ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർമാതാവിനെയും ലക്ഷ്യസ്ഥാനത്തെയും മാറ്റുന്നു. -ഡോ. പീറ്റർ എല്യാഡ്
അമേരിക്കയിലെ പ്രശസ്തമായ വുഡ്ലാൻഡ് സൂ പാർക്കിനുവേണ്ടി ദീർഘകാല വികസനപദ്ധതി തയാറാക്കുന്പോൾ ഓസ്ട്രേലിയൻ മൃഗശാലാ ഡിസൈനറായ ജോണ് കോ എഴുതിച്ചേർത്ത വരികളാണിത്. വന്യജീവിസങ്കേതങ്ങൾക്കായി പിന്നീടദ്ദേഹം പദ്ധതികൾ തയാറാക്കുന്പോഴെല്ലാം ഓസ്ട്രേലിയൻ എഴുത്തുകാരനും ഫ്യൂച്ചറിസ്റ്റുമായ പീറ്റർ എല്യാഡിന്റെ ഈ വരികളെ കൂടെക്കൂട്ടി. പ്രകൃതിയിൽ ഇടപെടുന്പോൾ മറക്കാൻ പാടില്ലാത്ത വരികൾ.
വുഡ്ലാൻഡ് സൂ പാർക്കിന്റെ മൂന്നിരട്ടിയോളം വരുന്ന തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിനായി കരുതിവച്ചത് അതിലും വലിയ അദ്ഭുതങ്ങളാണ്. ഇന്നുവരെ നിർമിച്ച കൃത്രിമ ആവാസവ്യവസ്ഥകളുടെയെല്ലാം നേട്ടങ്ങൾ ഇവിടെ കാണുന്നുണ്ടെങ്കിൽ, മനുഷ്യരേക്കാൾ മൃഗങ്ങളെയും പരിസ്ഥിതിയെയും മുന്നിൽകാണണമെന്നു ശഠിച്ച ജോൺ കോയും ഒപ്പംനിന്ന ഏതാനും മനുഷ്യരുമാണതിനു കാരണം. അവരുടെ നിശ്ചയദാർഢ്യത്തിലൂടെ കുന്നും പാറകളും നിറഞ്ഞ പുത്തൂരിന്റെ മലഞ്ചെരിവിൽ പച്ചത്തഴപ്പുകൾ തലപൊക്കുന്നു.
അവിടേക്കു ലോകസഞ്ചാരപാതകൾ വന്നുമുട്ടുന്നു.
1985- തൃശൂർ ചെന്പൂക്കാവിലെ മൃഗശാലയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന കാലം. ഇത്തിരി സ്ഥലത്തെ തിങ്ങിനിറഞ്ഞ കൂട്ടിൽ വീർപ്പുമുട്ടിച്ചത്ത കൃഷ്ണമൃഗങ്ങളെ തെരുവുനായ്ക്കൾ കടിച്ചുവലിച്ചു. പതിവുസന്ദർശകനായിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻ ഇതറിഞ്ഞു മനംനൊന്തെഴുതിയ "കൃഷ്ണമൃഗങ്ങൾ’ എന്ന കവിത ഏവരെയും പിടിച്ചുലയ്ക്കാൻ തക്കതായിരുന്നു.
...പട്ടടഞ്ഞീടുന്നു പാവങ്ങൾ, മാനുകൾ,
പട്ടികൾ പേർത്തും പെരുകിടുന്നു
പൗരമനഃസാക്ഷി പിന്നീടുണർന്നിതിൻ
കാരണ കാര്യങ്ങളന്വേഷിക്കേ
ചൊല്ലിയധികൃതർ, പീഡബിൾയൂഡിക്കാർ
ക്കല്ലീ ചുമതല, വേലിമൂട്ടാൻ?
13.5 ഏക്കർ സ്ഥലത്തെ അഞ്ഞൂറോളം ജീവികൾക്കു മികച്ച സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന്, ദുരന്തവും പിന്നാലെ പിറന്ന കവിതയും ആക്കംകൂട്ടി. ഇതേ ആവശ്യവുമായി ഫ്രണ്ട്സ് ഓഫ് സൂ എന്ന സംഘടനയും പിറന്നതോടെ 1994 മുതൽ ആധുനിക മൃഗശാലയ്ക്കായി ശ്രമങ്ങൾ തുടങ്ങി. മൂന്നു പതിറ്റാണ്ടിന്റെ സമ്മർദങ്ങൾക്കൊടുവിലാണ് സുവോളജിക്കൽ പാർക്കെന്ന സ്വപ്നപൂർത്തീകരണത്തിലേക്കു ചുവടുവയ്ക്കുന്നത്.
മനുഷ്യന്റെ ആനന്ദത്തിനായി വന്യമൃഗങ്ങളെ അടച്ചിടുന്പോൾ അവയ്ക്കു മികച്ച സൗകര്യമൊരുക്കേണ്ടതും മനുഷ്യരുടെ ഉത്തരവാദിത്വമാണെന്നു ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറിയും ഗാന്ധിയനുമായ എം. പീതാംബരൻ ചൂണ്ടിക്കാട്ടുന്നു. ഏറെ പ്രതിസന്ധികൾക്കൊടുവിലാണ് പുത്തൂരിൽ വന്യജീവിസംരക്ഷണത്തിനായി 350 ഏക്കർ കണ്ടെത്തിയത്. മുന്പു പീച്ചിയും രാമവർമപുരവും നിർദേശിക്കപ്പെട്ടെങ്കിലും പല കാരണങ്ങൾകൊണ്ടു മാറ്റിവയ്ക്കുകയായിരുന്നു.
ദുർഘടവഴികൾ
മ്യൂസിയം-മൃഗശാല വകുപ്പിന്റെ കീഴിലായിരുന്നു അക്കാലത്തു മൃഗശാലകൾ. പാർക്കിനായി കണ്ടെത്തിയ സ്ഥലം വനംവകുപ്പിന്റെ കീഴിലും. വകുപ്പുകൾക്കിടയിലെ തർക്കം വന്യജീവികേന്ദ്രത്തിനായുള്ള ശ്രമങ്ങൾ രണ്ടു പതിറ്റാണ്ടോളം വീണ്ടും വൈകിച്ചു. 2012ൽ സർക്കാർ പാർക്കിന്റെ ചുമതല വനംവകുപ്പിനു കൈമാറിയതോടെ തർക്കത്തിനു പരിഹാരമായി.
അതിർത്തിനിർണയത്തിനും പ്രാഥമിക രൂപരേഖയ്ക്കുമായി തൃശൂർ എൻജിനിയറിംഗ് കോളജിലെ സിവിൽ വിഭാഗം സഹായിച്ചു. അധ്യാപകരും നിരവധി വിദ്യാർഥികളും രണ്ടാഴ്ചയോളം പരിശ്രമിച്ചു സർവേ പൂർത്തിയാക്കി. അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക്കിന്റെ കമ്യൂണിറ്റി ടെക്നിക് വിഭാഗവും പുത്തൂർ സാംസ്കാരിക വിഭാഗ പരിശീലനകേന്ദ്രവും സംയുക്തമായി നിർദിഷ്ട സ്ഥലത്തിനു ചുറ്റുമുള്ള താമസക്കാരുടെ സാന്പത്തിക-സാമൂഹിക സർവേയും പൂർത്തിയാക്കി.
ലോകപ്രശസ്ത ഡിസൈനറിലേക്ക്
വന്യജീവിസംരക്ഷണത്തിലൂന്നി കൃത്രിമ ആവാസകേന്ദ്രങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനായ ഓസ്ട്രേലിയൻ ലാൻഡ്സ്കേപ് ആർക്കിടെക്റ്റ് ജോണ് കോ പുത്തൂരിലെത്തുന്നതും യാദൃച്ഛികം. 2011ൽ അന്നത്തെ വനംമന്ത്രി കെ.ബി. ഗണേഷ്കുമാർ പുത്തൂർ സന്ദർശിച്ച ശേഷം തൃശൂർ രാമനിലയത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണു കൂടുതൽ നിർദേശങ്ങൾ ഉയർന്നത്. യോഗത്തിലെ നിർദേശങ്ങൾ ഉൾപ്പെടുത്തി മാസ്റ്റർപ്ലാൻ വനംവകുപ്പിന്റെ വെബ്സൈറ്റിൽ നൽകിയെങ്കിലും നിർമാണത്തിന് ആരെ സമീപിക്കുമെന്നതിൽ ധാരണയുണ്ടായില്ല.
ഒരു വർഷത്തിനു ശേഷം സെമിനാറിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴാണ് ജോണ് കോയെ പുത്തൂരിലേക്കു ക്ഷണിച്ചത്. പദ്ധതിപ്രദേശത്തിന്റെ വൈവിധ്യംകണ്ട് അന്പരന്ന ജോണ്, എഴുപതാം വയസിലും ഒന്പതു തവണയെങ്കിലും മുഴുവൻ സ്ഥലവും നടന്നുകണ്ടു. കുന്നും സമതലവും താഴ്വാരവും മരങ്ങളുമെല്ലാം സ്വാഭാവികമായിത്തന്നെയുള്ള ഭൂപ്രകൃതി, ജീവജാലങ്ങൾക്കായുള്ള ആവാസ കേന്ദ്രത്തിനുള്ള മികച്ചയിടമാണെന്ന് അദ്ദേഹം വിലയിരുത്തി.
ഇങ്ങനെയൊന്നു കൃത്രിമമായി ഒരുക്കാൻ കോടികൾ വേണ്ടിവരും. പുത്തൂരിനായി പ്രകൃതി അതെല്ലാം അറിഞ്ഞുനൽകി! 2012ൽതന്നെ അദ്ദേഹം തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിനു സെൻട്രൽ സൂ അഥോറിറ്റി അനുമതി നൽകി. 2016ൽ കിഫ്ബി നിർമാണത്തിനുള്ള മുന്നൂറു കോടി അനുവദിച്ചതോടെ പാർക്ക് നിർമാണം യാഥാർഥ്യത്തിലേക്കു കുതിച്ചു.
മൃഗങ്ങളറിയില്ല, മനുഷ്യരെത്തുന്നത്!
മനുഷ്യന്റെ സാന്നിധ്യം ഒരുതരത്തിലും സ്വാധീനിക്കാത്ത തരത്തിലാണ് പുത്തൂരിലെ പാർക്കിന്റെ നിർമാണമെന്നു പാർക്കിന്റെ ഡയറക്ടർ ആർ. കീർത്തി പറഞ്ഞു. അതതു മൃഗങ്ങൾക്കു പറ്റിയ സ്ഥലത്താണ് അവയ്ക്കുള്ള കൂടുകളും സഞ്ചാരയിടങ്ങളും ഒരുക്കിയിട്ടുള്ളത്. കാട്ടിൽ ഇരതേടി വളർന്ന മൃഗങ്ങൾക്ക് അതിനു സമാനമായ ചെറിയ പ്രവൃത്തികൾക്കുള്ള സംവിധാനങ്ങളുമുണ്ടാകും.
എല്ലാ കൂടുകൾക്കു ചുറ്റിലും ഇടതൂർന്ന ചെടികളും മരങ്ങളും വളർത്തി സ്വാഭാവിക ആവാസവ്യവസ്ഥയുണ്ടാക്കും. മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിലെ അതിരു തിരിച്ചറിയാനാകില്ല. സന്ദർശകരുടെ നടപ്പാതകളും സന്ദർശനമേഖലയും താഴ്ന്ന വിതാനത്തിലും മൃഗങ്ങളുടേത് ഉയർന്ന വിതാനത്തിലുമാകും. വന്യജീവികൾക്കു മനുഷ്യസാന്നിധ്യമുണ്ടാക്കുന്ന സമ്മർദം കുറയ്ക്കാനും ഇതു സഹായിക്കും.
പാർക്കുമുഴുവൻ ഹരിതാഭമാക്കാൻ 20,000 വിവിധ ചെടികളും മരങ്ങളും കെഎഫ്ആർഐയുടെ നേതൃത്വത്തിലാണു വളർത്തിയെടുക്കുന്നത്. കാലാവസ്ഥാവ്യതിയാനം വന്യജീവികളുടെ ഉന്മൂലനത്തിലേക്കു നയിക്കുന്ന കാലത്ത് അവയുടെ സംരക്ഷണംതന്നെയാണ് പാർക്കിന്റെ മുഖ്യലക്ഷ്യം.
ആകെ സ്ഥലത്തിന്റെ മുക്കാൽഭാഗമാണ് സുവോളജിക്കൽ പാർക്കായി വികസിപ്പിക്കുക. ഭാവിയിൽ ബാക്കിയുള്ള ഭാഗം സഫാരി പാർക്കായും വിഭാവനം ചെയ്യുന്നു. ഈ വർഷം സെപ്റ്റംബറിൽ പാർക്ക് തുറക്കാനാകുമെന്ന പ്രതീക്ഷ കീർത്തി പങ്കുവച്ചു.
വന്പന്മാരുടെ കൻഹ സോൺ
കടുവകൾക്കും പുള്ളിപ്പുലികൾക്കും സിംഹങ്ങൾക്കുമായി കൻഹ സോണും വരണ്ടതും പാറക്കെട്ടുകൾ നിറഞ്ഞതുമായ ആഫ്രിക്കയിലെ ആവാസവ്യവസ്ഥയുള്ള സുളുലാൻഡ് സോണും വരയാടുകൾക്കും സിംഹവാലൻ കുരങ്ങുകൾക്കുമൊക്കെയായി സൈലന്റ് വാലി സോണുകളുമടക്കം ഒന്പതു സോണുകളും സംരക്ഷണകേന്ദ്രവും പാർക്കിലുണ്ടാകുമെന്നു പാർക്കിന്റെ ക്യുറേറ്ററായ അശ്വിനി പറഞ്ഞു.
എല്ലാ സോണുകളും യഥാർഥ ആവാസവ്യവസ്ഥയുടെ ചെറുപതിപ്പുകളായിരിക്കും. സുളുലാൻഡ് സോണിൽ ആഫ്രിക്കയിലെ തനതുസമൂഹത്തിന്റെ വൃത്താകൃതിയിലുള്ള വീടുകളുടെ മാതൃകയിലായിരിക്കും നിർമിതികൾ. ആഫ്രിക്കയിൽനിന്നുള്ള ഹിപ്പോ, ജിറാഫ്, സീബ്ര, ഒട്ടകപ്പക്ഷി എന്നിവയാകും ഇവിടെയുള്ള താമസക്കാർ.
ജലസസ്യങ്ങൾനിറഞ്ഞ ഹിപ്പോകളുടെ ആവാസയിടത്തിനു മുകളിലൂടെ നടക്കാനുള്ള സൗകര്യവുമുണ്ട്. കരടികൾക്കായി ബിയർ സോണും വരയാടുകൾക്കായി കുറ്റിച്ചെടികൾ നിറഞ്ഞ പർവതവനങ്ങൾ ഉൾപ്പെട്ട സോണും കാട്ടുനായ്ക്കൾക്കും കുറുനരികൾക്കും ഹൈനകൾക്കുമായി പുൽമേടുകളും കാട്ടുപോത്തുകൾക്കായി മുളങ്കൂട്ടങ്ങൾ അതിരിടുന്ന വനവും ഉണ്ടാകും.
രാത്രിജീവികളെയും കാണാം
വാനരന്മാർക്കും പക്ഷികൾക്കുമായി മരക്കൊന്പുകൾപോലുള്ള കോണ്ക്രീറ്റ് നിർമിതികളാണ് ആദ്യഘട്ടത്തിൽ. സ്വാഭാവികമരങ്ങൾ വളർന്നുവലുതാകുന്നതുവരെയാകും ഇവ ഉപയോഗിക്കുക. ഇവിടെയല്ലാം നടന്നെത്തുന്നതിനൊപ്പം ട്രാം റൈഡുമുണ്ടാകും. മൃഗങ്ങളെ സുരക്ഷിതമായി നിന്നുകാണാൻ പാറക്കെട്ടുകളിലെ വിടവുകൾപോലെയുള്ള പ്രത്യേകം പോക്കറ്റുകളുമുണ്ടാകും.
രാത്രി പകലാക്കുന്ന പക്ഷിമൃഗാദികൾക്കു പാർക്കാനും സുവോളജിക്കൽ പാർക്കിൽ പ്രത്യേകം ഇടമുണ്ട്. നൂതന നിർമാണരീതിയും വെളിച്ചസംവിധാനവുമൊരുക്കി പകൽ രാത്രിയുടെയും രാത്രിയിൽ പകലിന്റെയും പ്രതീതിയൊരുക്കുകയാണിവിടെ. പകൽസമയത്തു രാത്രിയുടെ പ്രതീതിയൊരുക്കുന്നതോടെ രാത്രിസഞ്ചാരികളായ വവ്വാൽ, കുട്ടിത്തേവാങ്ക്, മൂങ്ങ, പാന്പുകൾ എന്നിവ സജീവമാകും. സഞ്ചാരികൾക്ക് അരണ്ടവെളിച്ചത്തിൽ നിലാവിലെന്നപോലെ ജീവികളെ കാണാൻ കഴിയും.
350 ഏക്കറിൽ
തൃശൂർ നഗരത്തിൽനിന്നു 12 കിലോമീറ്റർ മാറി പുത്തൂരിലാണ് സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നത്. 350 ഏക്കർ വിസ്തൃതി. ചെലവ് 360 കോടി. ഇന്ത്യയിലെ ആദ്യ സുവോളജിക്കൽ പാർക്ക്. ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ പാർക്കുകളിലൊന്ന്. പ്രതിദിനം ഒന്പതുലക്ഷം ലിറ്റർ ജലം ആവശ്യമായി വരുമെന്നാണ് കണക്ക്.
മണലിപ്പുഴയിൽനിന്നുള്ള വെള്ളത്തിനു പുറമേ, പാർക്കിനോടു ചേർന്നുള്ള പാറമടകളിൽനിന്നുള്ള വെള്ളവും ഉപയോഗിക്കും. വെറ്ററിനറി ആശുപത്രി സമുച്ചയം, സന്ദർശകഗാലറികൾ, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, ട്രാം റോഡുകൾ, സന്ദർശകപാതകൾ, കഫ്റ്റീരിയ, അഡ്മിനിസ്ട്രേഷൻ ഓഫീസ് സമുച്ചയം, ക്വാർട്ടേഴ്സുകൾ, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിങ്ങനെ അനുബന്ധസൗകര്യങ്ങളും അവസാനഘട്ടത്തിലാണ്.
അതിഥികൾ വരുന്നു...
ആദ്യഘട്ടത്തിൽ പാർക്കിലെത്തിച്ച കടുവകളായ ദുർഗയും വൈഗയും പുലിക്കുട്ടിയായ ലിയോയും തൃശൂർ മൃഗശാലയിൽനിന്നെത്തിച്ച പക്ഷികളും പ്രദേശവുമായും ജീവനക്കാരുമായും ഇണങ്ങി. വയനാട്ടിൽനിന്നെത്തിച്ച കടുവയായ രുദ്രനു തീവ്രപരിചരണം നൽകിവരുന്നു.
ഒടുവിലെത്തിയതു വയനാട് ചൂരമലയിൽനിന്നു പിടികൂടിയ കടുവയാണ്.ഏപ്രിൽ-മേയ് മാസത്തോടെ തൃശൂർ മൃഗശാലയിൽനിന്നു മൃഗങ്ങളെ പൂർണമായി മാറ്റും. തിരുവനന്തപുരത്തുനിന്നു മാർച്ചിൽ കാട്ടുപോത്തിനെ എത്തിക്കും. ജൂണിൽ അനക്കോണ്ടയെയും കംഗാരുവിനെയും കൊണ്ടുവരും.
ജോണ് കോ
പ്രശസ്ത ഓസ്ട്രേലിയൻ സൂ ഡിസൈനർ. 160 പ്രോജക്ടുകൾ. ഇതിൽ 85 കൃത്രിമ വന്യജീവിസങ്കേതങ്ങൾ. ഇവയെല്ലാംതന്നെ ലോകപ്രശസ്തമാണ്. ഇന്ത്യയിൽ കോയന്പത്തൂർ മൃഗശാലയ്ക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. അമേരിക്കയിലെ വുഡ്ലാൻഡ് സൂ പാർക്ക് അദ്ദേഹത്തിന്റെ മാസ്റ്റർ പ്ലാനുകളിലൊന്നാണ്. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ലോഗോയായ വരയാട് അടക്കം ജോൺ കോയുടെ നിർദേശമാണ്. വിവിധ പാർക്കുകൾ സന്ദർശിക്കുന്ന കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾപോലും ജോൺ കോ അടുത്ത പദ്ധതിനിർവഹണത്തിൽ പരിഗണിക്കാറുണ്ട്.
സി.എസ്. ദീപു