അഞ്ചു വയസുകാരന് അയ്യായിരം രൂപ പിഴയിട്ട് കളമശേരി നഗരസഭ !
1536338
Tuesday, March 25, 2025 7:25 AM IST
കളമശേരി: റോഡിൽ മാലിന്യം നിക്ഷേപി ച്ചുവെന്ന് ചൂണ്ടിക്കാട്ടി, അഞ്ച് വയസായ കുട്ടിക്ക് അയ്യായിരം രൂപയുടെ പിഴയിട്ട് കളമശേരി നഗരസഭാ സെക്രട്ടറി. കളമശേരി മലേപ്പാടം റോഡിൽ കൈരളി നഗറിലുള്ള കുടയ്ക്കാൻ നോട്ടീസ് ലഭിച്ചത്. വീട്ടിൽ നിന്നുള്ള മാലിന്യം ഈ മാസം 10 ന് എൻഎഡി റോഡിൽ നിക്ഷേപിച്ചു എന്നതാണ് കുറ്റം.
ഇത് പരിസരവാസികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയെന്നും പരിസരമലിനീകരണം നടത്തുന്നതിന് ബോധപൂർവം കുട്ടി പ്രവർത്തിച്ചതായി നഗരസഭയ്ക്ക് ബോധ്യപ്പെട്ടുവെന്നും നോട്ടീസിൽ പറയുന്നു.
നഗരസഭാ ആക്ട് പ്രകാരം കുറ്റകരമായതിനാൽ 5000/- രൂപ പിഴ ഒടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം പ്രോസിക്യൂഷൻ നടപടി ഉണ്ടാകുമെന്നും പറയുന്നുണ്ട്. കൊറിയർ വഴി കളിപ്പാട്ടം പൊതിഞ്ഞു വന്ന കവർ ഹരിത കർമസേനയ്ക്ക് മാലിന്യമായി നൽകിയതാണെന്നും ഇതെങ്ങനെ എൻഎഡി റോഡിൽ വന്നെന്ന് അറിയില്ലെന്നുമാണ് കുട്ടിയുടെ അപ്പൂപ്പൻ പറഞ്ഞത്. കാര്യകാരണസഹിതം സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ് രക്ഷിതാക്കൾ.