കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു
1454737
Friday, September 20, 2024 10:43 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിനുമുന്‍പിലെ മണ്ണു മാറ്റിത്തുടങ്ങി. ദേശീയപാതയിൽനിന്നു ബൈപാസിലേക്കു തിരിയുന്ന ഇവിടെ റൗണ്ടാന നിർമിക്കാനാണ് പദ്ധതി. ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ ആവശ്യമായ വെളിച്ചത്തിനുള്ള സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും.
ഇവിടെ നിന്നാണ് മണിമല റോഡിനും ചിറ്റാർപുഴയ്ക്കും മീതെയുള്ള മേൽപ്പാലം നിർമിക്കുന്നതും. ബൈപാസ് തുടങ്ങുന്ന ഇവിടെ പഞ്ചായത്തിന്റെവക ദേശീയപാതയോരത്തെ 14 സെന്റും സ്വകാര്യ വ്യക്തികളിൽ നിന്നായി മൂന്നു സെന്റ് സ്ഥലവും ഏറ്റെടുത്തിരുന്നു. 86 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്തിന്റെ സ്ഥലം ഏറ്റെടുത്തത്.
മണ്ണുപരിശോധനയെത്തുടർന്നു പാലത്തിന്റെ രൂപരേഖയിൽ മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമായി വന്നതിനാൽ ചെന്നൈ ഐഐടിയിൽ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ പാലത്തിന്റെ നിർമാണവും ആരംഭിക്കുമെന്നു ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു.
രണ്ടിടങ്ങളിലായാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. നിർദിഷ്ട പദ്ധതിപ്രദേശത്തെ ഉയർന്ന ഭാഗം ഇടിച്ചുനിരത്തിയും താഴ്ന്ന ഭാഗങ്ങളിൽ മണ്ണിട്ടു നികത്തിയും റോഡ് നിർമിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
2025 മാർച്ച് മൂന്നിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണു പദ്ധതിയുടെ നിർമാണച്ചുമതല. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ മാസവും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥരും കിഫ്ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തുന്നുണ്ട്.
റോഡ് വെട്ടിയപ്പോൾ ലഭിച്ച കരിങ്കല്ലുകളിൽ ആവശ്യം കഴിഞ്ഞു ബാക്കിവരുന്നവ ലേലം ചെയ്യാൻ കഴിഞ്ഞ ദിവസമെത്തിയ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക്ബോൺ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമാണജോലികൾ ഏറ്റെടുത്തു നടത്തുന്നത്. പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്.
ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ചു പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം ദേശീയപാതയില്‍ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോമീറ്ററാണ്.