കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സമഗ്ര മാതൃ-ശിശുരോഗ വിഭാഗമൊരുങ്ങുന്നു
1444352
Monday, August 12, 2024 10:47 PM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ പുതിയ സമഗ്ര മാതൃ-ശിശു രോഗവിഭാഗമൊരുങ്ങുന്നു. നാഷണൽ ഹെൽത്ത് മിഷന്റെ ആറരകോടി രൂപ ചെലവഴിച്ചാണ് മാതൃ-ശിശു രോഗവിഭാഗത്തിനായി കെട്ടിടം നിർമിക്കാനൊരുങ്ങുന്നത്.
ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ കീഴിലുള്ള ഹൈകെയർ ഡിവിഷനാണ് നിർമാണ ഏജൻസി. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിലെത്തി സ്ഥലപരിശോധന നടത്തി. ഇവരുമായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് കുമാർ എന്നിവർ ചർച്ച നടത്തി.
നിലവിലെ മാതൃ-ശിശു രോഗവിഭാഗത്തോടു ചേർന്നുതന്നെ ഇതിനായി പുതിയ കെട്ടിടം നിർമിക്കാനാകുമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. സ്ഥലം ഏതെന്ന് ഉറപ്പിച്ച നിലയ്ക്ക് ഉടൻ തന്നെ സർവേ നടപടികളിലേക്കു കടക്കും. ഇതിനു ശേഷമാകും രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കുക. ഇതിനു കൂടി നാഷണൽ ഹെൽത്ത് മിഷന്റെ ഭരണാനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്കു കടക്കും.
അമ്മയും കുഞ്ഞും പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണച്ചെലവ് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. ലേബർ യൂണിറ്റിനു പുറമേ ഐപി, ഒപി വിഭാഗവും ഉൾക്കൊള്ളുന്നതായിരിക്കും പുതിയ മാതൃ-ശിശു രോഗവിഭാഗത്തിന്റെ കെട്ടിടം. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഹൈകെയർ വിഭാഗം റീജണൽ പ്രോഗ്രാം മാനേജർ ഉദയകുമാർ, എൻജിനിയർ രഞ്ജിനി രാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.