കടുത്തുരുത്തിയില്‍ കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ്-എം വാക്പോര്
1444593
Tuesday, August 13, 2024 7:03 AM IST
കടുത്തുരുത്തി: ഒരിടവേളയ്ക്കുശേഷം കടുത്തുരുത്തിയില്‍ കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് -എം വാക്പോര് രൂക്ഷമായി. കഴിഞ്ഞദിവസം നടന്ന കടുത്തുരുത്തി ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുപാര്‍ട്ടികളും തെരുവില്‍ പോര്‍വിളി നടത്തിയത്.
തെരഞ്ഞെടുപ്പിനുശേഷം നടന്ന വിജയാഹ്ളാദ പ്രകടനത്തിനിടെ യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിയെ അവഹേളിക്കുന്ന നിലയില്‍ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ രംഗത്തെത്തി. ഇതോടെയാണ് ഇരുപാര്‍ട്ടികളും തെരുവില്‍ പോര്‍വിളി നടത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്.
തെരഞ്ഞെടുപ്പില്‍ ഇതിനുമുമ്പും വിവിധ പാര്‍ട്ടികള്‍ വിജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ വ്യക്തിപരമായി അധിക്ഷേപിക്കും വിധം ഏതെങ്കിലും പാര്‍ട്ടിയുടെ നേതാവിനെതിരേ മുദ്രാവാക്യം വിളിക്കുന്നത് രാഷ്ട്രീയ മാന്യതയ്ക്കു ചേര്‍ന്നതല്ലെന്ന് കേരള കോണ്‍ഗ്രസ് -എം കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ടി. കീപ്പുറം പറഞ്ഞു.
സംഭവത്തൽ പ്രതിഷേധിച്ചു കടുത്തുരുത്തി ടൗണില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. അവഹേളനം നടത്തിയവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ചു പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു തോമസ് ടി. കീപ്പുറം പറഞ്ഞു. അതേസമയം, വിജയാഹ്ളാദ പ്രകടനത്തിനിടെ പ്രവര്‍ത്തകർ മുദ്രാവാക്യം വിളിച്ചതാണെന്നും ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് പറഞ്ഞു.
ആഹ്ളാദ പ്രകടനത്തിനിടെ നടത്തിയ മുദ്രാവാക്യം വിളിയുടെ പേരില്‍ കേരള കോണ്‍ഗ്രസ്-എം നടത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനത്തിനിടെ മുദ്രവാക്യങ്ങള്‍ വിളിക്കുന്നതു മുമ്പും കേരളത്തില്‍ പലയിടത്തും ഉണ്ടായിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളിയും പറഞ്ഞു.