ഭൂമാഫിയ കീറിമുറിച്ച മലനിരകളിൽ കുറിഞ്ഞിപ്പൂക്കൾ വിരിയുന്നു
1454475
Thursday, September 19, 2024 11:31 PM IST
അടിമാലി: ചൊക്രമുടി മലനിരകളെ ഭൂമാഫിയ കീറിമുറിച്ചെങ്കിലും അവശേഷിച്ച കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞു തുടങ്ങി. ചൊക്രമുടിയിലെ വിവാദ ഭൂമിയുടെ സമീപത്തായിട്ടാണ് ചോലക്കുറിഞ്ഞികൾ പൂവിട്ടു തുടങ്ങിയിരിക്കുന്നത്. ചോലക്കുറിഞ്ഞിയും നീലക്കുറിഞ്ഞിയും ആണ് ചൊക്രമുടി മലനിരകളിലെ പ്രധാന ഇനങ്ങൾ. 2014 ലാണ് ഇതിനു മുൻപ് ചൊക്രമുടി മലനിരകളിൽ നീല വസന്തം വിരിഞ്ഞത്. നീലക്കുറിഞ്ഞി പൂവിടാൻ 12 വർഷം വേണമെങ്കിലും പത്തുവർഷം മുതൽ ചോലക്കുറിഞ്ഞികൾ പൂവിട്ടു തുടങ്ങും. പശ്ചിമഘട്ട മലനിരകളിൽ രാജമലയും കൊളുക്കുമലയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കുറിഞ്ഞികൾ വിടുന്നത് ചൊക്രമുടി മലനിരകളിലാണ്.
പശ്ചിമഘട്ട മലനിരകളിൽ സമുദ്ര നിരപ്പിൽ നിന്ന് 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി. സ്ട്രോബിലാന്തസ് കുന്തിയാനസ് എന്നാണ് ശാസ്ത്രീയ നാമം. ഇവ കുറിഞ്ഞി വർഗത്തിലെ റാണിയെന്നാണ് എന്നറിയപ്പെടുന്നത്. 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ലോകത്തു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവ ഏകദേശം 450 ഇനങ്ങളുണ്ട്. ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലാണുള്ളത്. പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനങ്ങൾ. പൂത്ത് പത്തു മാസം കഴിയുമ്പോഴാണ് ഇവയുടെ വിത്ത് പാകമാകുന്നത്.
നീലക്കുറിഞ്ഞിയുടെ സവിശേഷതകൾ
ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ മാത്രം പൂക്കുന്ന കുറിഞ്ഞിച്ചെടികൾ വരെ ഉണ്ട്. ഭൂരിഭാഗവും 12 വർഷം കൂടുമ്പോൾ പൂക്കുന്നവയാണ്.
ഒന്നര അടി മുതൽ 8 മീറ്റർ വരെ ഉയരംവയ്ക്കുന്ന പലയിനം കുറിഞ്ഞികളുണ്ട്. സമുദ്രനിരപ്പിൽനിന്ന് 500 മീറ്ററിനുമേലേ 1400 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലും വളരുന്നു. ഋതുഭേദങ്ങളുമായി ഈ സസ്യകുടുംബത്തിനു ബന്ധമില്ല. അതുകൊണ്ടുതന്നെ ഇവയുടെ കാലചക്രത്തിനു കൃത്മായ ഇടവേളകൾ ഉണ്ട്. മഴയില്ലാത്ത കാലാവസ്ഥ ആണെങ്കിൽ പൂവിട്ടു മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും.
വരും തലമുറയെ കാണാതെ ഒരിക്കൽ മാത്രം പുഷ്പിച്ച് ഇവ സ്വയം നശിക്കുന്നു. കുറിഞ്ഞിച്ചെടികളുടെ കാണ്ഡത്തിന്റെ അഗ്രഭാഗം ചെരിഞ്ഞു വളർച്ച മുരടിച്ചാൽ ഉറപ്പിക്കാം അടുത്ത വർഷം ചെടി പുഷ്പിക്കുമെന്ന്. വൈവിധ്യമാർന്ന പല നിറങ്ങളിലും കാണപ്പെടുന്നു. നീലയ്ക്കും ഊതനിറത്തിനും ഇടയിൽ, ഇളം വയലറ്റ്, നീല, ഇളം നീല, ഇരുണ്ട തവിട്ടു നിറം, വെള്ള നിറം, വെള്ള കലർന്ന ഇളം ചുവപ്പ്, വയലറ്റ് കലർന്ന വെള്ള, അവിടവിടെ ചുവപ്പു നിറമുള്ള വെള്ള, ഇളം റോസ് എന്നിങ്ങനെ വിവിധ നിറങ്ങളിൽ കുറിഞ്ഞുകൾ കാണപ്പെടുന്നു.