ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ്പ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് തുടക്കമായി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്നു രാവിലെ 8.45ന് വിവിധ രൂപതാധ്യക്ഷന്മാരും വിശിഷ്ടാതിഥികളും സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ എത്തിച്ചേർന്നു.
അവിടെനിന്നു ബിഷപ്പുമാര്‍ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലിലെ മദ്ബഹയിലെത്തി. തിരുക്കര്‍മങ്ങള്‍ക്കു മുന്നോടിയായി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതമാശംസിച്ചു. തുടർന്ന് ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി മാര്‍ തോമസ് തറയിലിന്റെ നിയമനപത്രം വായിച്ചു.
സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. പ്രഖ്യാപനത്തിനുശേഷം സ്ഥാനചിഹ്നങ്ങള്‍ അണിഞ്ഞ് മാര്‍ തോമസ് തറയിലിനെ മദ്ബഹയില്‍ ഉപവിഷ്ടനാക്കും. ആദര സൂചകമായി ദേവാലയമണികള്‍ മുഴക്കും. ആചാരവെടികളും ഉയരും. തുടര്‍ന്ന് ബിഷപ്പുമാര്‍ നവ മെത്രാപ്പോലീത്തയ്ക്ക് അഭിനന്ദനം അറിയിക്കും.
വൈദിക പ്രതിനിധികളായി 18 ഫൊറോന വികാരിമാര്‍ മെത്രാപ്പോലീത്തയോട് വിധേയത്വം പ്രഖ്യാപിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനമധ്യേ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി സന്ദേശം നല്‍കും.
മാര്‍ തോമസ് തറയിലിനെ അനുമോദിക്കുന്നതിനും വിരമിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദി പ്രകാശനത്തിനുമായി 11.45നു പൊതുസമ്മേളനം നടക്കും. ഫാ. തോമസ് തൈക്കാട്ടുശേരിയും സംഘവും ആശംസാഗാനം ആലപിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയും നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും ചേര്‍ന്ന് ദീപം തെളിക്കും. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ സ്വാഗതം ആശംസിക്കും.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സമ്മേളനം ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും.
മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷന് തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്നിവര്‍ അനുമോദനം അര്‍പ്പിക്കും. അതിരൂപതയുടെ ഒന്‍പതാമത് ബിഷപ്പും അഞ്ചാമത് ആര്ച്ച്ബിഷപ്പുമാണ് മാര്‍ തോമസ് തറയില്‍.