കത്തീഡ്രൽ പള്ളിയില്‍ സ്വർഗാരോപണ തിരുനാളിനു കൊടിയേറി
1444168
Monday, August 12, 2024 1:42 AM IST
പാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രലിൽ 15ന് നടക്കുന്ന മാതാവിന്റെ സ്വർഗാരോപണ തിരുനാളിനു ഒരുക്കമായി തിരുനാൾ കൊടിയേറ്റം നടന്നു.
ഇന്നലെ രാവിലെ ആറരയുടെ വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക വികാരി ഫാ. ജോഷി പുലിക്കോട്ടിൽ തിരുനാൾ കൊടിയേറ്റം നിർവഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ചിറയത്ത്, കൈക്കാരന്മാരായ സുരേഷ് വടക്കൻ, ജോസഫ് തെക്കേക്കര എന്നിവരും നൂറുകണക്കിനു വിശ്വാസികളും സംബന്ധിച്ചു.
കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന അറുപത്തിയെട്ടാമതു ഊട്ടുനേർച്ച തിരുനാളാണ് ഈ വർഷം നടക്കുന്നത്. ഊട്ടുനേർച്ചയ്ക്ക് ഒരുക്കമായി നവനാൾ നൊവേനയും തിരുക്കർമങ്ങളും ദേവാലയത്തിൽ നടന്നുവരുന്നു.
ഓരോ ദിവസത്തെയും നൊവേനയ്ക്ക് ഇടവകയിലെ യൂണിറ്റുകൾ നേതൃത്വം നൽകി വരികയാണ്.
പ്രധാന തിരുനാൾ ദിവസമായ വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് വിശുദ്ധ കുർബാനയും തുടർന്ന് രൂപം എഴുന്നുള്ളിച്ചുവയ്ക്കുന്ന ശുശ്രൂഷയുമുണ്ടാകും. രാവിലെ പത്തരയുടെ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. റോയി കുളത്തിങ്കൽ മുഖ്യകാർമികത്വം വഹിക്കും.
ഫാ. അൽജോ കുറ്റിക്കാടൻ തിരുനാൾ സന്ദേശം നൽകും. തുടർന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം കത്തീഡ്രൽ സ്ക്വയറിൽ നടക്കും.
പന്ത്രണ്ടരയ്ക്കു തിരുനാൾ നേർച്ചഭക്ഷണം. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഊട്ടു നേർച്ചയ്ക്കു അയ്യായിരത്തോളം പേർ സംബന്ധിക്കുമെന്ന് തിരുനാൾ കൺവീനറായ ജയൻ സി. തോമസ് അറിയിച്ചു.
ഒരുക്കം പൂർത്തിയായി വരുന്നതായി സഹ കൺവീനർമാരായ ജോൺസൺ ചെറിയത്ത്, ബിജു ചിരിയങ്കണ്ടത്ത്, എബി മഞ്ഞളി, ജോയ് അക്കര, അമൽ ബെന്നി, സെബിൻ ഇമ്മട്ടി എന്നിവർ അറിയിച്ചു.