കുറുനരി ആക്രമണം: നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും പരിക്കേറ്റു
1444605
Tuesday, August 13, 2024 7:14 AM IST
കറുകച്ചാൽ: കുറുനരിയുടെ വ്യാപക ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. കങ്ങഴ പഞ്ചായത്തിലെ കാരമല ഭാഗത്താണ് കഴിഞ്ഞദിവസം നാട്ടുകാർക്കും വളർത്തു മൃഗങ്ങൾക്കും നേരേ കുറുനരിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ 7.30നായിരുന്നു ആക്രമണം.
കാരമല കൃഷ്ണപുരത്ത് ശ്രീജയ്ക്കാണ് ആദ്യം കുറുനരിയുടെ ആക്രമണം നേരിട്ടത്. ഇവരുടെ മുഖത്തും ശരീരഭാഗങ്ങളിലും കടിയേറ്റു. ഇവിടെനിന്നു റോഡിലേക്ക് ചാടിയ കുറുനരി റബർ ടാപ്പിംഗിനു പോയ കരിമ്പോലിൽ ഷാജഹാന്റെ (56) മുഖത്തും കാലിലും കടിച്ചു പരിക്കേൽപിച്ചു.
ഷാജഹാൻ ബഹളം കൂട്ടിയപ്പോൾ ഓടിയ കുറുനരി സമീപത്തെ റിട്ടയേർഡ് തഹസിൽദാർ പ്രകാശിന്റെ വളർത്തുനായ്ക്കളെ കടിച്ചശേഷം സമീപത്തെ അമ്പാട്ടുതറ അൻസാരിയുടെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെയും ആക്രമിച്ചു. സംഭവം കണ്ട് ഓടിയെത്തിയ അൻസാരിക്കും കടിയേറ്റു. പരിക്കേറ്റ മൂവരും പാമ്പാടി താലൂക്കാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടി. കടിയേറ്റ വളർത്തുമൃഗങ്ങൾക്കും കുത്തിവയ്പെടുത്തു.