മാർ ഗ്രിഗോറിയോസ് കോളജ് ദശവത്സരാഘോഷം
1444065
Sunday, August 11, 2024 7:27 AM IST
അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളജ് ദശവത്സരാഘോഷം 13ന് രാവിലെ 10ന് പുന്നപ്ര ഗ്രിഗോറിയൻ കൺവൻഷൻ സെന്ററിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നിർവഹിക്കും.
കോളജ് മാനേജർ റവ.ഡോ. ജയിംസ് പാലയ്ക്കൽ അധ്യക്ഷത വഹിക്കും. കോളജിന്റെ മുൻകാല പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ചവരെ ആദരിക്കും. ഇതോടനുബന്ധിച്ച് കലാപരിപാടികളും സംഘടിപ്പിക്കും.
ദശവത്സരാഘോഷത്തിനു മുന്നോടിയായിട്ടുള്ള വിളംബര യാത്രകൾ നാളെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ദീപശിഖാ പ്രയാണം ആലപ്പുഴ മാർ സ്ലീവാ ഫൊറോന പള്ളിയിൽനിന്നും പതാക പ്രയാണം പറവൂർ സെന്റ് ജോസഫ് ലത്തീൻ ഫൊറോന പള്ളിയിൽ നിന്നും പുന്നപ്ര പള്ളിക്കു സ്ഥലം നൽകിയ ഇഗ്നേഷ്യസ് കണ്ടംകുളം അച്ചന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള പ്രയാണം ചമ്പക്കുളം ബസിലിക്ക പള്ളിയിൽ നിന്നും നാളെ രണ്ടിന് ആരംഭിച്ച് കോളജിൽ എത്തിച്ചേരും.
2014 ഓഗസ്റ്റ് 14നാണ് കോളജ് ഉദ്ഘാടനം ചെയ്തത്. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന കോളജിൽ ദശവത്സരാഘോഷങ്ങളോടനുബന്ധിച്ച് വിദ്യാർഥികൾക്ക് അക്കാദമിക തലങ്ങളിൽ പ്രയോജനം ചെയ്യുന്ന വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ജോച്ചൻ ജോസഫ്, ബർസാർ ഫാ. ഏബ്രഹാം കരിപ്പിങ്ങാംപുറം,
ദശവത്സരാഘോഷ സ്വാഗതസംഘം ജനറൽ കൺവീനർ ഫാ. തോമസ് കാഞ്ഞിരവേലിൽ, മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. പ്രദീപ് കൂട്ടാല എന്നിവർ അറിയിച്ചു.