കുളിര്‍മയായി വേനല്‍മഴ : നെഞ്ചിടിപ്പോടെ നെല്‍കര്‍ഷകർ
1416457
Sunday, April 14, 2024 7:03 AM IST
ചങ്ങനാശേരി: നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്നലെ കോരിച്ചൊരിഞ്ഞ മഴ വേനല്‍ച്ചൂടിനു ആശ്വാസമായി. വൈകുന്നേരം ആറരയോടെയാണ് ഇളംകാറ്റോടെ മഴ പെയ്തതത്. കൊ ടുംചൂടിൽ വേനല്‍മഴ കുളിർമയായെങ്കിലും വിഷു വിപണി പ്രതീക്ഷിച്ചിരുന്ന വ്യാപാരികള്‍ക്ക് തിരിച്ചടിയായി.
മഴ പെയ്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അല്പസമയം വൈദ്യുതി ബന്ധവും നിലച്ചു. വസ്ത്രവ്യാപാരികളെയും പച്ചക്കറി, പലചരക്ക് വ്യാപാരശാലകളെയുമാണ് കൂടുതലായും മഴ നിരാശയിലാക്കിയത്. കനത്ത മഴയില്‍ റോഡും ഓടയും നിറഞ്ഞ് വെള്ളം ഒഴുകിയത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതം സൃഷ്ടിച്ചു.
തിമിര്‍ത്തുപെയ്ത മഴ നെല്‍ക്കര്‍ഷകരെ ആശങ്കയിലാക്കി. കുറിച്ചി മുട്ടത്തുകടവ് ഭാഗങ്ങളിലെ റോഡരികില്‍ കൊയ്തുകൂട്ടി മൂടിയിട്ടിരിക്കുന്ന നെല്ക്കൂമ്പാരങ്ങള്ക്കു മുമ്പില്‍നിന്ന് കര്‍ഷകര്‍ വിലപിക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നു. മില്ലുകാര്‍ ആറുകിലോ കിഴിവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കൊയ്തുകൂട്ടിയ നെല്ലു കഴിഞ്ഞ പത്തുദിവസമായി റോഡരികില്‍ കിടക്കുകയാണ്. ഇന്നലെയും ഇന്നും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതും നെല്ലു സംഭരണവുമായി ബന്ധപ്പെട്ട നടപടികള്‍ക്കു തടസം സൃഷ്ടിച്ചു.
ചങ്ങനാശേരി നഗരസഭ, പായിപ്പാട്, വാകത്താനം കൃഷിഭവന് പരിധികളിലെ വിവിധ പാടശേഖരങ്ങളില്‍ കൊയ്യാന്‍ പാകമായി നില്ക്കുന്ന നെല്ലിനും വേനല്‍മഴ ദോഷകരമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. നഗരസഭാ പരിധിയില്‍ ഈ മാസം അവസാനത്തോടെ മാത്രമേ കൊയ്ത്ത് ആരംഭിക്കുകയുള്ളൂ.