നഗരസഭയിലെ മൂന്നു കോടിയുടെ തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ചിന്
1444930
Wednesday, August 14, 2024 11:18 PM IST
കോട്ടയം: കോട്ടയം നഗരസഭയിലെ മുന്‍ ജീവനക്കാരന് കൊല്ലം സ്വദേശി അഖില്‍ സി. വര്‍ഗീസ് മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസാണു ക്രൈംബ്രാഞ്ചിനു കൈമാറിയത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
ക്രൈംബ്രാഞ്ച് സംഘം നഗരസഭയില്‍നിന്നു പ്രാഥമിക വിവരങ്ങള്‍ തേടി. കേസില്‍ ആരോപണവിധേയനായ അഖില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കോട്ടയം വെസ്റ്റ് പോലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. നഗരസഭാ സെക്രട്ടറിയില്‍നിന്നു പോലീസ് വിവരങ്ങള്‍ തേടുകയും പണമിടപാട് രേഖകള്‍ അടക്കമുള്ളവ പരിശോധിക്കുകയും ചെയ്തു. സെക്ഷൻ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അഖില്‍ കോട്ടയം നഗരസഭ ഓഫീസില്‍ എത്തി താന്‍ മുമ്പ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, ഫയല്‍ അടക്കമുള്ളവ കൈകാര്യം ചെയ്തിരുന്നതായാണ് പുറത്തുവരുന്ന വിവരം.
ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതി അഖിലിന്റെ കൊല്ലത്തെ വീട് കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.