തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തിരൂർ സതീഷ് പറഞ്ഞു.
ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. ധർമ്മരാജൻ എന്ന വ്യക്തിയാണ് പണം കൊണ്ടുവന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉണ്ടായിരുന്നു.
ധർമ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്. പണത്തിനു കാവലിരുന്നത് താനാണെന്നും സതീഷ് പറഞ്ഞു. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ പണമാണ്.
ജില്ലാ നേതൃത്വം പറഞ്ഞത് അനുസരിച്ചാണ് അന്ന് താൻ പ്രവർത്തിച്ചതെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സതീഷ് പറഞ്ഞു.
അതേസമയം, 2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ 1.47 കോടി രൂപയാണ് കണ്ടെടുത്തത്.