ചെറുവള്ളി എസ്റ്റേറ്റ്: കേസ് ശനിയാഴ്ച പരിഗണിക്കും
1508781
Monday, January 27, 2025 11:59 PM IST
കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് പാലാ കോടതിയിലുള്ള കേസില്‍ ശനിയാഴ്ച വിസ്താരം തുടങ്ങും.
കഴിഞ്ഞ ശനിയാഴ്ച വിസ്താരം തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ എസ്റ്റേറ്റിന്റെ കൈവശക്കാരായ അയന ചാരിറ്റബിള്‍ ട്രസ്റ്റിനും മുന്‍ ഉടമകളായ ഹാരിസണ്‍ പ്ലാന്റേഷനും ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ കേട്ടശേഷം വിസ്താരം മതിയെന്ന നിലപാടിനെതുര്ന്നാണ് കേസ് മുന്നോട്ടുവച്ചത്. എസ്റ്റേറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന വാദത്തില്‍ കോട്ടയം അസിസ്റ്റന്റ് കളക്ടറെ വിസ്തരിക്കും. ഇതിലേക്കുള്ള തെളിവുകളും കോടതി പരിഗണിക്കും. വില കൈവശക്കാര്‍ക്ക് നല്‍കിയോ കോടതിയില്‍ കെട്ടിവച്ചോ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ല. കേസ് വാദിച്ച് ന്യായം ബോധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഏറ്റെടുക്കുന്ന ഭൂമിക്ക് വില നല്‍കേണ്ടതില്ലെന്നും ഭൂമിയിലെ വിളകള്‍ക്ക് മാത്രമാണ് കൈവശക്കാരന് അവകാശമെന്നും നിയമവിദഗ്ധര്‍ പറയുന്നു. ഹാരിസണ്‍സ് മലയാളം കമ്പനി കൃഷി ചെയ്തിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ബിലീവേഴ്സ് ചര്‍ച്ചിന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനത്തിന് കൈമാറിയ നടപടി അനധികൃതമാണെന്നാണ് സര്‍ക്കാര്‍ വാദം. ഹാരിസണ്‍സ് മലയാളം സംസ്ഥാനത്ത് കൃഷിയിറക്കിയ ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനാണെന്നു ചൂണ്ടിക്കാട്ടി കമ്പനിക്കെതിരേ എട്ട് ജില്ലകളിലെ മുന്‍സിഫ് കോടതികളില്‍ സര്‍ക്കാര്‍ സിവില്‍ കേസ് നല്‍കിയിരുന്നു. ആദ്യകേസ് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ഒഎസ് 72/19 നമ്പറായി പാലാ മുന്‍സിഫ് കോടതിയില്‍ നല്‍കിയിരിക്കുന്ന കേസാണ്.