എലപ്പുള്ളിയിലെ ബ്രൂവറി വരുന്നതിൽ വൻ അഴിമതിയെന്നു വി.ടി. ബൽറാം
1535906
Monday, March 24, 2025 1:19 AM IST
പാലക്കാട്: എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനുപിന്നിൽ വൻഅഴിമതിയെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം.
മുന്പ് പ്ലാച്ചിമട ഉൾപ്പെടെയുള്ള സമരങ്ങൾക്കു സാക്ഷ്യംവഹിച്ച ജില്ലയിലെ കർഷകരുടെ പ്രതിഷേധത്തെ മറന്നുകൊണ്ടാണ് എലപ്പുള്ളിയിൽ 24 ഏക്കർ സ്ഥലത്ത് എക്സൈസ് വകുപ്പ് ബ്രൂവറി സ്ഥാപിക്കാൻ അവസരം ഒരുക്കുന്നത്. ഇതിനുപിന്നിൽ വൻ അഴിമതിയാണ് നടക്കുന്നത്.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു നടത്തുന്ന 100 മണിക്കൂർ ഉപവാസത്തിന്റെ രണ്ടാംദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൽറാം.
ഏറ്റവും കൂടുതൽ വരൾച്ചയും കുളിവെള്ളക്ഷാമവും നേരിടുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധത്തെ വകവയ്ക്കാതെ നടത്തുന്ന നീക്കം ഡൽഹി മദ്യഅഴിമതികേസിൽ ഉൾപ്പെട്ട ഒയാസിസ് കമ്പനിക്കാണ് അനുമതി കൊടുക്കുന്നത് എന്നതിൽനിന്നുതന്നെ അഴിമതിയുടെ വ്യാപ്തി മനസിലാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കള്ളിക്കാട്ടു രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസ്, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, ബി. ഇഖ്ബാൽ, ജി. ശിവരാജൻ, സതീഷ് പഴകുളം,അഡ്വ. ബിജു കണ്ണന്തറ, ഇ.എം. ബാബു, എം.സി. വർഗീസ് എന്നിവർ പ്രസംഗിച്ചു.