ഇരുട്ടിൻറെ ശക്തികളെ തുറന്നുകാട്ടേണ്ടത് അത്യാവശ്യം: മുഖ്യമന്ത്രി തൃശൂരിൽ
Wednesday, May 21, 2025 2:53 PM IST
ഇരുട്ടിൻറെ ശക്തികളെ തുറന്നുകാട്ടേണ്ടത് അത്യാവശ്യം: മുഖ്യമന്ത്രി തൃശൂരിൽ
സ്വന്തം ലേഖകൻ
തൃശൂർ: ഇരുട്ടിൻറെ ശക്തികളെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണെന്നും കേരളത്തിൻറെ മറ്റു മേഖലകളിലെ നേട്ടങ്ങൾ മാത്രം ഉയർത്തിക്കാട്ടിയാൽ നവകേരളം യാഥാർഥ്യമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിൻറെ നാലാംവാർഷികത്തിൻറെ ഭാഗമായി കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകരുമായി സംവദിക്കുന്ന 'പരസ്പരം' പരിപാടി പുഴയ്ക്കൽ ലുലു കൺവൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനവികമൂല്യങ്ങൾക്കു പ്രാധാന്യം കൊടുത്തുള്ള സമൂഹം വാർത്തെടുക്കാൻ നവോത്ഥാനകാലം മുതൽ നടത്തിയ ശ്രമങ്ങൾക്കുള്ള തുടർച്ച കേരളത്തിലുണ്ടായി. മാതൃകാപരമായ സമൂഹം സൃഷ്ടിക്കാൻ കഴിഞ്ഞു. സാംസ്‌കാരിക പ്രവർത്തകർ സമൂഹത്തിൻറെ മാറ്റത്തിനു ക്രിയാത്മകമായ പങ്കുവഹിച്ചു. എന്നാൽ, ഒരുഘട്ടമെത്തിയപ്പോൾ അതേ രീതിയിൽ തുടരുന്നുണ്ടോയെന്നു സംശയമുണ്ട്. കേരളത്തിൽ വലതുപക്ഷക്കാരായ ആളുകൾക്കുപോലും ഇടതുപക്ഷ സ്വാധീനമുണ്ടായിരുന്നു. അവിടന്നു പിന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു.
അന്ധവിശ്വാസങ്ങൾക്കെതിരേ ബോധവത്കരിച്ചതിൽ ശ്രീനാരായണഗുരു അടക്കമുള്ളവർക്കു പങ്കുണ്ട്. സമൂഹത്തെ തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമം തിരിച്ചറിയണം. സമൂഹമെന്നതു നിഷ്‌കളങ്കതയോടെ ജീവിക്കുന്ന ജനവിഭാഗമാണ്. നല്ല ഉദ്ദേശ്യത്തിൻറെ പേരിൽ നടത്തുന്ന പ്രചാരണങ്ങൾക്കിടയിൽ പ്രതിലോമകരമായ ചിന്ത കുത്തിത്തിരുകാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും പൊതുസമൂഹത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും കൂടുതൽ പുരോഗതിയിലേക്കു കൊണ്ടുപോകേണ്ടത് എങ്ങനെയെന്നു ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലന്പൂർ ആയിഷ, പി.കെ. മേദിനി, കലാമണ്ഡലം ക്ഷേമാവതി, വിദ്യാധരൻ മാസ്റ്റർ, ടി.ഡി. രാമകൃഷ്ണൻ, ബോസ് കൃഷ്ണമാചാരി, എൻ.എൻ. റിൻസൺ, സർക്കസ് ചന്ദ്രൻ, തരുൺ മൂർത്തി, മിസ് ട്രാൻസ് ഗ്ലോബൽ ശ്രുതി സിതാര, ഡോ. ഭാനുമതി, കൺമണി, മാലതി ബാലൻ, അപ്പാനി ശരത്ത്, ടി.പി. നാണു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, സാംസ്‌കാരികമന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കെ. രാധാകൃഷ്ണൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ, തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുത്തു.