എല്ലാ ജില്ലകളിലും സ്വകാര്യ വ്യവസായ പാർക്കുകൾ: മന്ത്രി പി രാജീവ്
Friday, May 16, 2025 3:22 PM IST
എല്ലാ ജില്ലകളിലും സ്വകാര്യ വ്യവസായ പാർക്കുകൾ: മന്ത്രി പി രാജീവ്
കേരളത്തിലെ ഐടി ഗവേഷണ-വികസന പദ്ധതികൾക്ക് പുതുവേഗം പകർന്നുകൊണ്ട് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ 9 നിലകളിലായി 2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടസമുച്ചയം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ടാറ്റ എലക്‌സിക്ക് കൈമാറി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വ്യവസായ വകുപ്പിന് കീഴിൽ ഒപ്പുവച്ച ആദ്യ ധാരണാപത്രമാണ് ഇതിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. 2021 ജൂൺ 30ന് ധാരണാപത്രം ഒപ്പുവച്ച് കേവലം 10 മാസം കൊണ്ട് ലോകത്തിലെ തന്നെ പ്രമുഖ ഡിസൈൻ, ടെക്‌നോളജി, സേവനദാതാക്കളായ ടാറ്റ എലക്‌സി ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം നൽകാൻ സാധിച്ചുവെന്ന അഭിമാനാർഹമായ നേട്ടം കൈവരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച കിൻഫ്രയുടെ മുഴുവൻ ടീമിനേയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിനന്ദിച്ചു.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ടാറ്റ എലക്‌സിയുടെ പുതിയ സംരംഭം ആരംഭിക്കുന്നത്. ഇവിടെ ആരംഭിക്കുന്ന 75 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിലൂടെ 2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 6000 തൊഴിലവസരങ്ങൾ ടാറ്റ എലക്‌സി വിപുലീകരണത്തിലൂടെ സൃഷ്ടിക്കുപ്പെടും. ഐടി, ഐ.ടി അധിഷ്ഠിത സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതിനായി എല്ലാ ഇൻഫ്രാ സ്ട്രക്ചർ സൗകര്യങ്ങളും നൽകുന്ന കെട്ടിടം 'ഗ്രീൻ ബിൽഡിങ്ങ്' എന്ന നൂതന ആശയം അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 'ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം' എന്ന നയത്തിന് ഇത് കൂടുതൽ ശക്തി പകരുമെന്നും മന്ത്രി സൂചിപ്പിച്ചു.
കേരളത്തിന്റെ വ്യാവസായിക പുരോഗതിക്കായി നിരവധി കാര്യങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണ് ഈ സർക്കാരിന്റെ കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കിൻഫ്രക്കും കെ എസ് ഐ ഡി സിക്കും വ്യവസായ വകുപ്പിനും കീഴിലുള്ള പാർക്കുകൾക്ക് പുറമെ സ്വകാര്യ വ്യവസായ പാർക്ക് എന്ന നയം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ സർക്കാരിന് നിരവധി അപേക്ഷകൾ ലഭിച്ചു. എല്ലാ ജില്ലകളിലും സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം എത്രയും പെട്ടെന്നുതന്നെ ആരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ തന്നെ എല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു സ്വകാര്യ വ്യവസായ പാർക്കിനെങ്കിലും തറക്കല്ലിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷം 30 പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുക ലക്ഷ്യമെന്ന് പി.രാജീവ്
സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വ സ്വയംഭരണം നൽകണമെന്ന് ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശുപാർശ ചെയ്തു. സമിതി റിപ്പോർട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവിന് സമർപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി, ടി.സി.സി മാനേജിംഗ് ഡയറക്ടർ ഹരികുമാർ, കൊച്ചി റിഫൈനറി മുൻ ഇ ഡി പ്രസാദ് പണിക്കർ എന്നിവർ അംഗങ്ങളായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പൊതു മേഖലാസ്ഥാപനങ്ങൾ സ്വയംപര്യാപ്തവും സ്വയം ഭരണാവകാശമുള്ളവയുമായിരിക്കണമെന്നതാണ് സർക്കാർ നയമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണം അടുത്ത വർഷം 30 ആയി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള 33 നിർമ്മാണ-വ്യാപാര കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ച ശുപാർശകളാണ് സമിതി നൽകിയത്. കെ.എസ്.ഐ.ഡി.സി, കിൻഫ്ര, സഹകരണ സ്ഥാപനങ്ങൾ എന്നിവയെ റിപ്പോർട്ടിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
33 പൊതുമേഖലാ സ്ഥാപനങ്ങളെ ശരാശരി വരുമാനത്തിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തരം തിരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കുന്നതിനായി 28 വിഷയങ്ങളിൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് സമിതി ശുപാർശ ചെയ്തു.
പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും ആധുനീകരണം നടപ്പാക്കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോർഡുകൾക്ക് അധികാരം നൽകണമെന്ന് സമിതി ശുപാർശ ചെയ്യുന്നു. സർക്കാർ ഗ്യാരണ്ടിയില്ലാതെ സ്വന്തം ഈടിൻമേൽ ബാങ്കുകളിൽനിന്ന് വായ്പ സ്വീകരിക്കാനുള്ള അധികാരം നൽകണം. മൂലധനച്ചെലവ് ഏറ്റെടുക്കാനും മെഷിനറികളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കാനുള്ള അധികാരവും നൽകണം. തൊഴിലാളികളെ പുനർ വിന്യസിക്കാൻ ഉള്ള അധികാരം,അപ്രസക്തമായ തസ്തികകൾ നിർത്തലാക്കാനുള്ള അധികാരം,വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വിരമിക്കൽ,വി.ആർ.എസ് നൽകാനുള്ള അവകാശം എന്നിവ സ്ഥാപനങ്ങൾക്ക് നൽകണം.സ്ഥാനക്കയറ്റം,മാനേജീരിയൽ - സാങ്കേതിക തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള അവകാശം ഇൻസന്റീവുകൾക്കുള്ള അവകാശം എന്നിവ നൽകണം.ഉൽപന്നങ്ങൾക്ക് വില നിർണയിക്കാനുള്ള അവകാശം സ്ഥാപനങ്ങൾക്ക് നൽകണം.കാലഹരണപ്പെട്ട ഉപകരണങ്ങൾ ഡീകമ്മീഷൻ ചെയ്യാനും സ്‌ക്രാപ്പുകൾ വിൽപ്പന നടത്താനുമുള്ള അധികാരം സ്ഥാപനങ്ങൾക്ക് ഉണ്ടാവണം.സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനും സംയുക്ത സംരംഭങ്ങളിൽ പങ്കാളിത്തം വഹിക്കുന്നതിനും അവകാശം നൽകണം.അസംസ്‌കൃതവസ്തുക്കൾ വാങ്ങുന്നതിനുള്ള അധികാരവും ബോർഡിന് ആകണം.
കെൽട്രോണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിനെ ഇലക്ട്രോണിക്‌സ് ഹബ്ബാക്കി ഉയർത്തും : വ്യവസയ വകുപ്പ് മന്ത്രി പി രാജീവ്
സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് കൂടുതൽ ഫോക്കസ് നൽകുമെന്നും അതിനു ചുക്കാൻ പിടിക്കാൻ ശേഷിയുള്ളതാക്കി കെൽട്രോണിനെ ഉയർത്തുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി കെൽട്രോൺ നിർമ്മിച്ച പൾസ് ഓക്‌സിമീറ്റർ, ശ്രവൺ - മിനി ഹിയറിങ് എയ്ഡ്,സോളാർ പമ്പ് കൺട്രോളർ, 5kVA യു പി എസ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വലിയ ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേരളം മാത്രമാണ് ഇന്ന് പൊതുമേഖലയെ സംരക്ഷിക്കുന്നത്. എന്നാൽ അത് വിജയകരമായ ബദലാണെന്നു ബോധ്യപ്പെടുത്തണമെങ്കിൽ അവയെല്ലാം ലാഭകരമാക്കണം. പൊതുമേഖലയുടെ സംരക്ഷണം അവിടുള്ള ജീവനക്കാരുടെയും സംഘടനകളുടെയും മാത്രം ചുമതലയല്ല. ഗവണ്മെന്റ്, മാനേജ്മെന്റുകൾ, ജീവനക്കാർ, തൊഴിലാളികൾ, അവരുടെ സംഘടനകൾ - എല്ലാവരും ചേർന്നാൽ നമ്മുക്ക് വലിയ മാറ്റം ഈ മേഖലയിൽ കൊണ്ടുവരാൻ കഴിയും. സർക്കാർ എല്ലാ പൊതുമേഖലയുടെയും മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കികഴിഞ്ഞിട്ടുണ്ട്. പൊതുമേഖലയ്ക്ക് കൂടുതൽ സ്വയംഭരണം നൽകുന്ന തരത്തിൽ ബോർഡുകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാനുമാണ് ലക്ഷ്യമിടുന്നത്. സർക്കാർ നയങ്ങൾക്ക് അനുസൃതമാണോ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്ന് പരിശോധിക്കേണ്ട ചുമതല ബോർഡുകൾക്കായിരിക്കും - മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ബഹു. ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയും നെടുമങ്ങാട് എം എൽ എ യുമായ അഡ്വ. ജി ആർ അനിൽ അദ്ധ്യക്ഷനായി. കരകുളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ലേഖ റാണി, വാർഡ് മെമ്പർ ശ്രീ. എസ് സുരേഷ് കുമാർ, കെൽട്രോൺ ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. എൻ നാരായണമൂർത്തി, ചീഫ് ജനറൽ മാനേജർമാരായ ശ്രീമതി ബെറ്റി ജോൺ, ശ്രീമതി കെ ഉഷ, പ്ലാനിംഗ് മേധാവി സുബ്രഹ്മണ്യം, അംഗീകൃത തൊഴിലാളി സംഘടനാ പ്രസിഡന്റുമാർ, കെൽട്രോൺ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.