പഞ്ചായത്തുകളിൽ പദയാത്രകളുമായി യുഡിഎഫ്
1338490
Tuesday, September 26, 2023 10:56 PM IST
കട്ടപ്പന: ഭൂവിഷയത്തിൽ ഇടുക്കി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും യുഡിഎഫ് പദയാത്ര നടത്തുമെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കണ്‍വീനർ പ്രഫ. എം. ജെ. ജേക്കബും അറിയിച്ചു.
പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധിപ്പിച്ച് ജനജീവിതം ദുഃസഹമാക്കിയ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രാജ്യത്തിന് ബാധ്യതയായി മാറിയിരിക്കുകയാണ്. എ ഐ ക്യാമറ, കെ -ഫോണ്‍, വീണ വിജയന്റെ മാസപ്പടി തുടങ്ങിയ അഴിമതികൾ അന്വേഷിക്കാൻ സർ ക്കാർ തയാറാകണം.
1960 ലെ നിയമം അനുസരിച്ച് നൽകിയ പട്ടയങ്ങൾ കൃഷിക്കും വീട് വയ്ക്കുന്നതിനും ഉപയോഗിക്കാമെന്നതിനോട് ചേർത്ത് മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന ഒറ്റ വാചകം ചേർത്ത് ഭേദഗതി ചെയ്യുന്നതിനു പകരം ക്രമവത്കരണത്തിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. ജില്ലയിലെ 13 പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരിക്കുന്ന നിർമാണ നിയന്ത്രണങ്ങൾ പിൻവലിക്കണം.
മുഴുവൻ ജനങ്ങൾക്കും ഉപാധിരഹിത പട്ടയം നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന എൽഡിഎഫ് 8 വർഷങ്ങൾ കഴിഞ്ഞിട്ടും പട്ടയം നൽകിയിട്ടില്ല. റേഷൻ വിതരണം, സപ്ലൈകോ, കെഎസ്ആർടിസി, സഹകരണ മേഖല എല്ലാം തകർത്തു തരിപ്പണമാക്കി.
പോലീസ്, സർവകലാശാല എന്നിവയെല്ലാം രാഷ്ട്രീയവത്കരിച്ച് സിപിഎമ്മിന്റെ താവളമാക്കി മാറ്റി. പിൻവാതിൽ നിയമനത്തിലൂടെ പിഎസ്സിയെ നോക്കുകുത്തിയാക്കി പാവപ്പെട്ട യുവജനങ്ങളെ വഞ്ചിച്ച ഗവണ്മെന്റാണിത്.
ഭരിച്ചു മുടിച്ച നാടിന്റെ അവസ്ഥ പഠിക്കാൻ മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന പഠനയാത്ര തട്ടിപ്പാണെന്നും നേതാക്കൾ ആരോപിച്ചു.ഒക്ടോബർ 10 മുതൽ 15 വരെ എല്ലാ മണ്ഡലങ്ങളിലും പദയാത്ര നടത്താനും 18നു നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിൽ ജില്ലയിൽനിന്ന് 4000 പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
തൊടുപുഴ രാജീവ് ഭവനിൽ ചേർന്ന യോഗം സംസ്ഥാന കണ്‍വീനർ എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, ഫ്രാൻസിസ് ജോർജ്, സി.പി. മാത്യു, അഡ്വ. എസ് .അശോകൻ, എം. എസ്. മുഹമ്മദ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ എന്നിവർ പ്രസംഗിച്ചു. 30 ന് മുൻപ് നിയോജകമണ്ഡലം കമ്മിറ്റികളും ഒക്ടോബർ മൂന്നിന് മുന്‍പ് മുഴുവൻ മണ്ഡലം കമ്മിറ്റികളും ചേരുന്നതിനും തീരുമാനിച്ചതായും നേതാക്കൾ അറിയിച്ചു.