കൂവകൃഷിയിൽ നേട്ടംകൊയ്ത് യുവകർഷകൻ
1459374
Monday, October 7, 2024 2:55 AM IST
ജോയി കിഴക്കേൽ
തൊടുപുഴ: ഒൗഷധഗുണം കൊണ്ടും പോഷകഗുണം കൊണ്ടും സന്പന്നമായ കൂവകൃഷിയിലൂടെ നാടിനെ ഹരിതാഭമാക്കുകയാണ് യുവ കർഷകനായ സിബി കെ. ജോണ്. നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ തലമുറ പിന്നോട്ടുപോയാൽ കൂവകൊണ്ടുള്ള വിഭവങ്ങൾ കഴിക്കാത്തവർ വിരളമായിരുന്നു. എന്നാൽ ഇന്ന് കൂവക്കൃഷി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരുന്പോൾ ഇതിന്റെ അനന്ത സാധ്യത തിരിച്ചറിഞ്ഞ് കൃഷിയിലൂടെ മികച്ച വരുമാനം നേടുകയാണ് ഇദ്ദേഹം.
മൂലമറ്റത്തിനു സമീപം വെള്ളിയാമറ്റം സ്വദേശിയായ സിബി കെ. ജോണ് കിഴക്കേക്കര വീടിനോടു ചേർന്നുള്ള മൂന്നേക്കറിൽ അരയേക്കർ സ്ഥലത്താണ് കൂവകൃഷി ചെയ്യുന്നത്. വാഴത്തോട്ടത്തിൽ ഇടവിളയായാണ് കൃഷി. കൂവയുടെ മൂല്യ വർധിത ഉത്പന്നം നിർമിച്ച് വിപണനം നടത്തി മികച്ച വരുമാനമാണ് നേടുന്നത്.
കൂവപ്പൊടി നിർമാണം
സ്വന്തം കൃഷിയിടത്തിലെ കൂവയ്ക്കു പുറമേ സമീപ പ്രദേശങ്ങളിലെ കർഷകരിൽനിന്നും കൂവ വാങ്ങിയാണ് കൂവപ്പൊടി ഉത്പാദിപ്പിക്കുന്നത്. വേര് നീക്കം ചെയ്ത് നൽകുന്ന പച്ചക്കൂവ കിലോയ്ക്ക് 20നും ഒരുക്കാത്തത് 15 രൂപയ്ക്കുമാണ് വാങ്ങുന്നത്. ഒരു വർഷം മൂന്നു ടണ് കൂവ പുറത്തുനിന്ന് വാങ്ങുന്നുണ്ടെന്ന് സിബി പറഞ്ഞു.
യന്ത്രം ഉപയോഗിച്ചാണ് കൂവ അരച്ചെടുക്കുന്നത്. 20,000 മുതൽ 60,000 രൂപ വരെ വിലയുള്ള മെഷീനാണ് കൂവ അരയ്ക്കാൻ ഉപയോഗിക്കുന്നത്. ഒരു ദിവസം 300 കിലോ വരെ അരച്ചെടുക്കാൻ കഴിയുന്ന മെഷീനാണ് സിബിയുടേത്.
അരച്ചെടുക്കുന്ന കൂവപ്പൊടി വലിയ പാത്രങ്ങളിലാക്കി വെള്ളം ഒഴിച്ച് മൂടി വയ്ക്കും. പൊന്തിവരുന്ന പിശട് ദിവസവും ഉൗറ്റിക്കളയും. ഇങ്ങനെ ആറോ ഏഴോ ദിവസം ആവർത്തിക്കുന്പോൾ അടിയിൽ ശുദ്ധമായ കൂവപ്പൊടി അവശേഷിക്കും. ഇത് വെയിലത്ത് ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഉണങ്ങിയ പൊടി പ്ലാസ്റ്റിക് ജാറുകളിൽ ശേഖരിക്കും. പിന്നീട് 100, 250, 500 ഗ്രാം, ഒരു കിലോ എന്നീ തോതിൽ പ്ലാസ്റ്റിക് കവർ, ബോട്ടിലുകൾ എന്നിവയിൽ നിറയ്ക്കും.
വിപണനം
വെള്ള, മഞ്ഞ, നീല, കുഴി എന്നിങ്ങനെ വിവിധയിനം കൂവകളുണ്ട്. ഇതിൽ മഞ്ഞ, നീല എന്നീ ഇനം കൂവയിൽനിന്നുള്ള പൊടിയാണ് സിബി ഉത്പാദിപ്പിക്കുന്നത്. ബേക്കറികൾ, പലചരക്കു കടകൾ, മെഡിക്കൽ ഷോപ്പുകൾ, ടൂറിസം സെന്ററുകൾ, കോതമംഗലം, എറണാകുളം കേന്ദ്രീകരിച്ചുള്ള കയറ്റുമതി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കൂവപ്പൊടി വിൽപ്പന നടത്തുന്നത്. വിദേശത്തേക്ക് പോകുന്ന ധാരാളം പേർ കൂവപ്പൊടി വാങ്ങാൻ വീട്ടിലെത്തുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
മഞ്ഞ കൂവപ്പൊടി കിലോയ്ക്ക് 1,300 രൂപയ്ക്കും നീല 1,400 രൂപയ്ക്കുമാണ് വിൽക്കുന്നത്. പേൾസ് ആരോറൂട്ട് എന്ന പേരിലാണ് ഉത്പന്നത്തിന്റെ വിപണനം.
പോഷക മൂല്യം
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, കാത്സ്യം, സിങ്ക്, മംഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാൽ സന്പന്നമാണ് കൂവപ്പൊടി. ക്ഷീണമകറ്റാനും രോഗശമനത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് ഫലപ്രദമാണ്. വയറിളക്കം ശമിപ്പിക്കാൻ ഉത്തമമാണ്. മൂത്രാശയരോഗം, കാൻസർ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ആശ്വാസം നൽകുന്നതിനും സഹായകമാണ്.
ഹൃദയാരോഗ്യത്തിനും രക്തചംക്രമണത്തിനും വളർച്ചയെ പ്രതിരോധിക്കാനും കൂവപ്പൊടി നല്ലതാണ്. ഒൗഷധ നിർമാണത്തിനും ചർമം മൃദുലമാക്കുന്ന ക്രീമുകളിലും ടാൽക്കം പൗഡറുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.
കുറുക്കും അടയും
ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്നതും ശരീരത്തിന് ഗുണം നൽകുന്നതുമായ വിഭവമാണ് കൂവക്കുറുക്ക്. ഏതാനും സ്പൂണ് കൂവപ്പൊടി എടുത്ത് പാത്രത്തിൽ പച്ചവെള്ളം ചേർത്ത് ഇളക്കിയശേഷം ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേർത്താൽ കൂവപ്പൊടികുറുക്കായി.
വാഴയിലയിൽ അട ഉണ്ടാക്കി ക്കഴിക്കാൻ കൂവപ്പൊടി ഒന്നാംതരമാണ്.
പാലിൽ ചേർത്തും കഴിക്കാം. പുട്ട്, അപ്പം, ഇഡലി എന്നിവയിൽ ചേരുവയായും ഉൾപ്പെടുത്താം. കേക്ക്, ബർഗർ, ബ്രഡ്, സ്റ്റൂ , ഹൽവ, ജാം, ഐസ്ക്രീം, പുഡിംഗ് തുടങ്ങിയ നിരവധി വിഭവങ്ങളുമുണ്ടാക്കാം.
അനുകൂല കാലാവസ്ഥ
കേരളത്തിലെ അന്തരീക്ഷ ഉൗഷ്മാവും മഴയുടെ തോതും കൂവക്കൃഷിക്ക് ഏറെ അനുകൂലമാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ പുതുമഴയോടെ കൂവ കൃഷി നടത്താം. മൂന്നിഞ്ച് അകലത്തിലും ഒന്നര ഇഞ്ച് താഴ്ച്ചയിലുമാണ് വിത്ത് നടുന്നത്. ചാണകം, കോഴിക്കാഷ്ഠം ചപ്പുചവറുകൾ എന്നിവ വളമായി ഉപയോഗിക്കാം. ജനുവരി, ഫെബ്രുവരി മാസമാണ് വിളവെടുപ്പിന്റെ സമയം.
പച്ചക്കറികളുടെയും മറ്റ് പല വിളകളുടെയും ഇടയിൽ കൂവ നട്ടാൽ കീടങ്ങളും പ്രാണികളും അവയെ ആക്രമിക്കുന്നത് തടയാനാകും. കൂവക്കൃഷിക്കു പുറമേ റബർ, കൊക്കോ, കമുക്, മരിച്ചീനി, വാഴ എന്നീ കൃഷികളുമാണ് ഈ യുവകർഷകൻ നടത്തിവരുന്നത്.
ഇതോടൊപ്പം കാലിവളർത്തലുമുണ്ട്. കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ സിബിക്ക് ലഭിക്കുന്നുണ്ട്. ഭാര്യ: ലിറ്റി ജോസ്, മക്കൾ: റോസന്ന, ബ്രിജിറ്റ്, മേരി.