പറവൂരിൽ ബജറ്റ് ചർച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു
1537557
Saturday, March 29, 2025 3:45 AM IST
പറവൂർ: സർവ മേഖലയിലും പറവൂരിനെ പിന്നോട്ട് നടത്തുന്ന ജനവിരുദ്ധ ബജറ്റാണ് നഗരസഭയിൽ അവതരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എൽഡിഎഫ് അംഗങ്ങൾ ചർച്ചക്കിടെ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
പശ്ചാത്തല മേഖലയുടെ വികസനവും നഗരസഭയുടെ തനത് വരുമാന വർദ്ധനവും പരിഗണിക്കാത്ത പിന്തിരിപ്പൻ ബജറ്റാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വലിയ കടക്കെണിയിലായ നഗരസഭയുടെ ബാധ്യതകളെ ബജറ്റിൽ മറച്ച് വക്കുകയും വിവിധ ഏജൻസികൾക്ക് നൽകാനുള്ള പണത്തിന്റെ കണക്കുകൾ മൂടി വക്കുകയും ചെയ്തത് പ്രതിപക്ഷം ചോദ്യം ചെയ്തു.
സർക്കാർ അനുവദിച്ച സ്റ്റേഡിയത്തിന് പുറമേ യാതൊരു പദ്ധതിയും കായിക മേഖലയ്ക്കില്ലെന്നും സാംസ്കാരിക വനിതാ ശിശുക്ഷേമപദ്ധതികൾ ബജറ്റിൽ ഇടം കണ്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
നഗരത്തിലെ വെള്ളക്കെട്ട് നിർമാർജനം, കവലകളുടെ വികസനം, നഗരസൗന്ദര്യവൽക്കരണം എന്നിവക്കായി പദ്ധതികൾ പ്രതീക്ഷിച്ച നഗരവാസികൾക്ക് നിരാശ സമ്മാനിച്ച ബജറ്റാണിതെന്നും പ്രതിപക്ഷ നേതാവ് ടി വി നിധിൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നിർദേശങ്ങളിൽ കൃത്യമായ മറുപടി പോലും നൽകാൻ തയ്യാറാകാത്ത ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ച് ബജറ്റ് അംഗീകരിക്കാതെ എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭ കവാടത്തിൽ ധർണ നടത്തി.