മൂവാറ്റുപുഴ - കൂത്താട്ടുകുളം നാലുവരിപ്പാത നടപടികൾ മരവിപ്പിച്ചു; വ്യാപകപ്രതിഷേധം
1444791
Wednesday, August 14, 2024 3:48 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത നടപടികൾ മരവിപ്പിച്ചു. പ്രതിഷേധം വ്യാപകം. 2017ലെ ബജറ്റിൽ 25 കോടിയുടെ ഭരണാനുമതി ലഭിക്കുകയും തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽനിന്ന് 450.33 കോടിയുടെ സാന്പത്തികാനുമതിയാവുകയും ചെയ്ത സുപ്രധാന പദ്ധതി മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു.
മുൻമന്ത്രി പി.ജെ. ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കഴിഞ്ഞ ജൂലൈ നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലാണ് പദ്ധതി പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്ന വിവരം പ്രതിപാദിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി പ്രവർത്തനങ്ങൾ നടക്കുന്ന അങ്കമാലി എൽഎ സ്പെഷൽ തഹസിൽദാരുടെയും റോഡിന്റെ ഡിസൈൻ വിഭാഗം ചീഫ് എൻജിനീയരുടെയും ഓഫീസുകൾക്കാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ നിർദേശം നൽകിയിട്ടുള്ളത്.
കഴിഞ്ഞ ജനുവരി 24ന് കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം എടുത്തത്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് കണ്ടിജൻസി ചാർജ് ഇനത്തിൽ 50 ലക്ഷം രൂപ കിഫ്ബിയിൽ നിന്ന് കൈമാറിയിരുന്നു. 24 വർഷം മുന്പ് സംസ്ഥാന പാതയായി പ്രഖ്യാപിച്ച ഈ റോഡ് പ്രവർത്തിക്ക് ജീവൻവച്ചത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. അതിർത്തിക്കല്ലുകൾ പുന:സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സർവെ നടപടികളും നിർത്തിവച്ചു. നിലവിലുള്ള എംസി റോഡിലൂടെയുള്ള യാത്രയിലെ വിവിധ പ്രതിസന്ധികൾ ഒഴിവാക്കാൻ കഴിയുന്ന പദ്ധതി ആരക്കുഴ, മാറാടി, പാലക്കുഴ, കൂത്താട്ടുകുളം മേഖലയിൽ വൻ വികസനത്തിനും വഴിവയ്ക്കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ റോഡിന്റെ താത്കാലിക വികസനത്തിന് സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് 16 കോടി അനുവദിച്ചിരുന്നു. എംസി റോഡ് വഴിയുള്ള യാത്രയേക്കാൾ നാല് കിലോ മീറ്റർ ദൈർഘ്യം കുറയുന്നതും വളവുകൾ ഇല്ലാതിരിക്കുന്നതും ഈ പാതയുടെ പ്രത്യേകതയാണ്. എന്നാൽ കൂടുതൽ വാഹനങ്ങൾ ഇതുവഴി പോകുന്നില്ലെന്ന കാരണം പറഞ്ഞാണ് പദ്ധതി ഇല്ലാതാക്കുന്നതെന്നും ഇതു നീതീകരിക്കാനാകാത്തതും ജില്ലയുടെ കിഴക്കൻ മേഖലയോടുള്ള അവഗണനയുമാണെന്ന് എൽദോ ഏബ്രഹാം കുറ്റപ്പെടുത്തി.
രണ്ടു പതിറ്റാണ്ട് കാലത്തെ പരിശ്രമഫലമായി 2017ൽ അനുമതി വാങ്ങിയെടുത്ത പദ്ധതി ഉപേക്ഷിക്കരുതെന്നും ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.