സ്‌കൂൾ തുറക്കലിന് വില വില്ലനാകില്ല, മേളയിലെത്തിയാൽ വിലക്കുറവിൽ വാങ്ങാം:
എന്റെ കേരളം പ്രദർശന നഗരിയിൽ സ്‌കൂൾ വിപണി ഒരുക്കി കൺസ്യുമർഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റ്. പേന, പെൻസിൽ, നോട്ട്ബുക്ക്, ബാഗ്, കുട തുടങ്ങി ഒരു സ്‌കൂൾ കുട്ടിയ്ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും മേളയിലെ സ്റ്റുഡന്റ് മാർക്കറ്റിൽ ലഭ്യമാണ്. ത്രിവേണി നോട്ടുബുക്കുകൾ 50% വിലക്കുറവിലും വാട്ടർ ബോട്ടിൽ 44 രൂപയ്ക്കും സ്റ്റുഡന്റ് മാർക്കറ്റിൽ ലഭിക്കും. ലഞ്ച് ബോക്സ്, മറ്റ് പഠന സാധനങ്ങൾ തുടങ്ങിയവയും വിലക്കുറവിൽ സ്റ്റുഡന്റ് മാർക്കറ്റിൽ ലഭ്യമാണ്.


റോബോട്ടിക്സ് മികവിൽ പൊതുവിദ്യാലയങ്ങൾ, കൗതുകമുണർത്തി കുട്ടി ശാസ്ത്രജ്ഞർ*

മേളയിൽ കൗതുകമുണർത്തി പൊതുവിദ്യാലയങ്ങളിലെ കുട്ടി ശാസ്ത്രജ്ഞർ. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് തങ്ങളുടെ നൂതന ആശയങ്ങളുമായി മേളയിൽ എത്തിയിട്ടുള്ളത്. റോബോട്ടിക്സും വെർച്വൽ റിയാലിറ്റിയും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കർ. വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന ആൽക്കഹോൾ സെൻസർ, ഓട്ടോമാറ്റിക് ഡിഫൻസ് സിസ്റ്റം, ഹാൻഡ് സെൻസിങ് റോബോട്ട് എന്നിങ്ങനെ കാഴ്ച്ചക്കാരിൽ ആകാംക്ഷ ഉണർത്തുന്ന കണ്ടുപിടിത്തങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പവലിയനിൽ ഒരുക്കിയിരിക്കുന്നത്.
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ വാഹനം തനിയെ ഓഫ് ആകുന്ന ആൽക്കഹോൾ സെൻസർ സിസ്റ്റം നിരത്തുകളിൽ മദ്യപാനം മൂലമുള്ള അപകടങ്ങൾ കുറയ്ക്കാൻ സഹായകമാണ്. മുന്നിൽ നിൽക്കുന്ന ആളിനെ ക്യാമറാകണ്ണിലൂടെ തിരിച്ചറിഞ്ഞ് അവരുടെ ചലനത്തിനനുസരിച്ച് അഭിവാദ്യം ചെയ്യുന്ന ഹാൻഡ് സെൻസിംഗ് റോബോട്ട് മേളയിൽ എത്തുന്നവർക്ക് കൗതുകമായി. അടുത്തെത്തുന്ന അപകടം തിരിച്ചറിഞ്ഞ് അതിനെ ചെറുക്കുന്നതാണ് ഓട്ടോമാറ്റിക് ഡിഫൻസ് സിസ്റ്റത്തിന്റെ പ്രവർത്തന രീതി. മോഷൻ സെൻസർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം.

റോബോട്ടിക്‌സും ത്രീഡി പ്രിന്റിംഗും ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ കുട്ടികളെ പരിചയപ്പെടുത്തുന്ന ടിങ്കറിംഗ് ലാബും പവലിയനിൽ ഒരുക്കിയിട്ടുണ്ട്. പ്രീപ്രൈമറി തലത്തിലുള്ള കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും ഇന്ദ്രീയ വികാസത്തിനും പരിശീലനത്തിനും സഹായകമായ സെൻസറി ഗാർഡനാണ് കാഴ്ചക്കാരെ പവലിയനിലേക്ക് ആനയിക്കുന്നത്. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കായി കളിക്കളവും തയാറാക്കിയിട്ടുണ്ട്. കൂടാതെ കരിയർ ഗൈഡൻസ് കൗൺസിലിങ്ങും നാഷണൽ സർവീസ് സ്‌കീമിന്റെ സൗജന്യ രക്ത പരിശോധനയും ഒരുക്കിയിട്ടുണ്ട്.


*അലകടലായി ആവേശം; സന്ദർശക തിരക്കേറി പ്രദർശന വിപണന മേള*

മേള കാണാനെത്തിയവരുടെ വൻ തിരക്കാണ് അവധി ദിനമായ ഞായറാഴ്ചയും കനകക്കുന്നിൽ അനുഭവപ്പെട്ടത്. അരുമ മൃഗങ്ങളുടെ പ്രദർശനം ഒരുക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാൾ, ഇരട്ട കഴുമരം ചിത്രീകരിക്കുന്ന ജയിൽ വകുപ്പ് സ്റ്റാൾ, സാഹസികത ഒരുക്കുന്ന ഫയർ ആന്റ് റസ്‌ക്യൂ, എ.ഐ ടീച്ചറുള്ള സ്റ്റാർട്ടപ്പ് മിഷൻ, കായിക പരിശീലനം ഒരുക്കുന്ന സ്‌പോർട്‌സ് കൗൺസിൽ തുടങ്ങിയവയെല്ലാം മേളയിലെ സവിശേഷതകളാണ്.രുചിയുടെ കലവറ ഒരുക്കുന്ന കുടുംബശ്രീ ഫുഡ് കോർട്ടിൽ ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൺസ്യൂമർഫെഡിന്റെ സ്‌കൂൾ വിപണിയിൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും ഏറെയാണ്. ഭിന്നശേഷി സൗഹൃദവും ഹരിതച്ചട്ടം പാലിക്കുന്നതുമാണ് ഇത്തവണത്തെ മേള. 23ന് സമാപിക്കും.



മായമില്ലാത്ത നാടൻ ഭക്ഷണവുമായി കുടുംബശ്രീ

കനകക്കുന്നിൽ രുചിപ്പെരുമ വിളമ്പി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ ഫ്രഷ് ജ്യൂസുകൾ, പച്ച മാങ്ങ ജ്യൂസ്, നെല്ലിക്കാ ജ്യൂസ് തുടങ്ങി അട്ടപ്പാടി വനസുന്ദരി ചിക്കൻ വരെ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളിൽ ലഭ്യമാണ്. മേളയുടെ രണ്ടാം ദിവസമായ ഇന്നലെ വിവിധ വിഭവങ്ങളുടെ പേരിലെ കൗതുകം രുചിച്ച് നോക്കാനായി നിരവധി ആളുകളാണ് എത്തിയത്. അതിൽ വനസുന്ദരി ചിക്കൻ കഴിക്കാനും ഊരു കാപ്പി കുടിക്കാനും ഭക്ഷണ പ്രേമികൾ എത്തുന്നുണ്ട്.
വനസുന്ദരിക്കൊപ്പം മൂന്ന് ദോശ, ചട്‌നി, സാലഡ് എന്നിങ്ങനെയാണ് കോമ്പോ ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് ഫുഡ് കോർട്ടിൽ എത്തുന്നവർക്ക് ഏറെ പ്രിയം കപ്പയും മീൻ വിഭവങ്ങളും കഴിക്കാനാണ്. ഒപ്പം മലബാർ ദം ബിരിയാണി, ഇറച്ചി പത്തിരി, ചിക്കൻ ഓലമടക്ക്, പുട്ട്- മീൻകറി,ചപ്പാത്തി-ചിക്കൻ പെരട്ട് തുടങ്ങിയ വിഭവങ്ങൾക്കും ആവശ്യക്കാരുണ്ട്. വയനാടൻ നെയ് ചോറ് ചിക്കൻ കറി, മുട്ട മസാല, ചിക്കൻ ചുക്ക, കോഴിക്കോട് വിഭവങ്ങളായ മലബാർ ദം ബിരിയാണി, പഴം നിറച്ചത്, ചിക്കൻ ഓലമടക്ക്, ചിക്കൻ മമ്മൂസ്, ചിക്കൻ പൊട്ടി തെറിച്ചത് തുടങ്ങിയവയും കുടുംബശ്രീയുടെ ഫുഡ് സ്റ്റാളിൽ ലഭ്യമാണ്.

വ്യത്യസ്തമായ രുചികളിൽ വിവിധ പലഹാരങ്ങൾ മുതൽ പായസം വരെ ഫുഡ് സ്റ്റാളിൽ ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ രുചികരമായ ഭക്ഷണം നൽകുന്ന ജയിൽ വകുപ്പിന്റെ സ്റ്റാളിലും തിരക്കുണ്ട്. കുടുംബശ്രീ കൂടാതെ വനം വന്യജീവി വകുപ്പിന്റെ നെയ്യാർ പേപ്പാറ എഫ്.ഡി.എ യുടെ കോട്ടൂർ സ്പെഷ്യൽ തനി നാടൻ ചിക്കൻ, കാന്താരി ചിക്കൻ, ഒടംങ്കൊല്ലി ചിക്കൻ, അഗസ്ത്യ മുളംകുറ്റി പുട്ട്, തുടങ്ങിയ വിഭവങ്ങൾ രുചിയ്ക്കാനും ഭക്ഷണ പ്രേമികൾ എത്തുന്നുണ്ട്. ഇടുക്കിയുടെ തനത് വിഭവക്കൂട്ട്, ശ്രീജിത്തിന്റെ കട പൊറോട്ടയും ബീഫും, കുട്ടനാടൻ വിഭവങ്ങൾ, രാമശ്ശേരി ഇഡ്‌ലി തുടങ്ങിയ ഫുഡ് സ്റ്റാളുകളും ഫുഡ് കോർട്ടിനെ ശ്രദ്ധേയമാക്കുന്നു.

.
കരഘോഷങ്ങൾ നിറഞ്ഞ വേദിയിൽ നിറഞ്ഞാടി ഗായത്രി സുരേഷും സംഘവും:

എന്റെ കേരളം പ്രദർശന വിപണനമേളയുടെ രണ്ടാം ദിനം വേദി ധന്യമാക്കി ഗായത്രി സുരേഷും സംഘവും അവതരിപ്പിച്ച ഡാൻസ് മെഗാഷോ. ഗായത്രി സുരേഷ് ഉൾപ്പെടെ 17 കലാകാരികൾ തകർത്താടിയ നൃത്തവേദിയിൽ ഭരതനാട്യത്തിന്റെ പൂർണത നിറഞ്ഞു. അലാരിപ്പ്, ശ്രീഹരിസ്തോത്രം, ദേവീസ്തുതി, കൃഷ്ണസ്തുതി, അഭാംഗ്, തില്ലാന, വന്ദേമാതരം എന്നിങ്ങനെ വിവിധ ഭാഗങ്ങളായാണ് നൃത്തം അരങ്ങേറിയത്. തിരുവനന്തപുരം സുദർശൻമിത്ര ഡാൻസ് അക്കാദിയിലെ കലാകാരികളാണ് ഗായത്രി സുരേഷും സംഘവും. അവസാന ഭാഗമായ തില്ലാനയിൽ ദേശീയപതാകയേന്തിയ കുഞ്ഞിനെ കയ്യിലെടുത്താണ് ഗായത്രി നൃത്തം അവതരിപ്പിച്ചത്.

തുടർന്ന് രവിശങ്കർ, ശ്രീറാം, മണക്കാട് ഗോപൻ തുടങ്ങിയവർ നയിച്ച മ്യൂസിക് ഷോ സദസ്സിനെ ഇളക്കിമറിച്ചു. കേരനിരകളാടും പാടിയാണ് ഷോ തുടങ്ങിയത്. സുഖമോ ദേവിയും ശ്യാമാംഭരവും കാണികൾക്ക് നിശാഗന്ധിയ്ക്ക് പുറത്ത് തകർത്തുപെയ്ത മഴയ്ക്കൊപ്പം ഹൃദ്യമായ അനുഭവമേകി.