്നു കരുതി 2009ൽ തൊട്ടടുത്തുള്ള വെർജിൻ കോക്കനട്ട് ഓയിൽ യൂണിറ്റിൽ അസിസ്റ്റന്റ് മാനേജരായി ജോലിക്ക്. ഒരു വർഷത്തിനകം ഡയറക്ടർ. പിന്നെ എക്സിക്യൂട്ടീവ് ഡയറക്ടർ. ഇനി ട്വിസ്റ്റിനെക്കുറിച്ചു സുമിലതന്നെ പറയട്ടെ:
വിദേശ ഓർഡറിലൂടെ ആദ്യ ട്വിസ്റ്റ്
" ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യുന്നതിനാൽ കസ്റ്റമർ കോളുകളും അന്വേഷണങ്ങളും എല്ലാം ഞാനാണ് അറ്റൻഡ് ചെയ്തിരുന്നത്. അതിനിടെയാണ് ലണ്ടനിൽനിന്നു വെർജിൻ കോക്കനട്ട് ഓയിലിന് ഒരു ഓർഡർ ലഭിക്കുന്നത്. 70 ശതമാനം തുക അയച്ചാലേ സാധനം അയയ്ക്കൂവെന്നു ഞാൻ പറഞ്ഞു. അവരതു സമ്മതിച്ചു.
എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവർ തുക അയച്ചു. അപ്പോഴാണ് ഞാൻ എംഡിയോടും മറ്റും പറഞ്ഞത്. ആ കമ്പനിയിൽ ഞങ്ങൾക്കു ലഭിച്ച ആദ്യ എക്സ്പോർട്ടിംഗ് ഓർഡർ. പിന്നീടായിരുന്നു ഡോ. ജോയ് ചെറിയാന്റെ അത്ഭുതപ്പെടുത്തുന്ന സാക്ഷ്യം. ഇതോടെ വെർജിൻ കോക്കനട്ട് ഓയിലിന്റെ സവിശേഷതകളെക്കുറിച്ചും ഔഷധ മൂല്യത്തെക്കുറിച്ചും പഠനം തുടങ്ങി.
ഗ്രീൻ നട്ട്സ്
2012ൽ വീടിനോടുചേർന്ന് ഒരു ഷെഡ് നിർമിച്ചു രണ്ട് ജോലിക്കാരുമായി ഒരു കൊച്ചു യൂണിറ്റ്. ഒരു എക്സ്പല്ലർ, ഡ്രയർ, ഫിൽട്ടർ യൂണിറ്റ്, പാക്കിംഗ് മെഷീൻ. എല്ലാംകൂടി 20 ലക്ഷം രൂപ മുതൽമുടക്ക്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നുള്ള വായ്പയും.
ആദ്യഘട്ടത്തിൽ വെളിച്ചെണ്ണ മാത്രം. ആദ്യ വർഷങ്ങൾ അഗ്നിപരീക്ഷകളുടേതായിരുന്നു. ഇതിനിടെ, 2016ൽ എക്സ്പോർട്ടിംഗ് ലൈസൻസ്. പതിയെ സ്റ്റാഫിന്റെ എണ്ണം കൂട്ടി. തുടർന്നാണ് മാസ്റ്റർപീസ് ആയ വെർജിൻ കോക്കനട്ട് ഓയിലിലേക്കു കടന്നത്.
ഇതിനിടെ, മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജി ആൻഡ് റിസർച്ച് സെന്റർ ഓഫ് ഇന്ത്യയുടെയും കോക്കനട്ട് ഡവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും കീഴിൽ പരിശീലനവും സിദ്ധിച്ചു.
മുലപ്പാലിനു തുല്യം
ഇന്ത്യയിലെ അറിയപ്പെടുന്ന കാർഡിയോളജിസ്റ്റായ ഡോ. ബി.എം. ഹെഗ്ഡേയുടെ വാക്കുകളിൽ പറഞ്ഞാൽ അമ്മയുടെ അമ്മിഞ്ഞപ്പാലിനു തുല്യമാണ് പരിശുദ്ധമായ വെർജിൻ കോക്കനട്ട് ഓയിൽ എന്ന നമ്മുടെ നാട്ടിലെ ഉരുക്കു വെളിച്ചെണ്ണ. 47 മുതൽ 50 ശതമാനംവരെ ലാറിക് ആസിഡ് ഇതിലുണ്ട്. നവജാത ശിശുക്കൾക്കുവരെ കൊടുക്കാവുന്നത്രയും പരിശുദ്ധവും 100 ശതമാനം പ്രകൃതിദത്തവുമാണ് നമ്മുടെ ശീതീകരിച്ച ഉരുക്കു വെളിച്ചെണ്ണയെന്നു ഞാൻ സധൈര്യം പറയും.
തീരദേശത്തെ ജൈവ കർഷകരിൽനിന്നു രാസവളപ്രയോഗം ഇല്ലാത്ത തെങ്ങിന്റെ 11 മാസം മൂപ്പെത്തിയ നാളികേരമാണ് മാർക്കറ്റ് വിലയേക്കാൾ ഒരു രൂപ അധിക നിരക്കിൽ ശേഖരിക്കുന്നത്. മെഷീൻ ഉപയോഗിച്ച് ഇതിന്റെ ചിരട്ട പൊട്ടിക്കും.
തുടർന്ന് ബ്രൗൺ കളറിലുള്ള ടെസ്റ്റ പീലിംഗ് ചെയ്തു മാറ്റും. വെള്ള ബോളുകൾ ആയ തേങ്ങയിൽനിന്നു വെള്ളം എടുത്തശേഷം ചെറിയ കഷണങ്ങളാക്കി മാറ്റി ശുദ്ധജലത്തിലും പിന്നീടു തിളച്ച വെള്ളത്തിലും കഴുകിയെടുത്ത ശേഷം ഡി സിന്റഗ്രേറ്റഡ് മെഷീനിലിട്ട് പൗഡറാക്കും.
ഡബിൾ സ്ക്രൂ പ്രസ് മെഷീനിലിട്ട് പാലെടുക്കും. ഇതിൽനിന്നു സെൻട്രിഫ്യൂഗൽ രീതി ഉപയോഗിച്ചു വെർജിൻ ഓയിൽ വേർതിരിച്ചെടുക്കും. തുടർന്ന് ലേബൽ ചെയ്താൽ വെർജിൻ കോക്കനട്ട് ഓയിൽ റെഡി. 100 മില്ലി ബോട്ടിൽ മുതൽ 200 ലിറ്റർ ഡ്രമ്മിൽവരെ ഇതു നൽകുന്നുണ്ട്.
കോക്കനട്ട് മിൽക്ക് മുതൽ കുക്കീസ് വരെ
വെർജിൻ കോക്കനട്ട് ഓയിലിനൊപ്പം ഡിമാൻഡ് ഉള്ള ഒന്നാണ് ഡെലീഷ്യസ് കോക്കനട്ട് മിൽക്ക്. തേങ്ങയിൽനിന്നു പിഴിഞ്ഞെടുക്കുന്ന ഒന്നാം പാലാണ് തേങ്ങാപ്പാലായി വിൽക്കുന്നത്. ഇതു വീട്ടമ്മമാരുടെ പാചകം ഏറെ സുഗമമാക്കുന്നു.
നേരത്തേ പറഞ്ഞ പ്രക്രിയയിൽ മാറ്റുന്ന തേങ്ങാവെള്ളം ഉപയോഗിച്ചാണ് വിനാഗിരി തയാറാക്കുന്നത്. ഇവ കൂടാതെ തേങ്ങാപ്പീര, തേങ്ങാ പൗഡർ ( ലോ-ഹൈ ഫാറ്റ് എന്ന രണ്ടുതരം), ചട്ട്ണി പൗഡർ ( മസാല ഉള്ളതും ഇല്ലാത്തതും), സാമ്പാർ പൗഡർ, തേങ്ങ അച്ചാർ, കോക്കനട്ട് ആപ്പിൾ, കോക്കനട്ട് ലഡു, കോക്കനട്ട് കുക്കീസ്, കോക്കനട്ട് ചോക്ലേറ്റ്, എന്നിങ്ങനെ 15 ഓളം ഉത്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ഉണ്ട്. ഇതിൽ ലഡു, കുക്കീസ് , ചോക്ലേറ്റ് എന്നിവയ്ക്ക് 15 ദിവസത്തെ ഷെൽഫ് ലൈഫേ ഉള്ളൂ.
ബാക്കിയെല്ലാം പാക്കറ്റ് പൊട്ടിക്കാതിരുന്നാൽ ഒമ്പതു മാസം ഉപയോഗയോഗ്യമാണ്. ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റിന് പുറമേ ഐഎസ്ഒ , എച്ച്എസിസിപി, ജിഎംപി സർട്ടിഫിക്കറ്റുകളും ഉള്ള യൂണിറ്റിന് കെഎസ്ഐഡിസി, ടിഎംഎ എന്നിവയുടേതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
തേങ്ങയിൽനിന്നുള്ള ബേബി സോപ്പ്, ബോഡി ക്രീം, ഹെയർ ക്രീം, ബോഡി ലോഷൻ, ബോഡി വാഷ് എന്നിങ്ങനെ കോസ്മെറ്റിക് സെക് ഷൻ ഉടൻ വിപണിയിലെത്തിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.
ഗ്രീൻ ഓറ ഇന്റർ നാഷണൽ
2021ലാണ് കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീമിൽനിന്നു 74 ലക്ഷം രൂപ ലോണും 20 ലക്ഷം രൂപ പ്രവർത്തന മൂലധനവും ഉൾപ്പെടെ 1.75 കോടിയുടെ പ്രോജക്ട് ആയി ഏങ്ങണ്ടിയൂരിലെത്തന്നെ പൊക്കുളങ്ങരയിൽ പ്രകൃതിയുടെ പച്ച പ്രഭാവലയം എന്ന അർഥത്തിൽ 'ഗ്രീൻ ഓറ ഇന്റർനാഷണൽ ' എന്ന പേരിൽ ഇൻഡഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.
ആദ്യം മുതലുള്ള വസന്ത, സുജിത, ബിന്ദു, ബിജോയ് എന്നിവരെക്കൂടാതെ 11 പേർ ഉൾപ്പെടെ ഇപ്പോൾ 15 സ്ഥിരം ജോലിക്കാരാണ് ഇവിടെയുള്ളത്. ഇന്ത്യയ്ക്കകത്തും പുറത്തും വില്പനയുള്ള ഉത്പന്നങ്ങൾ ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്ഫോമിൽ ആമസോണിലും ലഭ്യമാണ്.
ഭർത്താവ് ജയരാജിന്റെ സമ്പൂർണ പിന്തുണയുടെയും മക്കളായ ഡോ. രോഹിത്, ഡോ. സ്വാതി എന്നിവരുടെ പരോക്ഷ പിന്തുണയുടെയും പിൻബലത്തിൽ കേര വൃക്ഷങ്ങളുടെ നാട്ടിൽനിന്നു പുത്തൻ പരീക്ഷണങ്ങളിലൂടെ നാളികേരത്തിന്റെ നൂതന ഉപോത്പന്നങ്ങൾ നിർമിക്കാനുള്ള അഭിനിവേശത്തിലാണ് സുമില ജയരാജ്. സംരംഭക മനസുള്ള ആർക്കും പ്രചോദനമാകുന്ന ജീവിതം.
സെബി മാളിയേക്കൽ