ആലപ്പുഴ-ചങ്ങനാശേരി റോഡ്: അന്തിമ നിര്‍മാണം ദ്രുതഗതിയില്‍
1511441
Wednesday, February 5, 2025 11:06 PM IST
ആലപ്പുഴ: പ്രളയാനന്തരം റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്ന ജില്ലയുടെ അഭിമാന പദ്ധതിയായ ആലപ്പുഴ-ചങ്ങനാശേരി (എസി റോഡ്) റോഡിന്റെ അന്തിമഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍.
കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന 24 കിലോമീറ്ററുള്ള എസി റോഡിനെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കുന്നതിനായി റീബില്‍ഡ് കേരളവഴി ആദ്യ ഭരണാനുമതി ലഭിച്ച 671.66 കോടി രൂപ വിനിയോഗിച്ച് പുനര്‍നിര്‍മിക്കുന്ന എസി റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തി.
എസി റോഡിലെ വലിയപാലങ്ങളായ കിടങ്ങറ, നെടുമുടി പാലങ്ങളുടെ വീതികൂട്ടല്‍ പ്രവൃത്തി (ഫിനിഷിംഗ് ഒഴികെയുള്ള) പൂര്‍ത്തിയായി. മുട്ടാര്‍ പാലത്തിന്റെ പ്രവൃത്തികള്‍ (ഫിനിഷിംഗ് ഒഴികെയുള്ള) പൂര്‍ത്തിയായി. പള്ളാത്തുരുത്തി വലിയപാലത്തന്റെ സമാന്തരപാലം നിര്‍മാണം അറുപത് ശതമാനം പൂര്‍ത്തിയായി. തുടര്പണികളും പുരോഗമിക്കുകയാണെന്ന് മേല്‍നോട്ടം വഹിക്കുന്ന കെഎസ്ഡിപി അധികൃതര്‍ അറിയിച്ചു.
ഭൂമി നിരപ്പാക്കല്‍
അഞ്ചു സെമി എലിവേറ്റഡ് ഫ്ളൈഓവറുകള്‍ (ഒന്നാംകര, മങ്കൊമ്പ്, നസ്രത്ത്, ജ്യോതി, പണ്ടാരക്കളം) പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടുണ്ട്. 14 ചെറിയ പാലങ്ങളുടെ പുനര്‍നിര്‍മാണവും മൂന്നു കോസ്വേകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്ന് നല്‍കിയിട്ടുണ്ട്. ഏഴു കിലോമീറ്റര്‍ ഭൂമി നിരപ്പാക്കല്‍ പ്രവൃത്തികളില്‍ 99 ശതമാനം പൂര്‍ത്തിയായി.
ഓടയും ഡക്ടും ഉള്‍പ്പെടെയുള്ള പ്രവൃത്തികളില്‍ 97 ശതമാനം പൂര്‍ത്തിയായി. റോഡ് നിര്‍മാണം 98 ശതമാനം ഡിബിഎമ്മും 90 ശതമാനം ബിസി പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) എവ്റസ്കോണ് (ജെവി) എന്ന കമ്പനിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിലവിലുണ്ടായിരുന്ന 8-9 മീറ്റര്‍ വീതിയിലുള്ള ടാര്‍ ഉപരിതലം 10 മീറ്റര്‍ വീതിയുള്ള രണ്ടുവരി പാതയാക്കിയും ഇരുവശത്തുമുള്ള നടപ്പാത കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടി ഉയര്‍ത്തി നിര്‍മിക്കുകയും ചെയ്തു.
വീതികൂട്ടി
നവീകരിക്കുന്ന റോഡിനും ഫ്ളൈഓവറിനും വാഹന ഗതാഗതത്തിന് 10 മീറ്റര്‍ വീതിയുള്ള രണ്ടുവരി പാതയും ഇരുവശത്തും നടപ്പാതയം ഉള്‍പ്പെടെ 13 മീറ്റര്‍ വരെ വീതിയുണ്ട്. നടപ്പാതയുടെ അടിയില്‍ ഒരുവശത്ത് ഓടയും മറുവശത്ത് ഓടയും ഡക്ടും നല്‍കിയിട്ടുണ്ട്. ജിഎസ്ബി, ഡബ്ല്യൂഎംഎം, ടു ലയര്‍, ഡിബിഎം, ബിസി പ്രവൃത്തികളാണ് റോഡ് നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചു സ്ഥലങ്ങളില്‍ സെമി എലിവേറ്റഡ് ഫ്ളൈഓവറുകളും സര്‍വീസ് റോഡും നല്‍കിയാണ് ക്രമീകരിച്ചിട്ടുള്ളത്.
റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനു വേണ്ടി മൂന്നിടങ്ങളില്‍ കോസ് വേ നല്‍കിയിട്ടുണ്ട്. വലിയപാലങ്ങളായ കിടങ്ങറ, നെടുമുടി പാലങ്ങള്‍ ഒരു വശത്തേക്ക് വീതികൂട്ടിയാണ് പുനര്‍നിര്‍മിക്കുന്നത്. പള്ളാത്തുരുത്തി പാലം (ഐഡബ്ല്യൂഎഐ) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിലവിലുള്ള പാലത്തിന് സമാന്തരമായാണ് നിര്‍മിക്കുന്നത്.64 കള്‍വര്‍ട്ടുകളും സ്പാനുകള്‍ വിപുലീകരിച്ച് പുനര്‍നിര്‍മിച്ചു.
കുട്ടനാടിന്റെ മണ്ണിന്റെ ഘടന പരിഗണിച്ച് ഏഴു കിലോമീറ്റര്‍ നീളത്തില്‍ ഭൂമി നിരപ്പാക്കല്‍ പ്രവൃത്തികളും റോഡ് സുരക്ഷയുടെ ഭാഗമായി ക്രാഷ് ബാരിയറും ആവശ്യമായ മറ്റ് അനുബന്ധ സംവിധാനങ്ങളും ലൈറ്റുകളും വെയിറ്റിംഗ് ഷെഡും പുനര്‍നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്നോ നാലോ മാസത്തിനുള്ളില്‍തന്നെ റോഡ് പൂര്‍മായും തുറന്നുനല്‍കാന്‍ ലക്ഷ്യമിട്ടാണ് പണികള്‍ അതിവേഗം പുരോഗമിക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ എസി റോഡിന്റെ നിര്‍മാണച്ചെലവ് 880.72 കോടിയാകും.