കുട്ടിക്കുമ്മാട്ടികളെയിറക്കിയ രക്ഷിതാക്കൾക്ക് അഭിനന്ദനപ്രവാഹം
1454254
Thursday, September 19, 2024 1:42 AM IST
തൃശൂർ: ഓണത്തോടനുബന്ധിച്ച് കുമ്മാട്ടിക്കളിക്കു കുട്ടികളെ പങ്കെടുപ്പിച്ച രക്ഷിതാക്കൾക്ക് അഭിനന്ദനപ്രവാഹം. നിലനിർത്താൻ പാടുപെടുന്ന കുമ്മാട്ടിക്കളിയിലേക്കു പുതിയ തലമുറയെ കൈപിടിച്ചുകൊണ്ടുവരുന്നതിൽ രക്ഷിതാക്കൾ മുൻകെെയെടുത്തതിൽ പ്രശംസിച്ച് പൂരപ്രേമിസംഘം മൂന്നു കുട്ടികളുടെ രക്ഷിതാക്കളെ ആദരിച്ചു.
കിഴക്കുംപാട്ടുകരയിൽ കഴിഞ്ഞ ദിവസം നടന്ന ഋഷി കുളമുറ്റം കുമ്മാട്ടി സംഘത്തിൽ മൂന്നുകുട്ടിക്കുമ്മാട്ടികൾ ഇറങ്ങിയിരുന്നു. തൃശൂരിന്റെ സാംസ്കാരിക സംഘാടനരംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സജേഷ് കുന്നന്പത്തിന്റെ രണ്ടു മക്കളായ അശ്വന്ത് കൃഷ്ണ, അനന്ത് കൃഷ്ണ, കോനിക്കര രാകേഷിന്റെ മകൻ ദേവ് കൃഷ്ണ എന്നിവരാണ് കുമ്മാട്ടിക്കൂട്ടത്തിൽ തിളങ്ങിയത്.
പൂരപ്രേമിസംഘം ഭാരവാഹികളും അംഗങ്ങളുമായ വിനോദ് കണ്ടേംകാവിൽ, ബൈജു താഴേക്കാട്ട്, എൻ. പ്രസാദ് എന്നിവർ ചേർന്നു രക്ഷിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു.
കുമ്മാട്ടികൾ
ജൂബിലിയിലെത്തി, പതിവു തെറ്റിക്കാതെ
രോഗവും ചികിത്സയുമായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പതിവു തെറ്റിക്കാതെ ഋഷി കുളമുറ്റം കുമ്മാട്ടിസംഘം എത്തി. രോഗദുരിതത്തിൽ കഴിയുന്നവർക്ക് ആശുപത്രിയുടെ ചികിത്സാ സാന്ത്വനത്തിനു പുറമെ കുമ്മാട്ടികളും രോഗികൾക്കും ബന്ധുക്കൾക്കും തങ്ങളുടെ സാന്നിധ്യം കൊണ്ട് സാന്ത്വനമായി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഋഷി കുളമുറ്റം കുമ്മാട്ടിസംഘം രോഗികളെ ആശ്വസിപ്പിക്കാനും സന്തോഷം പകരാനും ജൂബിലി മിഷൻ ആശുപത്രിയിലെത്താറുണ്ട്.