നഗരസഭ വാട്ടർ അഥോറിറ്റിയിൽ അടയ്ക്കാനുള്ള 50 കോടിയുടെ കുടിശിക അവസാനിപ്പിച്ചു
1541638
Friday, April 11, 2025 1:38 AM IST
ചാലക്കുടി: നഗരസഭ വാട്ടർചാർജ് ഇനത്തിൽ അടയ്ക്കാനുണ്ടായിരുന്ന 50 കോടി രൂപയുടെ കുടിശിക അവസാനിച്ചു.
1996 മുതൽ പൊതു ടാപ്പുകളുടെ വാട്ടർ ചാർജ് ഇനത്തിൽ കേരള വാട്ടർ അഥോറിറ്റിക്ക് നൽകാനുണ്ടായിരുന്ന കുടിശികയാണ് അവസാനിച്ചത്.
നഗരസഭയിലെ 36 വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള പൊതുടാപ്പുകളുടെ ഉപയോഗത്തിന്റെ ഭാഗമായി വിവിധ കൗൺസിൽ കാലയളവുകളിൽ അടക്കേണ്ട തുകയാണ് പലിശ ഉൾപ്പെടെ 50 കോടി രൂപയിലേറെ കുടിശികയായി മാറിയത്. വിവിധ ഘട്ടങ്ങളിൽ തുക അടയ്ക്കുന്നതുമായ് ബന്ധപ്പെട്ട് വാട്ടർ അഥോറിറ്റി ആവശ്യപ്പെട്ടെങ്കിലും, തുക അടക്കാത്ത സാഹചര്യത്തിൽ വാട്ടർ അഥോറിറ്റി നഗരസഭയ്ക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുകയും നഗരസഭ ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നും സ്റ്റെ വാങ്ങുകയും ചെയ്തിരുന്നു.
കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർന്നുള്ള അതാത് മാസങ്ങളിലെ വാട്ടർ ചാർജ് മുടക്കമില്ലാതെ അടയ്ക്കണമെന്ന ഹൈക്കോടതിയുടെ നിർദേശപ്രകാരം അതാത് മാസങ്ങളിലെ തുക നഗരസഭ അടച്ചു പോരുകയായിരുന്നു.
ഒരു പൊതു ടാപ്പിന് വെള്ളം ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരു വർഷത്തേക്ക് നഗരസഭ അടയ്ക്കേണ്ട തുക 21,838 രൂപയാണ്. 752 പൊതു ടാപ്പുകളാണ് നഗരസഭ പരിധിയിൽ സ്ഥാപിച്ചിരുന്നത്.
വീടുകളിലേക്ക് കൂടുതൽ കണക്ഷനുകൾ കാലാകാലങ്ങളിൽ നൽകിയിട്ടുള്ള സാഹചര്യത്തിൽ ഉപയോഗശൂന്യമായ പൊതു ടാപ്പുകൾ ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. മുൻ കൗൺസിലുകളുടെ കാലത്ത് നൂറോളം പൊതുടാപ്പുകൾ ഒഴിവാക്കിയിരുന്നു. അവശേഷിച്ച 655 ടാപ്പുകളിൽ 600 എണ്ണം ഒഴിവാക്കാൻ ഈ കൗൺസിലിന്റെ സമയത്ത് തിരുമാനിക്കുകയും ഇതിനുള്ള ഫീസ് 12 ലക്ഷം രൂപ നഗരസഭ അടയ്ക്കുകയും, 600 ൽ 567 ടാപ്പുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമുള്ള മുഴുവൻ വീടുകളിലും സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകിവരികയാണ്. കുടിശിക വിഷയം സംബന്ധിച്ച് തിരുവനന്തപുരത്ത് കേരള വാട്ടർ അഥോറിറ്റിഅസിസ്റ്റന്റ്് മാനേജിംഗ് ഡയറക്ടർ ബിനു ഫ്രാൻസിസുമായി സനീഷ്കുമാർ ജോസഫ് എംഎൽഎ, ചെയർമാൻ ഷിബു വാലപ്പൻ, മുൻ ചെയർപേഴ്സൺ ആലീസ് ഷിബു എന്നിവർ കഴിഞ്ഞദിവസം ചർച്ച ചെയ്തിരുന്നു.
ഈ അവസരത്തിലാണ് ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്നുള്ള തുക ഉപയോഗിച്ച് കുടിശിക തുക പൂർണമായും വാട്ടർ അഥോറിറ്റി വിഭാഗത്തിൽ സർക്കാർ അടച്ചുതീർത്തിട്ടുള്ള വിവരം അറിയിച്ചത്.
15-ാം ധനകാര്യ കമ്മീഷൻ വിഹിതമായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനമേഖലകൾക്കുള്ള പദ്ധതികൾക്കായി സംസ്ഥാനത്തിന് അനുവദിച്ചിരുന്ന മുൻവർഷത്തെ ഫണ്ടാണ് സർക്കാർ വാട്ടർ അഥോറിറ്റിയിലെ കുടിശിക ഇനത്തിലേക്ക് അടച്ച് തീർത്തത്. ഈ വിഹിതം പൂർണമായും ചെലവഴിച്ചാലേ അടുത്ത വർഷത്തെ ഗ്രാന്റ്് ലഭിക്കുകയുള്ളൂ എന്ന സാഹചര്യത്തിൽ സർക്കാർ വിവിധ സ്ഥലങ്ങളിലെ കുടിശിക തുക പൂർണമായും അടച്ചു തീർത്തത്.
ഇതിൽ ഉൾപ്പെടുത്തിയാണ് ചാലക്കുടി നഗരസഭയുടെ 50 കോടി രൂപയുടെ കുടിശിക പൂർണമായും ഒഴിവായത്.