തകർന്നടിഞ്ഞു കിടന്ന നാടിന്റെ ഭരണമാണ് ഏറ്റെടുത്തത്്: മുഖ്യമന്ത്രി കാസർഗോഡ് പറഞ്ഞു
കാലിക്കടവ് (കാസർഗോഡ്): 2016 ൽ തകർന്നടിഞ്ഞു കിടന്ന നാടിൻറെ ഭരണസാരഥ്യമാണ് ജനങ്ങൾ സർക്കാരിനെ ഏൽപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിൻറെ നാലാം വാർഷിക ആഘോഷങ്ങളുടെയും എൻറെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം കാലിക്കടവ് മൈതാനത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിനെ കാലോചിതമായി മാറ്റി വികസനം ഉറപ്പുവരുത്തുക എന്ന ദൗത്യവുമായി മുന്നോട്ട് പോയപ്പോൾ ഒന്നിനുപുറകെ ഒന്നായി ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, നൂറ്റാണ്ടിലെ മഹാപ്രളയം, കോവിഡ് തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിൻറെ ഒത്തൊരുമയും ഐക്യവും ആണ്. ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ സംസ്ഥാനത്തിൻറെ കൂടെ നിന്ന് അതിജീവനം നേടാൻ സഹായിക്കാൻ ബാധ്യതയുള്ളവർ ഒരു ഘട്ടത്തിലും ആവശ്യമായ സഹായം നൽകിയില്ല. നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ലഭിക്കാൻ സാധ്യതയുള്ള സഹായങ്ങൾ അധികാരം ഉപയോഗിച്ച് തടയുകയും ചെയ്തു.
എന്നാൽ ജനങ്ങൾ സർക്കാരുമായി സഹകരിച്ച് നിലപാടെടുത്തതിനാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. രാജ്യവും ലോകവും ആശ്ചര്യപൂർവം കേരളത്തിൻറെ അതിജീവനം നോക്കിക്കണ്ടു. എല്ലാ സഹായവും നിഷേധിച്ച കേന്ദ്രസർക്കാരിൽനിന്നുതന്നെ കേരളത്തിൻറെ മികവിനുള്ള പുരസ്‌കാരങ്ങൾ ഒന്നിനുപുറകെ ഒന്നായി വാങ്ങിക്കാൻ കഴിഞ്ഞു. സംസ്ഥാന സർക്കാരിനെ ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ആകാവുന്ന രീതിയിൽ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിച്ചത്.
കേരളത്തിൽ നടപ്പിലാക്കില്ലെന്ന് കരുതിയിരുന്ന പല പദ്ധതികളും സർക്കാരിന് നടപ്പിലാക്കാൻ സാധിച്ചു. 2016ൽ ഉണ്ടായിരുന്നതിനേക്കാൾ റോഡുകൾ വികസിച്ചു. റോഡ് നിർമാണപ്രവൃത്തികൾ പൂർണതയിലേക്ക് എത്തി. ദേശീയപാതാ വികസനം യാഥാർഥ്യമാകുന്നതോടെ അധികം സമയമില്ലാതെയുള്ള സഞ്ചാരവും സാധ്യമാകും. ഗെയിൽ പൈപ്പ്ലൈൻ, സിറ്റി ഗ്യാസ് പദ്ധതി, ഇടമൺ- കൊച്ചി പവർ ഹൈവേ, ഗ്രീൻഫീൽഡ് ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം- ബേക്കൽ ജലപാത തുടങ്ങി നാടിൻറെ മാറ്റം ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിൻറെ പ്രകൃതിഭംഗിയോടൊപ്പം പശ്ചാത്തല സൗകര്യവും വികസിക്കുന്നു. 60 ലക്ഷം പേർക്ക് 1600 രൂപ ക്ഷേമപെൻഷൻ നൽകിവരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം, കൃഷി തുടങ്ങിയ സമസ്ത മേഖലകളിലും കേരളം പുരോഗതിയുടെ പാതയിലാണ്.

നെൽവയലിൻറെ വിസ്തീർണം വർധിച്ചു. കിടപ്പാടം സ്വപ്നം കണ്ടവർക്ക് ലൈഫ് പദ്ധതി വഴി നാലുലക്ഷം വീടുകൾ കൊടുത്തു. നാലു ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു. ഏതു മേഖലയിൽ നോക്കിയാലും മാറ്റത്തിൻറെയും പുരോഗതിയുടെയും ചിത്രമാണ് കേരളത്തിൻറേതെന്നും അദ്ദേഹം പറഞ്ഞു. റവന്യുമന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി.അബ്ദുൾ റഹ്മാൻ, എംഎൽഎമാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു, ഐ ആൻഡ് പിആർഡി ഡയറക്ടർ ടി.വി.സഭാ്, എഡിഎം പി.അഖിൽ, പിലിക്കോട് പഞ്ചായത്ത് പ്രസിഡൻറ് പി.പി.പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പദൂർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, ബ്ലോക്ക് പഞ്ചായത്തംഗം എം.വി.സുജാത, വാർഡ് മെംബർ പി. രേഷ്ണ എന്നിവർ പ്രസംഗിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതവും ഇൻഫർമേഷൻ ആൻഡ് പബ്ലിക്കേഷൻസ് വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ നന്ദിയും പറഞ്ഞു.