മണികണ്ഠൻ അട്ടപ്പാടിയെ ആദരിച്ചു
1443935
Sunday, August 11, 2024 5:53 AM IST
അഗളി: ലോക തദ്ദേശവാസിദിനത്തോടനുബന്ധിച്ചു കൂക്കംപാളയം ഗവ. യുപി സ്കൂളിലെ കുട്ടികൾ അട്ടപ്പാടിയിലെ യുവകവി മണികണ്ഠൻ അട്ടപ്പാടിയെ ആദരിച്ചു. നന്നേ ചെറുപ്പത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മണികണ്ഠൻ അവരുടെ വേർപാടുതീർത്ത ഏകാന്തതയിലാണ് കവിതയെഴുത്ത് ആരംഭിച്ചത്. ആദ്യം മലയാളത്തിൽ എഴുതിത്തുടങ്ങിയ മണികണ്ഠൻ പിന്നീട് തന്റെ മാതൃഭാഷയായ ഇരുള ഭാഷയിൽ കവിതകൾ എഴുതിത്തുടങ്ങി. കവി പി. രാമനാണ് ഗോത്രഭാഷയുടെ കാവ്യവഴിയിലേക്കു മണികണ്ഠനെ നയിച്ചത്.
പച്ചമരത്തണൽ കത്തിയെരിയുമ്പോൾ, പച്ചഞരമ്പുകൾ എന്നീ കവിതാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പൂർണമായും ഗോത്ര ഭാഷയിൽ രചിക്കപ്പെട്ട മല്ലിസ്പറ മുടി എന്ന കവിതാസമാഹാരം 15ന് പുറത്തിറങ്ങും.
ഈ പുസ്തകത്തിലെ മല്ലീസ്പറ മുടി എന്ന കവിത എംജി യൂണിവേഴ്സിറ്റി എംഎ മലയാളം സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയാണ് പുസ്തകത്തിന്റെ പ്രസാധകർ.